Monday, February 02, 2009

മുട്ടടി

മൂന്നാം ക്ളാസ്സ് വരെ കരിയം എല്‍ . പി.എസ് സ്കൂളില്‍ കിരീടം വയ്ക്കാത്ത രാജാവായി വാണിരുന്ന എനിക്ക് അതൊരാഘാതമായിരുന്നു.അതെ,

"ടീ, ലവനെ നമുക്ക് ചെമ്പഴന്തി സ്കൂളിലാക്കാം , അവിടാവുമ്പൊ ഫ്ളോറടീച്ചര്‍ നോക്കിക്കൊള്ളും "എന്ന എന്റെ പിതാശ്രീയുടെ പ്രസ്താവന, അമ്മയോട്.

എന്നും രാവിലെ കുളിപ്പിച്ച്,ഒരു വശത്തൂന്ന് വകുപ്പെടുത്ത് മുടിചീകി (ഇപ്പൊ ആ സമയം ലാഭിച്ചു),വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ തൂക്കി എന്നെ സ്കൂളിലേയ്ക്കയക്കുകയും വൈകിട്ട് ദേഹം മുഴുവന്‍ മണ്ണുമായി,മുടിയില്‍ ആന്റിനയും വച്ച് "അമ്മാ , തവളച്ചാട്ടത്തില്‍ എനിക്കാ ഫസ്റ്റ്" എന്നുപറഞ്ഞ് ഞാന്‍ തിരിച്ചുവരുന്നതും കണ്ടിരുന്ന അമ്മയ്ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു.

പക്ഷെ എന്റെ സ്വപ്‌നങ്ങള്‍ ! 2 ബി യിലെ സുനിതയെയും 3 ഡി യിലെ ശാരിയെയുമൊക്കെ ഞാന്‍ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ? എന്റെ ശത്രു ആനന്ദിനെ ബിസ്കറ്റ് കടിയില്‍ തോല്‍പ്പിക്കാന്‍ ഇനി എനിക്ക് ഒരിക്കലും പറ്റില്ലെന്നോ ? എനിക്ക് പെട്ടെന്ന് ഡിപ്രഷനായി.

പുന്നയ്ക്കാ പറക്കല്‍ ,കസേരകളി ചാക്കില്‍ ചാട്ടം , തവളച്ചാട്ടം തുടങ്ങിയ ചാട്ടങ്ങളിലും ഓട്ടത്തിലുമൊക്കെ ഞാന്‍ ആയിരുന്നു സ്കൂളില്‍ ഒന്നാമന്‍ (സത്യം !) മാത്രവുമല്ല, സ്കൂളിലെ കച്ചി കളിയിലെ (ഗോലി കളി) കിരീടം വയ്ക്കാത്ത രാജാവും (ഇതും സത്യം !).പക്ഷെ ഒരു ഐറ്റത്തില്‍ മാത്രം എനിക്ക് സുനിതയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പറ്റിയില്ല, ബിസ്കറ്റ് കടിയില്‍ . അതെ, ആനന്ദ്, ആ കാലമാടന്‍ ഒറ്റ ഒരുത്തന്‍ കാരണം .കയറില്‍ നൂലുകൊണ്ട് ബിസ്കറ്റ് കെട്ടിത്തൂക്കിയിരിക്കുന്നത് എവിടെ കണ്ടാലും അവന്‍ ചാടിക്കടിച്ചുകളയും .'റെഡി,വണ്‍ , റ്റു, ത്രീ കടി' എന്നു കേട്ടാല്‍ എത്ര ഉയരത്തിലായിരുന്നാലും ബിസ്കറ്റ് അവന്റെ വായില്‍ കാണും , ബിസ്കറ്റില്‍ കൈവിഷം കൊടുത്ത പോലെ!

അവനോടുള്ള ശത്രുത പല തലങ്ങളിലേയ്ക്കും വ്യാപിച്ചത് പെട്ടെന്നായിരുന്നു. ഇന്റര്‍വെല്‍ സമയത്ത്ഞാനും എന്റെ 'ഗ്യാങും ' കൂടി നേരെ അവനെ ക്ളാസ്സില്‍ ചെല്ലും . ഞങ്ങള്‍ വരുന്നത് ദൂരെ നിന്നേ കണ്ട് അവനും അവന്റെ ഗ്യാങും അവന്റെ ക്ളാസ്സിലെ ജനാലയുടെ ഒരു സൈഡില്‍ സ്ഥാനം പിടിക്കും .ഞങ്ങള്‍ ഇപ്പുറത്തും . പിന്നെ അങ്ങു തുടങ്ങുകയല്ലേ, തള്ളാന്‍ . അതെ ജനല്‍ തന്നെ.ബെല്‍ അടിക്കുമ്പൊ ജനല്‍ ആരുടെ വശത്താണോ അവര്‍ തോല്‍ക്കും .അങ്ങനെ എത്രയെത്ര ജനലുകള്‍ തള്ളിയിരിക്കുന്നു.

ഞാനും അവനുമായുള്ള ശത്രുഅത ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പണ്ട് ആരുടെയോ കല്ല്യാണത്തിനു വച്ച് എന്റെ അമ്മയുടെ ഒക്കത്തിരുന്ന് ഞാന്‍ നക്കിവെടുപ്പാക്കി കൊണ്ടിരുന്ന എന്റെ സ്വന്തം പാര്‍ളി ജി ബിസ്കറ്റ് ,ലവന്‍ അവന്റെ അമ്മയുടെ ഒക്കത്തിരുന്നു കാറിയ ഒറ്റ കാറല്‍ മൂലം എനിക്ക് നഷ്ടമായി. അന്നു തുടങ്ങീതാ അവന്റെ ബിസ്കറ്റ് ആക്രാന്തം .അന്നേ ഞാന്‍ അവനെ നോട്ടമിട്ടതാ.പക്ഷെ, ഇപ്പൊ എന്റെ സ്വപ്നങ്ങള്‍ തകരാന്‍ പോകുന്നു

അങ്ങനെ എന്റെ സ്വപ്നറാണിമാരായിരുന്ന സുനിതയേയും ശാരിയേയും പിരിഞ്ഞ്,എന്റെ സിംഹാസനം ആനന്ദിനു വിട്ടു കൊടുത്ത് ഞാന്‍ ചെമ്പഴന്തി എല്‍ .പി.എസ് എന്ന ഒരു കൊച്ചു രാജ്യത്തേയ്ക്ക് കുടിയേറി.എന്റെ ബോഡി ഗാര്‍ഡായി അടുത്തുള്ള, ചെമ്പഴന്തി സ്കൂളിലെ ടീച്ചറായ ഫ്ളോറ ടീച്ചറും . പക്ഷെ ആര്‍ക്കുമറിയില്ലല്ലോ ഞാന്‍ എന്നിട്ടും തെങ്ങേലാണെന്ന് ! അവിടെ ചെന്നു കയറേണ്ട താമസ്സം , തുടങ്ങിയില്ലേ കച്ചികളി ! മൂന്നടി ദൂരത്തില്‍ മൂന്നു കുഴിയും ഒരു കച്ചിയുമുണ്ടെങ്കില്‍ ആര്‍ക്കും കളിക്കാവുന്ന ഒന്നാണിത്.ബട്ട്, അതിനു ഞാനവിടെ കൊടുക്കേണ്ടി വരുന്ന വില,വളരെ ആത്മവിചിന്തനം ഉണ്ടാക്കുന്ന ഒന്നായിരുന്നു.അതെ മുട്ടടി ! കളിയില്‍ തോറ്റ് കഴിഞ്ഞാല്‍ ഒന്നാമത്തെ കുഴിയുടെ മുന്നില്‍ കൈപടം മടക്കി പിടിക്കണം , ജയിച്ചവന്‍ രണ്ടാമത്തെ കുഴിയില്‍ നിന്നും അവന്റെ സകലശക്തിയുമെടുത്ത് ഒന്നാംകുഴിയിലിരിക്കുന്ന മുട്ടില്‍ കച്ചികൊണ്ടടിക്കും .ന്റമ്മോ...കച്ചികളിയിലെ എന്റെ അജയ്യത ഞാന്‍ അവിടെയും തെളിയിച്ചു. എത്രയെത്ര മുട്ടുകള്‍ , എത്രയെത്ര പൊന്നീച്ചകള്‍ ! ഞാന്‍ ഈ മുട്ടടി സമ്പ്രദായം പതുക്കെ എന്റെ വീട്ടിലും കൊണ്ടു വന്നു.ഇര, എന്റെ സ്വന്തം ചേട്ടന്‍ !

അന്നൊരു ഞായറാഴ്‌ചയായിരുന്നു, ദീപാ നിവാസ് അവധിയായിരുന്നു. ടിവിയില്‍ ഡക്ക് ടേല്‍സും മൌഗ്ളിയുംചിപ് & ഡേലുമൊക്കെ കണ്ട് കഴിഞ്ഞ് ഇനി എന്ത് എന്നാലോചിച്ച് ഞാനും ചേട്ടനും കണ്ണോട് കണ്ണില്‍ നോക്കിയിരിന്നപ്പോഴാണു എന്റെ കണ്ണിലെന്തോ തിളങ്ങിയത്,അതെ, ഗച്ചി ! ഞാന്‍ കൂവി, "ച്യേട്ടാ, കച്ചി കളിക്കാം "

രംഗം : മുട്ടടി ! ഒന്നാം കുഴിയില്‍ കളിയില്‍ തോറ്റ് കൈപ്പടം മടക്കി ചേട്ടന്‍ . രണ്ടാം കുഴിയില്‍ ചുണ്ടില്‍ ക്രൂരമായ ചിരിയുമായി ഞാന്‍ .'ടാ, നിന്റെ ചേട്ടനല്ലേടാ' എന്ന ഭാവം ചേട്ടന്റെ മുഖത്ത്. മുഖത്ത് നോക്കിയാല്‍ കുരുക്ഷേത്രത്തില്‍ വച്ച് അര്‍ജുനനു പറ്റിയത് എനിക്കും പറ്റും എന്നറിയാമായിരുന്നതുകൊണ്ട് ഞാന്‍ ചേട്ടന്റെമുട്ടില്‍ തന്നെ കോണ്‍സണ്ട്റേറ്റ് ചെയ്തു. 'ടക്'...ആഹ. മുട്ടില്‍ കച്ചിവന്ന് കൊള്ളുന്ന മനോഹരശബ്‌ദം .

"വയ് വയ്. തീര്‍ന്നില്ല.മുട്ടടി മൂന്ന് പറഞ്ഞിട്ടാ തുടങ്ങിയേ" മുട്ടും തടവി കണ്ണും പുകഞ്ഞിരിക്കുന്ന ചേട്ടനോട് ഞാന്‍ .

"എഴുന്നേറ്റു പോടാ" പെട്ടെന്നൊരലര്‍ച്ച കേട്ട് കുനിഞ്ഞിരുന്ന് കോണ്‍സണ്ട്റേറ്റ് ചെയ്യുകയായിരുന്ന ഞാനും കണ്ണടച്ച് 'ദാ ഇപ്പൊ, ദാ ഇപ്പൊ' എന്ന രീതിയിലിരുന്ന ചേട്ടനും ഞെട്ടിയെഴുന്നേറ്റു. ക്രിഷ്ണന്‍ കുട്ടി സാര്‍ ! അന്നു ട്യൂഷനുള്ള കാര്യം ഞങ്ങള്‍ മറന്നു പോയി. ഞങ്ങള്‍ വീടിനകത്തേയ്ക്കോടി. പെട്ടെന്ന് ടേബീളിനിരുവശത്തുംബുക്കുമായി വന്നിരുന്നു.

സാര്‍ പതുക്കെ നടുക്ക് കസേരയിലിരുന്നു. എന്നെ നോക്കി.ഞാന്‍ പ്ളുഷി (സ്ഥിരം ചിരി).സാര്‍ ചേട്ടനെ നോക്കി.പിന്നെ കയ്യിലും .

"എന്താടാ കയ്യില്‍ ?" സാറു ചേട്ടനോട്. ദുഷ്ടന്‍ , സാറിനെ കാണിക്കാന്‍ വേണ്ടി കൈ തടവിക്കൊണ്ടിരിക്കുന്നു.

