Tuesday, January 20, 2009

വാസുവും യക്ഷിയും (ഒരു ഹൊറര്‍ ത്രില്ലര്‍ )

"ആ കമ്പിയില്‍ പിടിച്ചു നില്‍ക്കുന്നവര്‍ മുന്നോട്ട് മുന്നോട്ട് നീങ്ങി നിക്കണേ " പാറപ്പുറത്തിട്ടുരച്ച പോലുള്ള ആ ശബ്ദം എന്നെ മുവീണ്ടും മുന്നോട്ട് നീക്കി. 'ബാക്കി കമ്പി എല്ലാം കൂടി ഇങ്ങേര്‍ക്ക് പിടിക്കാന്‍ വേണോ' ഞാന്‍ മനസ്സില്‍ പറഞ്ഞു.

"കാന്‍ ഐ ഹാവ് അ ടിക്കറ്റ് ഫോര്‍ പോങ്ങുമ്മൂടു ?" ഞെട്ടി ! ഇതാരാപ്പാ കണ്ടം വയ്ക്കാറായ ബസില്‍ കേറി ഇംഗ്ളിഷില്‍ ടിക്കെറ്റെടുക്കുന്നത്. പക്ഷെ ശബ്ദശ്രോതസ്സ് നമുക്ക് 'വേണ്ട'പ്പെട്ടതായിരുന്നതിനാല്‍ ഞാന്‍ തിരിഞ്ഞു നോക്കി.

ആഹ അതാ നില്‍ക്കുന്നു 'നാനിപ്പോ നിക്കുന്നത് ഓരു വാലിയ റ്റേങ്ങാ മരറ്റിന്റെ റ്റ്യ്യൂറ്റിലാണ്.'(ലവള്‍ , തെങ്ങിന്‍ ചുവട്ടിലാണ്.!) മോഡലില്‍ ഒരു സാധനം . എന്റെ കൃഷ്ണമണി ചെവിയും കഴിഞ്ഞു പോയതിന്റെ ഫലമായി എനിക്കാളെ മനസ്സിലായി. എന്റെ വീടിനടുത്തുള്ള ലളിതയാന്റിയുടെ മകള്‍ . ഞാന്‍ ടയറും ഉരുട്ടി നടക്കുമ്പൊ ലവള്‍ മൂക്കളയും ഒലിപ്പിച്ചു നടന്നതാ. ഇപ്പൊ 'കാന്‍ ഐ ഹാവ്' എന്ന്. സഹിക്കോ !

ഞാന്‍ ഉള്ളൂരില്‍ ബസിറങ്ങി. ഹോട്ടല്‍ അനന്തപുരിയിലേയ്ക്ക് നടന്നു. അതാ ഇരിക്കുന്നു, വിപിന്റെ ബൈക്ക്.അവന്‍ നേരത്തെ എത്തി. ഞാന്‍ നേരേ ബുഫെറ്റ് ഫ്ളോറില്‍ കയറി. അവിടെ മൂലയിലൊരൊഴിഞ്ഞ ടേബിളില്‍ അവന്‍ ഇരിക്കുന്നു. എന്നെ കണ്ടതും അവന്‍ പല്ലു മുഴുവനും കാണിച്ചു.

"ടെയ് മറ്റവന്‍ (രോഹിത്ത്) എവിടെ?" ഞാന്‍

"ഇപൊ എത്തും " ലവന്‍

"വിളി" ഞാന്‍ .അവന്‍ മൊബൈല്‍ എടുത്തു പീഡിപ്പിച്ചു.

"ടെയ്, എവിടെ ? ഞങ്ങളെത്തി " വിപിന്‍

"നീ ഇങ്ങെടുത്തെ " ഞാന്‍ ഫോണ്‍ വാങ്ങി

"കോപ്പേ, നിനക്ക് നേരത്തും കാലത്തും വരാന്‍ പറ്റില്ലേ ? " ഞാന്‍

"ഡെയ്, എനിക്ക് ചിലപ്പോഴേ ഇറങ്ങാന്‍ പറ്റൂ, പറ്റിയാല്‍ ഞാന്‍ മിസ് കോളടിക്കാം , നീ ബൈക്കുമായി വന്നാല്‍ മതി" രോഹിത്ത്

"അപ്പൊ പറ്റിയില്ലെങ്കിലോ ?" ഞാന്‍

"പറ്റില്ല എന്നു പറഞ്ഞ് മിസ് കോള്‍ തരാം . ഓ കെ ബൈ" അവന്‍ കട്ട് ചെയ്തു.

വെയിറ്റ് എ മിനുറ്റ്. പറ്റില്ല എന്നു പറഞ്ഞ് മിസ് കോളോ ! കാലം പോണ പോക്കേ, മൊബൈല്‍ ടെക്‌നോളജി !

