Friday, June 29, 2007

അങ്ങനെ വാദി പ്രതിയായി

അമേരിക്കന്‍ കമ്പനിയിലെ ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയല്ല, അതു കൌണ്‍സിലിങ്ങ് ലെറ്റര്‍ ആകുന്നു. അതെ, തൊട്ടതിനും പിടിച്ചതിനും (നല്ല അര്‍ത്ഥത്തില്‍ ) ആ സാധനം കിട്ടുക, അല്ലെങ്കില്‍ അവരുടെ കയ്യില്‍ നിന്നും മേടിച്ചു കൂട്ടുക എന്നത് ഞങ്ങളുടെ മാത്രം ഒരവകാശമായിരുന്നു. മൂന്നാമത്തെ കൌണ്‍സിലിങ്ങ് ലെറ്ററിനോടൊപ്പം ഒരു ഫ്ലൈറ്റ് ടിക്കറ്റും ഉണ്ടാകും . അതായത് പറഞ്ഞു വിടും . ഈയിടെ അത്യാസന്ന നിലയിലായപ്പൊ ലീഡിനോട് പറയാതെ ടോയിലെറ്റില്‍ പോയതിനും കിട്ടി ഒരു ലെറ്റര്‍ (എനിക്കല്ല). ഇങ്ങനെ ഒന്നും രണ്ടൂം പറഞാലും ഒന്നും രണ്ടും ചെയ്താലും ലെറ്റര്‍ കിട്ടുന്ന അവസ്ഥ. ഇങ്ങനെയുള്ള ഒരു സെറ്റുപ്പിലേയ്ക്കാണു 2006 ഫെബ്രുവരി 24 നു അനന്തപത്മനാഭന്റെ നാട്ടില്‍ നിന്നും മാക്സിമം എയറും പിടിച്ച് ഞാന്‍ വലതുകാല്‍ വച്ചു കയറുന്നത് .


വന്നു കയറി ഒരു മാസം കഴിഞ്ഞപ്പൊ പകലില്‍ നിന്നും രാത്രിയിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടി. അങ്ങനെ ഒരു കാട്ടിലെ രണ്ടു സിംഹങ്ങളെ പോലെ കഴിയാന്‍ എനിക്കു യോഗം കിട്ടി. അപ്പൊ ആരാ ഈ ആദ്യത്തെ സിംഹം .. ?അതെ, ദ വണ്‍ ആന്‍ഡ് ഒണ്‍ലി സാന്‍റ്റൊഷ് കുമാ (ഇതവരുടെ ഭാഷയില്‍ ) അഥവ സന്തോഷ് കുമാര്‍ .


രാത്രി എന്താ പണി..? ആ..അത്യാവശ്യ കുത്തിക്കീറലുകളെല്ലാം ഒരു മണിക്കൂറിനുള്ളില്‍ തീര്‍ക്കുക, അതു കഴിഞ്ഞാല്‍ ഉറങ്ങുക, ഉറക്കം കഴിഞ്ഞു ക്ഷീണിച്ചാല്‍ വീണ്ടും കിടന്നുറങ്ങുക സോറി, ഇരുന്നുറങ്ങുക, അതും ഞങ്ങളുടെ ലീഡായ , ഞങ്ങള്‍ സ്നേഹത്തോടെ ചിന്‍ചുമോള്‍ എന്നു വിളിക്കുന്ന, അമ്മച്ചിത്തള്ള കാണാതെ.


പല നാള്‍ കള്ളം ഒരു നാള്‍ എന്നാണല്ലൊ..? രാത്രിയുടെ ഗന്ധര്‍വയാമങ്ങളില്‍ പലരെയും സ്വപ്നം കണ്ടുറങ്ങിയിരുന്ന ഞങ്ങളുടെ ....(ഇനി പറഞ്ഞിട്ടെന്തെടുക്കാന) ആദ്യം പത്തിരുപതു മിനുട്ട് മാത്രം ദൈര്‍ഖ്യമുണ്ടായിരുന്ന ഞങ്ങളുടെ സ്വപ്നാടനം ക്രമേണ അര മണിക്കൂറും ഒരു മണിക്കൂറും രണ്ടു മണിക്കൂറുമൊക്കെയായി. ഉറങ്ങുന്നതിനിടയില്‍ ചിന്‍ചു മോള്‍ അറിയാതിരിക്കാനായി ഞാന്‍ സന്തോഷിന്റെ പേരു വിളിക്കുക, സന്തോഷ് എന്റെ പേരു വിളിക്കുക, ഇടക്കിടക്കു കൈ പൊക്കുക തുടങ്ങിയ കലാ പരിപാടികള്‍ ഞങ്ങള്‍ നടത്തിയിരുന്നു. പക്ഷെ ഞങ്ങളെ എല്ലാരെയും ഞെട്ടിച്ചു കൊണ്ട് ചിന്‍ചുമോള്‍ സന്തോഷിനെ പൊക്കി..കൂടെ എന്നെയും .