"ഇവന്‍ അടിച്ചതാ..മുട്ട്" ച്യേട്ടന്‍

സാറെന്നെ നോക്കി. പ്ളുഷ്...(വീണ്ടും ചിരി)

"പോയി കച്ചിയെടുത്തോണ്ട് വാ" സാര്‍ ചേട്ടനോട് പറഞ്ഞു. ചേട്ടനെ കൊണ്ട് എന്നെ മുട്ടടിപ്പിക്കാനുള്ള ഐഡിയ ആണെന്ന് എനിക്ക് മനസ്സിലായി.

"എന്റെ ബാഗിന്റെ താഴത്തെ അറയിലുണ്ട്" കച്ചിയെടുക്കാന്‍ എഴുന്നേറ്റ ചേട്ടനോട് ഞാന്‍ പതുക്കെ പറഞ്ഞു . അങ്ങനെ പറയാന്‍ കാരണമുണ്ട്. ആ കച്ചി സോഡ കച്ചിയാ. വെയിറ്റ് തീരെയില്ല,ഒരു മയമുണ്ട്.പക്ഷെ ആ ദുഷ്ടന്‍ , കാലമാടന്‍ എവിടുന്നോ ഒരു ഗമണ്ടന്‍ കച്ചിയെടുത്തുകൊണ്ട് വന്നു.അതുകണ്ടപ്പൊ എനിക്ക്മനസ്സിലായി, അതും എന്റെ ബാഗിലെ വേറൊരു അറയിലുണ്ടായിരുന്നതാണെന്ന്.

"എത്രയെണ്ണം അടിച്ചെടാ ?" ചേട്ടനോട് സാര്‍.

"ഒന്ന് " ഞാന്‍ ഇടയില്‍ കയറി പറഞ്ഞു.

"സാര്‍ അന്‍ചാമത്തെ അടിക്കാന്‍ പോയപ്പഴാ സാറു വന്നെ" ചേട്ടന്‍

വാറ്റ് ദ ഹെല്‍ !!! സാറെന്നെ തുറിച്ചു നോക്കി. കണ്ണിളകി കയ്യില്‍ വരുമെന്ന് തോന്നി.എന്റെ മുഖത്ത് 'എന്റെ ഗര്‍ഭം ഇങ്ങനെ അല്ല' എന്ന ഭാവവും .

"വയ്യെടാ കൈ" സാര്‍ പറഞ്ഞു.

ഞാന്‍ കൈ മേശപ്പുറത്ത് വച്ചു.എന്റെ മുട്ടും ചേട്ടന്‍ കയ്യില്‍ വച്ച് ഉന്നം പിടിക്കുന്ന കച്ചിയും തമ്മിലുള്ള അകലം വളരെ കുറവ്.

"സാര്‍ ..ഇത്ര അടുത്ത് വച്ച് അടിച്ചാല്‍ ഫൌളാ" എന്റെ അവസാന കച്ചിത്തുരുമ്പ്.

"എങ്ങനേ..?? അടിക്കെടാ അങ്ങോട്ട്" സാര്‍ അലറി.

" ടക്, ടക്, ടക്, ടക്, ടക്, ടക്"

രംഗം : എന്റെ കയ്യില്‍ രാത്രി അമ്മ എനിക്ക് ചൂടുപിടിച്ച് തരുന്നു,ബാക്ക് ഗ്രൌണ്ടില്‍ അച്ചന്റെയും ചേച്ചിയുടെയും ചേട്ടന്റെയും ചിരിയും .

*************************************************************************************

ഗുണപാഠം : ഒരിക്കലും ബാഗില്‍ വെയിറ്റ് കൂടിയ കച്ചിയിടരുത്.

Monday, January 26, 2009

ചുവന്ന ജലേബി

"ആ...." അപ്പു അപ്പു ചെറുതായൊന്നു ഞരങ്ങി കണ്ണു തുറന്നു. ഉറക്കത്തിനിടയില്‍ മുറിവില്‍ ഈച്ച അരിച്ചതാണ്.ഈച്ചകള്‍ പോലും ദയ കാണിക്കുന്നില്ല. അവന്‍ പതുക്കെ എഴുന്നേറ്റു. അപ്പുറത്തും ഇപ്പുറത്തും രണ്ടുമൂന്നു പേര്‍ മൂടിപ്പുതച്ച് കിടക്കുന്നു. അലച്ചിലിന്റെയും ആട്ടിപ്പായിക്കലിന്റെയും ആലസ്യത്തില്‍ .

മുകളിലെ പാലത്തില്‍ കൂടി പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ അവന്റെ ബോധമനസ്സിനെ ഉണര്‍ത്തി.അവന്‍ എഴുന്നേറ്റു. നല്ല വിശപ്പ്. പാലത്തിനു മുകളില്‍ റോഡിലേയ്ക്ക് അവന്‍ നടന്നു. വഴിയരികില്‍ മനുഷ്യന്റെ അടിസ്ഥാനസൌകര്യങ്ങളുടെ അഭാവതിന്റെ തെളിവുകള്‍ . അവന്‍ മുറിവേറ്റ കാലുമായി പതുക്കെ നടന്ന് റോഡിലെത്തി. സമയം എന്തായി എന്ന് ഒരുറപ്പുമില്ല. എന്തായാലും ഉച്ചയായി എന്ന് വെയിലിന്റെ ചൂടില്‍ നിന്നും അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്നും ആരോ പുറത്തേയ്ക്കെറിഞ്ഞ എച്ചിലിലയില്‍ നിന്നും മനസ്സിലായി.വല്ലാത്ത ദാഹം തോന്നി.വിശപ്പ് സഹിക്കാം , എന്നാല്‍ ദാഹം ? അവന്റെ കാലുകള്‍ അറിയാതെ അവനെ ആ ഹോട്ടലിനടുത്തേയ്ക്ക് നയിച്ചു.

"അണ്ണാ, വെള്ളം തരോ..കുടിക്കാന്‍ " ഹോട്ടലിന്റെ കാഷിലിരുന്ന ഒരാളോട് അവന്‍ ചോദിച്ചു.

ആള്‍ക്കാര്‍ കഴിക്കാന്‍ വരുന്ന സമയത്ത് തന്നെ കെട്ടിയെടുത്തോളും നാശങ്ങള്‍ എന്ന ഭാവത്തില്‍ അയാള്‍ അവനെ നോക്കി. എന്നിട്ടു പുറത്ത് കൈ കഴുകാനുള്ള വെള്ളം വച്ചിരുന്ന ബക്കറ്റിലേയ്ക്ക് കൈ ചൂണ്ടി.

അപ്പു ദാഹത്താലും സന്തോഷത്താലും ബക്കറ്റിനെ നോക്കി. മെല്ലെ അടുത്തു ചെന്നു. വെള്ളമുണ്ട്. കുനിഞ്ഞു അതില്‍ തൂക്കിയിരുന്ന കപ്പില്‍ വെള്ളമെടുത്തു. കൈ കഴുകിയവരുടെ എച്ചിലുകളോടൊപ്പം ആ വെള്ളം അവന്റെ തൊണ്ടയില്‍കൂടിയിറങ്ങി.ദാഹം ശമിച്ച ആശ്വാസത്തില്‍ നന്ദിസൂചകമെന്നോണം അവന്‍ കടക്കാരനെ നോക്കി. അയാല്‍ എന്തോ ചെവിയില്‍ തിരുകി പുറത്തേയ്ക്കെടുത്തു നോക്കുന്നു.അപ്പു നന്ദി പറയാന്‍ കാത്തു നിന്നില്ല.ഇപ്പോ പാളയം മാര്‍ക്കറ്റില്‍ നല്ല തിരക്കായിരിക്കും .ചെന്നാല്‍ മീന്‍കാര്‍ പോയിട്ടുണ്ടാവില്ലെ. മീന്‍ കുട്ട ചുമന്ന് വണ്ടിയില്‍ കേറ്റിയാല്‍ ഉച്ചയ്ക്കുള്ളത് തടയും .എവിടെ നിന്നെന്നില്ലാത്ത ഊര്‍ജ്ജം അവനെ പാളയം മാര്‍ക്കറ്റിലെത്തിച്ചു.അവന്‍ മാര്‍ക്കറ്റിനുള്ളിലൂടെ നടന്നു.

സമയം വൈകിയിരുന്നതിനാല്‍ പച്ചക്കറികള്‍ വാടിയിരിക്കുന്നു. മീന്‍കാരിപ്പെണ്ണുങ്ങള്‍ വില്‍ക്കാതെ ബാക്കി വന്ന മീനുകള്‍ എല്ലാം ഓരോ കുട്ടയിലാക്കുന്നു.അവന്‍ അതിലൊരു സ്ത്രീയുടെ അടുത്തെത്തി.തിരക്കിനിടയില്‍ അവര്‍ അവനെ ശ്രദ്ധിച്ചില്ല.എല്ലാം കഴിഞ്ഞ് കുട്ട പൊക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ചെന്ന് കുട്ടയുടെ ഒരു കാതില്‍ പിടിച്ചു.അവന്റെ ഉദ്ദേശം ​മനസ്സിലാക്കിയിട്ടെന്നോണം അവര്‍ അത് അവന്റെ തലയില്‍ വച്ച് കൊടുത്തു.

"ദോ..അവിടെ" ദൂരെ വണ്ടി കിടക്കുന്നത് ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു

അവന്റെ കുഞ്ഞുകാലുകള്‍ ഭാരിച്ച കുട്ട താങ്ങാന്‍ നല്ല പ്രയാസപ്പെട്ടു. കുട്ടയില്‍ നിന്നും മീന്‍ വെള്ളം അവന്റെ തോളുകളിലൂടെ ഒഴുകിയിറങ്ങി. ഒരു തുള്ളി കാലിലെ മുറിവിലും വീണു.അവന്റെ ശരീരം പെട്ടെന്നൊന്നു വെട്ടി. നീറല്‍ കാരണം അവന്റെ കണ്ണു നിറഞ്ഞു. ദൂരവും നീറലും തമ്മിലുള്ള ബന്ധം അവന്റെ വേഗത കൂട്ടി. വണ്ടിയില്‍ കുട്ട വച്ച് തിരിയുമ്പോള്‍ അവന്റെ കവിളുകള്‍ ആകെ നനഞ്ഞിരുന്നു.അവന്‍ പതുക്കെ കാലിലെ മുറിവില്‍ കയ്യമര്‍ത്തി. മീന്‍വെള്ളവും മുറിവിലെ നീരും അവന്‍ കൈകൊണ്ട് ഒപ്പിയെടുത്തു. പഴയതുപോലെ അതും അവന്റെ കീറിയ നിക്കറില്‍ സ്ഥാനം പിടിച്ചു.ഒരു നിമിഷം അവന്റെ ഓര്‍മ്മ പിറകോട്ട് പോയി.

ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് ബോംബേ സര്‍ക്കസ്സിന്റെ അവസാന ദിവസമായിരുന്നു.വിശപ്പടക്കാന്‍ എന്തെങ്കിലും പണികിട്ടുമെന്ന് കരുതി അവന്‍ പോയി.നല്ല ജനത്തിരക്ക്. കുടുംബവും കുട്ടികളും ഒരുപാട്. കച്ചവടക്കാര്‍ അവിടവിടെ തങ്ങളുടെ ചരക്കുകളുമായി ഇരിക്കുന്നു. സര്‍ക്കസ് കൂടാരത്തിനു വെളിയില്‍ ഒരു ചെറിയ ടെന്റ് കെട്ടിയിരിക്കുന്നു.എന്നത്തെയും പോലെ വിശപ്പ് അവന്റെ കുഞ്ഞുവയ്റിനെ ഉള്ളിലേയ്ക്ക് വലിക്കുന്നുണ്ടായിരുന്നെങ്കിലും ടെന്റിനകത്തെന്താണെന്ന് അറിയാനുള്ള കൌതുകം അവനെ അതിനുള്ളില്‍ എത്തിച്ചു. അത് പലഹാരക്കച്ചവടക്കാരുടെ ടെന്റ് ആയിരുന്നു. പലതരത്തിലുള്ള പലഹാരങ്ങള്‍ .