"ടെയ്, ഒരു വേക്കന്സിയുണ്ട്. ബി ഇ സിയില്‍ . നിന്റെ റെസൂം അയച്ചു തരണം ." ഞാന്‍
"എന്താടാ ജോലി.." വിപിന്‍

"കണക്ക് നോക്കണം , ബോസ്സിനു കൂട്ടിക്കൊടുക്കണം , അത്രന്നെ " ഞാന്‍

"ങേ ! കണക്ക് നോക്കുന്നതും പോരാ, ബോസ്സിനു കൂട്ടിയും കൊടുക്കണോ ? കൂട്ടിക്കൊടുപ്പാണോടെയ് പണി ?" വിപിന്‍

"കോപ്പേ, കണക്ക് തന്നെയാ കൂട്ടിക്കൊടുക്കേണ്ടെ". യ്യോ, ഇവനിത്രക്കഭിമാനോ !

രോഹിത്ത് വരില്ല എന്നു മനസ്സിലായപ്പൊ ഞാനും വിപിനും ബുഫെറ്റ് കഴിച്ച് അവിടെ നിന്നും തിരിച്ചു.തിരിച്ച് വരുന്ന വഴി അവനെ വീട്ടില്‍ ഇറക്കി, ഞാന്‍ ബൈക്കുമായി എന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.വീട്ടിലേയ്ക്കുള്ള വളവ് തിരിഞ്ഞതും ,

"ചേട്ടാ" ഞാന്‍ തിരിഞ്ഞു നോക്കി. വാസു !

"ഹ നീയോ, കേറ്, എങ്ങോട്ടാടാ " ഞാന്‍ .

"ശ്രീകാര്യം " അവന്‍

ഞാന്‍ അവനെ തിരിച്ച് ശ്രീകാര്യത്തിറക്കി. തിരിച്ചു വരുന്ന വഴി എന്റെ മനസ്സ് 5-6 വര്‍ഷം പിറകോട്ട് പോയി.
**********************************************************************************
സമയം സന്ധ്യ, സന്ധ്യര, സന്ധ്യ്യേ മുക്കാല്‍ . അമ്പലത്തിലെ ഉല്‍സവത്തിന്റെ അവസാന ദിവസ്സം . കഴിഞ്ഞ ആറു ദിവസവും എടുത്ത 'ചെല്ലക്കിളികളുടെ' കണക്ക്റ്റാലി ആകുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ ഞാനും ശ്രീജിത്തും മറ്റും അമ്പലത്തിലേയ്ക്ക്. കണക്കൊക്കെ അളന്നു തിട്ടപ്പെടുത്തി, പൂജയും തൊഴുത്, ഗുരുസിതര്‍പ്പണവും കഴിഞ്ഞ് ഞങ്ങളെല്ലാം അമ്മ്പലത്തിലെ കല്‍പ്പടവില്‍ ഇരുന്നു. സമയം 12 കഴിഞ്ഞു.നോക്കുമ്പോ, വാസു, അന്നു മൂന്നിലോനാലിലോ പഠിക്കുന്നു (കളിക്കുന്നു !) .

"ടാ പോകാറായില്ലേ നിനക്ക്, ഗുരുസി കഴിഞ്ഞാല്‍ കൊച്ചു പിള്ളേര്‍ ഇവിടെ കിടന്ന്കറങ്ങരുതെന്നറിഞ്ഞൂടേ " ഞാന്‍ . (ഹൊ , അപ്പൊ ഞാനങ്ങ് ഫുരുഷനായി !)

ശ്രീജിത്ത് എന്നെയും ഞാന്‍ ശ്രീജിത്തിനെയും നോക്കി. ഞാന്‍ വാസുവിനെ അടുത്ത് വിളിച്ചു.

"ടെയ് , വീട്ടിപ്പോ, ഇവിടെ നില്‍ക്കണ്ട, പ്രശ്‌നാ" ഞാന്‍ .

എന്നിട്ടു അവന്‍ കേള്‍ക്കത്തക്ക വിധത്തില്‍ ശ്രീജിത്തിനോട്,

"ടെയ്, അവനതറിയോ, അറിയില്ലെങ്കില്‍ പറയണ്ട അല്ലെ ?"

"വേണ്ട, നീ വെറുതെ അവനെ പേടിപ്പിക്കാതെ " ശ്രീജിത്ത്. ആഹ, അവനും അവസരത്തിനൊത്തുയരുന്നു.

"ടാ അവന്‍ കേള്‍ക്കണ്ട, അന്നു ഞാന്‍ ഇതു വഴി പോയപ്പോ, നിനക്കു തോന്നീട്ടുണ്ടോന്നറിയില്ല,നമ്മുടെ മനോഹരന്‍ ചേട്ടന്‍ തൂങ്ങി മരിച്ച പറമ്പില്ലേ, അവിടുന്ന് ആരോ കല്ലെടുത്തെറിയുന്നു " വാസു കേള്‍ക്കത്തക്ക വിധത്തില്‍ ഞാന്‍ .

"ഉണ്ടോന്നോ, എത്ര തവണ, ഞാനൊക്കെ ഓടിത്തള്ളിയിട്ടുണ്ട്, നീ പതുക്കെ പറ അവന്‍ കേള്‍ക്കും " ശ്രീജിത്ത്

"അവന്‍ കേള്‍ക്കണ്ട, ഇന്നും കാണും , ചിലപ്പോ പല രൂപത്തില്‍ വരുമെന്നാ കേട്ടിട്ടുള്ളത് " ഞാന്‍

"ടെയ്, നമുക്കിനി ഇവിടെ ഇരിക്കണ്ട, പോകാം " ശ്രീജിത്ത്.ഇത്രയും പറഞ്ഞിട്ടേ ഞങ്ങള്‍ വാസുവിനെ നോക്കിയുള്ളു. പാവം ,കണ്ണു തള്ളിയിരിക്കുന്നു.