"ഉറക്കം വരുന്നെങ്കില്‍ ഒന്നു പുറത്തോട്ടിറങ്ങിട്ടു വാ.."


എന്നിട്ടു വേണം ഇരുട്ടു വാക്കിനുവല്ല കറുമ്പന്‍മാരെയും കണ്ടു പേടിച്ചു പനി പിടിക്കാന്‍ .


"ഇല്ല മാം , ഞങ്ങള്‍ ഉറങ്ങുന്നില്ല.."


"ഉം ..ഇനി ഞാന്‍ കാണരുത്..."


"ഓ കെ മാം .."


എബടെ...പിറ്റേ ദിവസവും ഇതു തന്നെ അവസ്ഥ. പക്ഷെ കളി ചിന്‍ചുമോളോടാ..?
രംഗം ഇങ്ങനെ : പതിവു പോലെ സന്തോഷ് തല കീബോര്‍ഡില്‍ ഇടിച്ചുള്ള കളി തുടങ്ങി. എല്ലാത്തിലും ഒന്നാമതെത്തണം എന്നു അമ്മ പറഞ്ഞതോര്‍ത്ത് ഞാനും ആ കളി തുടങ്ങി. പക്ഷെ ഞങ്ങളെ ഞെട്ടിയുണര്‍ത്തിക്കൊണ്ട് ചിന്‍ചുമോളുടെ കാറല്‍ .



"ദിബാക്ക് *, സാന്‍റ്റോഷ്..നിങ്ങളോട് ഞാന്‍ പറഞ്ഞിട്ടില്ലെ ഉറക്കം വന്നാല്‍ നടന്നിട്ടു വരണമെന്ന്..അപ്പൊ എന്റെ വാക്കിനു വിലയില്ല...എന്നോടു കളിച്ചാല്‍ ഞാന്‍ കളി പടിപ്പിക്കും ..എനിക്കു രണ്ടു ഭര്‍ത്താക്കന്‍മാരും ഒരു ബോയ് ഫ്രണ്ടും അന്ചു പിള്ളേരുമുണ്ട്..ഇതു കുറെ കണ്ടതാ..ഞാന്‍ ലീഡായി ഇരിക്കുമ്പോള്‍ ഇതു സമ്മതിക്കില്ല...എനിക്കു നിങ്ങളുടെ അടുത്ത് ഒറ്റക്കു സംസാരിക്കണം ...നിങ്ങള്‍ക്ക് കൌണ്‍സിലിങ്ങ് ലെറ്റര്‍ തരാന്‍ പോകുവാ..ആദ്യം ദിബാക്ക്* വാ...എന്നോടെന്തെങ്കിലും പറയാനുണ്‍ടെങ്കില്‍ അതപ്പൊ പറയാം .."


പോയി..എല്ലാം പോയി. എന്തു ചെയ്യണമെന്നറിയാതെ ഞാനും സന്തോഷും പരസ്പരം നോക്കി. അര മണിക്കൂര്‍ ഉറങ്ങിയപ്പൊ ആദ്യത്തെ ലെറ്റര്‍ കിട്ടിയെങ്കില്‍ മൂന്നമത്തേതിനു അധികം കാക്കേണ്ടി വരില്ല എന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി. തള്ള പേപ്പറും പേനയുമെടുത്ത് മുന്നില്‍ നടന്നു. സന്തോഷ് എന്നെ ദയനീയമായി ഒന്നു നോക്കി. ഞാന്‍ പോ...എന്നു മനസ്സില്‍ പറഞ്ഞതു മുഴുമുപ്പിക്കാന്‍ എനിക്കു കഴിഞ്ഞില്ല..ഞാന്‍ മെല്ലെ ചുവടുകള്‍ വച്ചു...സ്മാളടിച്ചു കൊണ്ടിരിക്കുന്ന ഉമ്മറിന്റെ റൂമിലേയ്ക്ക് പോകുന്ന ജയഭാരതിയുടെ അവസ്ഥയായിരുന്നു അപ്പൊള്‍ എന്റേത് .