ജലേബികളുണ്ടാക്കുന്നവരാണു കൂടുതല്‍ .അവന്‍ പതുക്കെ അതെല്ലാം ശ്രദ്ധിച്ചു. ഒരാള്‍ എണ്ണയില്‍ എണ്ണയില്‍ കോണ്‍ കൊണ്ട് ജലേബി പിഴിയുന്നു.തിളയ്ക്കുന്ന എണ്ണയില്‍ നിന്നും നല്ല സുന്ദരകുട്ടപ്പന്‍മാരായ ജലേബികള്‍ പുറത്തു വരുന്നു. മഞ്ഞയും ചുവപ്പുമായ ജലേബികള്‍ എണ്ണയില്‍നിന്നും പൊങ്ങി വരുന്ന കാഴ്‌ച അവനും ജലേബികളുമായുള്ള അകലം കുറച്ചുകൊണ്ടിരുന്നു.

ജലേബി ഉണ്ടാക്കി അവര്‍ ഒരു വലിയ പാത്രത്തിലിടുന്നു.മഞ്ഞ ജലേബികള്‍ക്കും ചുവന്ന ജലേബികള്‍ക്കുംവേറെ വേറെ പാത്രങ്ങള്‍ . അതു രണ്ടും ഏകദേശം നിറഞ്ഞിരുന്നു.അവസാനമായി അയാള്‍ എണ്ണയില്‍ നിന്നു കോരിയിട്ട,ചുവന്ന ജലേബികളില്‍ ഒന്ന്, പാത്രത്തില്‍ സ്ഥാനം പിടിക്കാന്‍ കഴിയാതെ തറയിലേയ്ക്ക് പോകുന്നത് കണ്ട്, അവന്‍ പിടിക്കാന്‍ കൈനീട്ടി.ഭാഗ്യം , തറയില്‍ വീണില്ല.

"വയ്ക്കെടാ അവിടെ" ആരോ അലറുന്നത് കേട്ട് അങ്ങോട്ടേയ്ക്ക് നോക്കുന്നതിനിടയില്‍ കാലില്‍ എന്തോ ആഞ്ഞു വന്നു കൊണ്ടു.

അറിയാതെ കയ്യിലിരുന്ന ജലേബിയുടെ പിടി വിട്ടു പോയി, കണ്ണു പെട്ടെന്നു നിറഞ്ഞു പോയി.കാല്‍ച്ചുവട്ടില്‍ മുളംകാലിനെ വരഞ്ഞ് കീറിയ ചട്ടുകം കിടക്കുന്നു. കാലുപൊത്തിപ്പിടിച്ച് കൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളുമായ് എന്താണു സംഭവിച്ചതെന്നറിയാന്‍ തിരിഞ്ഞുപോലും നോക്കാതെ അവന്‍ ഓടി. വേദനകളെ അവന്‍ അത്രയ്ക്കും ഭയന്നിരുന്നു.. ഓടി പാലത്തിനടിയിലെത്തിയപ്പോഴേയ്ക്കും മുളംകാലില്‍ നിന്നും രക്തം അവന്റെ പാദം മുഴുവനും പടര്‍ന്നിരുന്നു.ആരോ കൊഴുത്ത അഴുക്ക് തുടച്ചിട്ടിരുന്ന തുണിയെടുത്ത് അവന്‍ രക്തം തുടച്ചു.കണ്ണുനീര്‍ നാവില്‍ ഉപ്പു പടര്‍ത്തിയെങ്കിലും ജലേബി പിടിച്ച വിരള്‍ അവന്‍ അറിയാതെ നുണഞ്ഞു പോയി.

*****************************************************************************************

"ദാ ടാ ചെക്കാ.." ആരോ വിളിക്കുന്നത് കേട്ട് അപ്പു മുഖമുയര്‍ത്തി.താന്‍ കുട്ട ചുമന്നുകൊടുത്ത മീന്‍കാരി സ്ത്രീ.

അവരുടെ കയ്യില്‍ മീന്‍ ചിതമ്പല്‍ പറ്റിയ ഒരന്‍ചു രൂപ നോട്ട്. അവന്‍ അതു വാങ്ങി നടന്നു. ആദ്യം കണ്ട ഹോട്ടലില്‍ കയറി.അവിടെ കണ്ണാടി ചില്ലിലെ കവറില്‍ നല്ല ചുവന്ന ജലേബികള്‍ അവന്‍ കണ്ടു.അതു തന്നെ നോക്കി ചിരിക്കുന്നതായി അവനു തോന്നി.വില നോക്കി. അന്‍ച് രൂപ.കയ്യിലിരിക്കുന്ന നോട്ടില്‍ പറ്റിയിരുന്ന ചിതമ്പല്‍ തട്ടിക്കളഞ്ഞ് അവന്‍ പറഞ്ഞു,

"അണ്ണാ...അരപ്പൊതിച്ചോറ്.

*********************************************ശുഭം*********************************************************

Tuesday, January 20, 2009

വാസുവും യക്ഷിയും (ഒരു ഹൊറര്‍ ത്രില്ലര്‍ )

"ആ കമ്പിയില്‍ പിടിച്ചു നില്‍ക്കുന്നവര്‍ മുന്നോട്ട് മുന്നോട്ട് നീങ്ങി നിക്കണേ " പാറപ്പുറത്തിട്ടുരച്ച പോലുള്ള ആ ശബ്ദം എന്നെ മുവീണ്ടും മുന്നോട്ട് നീക്കി. 'ബാക്കി കമ്പി എല്ലാം കൂടി ഇങ്ങേര്‍ക്ക് പിടിക്കാന്‍ വേണോ' ഞാന്‍ മനസ്സില്‍ പറഞ്ഞു.

"കാന്‍ ഐ ഹാവ് അ ടിക്കറ്റ് ഫോര്‍ പോങ്ങുമ്മൂടു ?" ഞെട്ടി ! ഇതാരാപ്പാ കണ്ടം വയ്ക്കാറായ ബസില്‍ കേറി ഇംഗ്ളിഷില്‍ ടിക്കെറ്റെടുക്കുന്നത്. പക്ഷെ ശബ്ദശ്രോതസ്സ് നമുക്ക് 'വേണ്ട'പ്പെട്ടതായിരുന്നതിനാല്‍ ഞാന്‍ തിരിഞ്ഞു നോക്കി.

ആഹ അതാ നില്‍ക്കുന്നു 'നാനിപ്പോ നിക്കുന്നത് ഓരു വാലിയ റ്റേങ്ങാ മരറ്റിന്റെ റ്റ്യ്യൂറ്റിലാണ്.'(ലവള്‍ , തെങ്ങിന്‍ ചുവട്ടിലാണ്.!) മോഡലില്‍ ഒരു സാധനം . എന്റെ കൃഷ്ണമണി ചെവിയും കഴിഞ്ഞു പോയതിന്റെ ഫലമായി എനിക്കാളെ മനസ്സിലായി. എന്റെ വീടിനടുത്തുള്ള ലളിതയാന്റിയുടെ മകള്‍ . ഞാന്‍ ടയറും ഉരുട്ടി നടക്കുമ്പൊ ലവള്‍ മൂക്കളയും ഒലിപ്പിച്ചു നടന്നതാ. ഇപ്പൊ 'കാന്‍ ഐ ഹാവ്' എന്ന്. സഹിക്കോ !

ഞാന്‍ ഉള്ളൂരില്‍ ബസിറങ്ങി. ഹോട്ടല്‍ അനന്തപുരിയിലേയ്ക്ക് നടന്നു. അതാ ഇരിക്കുന്നു, വിപിന്റെ ബൈക്ക്.അവന്‍ നേരത്തെ എത്തി. ഞാന്‍ നേരേ ബുഫെറ്റ് ഫ്ളോറില്‍ കയറി. അവിടെ മൂലയിലൊരൊഴിഞ്ഞ ടേബിളില്‍ അവന്‍ ഇരിക്കുന്നു. എന്നെ കണ്ടതും അവന്‍ പല്ലു മുഴുവനും കാണിച്ചു.

"ടെയ് മറ്റവന്‍ (രോഹിത്ത്) എവിടെ?" ഞാന്‍

"ഇപൊ എത്തും " ലവന്‍

"വിളി" ഞാന്‍ .അവന്‍ മൊബൈല്‍ എടുത്തു പീഡിപ്പിച്ചു.

"ടെയ്, എവിടെ ? ഞങ്ങളെത്തി " വിപിന്‍

"നീ ഇങ്ങെടുത്തെ " ഞാന്‍ ഫോണ്‍ വാങ്ങി

"കോപ്പേ, നിനക്ക് നേരത്തും കാലത്തും വരാന്‍ പറ്റില്ലേ ? " ഞാന്‍

"ഡെയ്, എനിക്ക് ചിലപ്പോഴേ ഇറങ്ങാന്‍ പറ്റൂ, പറ്റിയാല്‍ ഞാന്‍ മിസ് കോളടിക്കാം , നീ ബൈക്കുമായി വന്നാല്‍ മതി" രോഹിത്ത്

"അപ്പൊ പറ്റിയില്ലെങ്കിലോ ?" ഞാന്‍

"പറ്റില്ല എന്നു പറഞ്ഞ് മിസ് കോള്‍ തരാം . ഓ കെ ബൈ" അവന്‍ കട്ട് ചെയ്തു.

വെയിറ്റ് എ മിനുറ്റ്. പറ്റില്ല എന്നു പറഞ്ഞ് മിസ് കോളോ ! കാലം പോണ പോക്കേ, മൊബൈല്‍ ടെക്‌നോളജി !

"ടെയ്, ഒരു വേക്കന്സിയുണ്ട്. ബി ഇ സിയില്‍ . നിന്റെ റെസൂം അയച്ചു തരണം ." ഞാന്‍
"എന്താടാ ജോലി.." വിപിന്‍

"കണക്ക് നോക്കണം , ബോസ്സിനു കൂട്ടിക്കൊടുക്കണം , അത്രന്നെ " ഞാന്‍

"ങേ ! കണക്ക് നോക്കുന്നതും പോരാ, ബോസ്സിനു കൂട്ടിയും കൊടുക്കണോ ? കൂട്ടിക്കൊടുപ്പാണോടെയ് പണി ?" വിപിന്‍

"കോപ്പേ, കണക്ക് തന്നെയാ കൂട്ടിക്കൊടുക്കേണ്ടെ". യ്യോ, ഇവനിത്രക്കഭിമാനോ !

രോഹിത്ത് വരില്ല എന്നു മനസ്സിലായപ്പൊ ഞാനും വിപിനും ബുഫെറ്റ് കഴിച്ച് അവിടെ നിന്നും തിരിച്ചു.തിരിച്ച് വരുന്ന വഴി അവനെ വീട്ടില്‍ ഇറക്കി, ഞാന്‍ ബൈക്കുമായി എന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.വീട്ടിലേയ്ക്കുള്ള വളവ് തിരിഞ്ഞതും ,

"ചേട്ടാ" ഞാന്‍ തിരിഞ്ഞു നോക്കി. വാസു !

"ഹ നീയോ, കേറ്, എങ്ങോട്ടാടാ " ഞാന്‍ .

"ശ്രീകാര്യം " അവന്‍

ഞാന്‍ അവനെ തിരിച്ച് ശ്രീകാര്യത്തിറക്കി. തിരിച്ചു വരുന്ന വഴി എന്റെ മനസ്സ് 5-6 വര്‍ഷം പിറകോട്ട് പോയി.
**********************************************************************************
സമയം സന്ധ്യ, സന്ധ്യര, സന്ധ്യ്യേ മുക്കാല്‍ . അമ്പലത്തിലെ ഉല്‍സവത്തിന്റെ അവസാന ദിവസ്സം . കഴിഞ്ഞ ആറു ദിവസവും എടുത്ത 'ചെല്ലക്കിളികളുടെ' കണക്ക്റ്റാലി ആകുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ ഞാനും ശ്രീജിത്തും മറ്റും അമ്പലത്തിലേയ്ക്ക്. കണക്കൊക്കെ അളന്നു തിട്ടപ്പെടുത്തി, പൂജയും തൊഴുത്, ഗുരുസിതര്‍പ്പണവും കഴിഞ്ഞ് ഞങ്ങളെല്ലാം അമ്മ്പലത്തിലെ കല്‍പ്പടവില്‍ ഇരുന്നു. സമയം 12 കഴിഞ്ഞു.നോക്കുമ്പോ, വാസു, അന്നു മൂന്നിലോനാലിലോ പഠിക്കുന്നു (കളിക്കുന്നു !) .

"ടാ പോകാറായില്ലേ നിനക്ക്, ഗുരുസി കഴിഞ്ഞാല്‍ കൊച്ചു പിള്ളേര്‍ ഇവിടെ കിടന്ന്കറങ്ങരുതെന്നറിഞ്ഞൂടേ " ഞാന്‍ . (ഹൊ , അപ്പൊ ഞാനങ്ങ് ഫുരുഷനായി !)

ശ്രീജിത്ത് എന്നെയും ഞാന്‍ ശ്രീജിത്തിനെയും നോക്കി. ഞാന്‍ വാസുവിനെ അടുത്ത് വിളിച്ചു.

"ടെയ് , വീട്ടിപ്പോ, ഇവിടെ നില്‍ക്കണ്ട, പ്രശ്‌നാ" ഞാന്‍ .

എന്നിട്ടു അവന്‍ കേള്‍ക്കത്തക്ക വിധത്തില്‍ ശ്രീജിത്തിനോട്,

"ടെയ്, അവനതറിയോ, അറിയില്ലെങ്കില്‍ പറയണ്ട അല്ലെ ?"

"വേണ്ട, നീ വെറുതെ അവനെ പേടിപ്പിക്കാതെ " ശ്രീജിത്ത്. ആഹ, അവനും അവസരത്തിനൊത്തുയരുന്നു.

"ടാ അവന്‍ കേള്‍ക്കണ്ട, അന്നു ഞാന്‍ ഇതു വഴി പോയപ്പോ, നിനക്കു തോന്നീട്ടുണ്ടോന്നറിയില്ല,നമ്മുടെ മനോഹരന്‍ ചേട്ടന്‍ തൂങ്ങി മരിച്ച പറമ്പില്ലേ, അവിടുന്ന് ആരോ കല്ലെടുത്തെറിയുന്നു " വാസു കേള്‍ക്കത്തക്ക വിധത്തില്‍ ഞാന്‍ .

"ഉണ്ടോന്നോ, എത്ര തവണ, ഞാനൊക്കെ ഓടിത്തള്ളിയിട്ടുണ്ട്, നീ പതുക്കെ പറ അവന്‍ കേള്‍ക്കും " ശ്രീജിത്ത്

"അവന്‍ കേള്‍ക്കണ്ട, ഇന്നും കാണും , ചിലപ്പോ പല രൂപത്തില്‍ വരുമെന്നാ കേട്ടിട്ടുള്ളത് " ഞാന്‍

"ടെയ്, നമുക്കിനി ഇവിടെ ഇരിക്കണ്ട, പോകാം " ശ്രീജിത്ത്.ഇത്രയും പറഞ്ഞിട്ടേ ഞങ്ങള്‍ വാസുവിനെ നോക്കിയുള്ളു. പാവം ,കണ്ണു തള്ളിയിരിക്കുന്നു.

"അപ്പൊ ശരീടാ, ഞങ്ങള്‍ പോണു...നീയും പൊയ്ക്കോ" ഞാന്‍

"ചേട്ടാ, എന്നേം കൂടെ കൊണ്ടാക്കോ " ദയനീയമായി അവന്‍ ചോദിച്ചു.

"ടാ നീയാ മനോഹരന്‍ ചേട്ടന്‍ മരിച്ച, ശെ..ആ പറമ്പു വഴിയല്ലേ പോണെ, ഇവനേം കൂടി വീട്ടിലാക്കിയേയ്ക്ക് " ശ്രീജിത്തിനോടായി ഞാന്‍ .

"പോടാ, എനിക്കു വയ്യ അതു വഴി പോകാന്‍ , പല രൂപത്തിലും , ശെ...ഞാന്‍ വേറെ വഴിയാ പോകുന്നെ " ശ്രീജിത്ത്.

"ചേട്ടാ, എന്നേം കൂടി " വാസു ശരിക്കും വിറയ്ക്കുന്നുണ്ടായിരുന്നു.

"വാസുവേ " ആരുടെയോ നീട്ടിയുള്ള വിളി കേട്ടപ്പോ ഞങ്ങള്‍ തിരിഞ്ഞ് നോക്കി.

അകലെ റോഡില്‍ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു സ്ത്രീ രൂപം . വ്യക്തമല്ല.

"വാസുവേ" ആ രൂപം വീണ്ടും . ഇത്തവണ കുഴഞ്ഞത് ഞങ്ങളാ, വാക് അറം പറ്റിയോ അത്തിപ്പാറമ്മച്ചി.

"ടാ, വാസൂ" വീണ്ടും വിളി

"ഹാരാ .." ഇടറിയെങ്കിലും ഹൈ ബേസില്‍ വാസു

"ഞാനാടാ, നിന്റെ അമ്മൂമ്മ, ഇങ്ങു വാ നമുക്ക് പോകാം " രൂപം നടന്നടുത്തു.

"അല്ല! അല്ല! അമ്മൂമ്മയല്ല ! വേഷം മാറി വന്നതല്ലെ !എനിക്കറിയാം " ഞങ്ങളെയും കൂടി പേടിപ്പിച്ചുകൊണ്ട് അടുത്ത് നിന്ന വാസു ഒരലറല്‍ , എന്നിട്ടമ്പലത്തിന്റെ പിറകില്‍ കൂടി എടുത്ത് ചാടിയൊരോട്ടവും !

"മക്കളെ അവന്‍ എന്തിനാ ഓടിയത് ?"ഭാഗ്യം അതു വാസുവിന്റെ അമ്മൂമ്മ തന്നെയായിരുന്നു.

"അവനിപ്പൊ വീട്ടിലെത്തിക്കാണും , അമ്മൂമ്മ ചെല്ല്" ഞാന്‍ പറഞ്ഞു.

"അവനു നാളെ പരീക്ഷയാ" അമ്മൂമ്മ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു.

പിറ്റേ ദിവസം വാസുവിന്റെ അമ്മ സുധചേച്ചി എന്റെ വീട്ടു മുറ്റത്ത്! കയ്യില്‍ നൂലുജപിച്ച് പിടിച്ചിരിക്കുന്നു. അമ്മയോടെന്തോ പറയുന്നു. സംഗതി പ്രശ്നായി. ഞാന്‍ പതുക്കെസ്കൂട്ടായി. 'എവിടേടീ അവന്‍ ?' അമ്മ ചേച്ചിയോട് ചോദിക്കുന്നത് ഞാന്‍ അകലെ നിന്നും കേട്ടു.
****************************************************************************************
ഇതേ വാസു, പത്താം ക്ളാസ്സെത്തിയിട്ടും പൊക്കം വയ്ക്കാത്തതിന്റെ കാരണം , ആറടി പൊക്കമുള്ള എന്റെ ചേട്ടനോടന്വേഷിക്കുകയും 'ടാ, പത്തിലെ 2-3 മാസത്തെ വെക്കേഷന്‍ സമയത്താ സാധാരണ പയ്യന്‍മാര്‍ പൊക്കം വയ്ക്ക; എന്നു ചേട്ടന്‍ വിദഗ്‌ദാഭിപ്രായം പറയുകയും ചെയ്തു.വാസുവിനു പെട്ടെന്നു ഡിപ്രഷനായി.കാരണം തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ ഞെട്ടിപ്പിക്കുന്ന സത്യം , അവന്റെ സ്കൂളില്‍ പത്താം ക്ളാസ്സ് വെക്കേഷന്‍ ഒരു മാസം തികച്ചില്ലത്രേ !

Wednesday, January 14, 2009

ഞാനും ലവനും മറ്റവനും

ഇതില്‍ ഞാന്‍ : ഞാന്‍ തന്നെ
ഇതില്‍ ലവന്‍ : ലവന്‍ തന്നെ, വിപിന്‍
ഇതില്‍ മറ്റവന്‍ : മറ്റവന്‍ തന്നെ , രോഹിത്ത്

വെക്കേഷനു വരുന്നതിനു മുന്നെ പലതും പ്ളാന്‍ ചെയ്തുകൂട്ടുന്ന ഒരു കഴപ്പ് എനിക്കുണ്ട്. വീട്ടില്‍ തന്നെ നില്‍ക്കണം , വൈകുന്നേരങ്ങളില്‍ അടുത്തുള്ള എസ് എന്‍ കോളേജ്, പബ്ളിക് സ്കൂള്‍ ഇവിടെയുള്ള ചെല്ലക്കിളികളെയെല്ലാം സുരക്ഷിതമായി വീട്ടിലെത്തിക്കണം . ഉച്ചവരെ കിടന്നുറങ്ങിയിട്ടു അമ്മയുടെ വായിലിരിക്കുന്നതു കേള്‍ക്കണം അങ്ങനെ അങ്ങനെ പലതും . ഇതിനിടയില്‍ എന്റെ 'ഭയങ്കരമായ' ബുദ്ധിയില്‍ ഉദിച്ചതാണുഒരു പ്ളഷര്‍ ട്രിപ്പ് . എങ്ങോട്ടു കെട്ടിയെടുക്കാം ? ഞാന്‍ ആലോചിക്കാന്‍ മെനക്കെട്ടില്ല. വിപിനെ ഫോണ്‍ ചെയ്തു.

ഇവന്‍ ഒരു താരമാ, തരമാ, തറയാ എന്നൊക്കെ പ്രാസമൊപ്പിച്ച് വേണേല്‍ പറയാം .ഞാന്‍ ജിമ്മില്‍ പോകുമ്പോള്‍ ലവന്‍ കരാട്ടേയ്ക്ക് പോകും . എന്നിട്ടു ഇതു പ്രാക്ടീസ് ചെയ്യാന്‍ മറ്റവനെ വിളിക്കും . 'ഒരടിക്കു തീരത്തുമില്ല,രണ്ടാമത്തേതിനു തികയത്തുമില്ല' എന്ന രീതിയില്‍ പേടിച്ച് മറ്റവന്‍ നിക്കും .മറ്റവനോട് സ്നേഹം അണപൊട്ടി, ലവന്‍ എന്റെ നേരെ തിരിയും . പിന്നെ നടക്കുന്നതൊക്കെ ഏകദേശം ദാ ഇതുപോലെയാ.

"ഡെയ് നീ അങ്ങനെ നിക്കണം , പുറം തിരിഞ്ഞ്. ഞാന്‍ നിന്റെ തലയ്ക്ക് മുകളിലൂടെ റൌണ്ട് കിക്ക് ചെയ്യും ." വിപിന്‍ .

കോഴിയെ കൊല്ലാനെടുത്ത് കറിയ്ക്കാണോ ഫ്രൈക്കാണോ എന്നുചോദിക്കുന്ന ഭാവമായിരിക്കും അവന്റെ മുഖത്ത്. ഹി റ്റൂ ബ്രൂട്ടസ് !

ലവന്‍ കിക്കി.,ക്ണിം .

-------കൂ------- .

ആരോ തലയ്ക്കകത്തിരുന്നു കൂവുന്നു.ഞാന്‍ തിരിഞ്ഞു നോക്കി. അവന്‍ എന്റെ മുഖത്ത് അന്തം വിട്ടു നോക്കുന്നു, എന്നിട്ടെന്തോ പറയുന്നു.

"അളിഞ്ഞ ചോറില്‍ കറിയെവിടെ" എന്നാണു ഞാന്‍ കേട്ടതെന്നു എനിക്ക് തോന്നി.പിന്നെ ലവനും മറ്റവനും കൂടി എന്നെ പിടിച്ചൊന്ന് കുലുക്കിയപ്പോഴാണ്,ലവന്‍ പറഞ്ഞത്, 'അളിയാ സോറി,അറിയാതേടാ' എന്നാണെന്നു മനസ്സിലായത്.ലവന്‍ എന്റെ തലയ്ക്ക് ചവിട്ടിയതില്‍ ഞാന്‍ വളരെ ക്രൂരമായിത്തന്നെ പ്രതികരിച്ചു. വീടെത്തുന്നതു വരെ ഞാന്‍ ലവനോട് മിണ്ടിയില്ല !!!

തിരിച്ച് ഫോണ്‍ കോളിലേയ്ക്ക്......

"അളിയാ...നീയാ? വാട്ട് എ സര്‍പ്രൈസ് ഓഫ് ദി..." ലവന്‍

"മതി മതി...ഡെയ്...അടുത്താഴ്‌ച ഞാന്‍ അവിടുണ്ടാവും . നമുക്ക് നിന്റെ അമ്മൂമ്മേടെ.." എന്റെ റൂം മേറ്റ് വന്നതുകൊണ്ട് പെട്ടെന്നു സംസാരം നിര്‍ത്തി.

"അമ്മൂമ്മയ്ക്ക് വിളിക്കാനാണാഡെയ് നീ വിളിച്ചെ ?" ലവന്‍

"ഡെയ് അല്ല, നിന്റെ അമ്മൂമ്മേടെ വീട്ടില്‍ പോയാലോ, മറ്റവനേം വിളി (രോഹിത്ത്) " ഞാന്‍

"ഓ ക്കെ ടാ...ഏറ്റു " ഇതും പറഞ്ഞ് കട്ട് ചെയ്തു.

അങ്ങനെ ഞാന്‍ വെക്കേഷനു നാട്ടിലെത്തി.കാണുന്ന ആള്‍ക്കാരു ചോദിക്കുന്നതിനു മുന്നെ തന്നെ ഞാന്‍ അങ്ങോട്ടു പറയും 'ഞാന്‍ ഉടനെ പോകും ട്ട, വിഷമിക്കണ്ട' , ഇവന്‍മാര്‍ക്ക് 'എന്നാ തിരിച്ച്' എന്നേ ചോദിക്കാനുള്ളോ? ഈ നാടെങ്ങനെ നന്നാവും ? (പിന്നെ, ഞാന്‍ അവിടുണ്ടായിരുന്നെങ്കില്‍ ഇപ്പൊ അങ്ങു നന്നാക്കിയേനെ! )
വീട്ടിലെത്തി രണ്ടു മൂന്നു ദിവസം കൊണ്ട് കാണേണ്ടവരെയെല്ലാം കണ്ടു ! (ഭാഗ്യം , കോലേജും , സ്കൂളും അടച്ചിട്ടില്ലായിരുന്നു!)നാലാം ദിവസം ഞാന്‍ ലവനെ വിളിച്ചു.

"ഡെയ് നാളെ പൊയ്ക്കളയാം " ഞാന്‍

"ഡെയ്, അതിനമ്മൂമ്മ ഇപ്പൊ ഇവിടെയാ " ലവന്‍

"ഗുഡ്, അതാണു വേണ്ടത്, ഞാന്‍ മറ്റവനെ വിളിക്കാം , സമയം ഞാന്‍ അറിയിക്കാം " ഞാന്‍ കട്ട് ചെയ്തു.

മറ്റവന്‍ എന്നു പറയുന്ന രോഹിത്ത് ഒരു സംഭവമാണ്.അവന്റെ മനസ്സ് വളര്‍ന്ന് എത്രവലിയ 'സ്നേഹവും ' താങ്ങാറായെങ്കിലും , അവന്റെ ശരീരം , ഹേഹെ, അവന്‍ ഏഴില്‍ പഠിച്ചിടത്തുതന്നെയങ്ങടു കിടന്നു നിരങ്ങുവ ! അതുകോണ്ട് ഞങ്ങള്‍ മൂന്നു പേരെയും കൂടി കണ്ടാല്‍ ,മറ്റവന്റെ ബോഡി ഗാര്‍ഡ്സാണു ഞങ്ങളെന്നേ പറയു. ഫുവര്‍ ബോയ് !

ഡേറ്റും സമയവും ഫിക്സ് ചെയ്തു. വ്യാഴാഴ്‌ച്ച രാവിലെ ആറു മണിയ്ക്ക് വിപിന്റെ വീട്ടില്‍ മറ്റവനേം കൂട്ടി ചെല്ലണം . അന്നു രാവിലെ അന്‍ചരയ്ക്ക് എഴുന്നേറ്റു. മറ്റവനെ വിളിച്ചു.അവന്‍ റെഡി. ഇനി ലവന്‍ , വിപിനെ വിളിക്കണം . അവനെ വിളിച്ചില്ലെങ്കില്‍ പ്രശ്നാ !

*****************************************************

ഒരു ഫ്ളാഷ് ബാക്ക്ക്ക് : അന്നൊരു ശബരിമല സീസണ്‍ ആയിരുന്നു. ശ്രീകര്യം ജംക്ഷന്‍ അവധിയായിരുന്നു (ചുമ്മ !). ഞങ്ങളെ സംബന്ധിച്ച് ഭക്തി അന്നൊരു സീസണായിരുന്നു.മാലയിടാന്‍ തീരുമാനിച്ചു. മാലയിടാന്‍ നിശ്‌ചയിച്ച ദിവസം ഞാന്‍ രോഹിത്തിനെയും കൊണ്ട് വിപിന്റെ വീട്ടിലെത്തി. സമയം : ആറു മണിയാകാന്‍ ലേശം കൂടി. വിപിന്റെ വീട്ടിലെ ഗേറ്റില്‍ തട്ടി വിളിച്ചു. ഗേറ്റിനു പുറത്ത് ഞാനും രോഹിത്തും ബൈക്കില്‍ . വിപിന്‍ കതകു തുറന്നു.

"ഡെയ്, നീയായിരുന്നാ..ഡെയ് നല്ല ഉറക്കം ...നിങ്ങള്‍ പൊയ്ക്കോ, ഞാന്‍ അടുത്ത 'വര്‍ഷം ' വരാം ." ലവന്‍ .

ഇതാണു വിപിന്‍ . ഞാന്‍ അവനെയും ഫോണ്‍ ചെയ്തു, റെഡിയായി നിന്നില്ലെങ്കില്‍ ചവിട്ടിക്കൂട്ടുമെന്നു ഭീഷണിപ്പെടുത്തി.അങ്ങനെ ഞാനും രോഹിത്തും വിപിന്റെ വീട്ടിലെത്തി.കതകു തുറന്ന അവന്റെ മുഖത്ത്ഉറക്കച്ചെവ..ചുവ...എന്തു കോപ്പോ, അത്.

"നീ റെഡിയായില്ലേ...ഫൂ ദേര്‍ , സക്ക് ഹിയര്‍ സ്വഭാവം എടുത്താലുണ്ടല്ലോ " ഞാന്‍ . (തിരോന്തരത്ത് : ഊതുമ്പൊ അങ്ങോട്ടും , ഉറുന്‍ഞുമ്പോ ഇങ്ങോട്ടും )

ആറര ആയപ്പൊ ലവന്‍ റെഡിയായി. അങ്ങനെ ഞങ്ങള്‍ രണ്ടു ബൈക്കുകളിലായി മുപ്പത്തിയന്‍ച്ചു കിലോമീറ്റര്‍ അകലെ ഞങ്ങളെ കാത്തിരിക്കുന്ന അതിമനോഹരമായ കായല്‍തീരത്തെഅവന്റെ അമ്മൂമ്മയുടെ വീട്ടിലേയ്ക്ക് യാത്രയായി. പോകുന്ന വഴിയില്‍ രോഹിത്തിന്റെ മൊബൈല്‍ നിലവിളിച്ചു.ലവന്‍ ഫോണ്‍ എടുത്തു,

"ഹലോ...ഹാന്‍ജി (വിനയം )....ഹാന്‍ജി (എന്നിട്ട് !) ഹാന്‍ജീ ഹാന്‍ജീ (അതെയോ, കഷ്‌ടമായിപ്പോയി),ഹാന്‍ജി (അയ്യയ്യോ ), ഹാന്‍ജി ഹാന്‍ജി (ശരിയെന്നാല്‍ )"

ഇതായിരുന്നു രോഹിത്തിന്റെ സംഭാഷണം . വിളിച്ചതവന്റെ ഹിന്ദിക്കാരന്‍ ബോസ്സ് ആയിരുന്നു. എന്തെളുപ്പം , ഒരൊറ്റ വാക്കുകൊണ്ട് എല്ലാം പറയുക, അവനാളാകെ മാറിപ്പോയി, ഭയങ്കരന്‍ !

അങ്ങനെ കറക്കമൊക്കെ കഴിഞ്ഞ് ഉച്ചയോടെ വിപിന്റെ അമ്മൂമ്മയുടെ വീട്ടിലെത്തി.ചെന്നപാടെ ഒന്നു ഫ്രഷായി കേറിക്കിടന്നുറങ്ങി.രാത്രി ഏഴുമണിയായപ്പ് കണ്ണു തുറന്നു. അവന്‍മാരെയും വിളിച്ചെഴുന്നേല്‍പ്പിച്ചു.

"ഡെയ് നമുക്കു കടവില്‍ പോകാം , രാത്രി അവിടെയിരിക്കാന്‍ നല്ല രസാ" വിപിന്‍ .

മോണിങ്ങ് വാക്കിനോ ഈവിനിങ്ങ് വാക്കിനോ പോലും വിളിച്ചാല്‍ വരാത്തവന്‍ , ഇപ്പൊ ദാ ഇരുട്ടു വാക്കിനു വിളിക്കുന്നു !

ഞങ്ങളെല്ലാരും കായല്‍ തീരത്തെത്തി, കല്‍പടവില്‍ ഇരുന്നു. ഞാന്‍ ഒരു രോത്മാന്‍സ് എടുത്ത് കൊളുത്തി.

"ഡെയ്, നീ ഇതെപ്പൊ തുടങ്ങി ?" കുവൈറ്റ് ജീവിതം എന്നിലുണ്ടാക്കിയ മാറ്റം രോഹിത്തിനെ അതിശയിപ്പിച്ചു.

"ഓ അതൊക്കെ തുടങ്ങി...എപ്പൊ വേണേലും നിര്‍ത്താല്ലോ...ഇതിനകം ഞാന്‍ എത്ര തവണ നിര്‍ത്തിയിരിക്കുന്നു !" ഞാന്‍.

കായലിനു കുറുകെയുള്ള റെയില്‍വേ ട്രാക്കില്‍ കൂടി ട്രെയിന്‍ പോകുന്നു. കാണാന്‍ നല്ല രസം . എണീറ്റു നിന്നു'സംഗമം ...സംഗമം ...' പാടിയാലോ എന്നു തോന്നിപ്പോയി. പ്രകൃതിയായ രമണിയെഞങ്ങളെല്ലാം കൂടി ബലാത്‌സംഗം ചെയ്തുകൊണ്ടിരുന്നു. നല്ല തണുത്ത കാറ്റടിക്കുന്നു.ആഹ, കാല്‍പാദം വരെ കാറ്റു തണുപ്പരിച്ചു കൊണ്ട് കടന്നു പോയി. ആഹ, കാലില്‍ വീണ്ടും വീണ്ടും തണുപ്പരിച്ചുകൊണ്ട് കാറ്റിങ്ങനെ ഇഴഞ്ഞ്, ഇഴഞ്ഞ്...ഞാന്‍ ഒന്നു ശ്രദ്ധിച്ചുനോക്കി.

"അമ്മേ, ടാ പാമ്പ്...." ഇരുന്ന ഇരുപ്പില്‍ നിന്നും കാലു നിലത്ത് തൊടാതെ ഞാന്‍ ചാടി.കെള്‍ക്കേണ്ട താമസം വിപിന്‍ ചാടിയത് കായലിലേയ്ക്ക്. ഞാന്‍ റോഡിലും വിപിന്‍ കായലിലും .

മറ്റവന്‍ എവിടെ, രോഹിത്ത് ? നോക്കിയപ്പൊ അവന്‍ അപ്പോഴും പടവിലിരിക്കുന്നു. അവന്റെ ധൈര്യം സമ്മതിക്കണം .നല്ല നിലാവത്ത് വെള്ളത്തില്‍ കിടന്നു നിലവെള്ളം ചവിട്ടുന്ന വിപിന്റെ തള്ളിയ കണണ്‍ ഞാന്‍ ക്രിത്യമായി കണ്ടു. അവന്‍ പതുക്കെ പടവില്‍ കേറി,ഞാനും എത്തി. രോഹിത്ത് ഒന്നും മിണ്ടുന്നില്ല.