"അപ്പൊ ശരീടാ, ഞങ്ങള്‍ പോണു...നീയും പൊയ്ക്കോ" ഞാന്‍

"ചേട്ടാ, എന്നേം കൂടെ കൊണ്ടാക്കോ " ദയനീയമായി അവന്‍ ചോദിച്ചു.

"ടാ നീയാ മനോഹരന്‍ ചേട്ടന്‍ മരിച്ച, ശെ..ആ പറമ്പു വഴിയല്ലേ പോണെ, ഇവനേം കൂടി വീട്ടിലാക്കിയേയ്ക്ക് " ശ്രീജിത്തിനോടായി ഞാന്‍ .

"പോടാ, എനിക്കു വയ്യ അതു വഴി പോകാന്‍ , പല രൂപത്തിലും , ശെ...ഞാന്‍ വേറെ വഴിയാ പോകുന്നെ " ശ്രീജിത്ത്.

"ചേട്ടാ, എന്നേം കൂടി " വാസു ശരിക്കും വിറയ്ക്കുന്നുണ്ടായിരുന്നു.

"വാസുവേ " ആരുടെയോ നീട്ടിയുള്ള വിളി കേട്ടപ്പോ ഞങ്ങള്‍ തിരിഞ്ഞ് നോക്കി.

അകലെ റോഡില്‍ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു സ്ത്രീ രൂപം . വ്യക്തമല്ല.

"വാസുവേ" ആ രൂപം വീണ്ടും . ഇത്തവണ കുഴഞ്ഞത് ഞങ്ങളാ, വാക് അറം പറ്റിയോ അത്തിപ്പാറമ്മച്ചി.

"ടാ, വാസൂ" വീണ്ടും വിളി

"ഹാരാ .." ഇടറിയെങ്കിലും ഹൈ ബേസില്‍ വാസു

"ഞാനാടാ, നിന്റെ അമ്മൂമ്മ, ഇങ്ങു വാ നമുക്ക് പോകാം " രൂപം നടന്നടുത്തു.

"അല്ല! അല്ല! അമ്മൂമ്മയല്ല ! വേഷം മാറി വന്നതല്ലെ !എനിക്കറിയാം " ഞങ്ങളെയും കൂടി പേടിപ്പിച്ചുകൊണ്ട് അടുത്ത് നിന്ന വാസു ഒരലറല്‍ , എന്നിട്ടമ്പലത്തിന്റെ പിറകില്‍ കൂടി എടുത്ത് ചാടിയൊരോട്ടവും !

"മക്കളെ അവന്‍ എന്തിനാ ഓടിയത് ?"ഭാഗ്യം അതു വാസുവിന്റെ അമ്മൂമ്മ തന്നെയായിരുന്നു.

"അവനിപ്പൊ വീട്ടിലെത്തിക്കാണും , അമ്മൂമ്മ ചെല്ല്" ഞാന്‍ പറഞ്ഞു.

"അവനു നാളെ പരീക്ഷയാ" അമ്മൂമ്മ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു.

പിറ്റേ ദിവസം വാസുവിന്റെ അമ്മ സുധചേച്ചി എന്റെ വീട്ടു മുറ്റത്ത്! കയ്യില്‍ നൂലുജപിച്ച് പിടിച്ചിരിക്കുന്നു. അമ്മയോടെന്തോ പറയുന്നു. സംഗതി പ്രശ്നായി. ഞാന്‍ പതുക്കെസ്കൂട്ടായി. 'എവിടേടീ അവന്‍ ?' അമ്മ ചേച്ചിയോട് ചോദിക്കുന്നത് ഞാന്‍ അകലെ നിന്നും കേട്ടു.
****************************************************************************************
ഇതേ വാസു, പത്താം ക്ളാസ്സെത്തിയിട്ടും പൊക്കം വയ്ക്കാത്തതിന്റെ കാരണം , ആറടി പൊക്കമുള്ള എന്റെ ചേട്ടനോടന്വേഷിക്കുകയും 'ടാ, പത്തിലെ 2-3 മാസത്തെ വെക്കേഷന്‍ സമയത്താ സാധാരണ പയ്യന്‍മാര്‍ പൊക്കം വയ്ക്ക; എന്നു ചേട്ടന്‍ വിദഗ്‌ദാഭിപ്രായം പറയുകയും ചെയ്തു.വാസുവിനു പെട്ടെന്നു ഡിപ്രഷനായി.കാരണം തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ ഞെട്ടിപ്പിക്കുന്ന സത്യം , അവന്റെ സ്കൂളില്‍ പത്താം ക്ളാസ്സ് വെക്കേഷന്‍ ഒരു മാസം തികച്ചില്ലത്രേ !

No comments: