Monday, January 26, 2009

ചുവന്ന ജലേബി

"ആ...." അപ്പു അപ്പു ചെറുതായൊന്നു ഞരങ്ങി കണ്ണു തുറന്നു. ഉറക്കത്തിനിടയില്‍ മുറിവില്‍ ഈച്ച അരിച്ചതാണ്.ഈച്ചകള്‍ പോലും ദയ കാണിക്കുന്നില്ല. അവന്‍ പതുക്കെ എഴുന്നേറ്റു. അപ്പുറത്തും ഇപ്പുറത്തും രണ്ടുമൂന്നു പേര്‍ മൂടിപ്പുതച്ച് കിടക്കുന്നു. അലച്ചിലിന്റെയും ആട്ടിപ്പായിക്കലിന്റെയും ആലസ്യത്തില്‍ .

മുകളിലെ പാലത്തില്‍ കൂടി പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ അവന്റെ ബോധമനസ്സിനെ ഉണര്‍ത്തി.അവന്‍ എഴുന്നേറ്റു. നല്ല വിശപ്പ്. പാലത്തിനു മുകളില്‍ റോഡിലേയ്ക്ക് അവന്‍ നടന്നു. വഴിയരികില്‍ മനുഷ്യന്റെ അടിസ്ഥാനസൌകര്യങ്ങളുടെ അഭാവതിന്റെ തെളിവുകള്‍ . അവന്‍ മുറിവേറ്റ കാലുമായി പതുക്കെ നടന്ന് റോഡിലെത്തി. സമയം എന്തായി എന്ന് ഒരുറപ്പുമില്ല. എന്തായാലും ഉച്ചയായി എന്ന് വെയിലിന്റെ ചൂടില്‍ നിന്നും അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്നും ആരോ പുറത്തേയ്ക്കെറിഞ്ഞ എച്ചിലിലയില്‍ നിന്നും മനസ്സിലായി.വല്ലാത്ത ദാഹം തോന്നി.വിശപ്പ് സഹിക്കാം , എന്നാല്‍ ദാഹം ? അവന്റെ കാലുകള്‍ അറിയാതെ അവനെ ആ ഹോട്ടലിനടുത്തേയ്ക്ക് നയിച്ചു.

"അണ്ണാ, വെള്ളം തരോ..കുടിക്കാന്‍ " ഹോട്ടലിന്റെ കാഷിലിരുന്ന ഒരാളോട് അവന്‍ ചോദിച്ചു.

ആള്‍ക്കാര്‍ കഴിക്കാന്‍ വരുന്ന സമയത്ത് തന്നെ കെട്ടിയെടുത്തോളും നാശങ്ങള്‍ എന്ന ഭാവത്തില്‍ അയാള്‍ അവനെ നോക്കി. എന്നിട്ടു പുറത്ത് കൈ കഴുകാനുള്ള വെള്ളം വച്ചിരുന്ന ബക്കറ്റിലേയ്ക്ക് കൈ ചൂണ്ടി.

അപ്പു ദാഹത്താലും സന്തോഷത്താലും ബക്കറ്റിനെ നോക്കി. മെല്ലെ അടുത്തു ചെന്നു. വെള്ളമുണ്ട്. കുനിഞ്ഞു അതില്‍ തൂക്കിയിരുന്ന കപ്പില്‍ വെള്ളമെടുത്തു. കൈ കഴുകിയവരുടെ എച്ചിലുകളോടൊപ്പം ആ വെള്ളം അവന്റെ തൊണ്ടയില്‍കൂടിയിറങ്ങി.ദാഹം ശമിച്ച ആശ്വാസത്തില്‍ നന്ദിസൂചകമെന്നോണം അവന്‍ കടക്കാരനെ നോക്കി. അയാല്‍ എന്തോ ചെവിയില്‍ തിരുകി പുറത്തേയ്ക്കെടുത്തു നോക്കുന്നു.അപ്പു നന്ദി പറയാന്‍ കാത്തു നിന്നില്ല.ഇപ്പോ പാളയം മാര്‍ക്കറ്റില്‍ നല്ല തിരക്കായിരിക്കും .ചെന്നാല്‍ മീന്‍കാര്‍ പോയിട്ടുണ്ടാവില്ലെ. മീന്‍ കുട്ട ചുമന്ന് വണ്ടിയില്‍ കേറ്റിയാല്‍ ഉച്ചയ്ക്കുള്ളത് തടയും .എവിടെ നിന്നെന്നില്ലാത്ത ഊര്‍ജ്ജം അവനെ പാളയം മാര്‍ക്കറ്റിലെത്തിച്ചു.അവന്‍ മാര്‍ക്കറ്റിനുള്ളിലൂടെ നടന്നു.

സമയം വൈകിയിരുന്നതിനാല്‍ പച്ചക്കറികള്‍ വാടിയിരിക്കുന്നു. മീന്‍കാരിപ്പെണ്ണുങ്ങള്‍ വില്‍ക്കാതെ ബാക്കി വന്ന മീനുകള്‍ എല്ലാം ഓരോ കുട്ടയിലാക്കുന്നു.അവന്‍ അതിലൊരു സ്ത്രീയുടെ അടുത്തെത്തി.തിരക്കിനിടയില്‍ അവര്‍ അവനെ ശ്രദ്ധിച്ചില്ല.എല്ലാം കഴിഞ്ഞ് കുട്ട പൊക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ചെന്ന് കുട്ടയുടെ ഒരു കാതില്‍ പിടിച്ചു.അവന്റെ ഉദ്ദേശം ​മനസ്സിലാക്കിയിട്ടെന്നോണം അവര്‍ അത് അവന്റെ തലയില്‍ വച്ച് കൊടുത്തു.

"ദോ..അവിടെ" ദൂരെ വണ്ടി കിടക്കുന്നത് ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു

അവന്റെ കുഞ്ഞുകാലുകള്‍ ഭാരിച്ച കുട്ട താങ്ങാന്‍ നല്ല പ്രയാസപ്പെട്ടു. കുട്ടയില്‍ നിന്നും മീന്‍ വെള്ളം അവന്റെ തോളുകളിലൂടെ ഒഴുകിയിറങ്ങി. ഒരു തുള്ളി കാലിലെ മുറിവിലും വീണു.അവന്റെ ശരീരം പെട്ടെന്നൊന്നു വെട്ടി. നീറല്‍ കാരണം അവന്റെ കണ്ണു നിറഞ്ഞു. ദൂരവും നീറലും തമ്മിലുള്ള ബന്ധം അവന്റെ വേഗത കൂട്ടി. വണ്ടിയില്‍ കുട്ട വച്ച് തിരിയുമ്പോള്‍ അവന്റെ കവിളുകള്‍ ആകെ നനഞ്ഞിരുന്നു.അവന്‍ പതുക്കെ കാലിലെ മുറിവില്‍ കയ്യമര്‍ത്തി. മീന്‍വെള്ളവും മുറിവിലെ നീരും അവന്‍ കൈകൊണ്ട് ഒപ്പിയെടുത്തു. പഴയതുപോലെ അതും അവന്റെ കീറിയ നിക്കറില്‍ സ്ഥാനം പിടിച്ചു.ഒരു നിമിഷം അവന്റെ ഓര്‍മ്മ പിറകോട്ട് പോയി.

ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് ബോംബേ സര്‍ക്കസ്സിന്റെ അവസാന ദിവസമായിരുന്നു.വിശപ്പടക്കാന്‍ എന്തെങ്കിലും പണികിട്ടുമെന്ന് കരുതി അവന്‍ പോയി.നല്ല ജനത്തിരക്ക്. കുടുംബവും കുട്ടികളും ഒരുപാട്. കച്ചവടക്കാര്‍ അവിടവിടെ തങ്ങളുടെ ചരക്കുകളുമായി ഇരിക്കുന്നു. സര്‍ക്കസ് കൂടാരത്തിനു വെളിയില്‍ ഒരു ചെറിയ ടെന്റ് കെട്ടിയിരിക്കുന്നു.എന്നത്തെയും പോലെ വിശപ്പ് അവന്റെ കുഞ്ഞുവയ്റിനെ ഉള്ളിലേയ്ക്ക് വലിക്കുന്നുണ്ടായിരുന്നെങ്കിലും ടെന്റിനകത്തെന്താണെന്ന് അറിയാനുള്ള കൌതുകം അവനെ അതിനുള്ളില്‍ എത്തിച്ചു. അത് പലഹാരക്കച്ചവടക്കാരുടെ ടെന്റ് ആയിരുന്നു. പലതരത്തിലുള്ള പലഹാരങ്ങള്‍ .

ജലേബികളുണ്ടാക്കുന്നവരാണു കൂടുതല്‍ .അവന്‍ പതുക്കെ അതെല്ലാം ശ്രദ്ധിച്ചു. ഒരാള്‍ എണ്ണയില്‍ എണ്ണയില്‍ കോണ്‍ കൊണ്ട് ജലേബി പിഴിയുന്നു.തിളയ്ക്കുന്ന എണ്ണയില്‍ നിന്നും നല്ല സുന്ദരകുട്ടപ്പന്‍മാരായ ജലേബികള്‍ പുറത്തു വരുന്നു. മഞ്ഞയും ചുവപ്പുമായ ജലേബികള്‍ എണ്ണയില്‍നിന്നും പൊങ്ങി വരുന്ന കാഴ്‌ച അവനും ജലേബികളുമായുള്ള അകലം കുറച്ചുകൊണ്ടിരുന്നു.

ജലേബി ഉണ്ടാക്കി അവര്‍ ഒരു വലിയ പാത്രത്തിലിടുന്നു.മഞ്ഞ ജലേബികള്‍ക്കും ചുവന്ന ജലേബികള്‍ക്കുംവേറെ വേറെ പാത്രങ്ങള്‍ . അതു രണ്ടും ഏകദേശം നിറഞ്ഞിരുന്നു.അവസാനമായി അയാള്‍ എണ്ണയില്‍ നിന്നു കോരിയിട്ട,ചുവന്ന ജലേബികളില്‍ ഒന്ന്, പാത്രത്തില്‍ സ്ഥാനം പിടിക്കാന്‍ കഴിയാതെ തറയിലേയ്ക്ക് പോകുന്നത് കണ്ട്, അവന്‍ പിടിക്കാന്‍ കൈനീട്ടി.ഭാഗ്യം , തറയില്‍ വീണില്ല.