"ഡെയ്...!" ഞാന്‍ വിളിച്ചു. അവന്‍ കുനിഞ്ഞു തന്നെയിരുന്നു.

"ടാ...കോപ്പെ.." വിപിന്‍ വിളിച്ചു. രോഹിത്ത് മുഖമുയര്‍ത്തി. അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.

"ഡെയ്...നിന്നെ കടിച്ചോ ?" ഞാന്‍ .

"ഇല്ല " അവന്‍

"പിന്നെ ?" ഞാന്‍

"എനിക്കോടാന്‍ പറ്റിയില്ല" അവന്‍

ആഹ, അപ്പൊ ലതാണ്. അവനു പണ്ടേയുള്ള ഇന്‍ഫീരിയോരിറ്റി കോംപ്ളക്സ് !

"! @ # $^% $ & * & ^* & ^*^((*&% " .ഞാനും വിപിനുമങ്ങ് വാചാലന്‍മാരായപ്പൊ അവന്റെ മുഖത്ത് അളിഞ്ഞ ചിരി.

പെട്ടെന്നു കായലിനക്കരെ എന്തോ വെള്ളത്തില്‍ വീഴുന്ന ശബ്‌ദം .പിറകെ, 'കള്ളന്‍ ...എന്റെ കോഴി പോയെ'ന്നുള്ള വിളിയും .വിപിന്‍ ചിരിച്ചു.

"കോഴിക്കള്ളനാടാ...അതിവിടെ പതിവാ..രാത്രി എവിടേലും കേറി കോഴിയെ പിടിക്കും .. എന്നിട്ടു കായലില്‍ ചാടും ...സിമ്പിള്‍ " അവന്‍ പറഞ്ഞു.

ഞങ്ങള്‍ തിരിച്ച് വീട്ടിലേയ്ക്ക് നടന്നു.രാത്രി കിടന്നതു തറയില്‍ . കിടക്കാന്‍ റെഡിയായി വന്ന രോഹിത്തിനെക്കണ്ട് ഞനും വിപിനും ചിരിച്ചു. രോഹിത്തിന്റെ മുഖത്ത് ടി ജി രവിയുടെയും ഉമ്മറിന്റെയും ഇടയില്‍ നില്‍ക്കുന്ന ഭാവം . അയ്യേ !
****************************************************************************

സമയം വെള്ളിയാഴ്‌ച രാവിലെ, എട്ടിനു ലേശം കൂടുതല്‍ . രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു,എന്താ അടുത്ത പ്ളാന്‍ ?
"ഡെയ് കായലില്‍ ഇറങ്ങാം " വിപിന്‍ . ഞങ്ങളും റെഡി. അങ്ങനെ ഞങ്ങല്‍ മൂന്നു പേരും ഞൊടിയിടയില്ബിക്കിനി ബേബീസായി. വൌ, ഹൌ സെക്സി !

ബിക്കിനിയിടാനുള്ള ശ്രമത്തിനിടയില്‍ എന്റെ സമയം അല്‍പം ലാപ്സായത് കാരണം ലവന്‍മാര്‍ മുന്നെ ഓടി. അല്ലേലും എനിക്കിതൊന്നും ശീലമില്ലെ !

ഞാന്‍ അന്നനടയില്‍ വരുമ്പൊ ലവന്‍മാര്‍ വെള്ളത്തില്‍ കിടന്ന് , പണ്ട് ജയഭാരതി വെള്ളത്തില്‍ കിടന്ന് കൂട്ടുകാരിയുമായി അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെന്നി കളിക്കുന്നതുപോലെ കളിക്കുന്നു. അയ്യേ !

എന്നിലെ പുലി ഉണര്‍ന്നു. പലതരം വികാരങ്ങള്‍ പ്ളുക്കോ പ്ളുക്കോന്നലയടിച്ചു.ഞാന്‍ ഓടി, അതെ , അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം . കായലിന്റെ ആഴത്തിലേയ്ക്ക്, പടവില്‍ നിന്ന് ഒരു സ്ഫിയര്‍ ഡൈവിങ്ങ്. പടവെത്തി, ഞാന്‍ ചാടി.ലവന്‍മാരുടെ രണ്ടിന്റെയും നടുക്ക് !

----കൂ-------

തലയ്ക്കകത്ത് വീണ്ടും ആ പഴയ കൂവല്‍ . പിന്നെയെന്തോ, പെട്ടെന്നെനിക്ക് ലൌകിക ജീവിതത്തോട് ഒരു വിരക്തി പോലെ. 'ചല്‍ ചയ്യ ചയ്യ..ചയ്യ..ചയ്യ..' എന്റെ മനസ്സില്‍ ആ ലളിതഗാനം ഓടിയെത്തി. ആരോ കാലില്‍ പിടിച്ച് വലിക്കുന്നു. എനിക്കൊന്നും കാണാന്‍ വയ്യ.എന്റെ കാലില്‍ പിടിച്ച് ആഞ്ഞുവലിച്ചതിന്റെ ഫലമായി,എനിക്കു വീണ്ടും ജീവിതത്തിനോടൊരാര്‍ത്തി തോന്നി.അവന്‍മാര്‍ നിലവെള്ളം ചവിട്ടിയാണു നില്‍ക്കുന്നതെന്നു വിചാരിച്ചു ചാടിയ എനിക്കു തെറ്റി.അവിടെ അരയോളം മാത്രെ ആ സാധനമുണ്ടായിരുന്നുള്ളു. നീട്ടിപ്പിടിച്ചു ചാടിയ എന്റെ കൈയ്യും ഒരു തെറ്റും ചെയ്യാത്ത എന്റെ തലയും ചെളിയില്‍ പൂന്തിപ്പോയി ! ഇതായിരുന്നു എന്റെ പലതരം വിചാരങ്ങളുടെയും വികാരങ്ങളുടെയും കാരണം .

വെള്ളത്തിനു മുകളില്‍ എന്റെ തല കണ്ടതും ലവന്‍മാര്‍ അട്ടഹസിച്ചു ചിരിക്കാന്‍ തുടങ്ങി.

"ഇപ്പഴാടാ...നിന്റെ തലയ്ക്കകത്തും പുറത്തും സമാസമമായെ" വിപിന്‍ .

"എന്തോന്ന് ?" ഞാന്‍

"ചെളി, നിന്നെ ഇപ്പോ കണ്ടാല്‍ രായാവിനെപ്പോലുണ്ട്" ലവന്‍ .

ഞാന്‍ പതുക്കെ തലയില്‍ തൊട്ടു നോക്കി. ഹേയ്, അവനെ ഒട്ടും കുറ്റം പറയാന്‍ പറ്റില്ല, തലയില്‍ ഒരു കുട്ട ചെളി കമഴ്‌ത്തിയതുപോലെ !

അങ്ങനെ കളിച്ചും കളിയാക്കിയും എന്റെ കഴിഞ്ഞ വെക്കേഷനിലെ പ്ളഷര്‍ ട്രിപ്പ് അവസാനിച്ചു. ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്ന, ഒന്നിനും പരാതികള്‍ പറയാത്തേന്റെ ഫ്രണ്ട്സിനെ, ലവനെയും മറ്റവനെയും , ഐ റിയലി മിസ്സ് യു ഡ്യൂഡ്‌സ് .

Friday, January 09, 2009

എന്റെ ന്യൂ ഇയര്‍ പാമ്പാട്ടം

അന്നൊരു വ്യാഴാഴ്‌ചയായിരുന്നു. നേരം പുലര്‍ന്നു വരുന്നതേയുള്ളു. ഞാന്‍ ക്ളോക്കില്‍ നോക്കി, പതിനൊന്നര. കോഴി കൂവാത്തതുകൊണ്ടാണോ സൂര്യന്‍ തമ്പുരാന്‍ ഇത്രയും ലേറ്റ് ആയെ ! ഞാന്‍ മൊബൈലില്‍ നോക്കി. 8 മെസ്സേജെസ്. അമ്മേ..ഇതാരാപ്പ ഇത്രക്കങ്ങടു മെസ്സേജയക്കാന്‍ . ഞാന്‍ നോക്കുമ്പൊ എല്ലാം ഒരു പോലെ, "ഹാപ്പി ന്യൂ ഇയര്‍ ".

ന്യൂ ഇയറാ ?? എപ്പാ ??? ഇന്നാ ?? കൂടുതല്‍ ആലോചിക്കുന്നത് എന്നെ സംബന്ധിച്ച്ഒരു ബാച്ചിലറിന്റെ അടുത്ത് റൂം ക്ളീന്‍ ചെയ്യാന്‍ പറയുന്നതുപോലെയും സ്ത്രീകളോടു'സ്ത്രീ' സീരിയല്‍ കാണരുതെന്നു പറയുന്നതും പോലെ മനോവിഷമം ഉണ്ടാക്കുന്നഒരു കാര്യമായതുകൊണ്ട് ഞാന്‍ ആ പണിക്കു പോയില്ല.

ബട്ട്, ഒരു ഇന്നര്‍ ഫീലിങ്ങ് ഓഫ് ദി...എന്നെ ഇങ്ങനെ മൂപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ പതുക്കെ റിവൈണ്ട് അടിക്കാന്‍ തുടങ്ങി. നേരം വെളുത്തത് പതിനൊന്നരയ്ക്ക്, സോറി,ഓഫ് ഡേയ്സിന്റെ അന്നു എന്റെ നേരം വെളുക്കുന്നതു ഏകദേശം ആ സമയത്തൊക്കെയാ ;)

ഇന്നലെ രാത്രി എപ്പഴാ കിടന്നെ ? കിടന്നോ ? എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.കോപ്പ്, ഞാന്‍ ഒരു ദിവസം കൂടി പുറകോട്ട് പോയി, അവിടുന്ന് ഫോര്‍വേഡ് അടിക്കാമെന്നു വിചാരിച്ചു.

അന്നൊരു ബുധനാഴ്‌ചയായിരുന്നു. ഓഫീസിലിരുന്നു ഞാന്‍ എന്റെ ജോലി തുടങ്ങി. ഞാന്‍ ആദ്യം ജിമെയില്‍ ഓപ്പണ്‍ ചെയ്തു, പിന്നെ യാഹൂ തുടങ്ങി സകലമാന സൈറ്റുകളും തുറന്ന് ആഞ്ഞു പണിഞ്ഞുകൊണ്ടിരിക്കുമ്പോ , ജിമെയിലില്‍ ഒരു മെയില്‍ ! ഹൊ, ഇതിന്റൊരു കാര്യം . ഒന്നു പറഞ്ഞു രണ്ടാമത്തേതിനു മെയിലു വന്നുകളയും ! ഞാന്‍ ഓപ്പണ്‍ ചെയ്തു. ഉള്ളടക്കം ഇങ്ങനെ,

"പ്രിയ വാഴ സഹോദരങ്ങളെ, ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായിഎല്ലാ വാഴക്കൂട്ടം അംഗങ്ങളും ഇന്നു രാത്രി ക്രിത്യം 8 മണിക്ക് സി 18 ഇല്‍ എത്തേണ്ടതാണ്.....എന്നു സെക്ര. "

ആഹ, അപ്പൊ ഇന്നു പാര്‍ട്ടിയാണ്. ന്യൂ ഇയര്‍ കൊണ്ട് 'ആടും '. ജോലി ഒക്കെ തീര്‍ത്ത് അല്‍പം റെസ്റ്റ് എടുക്കാന്‍ വേണ്ടി, എന്റെ ലീഡ് മേശപ്പുറത്ത് കൊണ്ടുതള്ളിയിട്ടു പോയഡൊക്യുമെന്റ്സിലൂടെ കണ്ണോടിച്ചു (ഹലോ, അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പൊ 5 മിനുട്ടില്‍ കൂടുതല്‍ ബ്റേക്ക് എടുക്കുന്നത് ശരിയല്ല ! ) ഞാന്‍ വീണ്ടും ജ്മെയില്‍ ഓപ്പണ്‍ ചെയ്തു. അങ്ങനെ ഞാന്‍ സമയം തള്ളിനീക്കി. വീണ്ടും തള്ളി, തള്ളലോട് തള്ളല്‍ ...അങ്ങനെ ഓഫീസ്സമയവും കഴിഞ്ഞു ഞാന്‍ എന്റെ റൂമിലെത്തി.