ഞാന്‍ മെല്ലെ അവരുടെ മുന്നില്‍ നമ്രശീര്‍ഷനായി നിന്നു.

"ദിബാക്ക് ഇരിക്ക്...ഞാന്‍ ലെറ്റര്‍ റെഡിയാക്കി...ഇതിനെക്കുറിച്ചെന്തേലും പറയാനുണ്ടോ..?"


ഇതൊഴിവാക്കാന്‍ എന്തെങ്കിലും ചെയ്തേ പറ്റു. ഞാന്‍ കൂലംകഷമായി രണ്ടു മൂന്നു സെക്കണ്ഡ് ആലോചിച്ചു. (ഓ പിന്നെ കൂടുതല്‍ ആലോചിക്കാന്‍ ഞാന്‍ ജി.എസ്. പ്രദീപൊന്നുമല്ലല്ലൊ..) അതെ, ഞാന്‍ മുഴ്വന്‍ എക്സ്പ്രഷനും മുഖത്തു വരുത്തി. ശകല ദൈവങ്ങളെയും മനസ്സില്‍ വിചാരിച്ച് തൂടങ്ങി

“മാം ഞാന്‍ ചെയ്തതു തെറ്റു തന്നെയാ..എനിക്കറിയാമ്..പക്ഷെ മാമിനറിയോ എന്റെ വീട്ടില്‍ അമ്മയും അമ്മൂമ്മയും ചേട്ടനും മാത്രെ ഉള്ളു…വീട്ടിലെ ആകെ അത്താണി ഈ ഞാനാ..അമ്മയ്ക്കു വയ്യ, ചേട്ടനു ജോലി ഇല്ല…വല്ലപോഴുമാ പകലുറങ്ങുന്നതു തനെ..വീട്ടില്‍ നൂറു നൂറു പ്രഷ്നങ്ങളാ…ഇതിന്റെ ഇടയിലാ ഇവിടെയിരുന്ന് ഒരല്‍പം ഉറങ്ങിയത്..അതു തെറ്റു തന്നെയാ…മാം എന്ത് ശിക്ഷ തന്നാലും ഞാന്‍ സ്വാകരിക്കും …എന്റെ അവസ്ഥ ഇതായി പോയി..”


ഞാന്‍ മാക്സിമം വിഷമിച്ച് അവരുടെ മുഖത്ത് നോക്കി. ഏഎശ്വര എനിക്കെന്റെ കണ്ണൂകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആവര്‍ കരയാറായി ഇരിക്കുന്നു.. ഇതു തനെ പറ്റിയ സമയം ..ഞാന്‍ തുടര്‍ന്നു.


“ഇനി മാം പറ ..ഞാന്‍ അറിയാതെ ഉറങ്ങിപ്പോയതു തെറ്റാണോ..? പറ മാം പറ..” ഞാന്‍ കത്തിക്കയറി.


“ഇല്ല… നീ ഒരു തെറ്റും ചെയ്തിട്ടില്ല…എല്ലാം എന്റെ തെറ്റ..എനിക്കൊന്നും അറിയില്ലായിരുന്നു. ആം സോറി..”


“സാരില്ല മാം .. ഇനി ശ്രധ്ഹിച്ചാല്‍ മതി…” ഞാന്‍ അവസാന ആണിയും അടിഉച്ചു.


“ദിബാക്ക് പൊയ്ക്കൊ..സാന്‍റ്റോഷിനെ പറഞ്ഞു വിടൂ..”


ഞാന്‍ പതുക്കെ എണീറ്റു.. എന്റെ മുഖത്ത് മധുമോഹന്‍ സെന്റി ആകുമ്പോഴുള്ള അതേ ഭാവം .
തിരിച്ചു ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ എന്റെ ചിന്ത മറ്റൊന്നായിരുന്നു. ഈ തള്ളയ്ക്ക് രണ്ട് ഭര്‍ത്താക്കന്‍മാരും ഒരു ബോയ് ഫ്രണ്ടൂം . ഒരു മണിക്കൂറെങ്കിലും ഉറങ്ങേണ്ടതായിരുന്നു. കുറച്ചു കൂടി അറിയാന്‍ പറ്റിയേനെ



*ദിബാക്ക് = ദീപക്ക് (എന്റെ പേരാകുന്നു)

Thursday, June 28, 2007

ചാറ്റിംഗ്

നിരുപമ : എനിക്കൊന്നു കാണാന്‍ പറ്റൊ...?


മോഹന്‍ : എന്ത്..?


നിരുപമ : ഇയാളുടെ മുഖം ...?


അമ്മേ ചതിച്ചോ...? മുഖം കാണാതെ ഈ പെണ്ണിനു ചാറ്റ് ചെയ്യാന്‍ പറ്റില്ലേ...? വളരെ കാലത്തിനു ശേഷം ഒത്തുകിട്ടിയതാ...ഈ കഴണ്ടിത്തല മറയ്ക്കാന്‍ ഇനി വിഗ് എടുത്ത് വയ്ക്കണം ...എന്തെല്ലാം പാടാ...ഇവളുമാര്‍ക്കിതു വല്ലതും അറിയണോ..?


ഇന്നലെ പെയ്ത ചാറ്റിങ് മഴയില്‍ മുളച്ച ഇവളെ ഒതുക്കാനാണോ പാട് . മോഹന്‍ തന്റെ വിഗ് കട്ടിലിനടിയില്‍ നിന്നും പൊടി തട്ടിയെടുത്തു. മട്ടവും കോണും അളന്ന് കിരീടം അണിഞ്ഞു. പൊസിഷന്‍ മാറാതെ ചീകി ഒതുക്കി. കണ്ണാടിയില്‍ നോക്കിയപ്പൊ തന്നെ കുറിച്ച് തന്നെ അഭിമാനം തോന്നി. "അപ്പൊ ഇതാ ഈ പെണ്ണുങ്ങള്‍ക്കൊക്കെ എന്റടുത്തൊരിത്.." എന്ന് ആത്മഗതം പറഞ്ഞ് മോഹന്‍ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നില്‍ ഉപവിഷ്ടനായി.


മോഹന്‍ : നിരൂ...പോയൊ..?


നിരുപമ : ഇല്ലാ...കാം ഓണ്‍ ചെയ്യാന്‍ പറ്റില്ലെ..?


മോഹന്‍ പതുക്കെ വെബ് കാം ഓണ്‍ ചെയ്തു.


നിരുപമ : ഇയാളെ കാണാന്‍ നല്ല രസാ...


മോഹന്‍ : ഹഹാ...കള്ളം ...


പുളകിതനായി കൊണ്ട് മോഹന്‍ പറഞ്ഞു.


നിരുപമ : ഇയാള്‍ക്കെത്ര വയസ്സായി..?


മോഹന്‍ : എത്ര തോന്നുന്നു..?


നിരുപമ : ഹ്മ്.....ഒരു 26...


34 വയസ്സായ താന്‍ ഒറ്റയടിക്ക് , ഒറ്റ വിഗിലൂടെ, 8 വയസ്സു കുറച്ചിരിക്കുന്നു.ഇവളെ ഞാന്‍ ഇന്നു വളച്ചു റെഡിയാക്കും ..


മോഹന്‍ : ഹഹാ..കൊള്ളാം ...ഗുഡ് ഗസ്...


പെട്ടെന്നു കോളിങ്ങ് ബെല്‍ അടിച്ചു. ഏതു കോപ്പനാടാ രാവിലെ പന്‍ചാര അടിക്കാന്‍ സമ്മതിക്കാതെ...


മോഹന്‍ : ആരോ വന്നു...1 മിനുറ്റ്...എന്റെ ചക്കര അല്ലെ പിണങ്ങല്ലെ...


ഇതേത് കോത്തായത്തുകാരനാടാ...മനുഷ്യനെ ഒന്നു...ചെയ്...മോഹന്‍ ഡോറിലെ ഊട്ടയില്ലൂടെ ഒളികണ്ണിട്ട് പുറത്തേയ്ക്ക് നോക്കി.


അയ്യോ അമ്മാവന്‍ .മോഹന്‍ വേഗം വിഗ് വലിച്ചൂരി മൂലയിലെറിഞ്ഞു. എന്നിട്ടു ഡോര്‍ തുറന്നു.
അമ്മാവന്‍ അകത്ത് കയറി നേരെ പോയത് മോഹന്റെ റൂമിലേയ്ക്കാ. ചതിച്ചോ? മോഹന്‍ അമ്മാവ്നെറ്റെ മുന്നില്‍ കയറി പെട്ടെന്നു കൊമ്പ്യൂട്ടറിന്റെ മോണിറ്റര്‍ ഓഫ് ചെയ്തു. എന്നിട്ട് അതിന്റെ മുന്നിലുള്ള കസേരയില്‍ മോഹനും കട്ടിലില്‍ അമ്മാവനും ഇരുന്നു.


"ഞാന്‍ വെറുതെ ഇറങ്ങിയതാ..നിന്റെ ചേട്ടനെ ഒന്നു കാണണമായിരുന്നു..നിനക്കു സുഖമാണോ..? നിന്റെ അമ്മയെ വിളിക്കുമ്പൊ ഞാന്‍ ചോദിച്ചതായി പറ..."


"അമ്മാവന്‍ ചായ കുടിക്കുന്നൊ..?" കുടിക്കണമെന്നു പറയല്ലെ എന്നു മനസില്‍ പ്രാര്‍ഥിച്ചു കൊണ്ടാണു മോഹന്‍ ചോദിച്ചത്.


"വേണ്ടാ...ഞാന്‍ ഇറങ്ങാ..."


"ഓ ആയിക്കോട്ടെ.."


മോഹന്റെ മനസ്സില്‍ സന്തോഷം തിരയടിച്ചു.. അവള്‍ പോകാതിരുന്നാല്‍ മതിയായിരുന്നു. അമ്മാവനെ യാത്രയാക്കി കതകടച്ച് തിരിച്ച് വന്ന് കമ്പ്യൂട്ടറിന്റെ മുന്നില്‍ വീണ്ടും ഇരുന്നു. പതുക്കെ മോണിറ്റര്‍ ഓണ്‍ ചെയ്തു.


ചെയ്..അവള്‍ സൈന്‍ ഔട്ട് ചെയ്തു പോയി. എന്തോ മെസേജ് അയച്ചിട്ടാ പോയത്. മോഹന്‍ പതുക്കെ ആ മെസേജിലൂടെ കണ്ണോടിച്ചു.


നിരുപമ : ഞാന്‍ എല്ലാം കണ്ടൂ..വിഗ് വച്ച് ആളെ പറ്റിക്കാന്‍ നോക്കുന്നോ...ഹഹ..കഷണ്ടി...പോടാ കഷണ്ടിത്തലയാ...പൂയ്..കഷണ്ടി കഷണ്ടി...ഹി ഹി


മോഹനു തല കറങ്ങുന്നതു പോലെ തോന്നി. വിജ്രംഭിച്ച് നിന്ന വികാരങ്ങളെല്ലാം തണുത്തുറഞ്ഞു.അമ്മാവന്‍ വന്നപ്പൊ അറിയാതെ കമ്പ്യൂട്ടറിന്റെ മുന്നിലെ കസേരയില്‍ ഇരുന്നതും കാം ഓഫ് ചെയ്യാന്‍ മറന്നതും ഒരു ഫ്ളാഷ് ബാക്ക് പോലെ മിന്നി.


കഷണ്ടി ഇത്ര വലിയ കുറ്റമാണോ..? അല്ലെ..? ആണോ..? ഇങനെ ചിന്തിക്കുന്നതിനിടയില്‍ രണ്ടെണ്ണം വീശി മോഹന്‍ കട്ടിലിലേയ്ക്ക് കമിഴ്ന്നു.ഒരു പ്രാര്‍ഥനയോടെ..കഷണ്ടി പെണ്ണിനും കൊടുക്കണേ..

Saturday, June 23, 2007

തന്‍ഹ പിള്ള

"ടാ ജിമില്‍ വന്നാല്‍ വര്‍ക്കൌട്ട് ചെയ്യണം ..അല്ലാതെ ഈ റ്റി വിയിലെ പെണ്‍പിള്ളേരെ നോക്കി വെള്ളം ഇറക്കുകയല്ല വേണ്ടത്...എന്നെ കണ്ടൂ പടി..ഞാന്‍ എത്ര വറ്-ഷമായി ഇവിടെ വരുന്നു...എന്നെങ്കിലും ഞാന്‍ ഇതു പോലെ വായും പൊളിച്ച് നില്‍കുന്നത് നിങ്ങള്‍ കണ്ടിട്ടുന്ടോ..നിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ല...റ്റ് വിയില്‍ ഇവളുമാരു കാണിക്കുന്നതും അതൊക്കെയല്ലെ...മനസിനു കട്ടിയില്ലെങ്കില്‍ നോക്കി പോകും .."

രംഗം : ജിംനേഷ്യം . കഥാപാത്രങ്ങള്‍ : ഞാന്‍ , ടിക്സണ്‍ , പിന്നെ എട്ടു വീട്ടില്‍ പിറക്കാതെ തന്നെ സകല അടവുകളും (തരികിടയുള്‍പ്പെടെ) അറിയാവുന്ന പിള്ള ചേട്ടന്‍ . നാട്ടില്‍ സര്‍വ സമ്മതനും അതിലുപരി ഹനുമാന്‍ ഭക്‌തന്‍ എന്നു ഭാവിക്കുകയും ചെയ്തിരുന്ന പിള്ള ചേട്ടനെ എല്ലാര്‍ക്കും ബഹുമാനവും ആയിരുന്നു.


ജിമ്മിലെ റ്റി വിയില്‍ ബി ഫോര്‍ യു ചാനല്‍ കണ്ടുകൊണിരുന്നതിനിടയിലാണു പിള്ളച്ചേട്ടന്‍ വരുന്നതും ഇങനെ ഘോര ഡയലോഗ് ഇറക്കുന്നതും .അതു പിന്നെ എങ്ങനാ...ഭീഗെ ഹോന്‍ട് തെരേ...എന്നൊക്കെ ചീത്തയും വിളിച്ച് മല്ലികയും ഇമ്രാനും കൂടി കടി പിടി കൂടുന്നതു കണ്ടപ്പൊ ആരു ജയിക്കും എന്നറിയാന്‍ നോക്കി നിന്നതു തെറ്റാ..?പിള്ള ചേട്ടന്‍ വന്നതു കൊണ്ട് ഇനി കളിയും ചിരിയുമൊന്നും നടക്കില്ല. ഞങ്ങള്‍ പതുക്കെ റ്റി വിയിരിക്കുന്ന മൂലയ്ക്കു മാറി നിന്നു. കുറുക്കന്മാര്‍ ചത്താലും കണ്ണു കോഴിക്കൂട്ടില്‍ വേണമല്ലോ..അങ്ങനെ കോഴിക്കൂട്ടില്‍ നല്ല നല്ല പിടകള്‍ വരുന്നതും പോകുന്നതും ഒളിക്കണ്ണിട്ട് നോക്കി ഞാനും ടിക്സനും സമയം തള്ളി. ഇതിനിടയില്‍ പിള്ള ചേട്ടന്‍ ബെന്‍ച് പ്രെസ്സ് (പെണ്ണുങ്ങള്‍ക്ക് മാത്രം മുന്‍പന്തി പോര എന്നു ചിന്തിക്കുന്നവര്‍ മാത്രം ചെയ്യുന്നത് ) തുടങ്ങി.


"തന്‍ഹ തന്‍ഹ യഹാ പെ ജീനാ.." ഈ പാട്ടു ബി ഫൊര്‍ യുവില്‍ കേട്ടതും എന്റെയും ടിക്സന്റെയും ചുണ്ടില്‍ ക്രൂരമായ ഒരു ചിരി വിടര്‍ന്നു. ബാലന്‍ കെ നായര്‍ ജയഭാരതിയെ ആദ്യമായി കന്ടപ്പൊ ചിരിച്ച അതേ ചിരി..ഞങ്ങള്‍ ഒരുമിച്ച് ഞെട്ടി തിരിഞ്ഞ് റ്റി വിയില്‍ നോക്കി. എന്റമ്മേ....ഇറ്റ് ഈസ് അണ്‍ബിലീവബിള്‍ ഓഫ് ദി മ്യൂസിക് ഓഫ് ദി..അതെ..അതു ഊര്‍മ്മിളയായിരുന്നു. ബീച്ചില്‍ ഒരു ചെറിയ നിക്കറുമിട്ട് ഓടിക്കളിക്കയാ കള്ളി...രംഗം ചൂടു പിടിക്കുന്നു. ഊര്‍മ്മിള ഒരു ദയയുമില്ലാതെ തലങ്ങും വിലങ്ങും ഓടുന്നു.(ഇവള്‍ക്കെന്താ ഒരിടത്ത് നിന്നൂടെ..എന്തു പാടാന്നറിയൊ ഈ ചെയ്സിങ്ങു പരിപാടി..).ഊര്‍മ്മിള പതുക്കെ ക്യാമറ ലക്ഷ്യമാക്കി ഒടുന്നു. അടുത്തെത്തിയതും മെല്ലെ തറയില്‍ കിടന്നു. ഒരു കാല്‍ ഒരല്‍പം പൊക്കി...


"അമ്മോ..." എന്നുള്ള വിളിയും വെയിറ്റുകള്‍ തറയില്‍ വീഴുന്ന ശബ്ദവും കേട്ടാണു ഞാനും ടിക്സനും ഞെട്ടിയുണര്‍ന്നത്. നോക്കുമ്പൊ, ബെന്‍ച് പ്റെസ്സ് ചെയ്തു കൊണ്ടിരുന്ന പിള്ള ചേട്ടന്റെ കയ്യില്‍ നിന്നും വെയിറ്റ് വഴുതി നെന്‍ചിലേക്ക് വീണിരിക്കുന്നു.


"എന്ത് പറ്റി പിള്ള ചേട്ടാ..ഇതധികം വെയിറ്റൊന്നുമില്ലല്ലൊ.." പുള്ളിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.


"ഹൊ ഒന്നുമില്ല...കയ്യുളുക്കി എന്നാ തോന്നുന്നെ..."


പക്ഷെ ഞങ്ങളുടെ മനസ്സിലെ ചിന്ത വേറെ ആയിരുന്നു. പിള്ളച്ചേട്ടനിലെ ചെന്നായ് ആട്ടിന്‍ തോല്‍ മാറ്റി പുറത്തു വന്നിരിക്കുന്നു. ഭക്തനായ പിള്ളച്ചേ ട്ടന്‍ ഊര്‍മ്മിള ഒന്നു കാല്‍ ....ചെ..ഇറ്റ് ഈസ് അമേസിങ് ഓഫ് ദി...പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല..


രംഗം : പിള്ള ചേട്ടന്‍ രാവിലെ പാലു വാങ്ങാന്‍ കടയില്‍ പോകുന്നു.


അപ്പോഴാണു പത്രമൊക്കെ ഇട്ടു തീര്‍ന്ന് അപ്പു അവന്റെ സൈക്കിളില്‍ ആ വഴി വന്നത്. പിള്ള ചേട്ടന്റെ അടുത്തെത്തിയതും അവന്‍ മൂളി പാട്ടു പാടി..."തന്‍ഹ തന്‍ഹ..യഹാ പെ..."


അങ്ങനെ ഞങ്ങളുടെ , എന്റെയും ടിക്സന്റെയുമ്, ഒരൊറ്റ ദിവസത്ത പരിശ്രമം കൊണ്ട് പിള്ള ചേട്ടന്‍ തന്‍ഹ പിള്ള ആയി. ഇതിനുള്ള മറുപാട്ട് ഭാഷ ഭേദമന്യെ എല്ലാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പിള്ള ചേട്ടന്‍ കൊടുത്തു വന്നു.


ഒടുക്കത്തെ രംഗം : ജിമില്‍ നിന്നും കോഴിക്കൂട്..ചെ, റ്റി വി..പൊക്കി മാറ്റി.

Tuesday, June 19, 2007

മെമ്മറി ചിപ്പ്

"ടാ നിന്റെ മെമ്മറി സ്റ്റിക്ക് ഒന്നു താ..നാളെ തിരിച്ചു തരാം ."


രഞിത്ത് ചോദിച്ചപ്പൊ ഒന്നും പറയാതെ ഞാന്‍ അതവനു കൊടുത്തു. അവന്‍ അതു വാങ്ങി അവന്റെ ബാഗില്‍ ഇട്ടു.


നല്ല തളര്‍ച്ച ഉണ്ടായിരുന്നതിനാല്‍ ഞാന്‍ നേരത്തെ കയറി കിടന്നു. പിറ്റേന്ന് രാവിലെ ഞങ്ങള്‍ രണ്ടു പേരും ഡ്യുട്ടിക്ക് പോകാന്‍ റെഡിയായി.ആപ് കീ ഫര്‍മായിഷും കേട്ട് സെക്യുരിറ്റി ഗേറ്റ് എത്തിയതറിഞ്ഞില്ല. ഞാനും രഞിത്തും ചെക്കിങ്ങിനായി വരിയില്‍ നിന്നു. വരി പതുക്കെ മുന്നോട്ട് നീങ്ങി. ഒടുവില്‍ ഞങ്ങള്‍ സ്കാനിംഗ് പോയിന്റില്‍ എത്തി.ഞങ്ങള്‍ രന്ടു പേരും ബാഗ് പതുക്കെ സ്കാനറിന്റെ അകത്തു വച്ചു. ഞങ്ങള്‍ രന്ടു പേരും ബോഡി സ്കാനിങ്ങും കഴിഞ്ഞ് ബാഗും വരുന്നതു നോക്കി മറുവശത്ത് നിന്നു. പക്ഷെ പെട്ടെന്ന് അലാറം മുഴങ്ങി.കാര്യം അറിയതെ എല്ലാരും ചുറ്റും നോക്കി. ബാഗ് സ്കാന്‍ ചെയ്തു കൊണ്ടു നിന്ന ആള്‍ പെട്ടെന്നു പുറത്ത് വന്നു. എല്ലാ ആള്‍ക്കരെയും നോക്കിക്കൊണ്ട് പുള്ളി ചോദിച്ചു.


"ഇതാരുടെയാ ചിപ്പ്."


ചിപ്പൊ ? ഒന്നും മനസ്സിലാകാതെ ഞാന്‍ നിന്നപ്പൊ രഞിത്ത് എന്റെ കൈയ്ക്ക് പിടിച്ചു കൊണ്ട് പറഞ്ഞു.

"ടാ നിന്റെ മെമ്മറി ചിപ്പ് എന്റെ ബാഗില്‍ ...ഇന്നലെ എടുക്കാന്‍ മറന്നു പോയി."


"എടാ കാലമാടാ ഇങ്ങനത്തെ ഒരു സാധനം കൊണ്ട് ഇവിടെ വന്നാല്‍ അപ്പൊ പറഞ്ഞു വിടും എന്നു നിനക്കറിയില്ലെ..ഇനി എന്ത് ചെയ്യുമ്...ഒരു കാര്യം ചെയ്..നിന്റെ ബാഗ് അയാളെടുക്കും മുന്നെ നീ ചെന്നു കാര്യം പറ.."


സെക്യൂരിറ്റിക്കാരന്‍ അപ്പോഴേക്കും ബാഗ് കന്ടു പിടിക്കാനായുള്ള ശ്രമം തുടങ്ങി. രഞിത്ത് അയാളുടെ അടുത്തെത്തി.


"സര്‍ "


"എന്താടൊ?"


എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുന്പ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ ഓടി വന്നു.

"അയ്യൊ സാറെ അതെന്റെ ബാഗാ..." അയാള്‍ അയാളുടെ ബാഗ് വലിച്ചെടുത്തു.

സെക്യൂരിറ്റിക്കാരന്റെ മുഖം ചുവന്നു.


"താന്‍ ഏത് കോത്തായത്തുകാരനാടോ...ഇതൊക്കെ കൊണ്ട് വന്നാല്‍ തന്റെ ജോലി തെറിക്കും എന്നറിയില്ലെ.."


"അയ്യോ സാറെ എനിക്കറിയില്ലായിരുന്നു... ഞാന്‍ ... ജീവിക്കാന്‍ വേണ്ടിയാ സാറെ...ഇനി കൊണ്ട് വരില്ല..."

ഇതു കേട്ടതും സെക്യുരിറ്റിക്കാരന്‍ കാറി.

"തുറക്കെടോ കോപ്പിലെ ബാഗ്...കൊണ്ടുവന്നതും പോരാഞ്ഞ് പ്രസംഗിക്കുന്നൊ..ശെരിയാക്കിത്തരാം ."

ഇത്രയും ആയപ്പോഴേക്കും ഞാനും രഞിത്തും ഞങ്ങളുടെ ബാഗുകളെടുത്ത് പതുക്കെ സ്കൂട്ട് ആയി.

ഹൊ രക്ഷപ്പെട്ടു. രഞ്ജിത്തിനെ ദഹിപ്പിക്കുന്ന രീതിയില്‍ ഒന്നു നോക്കി ഞാന്‍ പറഞ്ഞു. അവന്‍ ഒരു വളിഞ്ഞ ചിരി ചിരിച്ചു.

'പാവം അയാളുടെ ജോലിക്കൊരു തീരുമാനമായി.." ഇതു പറഞ്ഞ് ഞങ്ങള്‍ പതുക്കെ തിരിഞ്ഞ് നോക്കി.അപ്പൊ കണ്ട കാഴ്ച ഞങ്ങളെ ശരിക്കും ഞെട്ടിച്ചു.

കാടി വെള്ളം തലയില്‍ വീണ ദിലീപിനെ പോലെ നില്‍ക്കുന്ന സെക്യൂരിറ്റിക്കാരന്‍ .

കയ്യില്‍ പല കവറുകളിലായി ബനാന ചിപ്സും .