"വയ്ക്കെടാ അവിടെ" ആരോ അലറുന്നത് കേട്ട് അങ്ങോട്ടേയ്ക്ക് നോക്കുന്നതിനിടയില്‍ കാലില്‍ എന്തോ ആഞ്ഞു വന്നു കൊണ്ടു.

അറിയാതെ കയ്യിലിരുന്ന ജലേബിയുടെ പിടി വിട്ടു പോയി, കണ്ണു പെട്ടെന്നു നിറഞ്ഞു പോയി.കാല്‍ച്ചുവട്ടില്‍ മുളംകാലിനെ വരഞ്ഞ് കീറിയ ചട്ടുകം കിടക്കുന്നു. കാലുപൊത്തിപ്പിടിച്ച് കൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളുമായ് എന്താണു സംഭവിച്ചതെന്നറിയാന്‍ തിരിഞ്ഞുപോലും നോക്കാതെ അവന്‍ ഓടി. വേദനകളെ അവന്‍ അത്രയ്ക്കും ഭയന്നിരുന്നു.. ഓടി പാലത്തിനടിയിലെത്തിയപ്പോഴേയ്ക്കും മുളംകാലില്‍ നിന്നും രക്തം അവന്റെ പാദം മുഴുവനും പടര്‍ന്നിരുന്നു.ആരോ കൊഴുത്ത അഴുക്ക് തുടച്ചിട്ടിരുന്ന തുണിയെടുത്ത് അവന്‍ രക്തം തുടച്ചു.കണ്ണുനീര്‍ നാവില്‍ ഉപ്പു പടര്‍ത്തിയെങ്കിലും ജലേബി പിടിച്ച വിരള്‍ അവന്‍ അറിയാതെ നുണഞ്ഞു പോയി.

*****************************************************************************************

"ദാ ടാ ചെക്കാ.." ആരോ വിളിക്കുന്നത് കേട്ട് അപ്പു മുഖമുയര്‍ത്തി.താന്‍ കുട്ട ചുമന്നുകൊടുത്ത മീന്‍കാരി സ്ത്രീ.

അവരുടെ കയ്യില്‍ മീന്‍ ചിതമ്പല്‍ പറ്റിയ ഒരന്‍ചു രൂപ നോട്ട്. അവന്‍ അതു വാങ്ങി നടന്നു. ആദ്യം കണ്ട ഹോട്ടലില്‍ കയറി.അവിടെ കണ്ണാടി ചില്ലിലെ കവറില്‍ നല്ല ചുവന്ന ജലേബികള്‍ അവന്‍ കണ്ടു.അതു തന്നെ നോക്കി ചിരിക്കുന്നതായി അവനു തോന്നി.വില നോക്കി. അന്‍ച് രൂപ.കയ്യിലിരിക്കുന്ന നോട്ടില്‍ പറ്റിയിരുന്ന ചിതമ്പല്‍ തട്ടിക്കളഞ്ഞ് അവന്‍ പറഞ്ഞു,

"അണ്ണാ...അരപ്പൊതിച്ചോറ്.

*********************************************ശുഭം*********************************************************

3 comments:

ശ്രീ said...

കണ്ണു നനച്ചല്ലോ മാഷേ...

ഒരു നേരം അരവയര്‍ നിറയ്ക്കാന്‍ പോലും കഷ്ടപ്പെടുന്ന എത്രയോ ആത്മാക്കള്‍!!!

കുഞ്ഞന്‍ said...

ശ്രീക്കുട്ടന്‍ പറഞ്ഞതുപോലെ കണ്ണു നനച്ചല്ലൊ മാഷെ..

ഒരു ജിലേബിക്ക് 5 രൂപ കൊടുത്ത് മേടിക്കുന്നതിനേക്കാള്‍ നല്ലത് അരപ്പൊതിച്ചോറുതന്നെയാണ്.

മുകളില്‍ ഞാന്‍ കണ്ണു നിറഞ്ഞുവെന്ന് പറഞ്ഞു, എന്നാല്‍, എന്റെ മുമ്പില്‍ വരുന്ന അപ്പുമാരെ ഞാന്‍ തിരിച്ചറിയുന്നുണ്ടൊ? ഇല്ലാന്നുതന്നെപറയാം കാരണം സ്വാര്‍ത്ഥത കൂടുതലായിപ്പോയി, പിന്നെ ഇതൊന്നും എന്റെ കുഴപ്പം കൊണ്ടല്ലാന്നുള്ള ന്യായീകരണവും..!

Thaikaden said...

Sree paranjathu sathyam. Aaru cheytha punyamanu naam innanubhavikkunna bhagyam...!