പാമ്പ് എന്ന ഓമനപ്പേരില്‍ അറിയപ്പെദുന്ന വിനോദിനെ കോറിഡോറിന്റെ അങ്ങേ അറ്റത്തു കണ്ടു. ഫ്ളാറ്റിന്റെ ഡോര്‍ തുറക്കുന്നതിനിടയില്‍ പുള്ളി എന്റെ അടുത്തെത്തി.പ്രതീക്ഷിച്ചതുപോലെ തന്നെഅവന്റെ വായില്‍ നിന്നും മത്തു പിടിപ്പിക്കുന്ന ' മണം '.


"നീ എപ്ഫൊ (ഗ്യാസ്) വന്നു..? മധുസേട്ടന്‍ എന്ത്യേ ?" ലവന്‍

"വരും ...നീ പണ്ടത്തെപ്പോലൊന്നുമ്മല്ലാട്ടാ...ടൈല്‍സിക്കൂടിയൊക്കെ ഇഴയാന്‍ പഠിച്ചല്ലേ...?" ഞാന്‍


"പ്ഫോടാ (വീണ്ടും ഗ്യാസ്)" ഇതും പറഞ്ഞു അവന്‍ കോറിഡോര്‍ ചുവരിനെ ഇടം വലം നോക്കാതെ ചുംബിച്ച് ചുംബിച്ച് മുന്നോട്ടു നീങ്ങി. ഞാന്‍ റൂമില്‍ കയറി. പാര്‍ട്ടിയ്ക്ക് എട്ടരയൊക്കെ ആയിട്ടു പോയാല്‍ മതി. ബട്ട്, ജിമ്മില്‍ പോണം .

ഞാന്‍ എന്റെ ട്രാക്ക് സ്യൂട്ടെടുത്തു. ആഹ, ലവന്റെ തെളക്കം കണ്ടാ ! സ്റ്റേറ്റ്സീന്നു വരുത്തിച്ചതാ.ഉല്‍ഘാടനം ഇന്നാ.ഞാന്‍ പതുക്കെ അതെടുത്തു. പൊക്കി, അതന്നെ, എന്റെ ഒരു കാല്‍ ,താഴ്ത്തി. വീണ്ടും പൊക്കി, മറ്റേ കാല്‍ , താഴ്ത്തി. കഴിഞ്ഞു. ആഹ എന്തൊരുആത്‌മവിശ്വാസം . ഞാന്‍ ഗ്ളൌസെടുക്കാന്‍ മുന്നോട്ടു നടന്നതു മാത്രം ഓര്‍മ്മയുണ്ട്.ചെയറിന്റെ മുകളില്‍ കൂടി, കമ്പ്യൂട്ടര്‍ ടേബിളിന്റെ സൈഡില്‍ കൂടി, പവര്‍ കോര്‍ഡ്സിന്റെ മുകളിലേയ്ക്ക് വീണതു മാത്രേ ഞാന്‍ അറിഞ്ഞുള്ളു. പുല്ല്..ട്രാക്ക് സ്യൂട്ടിന്റെ ഒരു കാലില്‍ എന്റെ രണ്ടു കാലും കൂടി കേറ്റിയാല്‍ ഇങ്ങനെ ഇരിക്കും . ഭാഗ്യം ആരും വന്നിട്ടില്ല.തപ്പിത്തടഞ്ഞെഴുന്നേറ്റ് ഞാന്‍ ജിമ്മിലേയ്ക്ക് പോയി.വര്‍ക്കൌട്ട് അത്ര മോശായി എന്നു പറയാന്‍ പറ്റില്ല.പ്രത്യേകിച്ച് ജിമ്മിലെ ടിവിയില്‍ ഗജിനിയിലെ അസിന്‍ മരുഭൂമിയില്‍ കൂടി ഇറുകിയ ഡ്രസ്സുമിട്ട് തേരാപാരാ ഓടുമ്പോള്‍ ! സഹിക്കൊ ?

തിരിച്ചു റൂമിലെത്തിയ ഞാന്‍ അമ്മയെ വിളിച്ചു. നാളെ ന്യൂ ഇയറിനു അമ്ബലത്തില്‍ പോയി എന്റെ പേരില്‍ ഒരര്‍ച്ചന നടത്താന്‍ പ്രത്യേകം പറഞ്ഞു (തള്ളേ , കാലം ഫോണ ഫോക്കേ !)എന്റെ ഒന്നര വയസ്സുകാരന്‍ അനന്തിരവനോട് സംസാരിച്ചു. അവനു വലിയ കാര്യങ്ങളേ പറയാനുള്ളു "മാമാ...ചോക്കി..ചോക്കി" (ചോക്കളേറ്റിനു അവന്‍ പറയുന്നതാ).

മണി എട്ടായപ്പോഴേയ്ക്കും ഞാന്‍ റെഡിയായി.ചലോ സി 18. വാഴക്കൂട്ടം പാര്‍ട്ടിയുടെ പ്രത്യേകത, പാര്‍ട്ടി തുടങ്ങുന്നതിനു മുന്‍പായി, നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആഗ്രഹിക്കുന്ന പോസില്‍ ഫൊട്ടോ എടുത്ത് കൊടുക്കപ്പെടും എന്നതാണ്.ആസ്ഥാന ക്യാമറാമാന്‍ സുബിന്‍ . ദുഷ്ടന്‍ , ഇതവിടെ തീരുമെന്നു കരുതിയെങ്കില്‍ തെറ്റി.പാര്‍ട്ടി കൊഴുക്കും .എല്ലാ വാഴകളും പാമ്പുകളാവും . ബട്ട്, ലവന്‍ ഇതിന്റെയും ഫോട്ടോ എടുക്കും . പിറ്റേ ദിവസം ,കഷണ്ടിക്കുള്ള മരുന്നിന്റെ പരസ്യത്തിലെ ബിഫോര്‍ & ആഫ്‌ടര്‍ പോലെ, തടി കുറയാനുള്ള മരുന്നിന്റെപരസ്യത്തിലെ ബിഫോര്‍ & ആഫ്‌ടര്‍ പോലെ, വെള്ളമടിച്ചതിനു മുന്‍പും പിന്‍പും എന്നുമ്പറഞ്ഞ് എല്ലാര്‍ക്കും അതു മെയിലില്‍ അയച്ചുകൊടുക്കും . വെള്ളമടിക്കുന്നതിനു മുന്നെ, വെള്ളമുണ്ടുമുടുത്ത് ചിരിച്ച് സുഗുണനായി നില്‍ക്കുന്ന അജിത്തേട്ടന്‍ , വെള്ളമടിച്ചതിനു ശേഷം ആ മുണ്ടു ഊരി തലയില്‍ കെട്ടിയിരിക്കുന്ന അജിത്തേട്ടന്‍ , വെള്ളമടിക്കുന്നതിനു മുന്നെപക്കാ എക്സിക്യൂട്ടീവ് ഡ്രസ്സില്‍ നില്‍ക്കുന്ന ബാബു സാര്‍ , വെള്ളമടിച്ചതിനു ശേഷം ബ്രേക്ക് ഡാന്‍സിലെ റോപ്-ഗ്ളാസ്സ് ഐറ്റംസ് കാണിക്കുന്ന ബാബു സാര്‍ . അങ്ങനെ എത്ര പേര്‍ .

പാര്‍ട്ടിക്കു മുന്നെ എല്ലാ പേര്‍ക്കും സെക്ര. ആശംസാപ്രസംഗം നടത്തി. ഫോട്ടോ സെഷനും തുടങ്ങി.പ്പോഴേയ്ക്കും ഞങ്ങളുടെ പൊന്നോമനകളെത്തി. സിദ്ധിക്കി എന്നു ചെല്ലപ്പേരിലും വാറ്റ് എന്ന് സൈന്റിഫിക് നേമിലും അറിയപ്പെടുന്ന സാധനം . അതങ്ങോട്ടു ഗ്ളാസ്സില്‍ ഒഴിച്ചു വച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍കെല്ലാവര്‍ക്കും അങ്ങു കലിയാ അതിനോട്. അപ്പൊ കുടിച്ച് തീര്‍ത്തുകളയും . ഞാന്‍ ഒന്നടിച്ചു, രണ്ടടിച്ചു, മൂന്നടിച്ചു. 'സെ..മോസം ' എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാന്‍ ചുറ്റും നോക്കി.ചിലരു ചരിഞ്ഞു നില്‍ക്കുന്നു. സെ, എന്റെ തല ചരിഞ്ഞു പോയതാ. ഞാന്‍ നാലടിച്ചു. ഇനി രക്ഷയില്ല, ഞാന്‍ സീറ്റില്‍ നിന്നും പതുക്കെ എണീറ്റു.ബാബു സാര്‍ പതിവുപോലെ ഗ്ളാസ്-റോപ് ഐറ്റം കാണിക്കുന്നു. ചിലരു തുള്ളുന്നു.ഞാന്‍ ടിവിയിലേയ്ക്ക് നോക്കി. ന്യൂ ഇയര്‍ പരിപാടി നടക്കുന്നു.

ഞാനും തുള്ളല്‍ തുടങ്ങി. (ഇതൊരു രോഗമാണോ ഡോക്‌ടര്‍ ? അദ്ദേഹമെന്നെ ഡൈവോഴ്‌സ് ചെയ്യുമോ ഡോക്‌ടര്‍ ?). ഞാന്‍ അന്‍ചാമതും അടിച്ചു. 'സെ, മോസായി' എന്നുമ്പറഞ്ഞ് ടോയിലറ്റില്‍ കയറി.സെ, സിബ് എവിടെ ? ഒടുവില്‍ തപ്പിപ്പിടിച്ച് പരിപാടി കഴിച്ചു. ടോയിലറ്റിനു പുറത്തിറങ്ങി.അതേഎനിക്കോര്‍മ്മയുള്ളു. എവിടെയ്യോ ചറിക്കിയടിച്ച് വീഴുന്നതും തല എവിടെയോ ഇടിക്കുന്നതോടും കൂടി,ബ്ളാക്ക് ഔട്ട് !

തിരികെ എന്റെ റൂമിലേയ്ക്ക്. ദിവസം വ്യാഴാഴ്‌ച്ച. സമയം പന്ത്രണ്ടേകാല്‍ .ഞാന്‍ നെറ്റിയില്‍ തൊട്ടുനോക്കി, ഒരു വലിയ ബാന്ഡ് എയിഡ്. അതൊക്കെ ഓ കെ, ബട്ട്..ഞാന്‍ എങ്ങനെ റൂമിലെത്തി ? എന്റെ മൊബൈലെവിടെ ? പഴ്സെവിടെ ? ആലോചിച്ചാലോചിച്ച് വിയര്‍ത്തുതുടങ്ങിയപ്പോ ആരോ കോളിങ്ങ് ബെല്ലടിച്ചു. ഞാന്‍ പതുക്കെ എണീറ്റു. (ഹലോ, പതുക്കെയൊക്കേ പറ്റു, എനിക്കറിയാം അതിന്റൊരു വിഷമം )

"നീയായിരുന്നോ ?" പ്രവീണിനെ നോക്കി ഞാന്‍ പറഞ്ഞു.പക്ഷെ അതിനവന്‍ മറുപടി പറഞ്ഞത് ഒരു പ്രത്യേക രീതിയിലായിരുന്നു.

"!#%#$^&%&*^*^(&*)*&*^^$@#^%#!" അതേകദേശം ഇതുപോലിരിക്കും .

ഇതു കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലാകുന്ന ഭാഷയില്‍ (അല്ലെങ്കിലും ഞാന്‍ ഇത്തിരി സ്റ്റാന്ഡേര്‍ഡുള്ള കൂട്ടത്തിലാ) അവന്‍ പറഞ്ഞു.

"ഇതിത്രയും ഇന്നലെ നിന്നെ ഇവിടെ കൊണ്ടുവന്നാക്കുന്നതിനിടയില്‍ എനിക്കു നിന്റെ വയീന്നുകേള്‍ക്കേണ്ടി വന്ന തെറിയാ. ഇന്നാ നിന്റെ മൊബൈലും പഴ്‌സും ."

കിട്ടി, എനിക്കു കിട്ടി, എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടി.നന്ദി, പ്രവീണേ നന്ദി !

"ടാ റൂമില്‍ പാര്‍ട്ടിയുണ്ട്, പെട്ടെന്നു വാ" അവന്‍ പറഞ്ഞു.

അവന്റെ റൂമിലേയ്ക്ക് പോകുന്നതിനിടയില്‍ എനിക്കൊരു ചിന്തയേ ഉണ്ടായിരുന്നുള്ളു.

'ഇത്രയ്ക്കും പുളിച്ചതാണല്ലോ ഞാന്‍ അവനെ വിളിച്ചെ...എന്നെ സമ്മതിക്കണം ..സെ മോസായി'

**************************************************************************

കയ്ക്കുന്ന സത്യം : ഞാന്‍ ഒരു മുഴുക്കുടിയനല്ല *

Thursday, January 08, 2009

ചില ജിമ്മനുഭവങ്ങള്‍

ജിമ്മില്‍ വച്ച് മണ്ടത്തരങ്ങള്‍ പറ്റുന്നത് പതിവാണ്. എന്റെ പാര്‍ട്ട്‌ണര്‍ ഡിക്സണാണ്. വീട്ടിലെ അരകല്ലു മുതല്‍ അമ്മിക്കല്ലു വരെയുള്ള ഒരുവിധപ്പെട്ട എല്ലാ സ്ഥാവരജംഗമ വസ്തുക്കളും എടുത്ത് പെരുമാറാന്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മയ്ക്ക് എന്നോടും ചേട്ടനോടും സ്നേഹം കൂടുകയും അച്ചനോട് പറഞ്ഞ് പാരിതോഷികം വാങ്ങിത്തരുകയും ചെയ്യുക എന്നുള്ളത് ഒരു നിത്യ സംഭവമായിരുന്നു. അതെങ്ങനാ, അരയ്ക്കാന്‍ അരകല്ലു നോക്കുമ്പോ കാണില്ല. ഉടനെ അമ്മ എന്നെയും ചേട്ടനെയും വിളിക്കും . കണ്ടില്ലെങ്കില്‍ ഞങ്ങളുടെ 'ഹോം ജിമിലേയ്ക്ക്' (അമ്മൂമ്മ കിടക്കുന്ന മുറി, അവിടെ ഒരു വലിയ അലമാരയും ഒരു കണ്ണാടിയും ഉണ്ടായിരുന്നതിനാല്‍ അതു ഞങ്ങള്‍ ഹോം ജിമ്മാക്കി) അതിക്രമിച്ചു കയറും . ഒന്നുകില ഞാനോ അല്ലെങ്കില്‍ ചേട്ടനോ പ്ളുഷ് എന്നു ചിരിച്ചോണ്ടിറങ്ങി വരും .കയ്യില്‍ അരകല്ലുമുണ്ടാവും .അതും പിടിച്ച് വാങ്ങി കിഴുക്കും തന്ന് അമ്മ തിരിച്ചു പോകും . അതു അരകല്ലില്‍ വച്ച്അരയ്ക്കാനുള്ള ഐറ്റമ്സെടുക്കാനായി തിരിയുമ്പോ കല്ലു വീണ്ടും കാണില്ല.ഇതായിരുന്നു അവസ്ഥ.പട്ടിണി കിടക്കാം , എന്നാലും നെന്‍ചിലും തോളിലും ഈരണ്ട്, കയ്യില്‍ ഓരോന്നു വീതം കട്ടകളുണ്ടാക്കിയില്ലെങ്കില്‍ ?

അങ്ങനെ വീട്ടിലെ സാധനങളൊന്നും തികയാതെ വന്നിട്ടും ഞാന്‍ തോറ്റില്ല.വീടിനടുത്തുള്ള സുമേഷിനെ പറഞ്ഞു പ്രലോഭിപ്പിച്ചു. അവന്റെ ഹിന്ദി ക്ളാസ്സിലെ സുനിതയെ അവനു നോട്ടമുണ്ടായിരുന്നതുകൊണ്ട് എളുപ്പം സമ്മതിച്ചു. വെളുപ്പിനു നാലു മണിക്ക് അവന്‍ ഗേറ്റില്‍ വന്നു മുട്ടും . ഞാന്‍ റെഡിയായി ചെന്ന് അവന്റെ സൈക്കിളിന്റെ പുറകിലിരുന്നു പറയും , 'ചവിട്ട്രാ'. നാലു നാലര കിലോമീറ്റര്‍ അവന്‍ എന്നെയും വച്ച് സൈക്കിള്‍ ചവിട്ടും . ജിം എത്തുമ്പോഴേയ്ക്കും അവന്റെ പരിപ്പിളകും . പക്ഷെ നമ്മള്‍ അതായത് ഈ ഞാന്‍ അപ്പോഴും നല്ല ജില്ലുജില്ലനെ നിക്കും ,സൈക്കിളിലിരുന്നു ഉറങ്ങിയതിന്റെ ഒരു ക്ഷീണവും കാണില്ല !

ജിമ്മില്‍ കയറിയാല്‍ ആദ്യം വിളക്കു കൊളുത്തണം . പടത്തിലെ ഹനുമാനു ഒടുക്കത്തെ മസിലാ. 'എന്നേം കൂടിയൊന്ന്' എന്നു മനസ്സില്‍ പറഞ്ഞ്, 'അഖിലാണ്ട മണ്ടലം അണിയിച്ചൊരുക്കി' ഒക്കെ പാടി പരിപാടി തുടങ്ങുകയായി.

"ടാ...ആദ്യം ഓടാം " . ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടി കുരുപൊട്ടി നില്‍ക്കുന്നഅവനോടിതു പറയാന്‍ എനിക്കൊരു ഉളുപ്പുമുണ്ടായിരുന്നില്ല. ജിമ്മിന്റെ അകത്തു മാത്രമേവെട്ടമുള്ളു. അകത്തു കിടന്നോടാന്‍ പറ്റില്ലല്ലോ. വെളിയിലാണേല്‍ കുറ്റാകൂരിരുട്ടും .മുറ്റത്ത് നാലന്‍ച് തെങ്ങും നില്‍ക്കുന്നു. അതൊന്നും എനിക്കൊരു പ്രശ്‌നമേ ആയിരുന്നില്ല.ഓടിത്തള്ളി, വീണ്ടും തള്ളി, തള്ളിക്കൊണ്ടേയിരുന്നു....'ഡും '

"എന്താടാ?" ലവന്‍

"ഏയ് ഒന്നുമില്ല...നീ ഓടിക്കോ...ഇവിടൊരു തെങ്ങുണ്ടായിരുന്നു" എന്നു പറഞ്ഞ്ഞാന്‍ പിന്നെയും ഉള്ളതെല്ലാം വലിച്ച് വാരി ഓടും .

ഓട്ടം കഴിഞ്ഞാല്‍ "ടാ അടുത്തത് ചിന്നപ്പാ" എന്നു ഞാന്‍ .

"ആരാ?" ലവന്‍

"ആരു?" ഞാന്‍

"ചിന്നപ്പന്‍ ?" ലവന്‍

പഷ്ട്. ഒടുവില്‍ അവനു ചിന്‍ - അപ് എന്താണെന്ന്നു പറഞ്ഞുകൊടുത്തു.

"അടുത്തത് ടിപ്സാ..അതങ്ങനെ വെറുതെ ചെയ്താല്‍ പോരാ" ഞാന്‍ പാമ്പുഗുളികയെപ്പോലെ വാചാലനായി.

"ഫിന്നെ ?" ശ്വാസം പോലും വിടാന്‍ വയ്യാതെ ലവന്‍ .

"അതൊക്കെയുണ്ട് ...കണ്ടോ "

ഇതും പറഞ്ഞ് ഞാന്‍ ഡിപ്സ് ബാറില്‍ ചാടിക്കേറി. ബാറില്‍ കൈകൊണ്ട് തെന്നി മുന്നോട്ടു പോകുക. ഇതായിരുന്നു എന്റെ മനസ്സില്‍ . ഞാന്‍ കൈകൊണ്ട് തെന്നി, വീണ്ടും തെന്നി, തെന്നിക്കൊണ്ടേയിരുന്നു....'ഡും'

"എന്താടാ ?" ലവന്‍

"ഏയ് ഒന്നുമില്ല...ഈ ബാറിനു നീളം പോരാ" (തെന്നി തെന്നി ബാറിന്റെ അറ്റവും കഴിഞ്ഞപ്പൊചെറുതായൊന്ന് ഗുരുത്വാകര്‍ഷണത്തിനു വിധേയനായി..അത്രേയുള്ളു)

ഇതെല്ലാം കഴിഞ്ഞു 'ആരേലും ഒരു കൈ സഹായിച്ചാല്‍ വീടെത്താമായിരുന്നു'എന്നു സ്വപ്നവും കണ്ടിരിക്കുമ്പോ, ആശാനെത്തും .

"നീയൊക്കെ വന്നിട്ടെന്താ എന്നെ വിളിക്കാതിരുന്നെ ? വാ..തുടങ്ങാം " തീര്‍ന്നു. പരിപ്പും കഴിഞ്ഞു വല്ലതുമുണ്ടോ ഇളകാന്‍ ?

നമുക്ക് ഡിക്സണിലേയ്ക്ക് തിരിച്ചു വരാം . ശരീരത്തില്‍ എവിടെയൊക്കെ മസിലുണ്ടോഅതിനെല്ലാം എക്സസൈസ് ചെയ്യുകയും കൂടെ ചെയ്യുന്നവന്‍മാരുടെ പരിപ്പിളക്കുകയും ചെയ്യുന്നത് ലവന്റെ ഹോബിയാണ്. മാത്രവുമല്ല പുതിയ പുതിയ ഐറ്റമ്സ് കണ്ടു 'പിടിക്കാനും ' ബഹു കേമന്‍ !

ഇവിടെ, കുവൈറ്റിലുള്ള ഞങ്ങളുടെ ജിമ്മില്‍ ഒരു വിധപ്പെട്ട എല്ലാ മെഷീനുകളുമുണ്ട്.പക്ഷെ ലവന്‍ , ഇല്ലാത്ത ഒരു മെഷീന്‍ കണ്ടു പിടിച്ചു.

"ടാ...ഇവിടെ കഴുത്തിനടിക്കാനുള്ളതില്ല" ഡിക്സണ്‍

"എന്തോന്ന് ?" ലവന്റെ പാര്‍ട്ട്‌ണര്‍ ഞാന്‍ തന്നെ.

"ടാ കഴുത്തിലെ മസില്‍സ് വലിയണം " ലവന്‍

"നമുക്കൊരു കാര്യം ചെയ്യാം , കയറു കഴുത്തില്‍ കെട്ടി തൂങ്ങാം , നല്ല വലിയും , പോരേ?" ഞാന്‍

"നീ വാ ഞാന്‍ ഒരു ഐറ്റം കാണിച്ചു തരാം " ലവന്‍

ഇതും പറഞ്ഞ് ലവന്‍ ചെറിയ ഒരു മള്‍ട്ടി മെഷീന്റെ കുഷ്യനില്‍ തല കൊണ്ടു തള്ളാന്‍ തുടങ്ങി.മെഷീന്‍ നിലത്ത് നിന്നും ഒരു വശം കൊണ്ടു പൊങ്ങാനും തുടങ്ങി.ഡിക്സണ്‍ ആഞ്ഞു തള്ളി, വീണ്ടും തള്ളി , തള്ളിക്കൊണ്ടേയിരുന്നു... 'ഡും '

അങ്ങനെ പിറ്റേ ദിവസത്തെ തന്നെ ഫ്ലൈറ്റില്‍ , വലത്തോട്ടും ഇടത്തോട്ടും കഴുത്തനക്കാന്‍ പറ്റാതെ എമര്‍ജന്സി ലീവില്‍ ഡിക്സണില്‍ നാട്ടിലേയ്ക്ക് യാത്രയായി.ഡിക്സണ്‍ പോയതിനു ശേഷം ഞാന്‍ പല പാര്‍ട്ട്‌ണര്‍മാരെയും മാറി മാറി പരീക്ഷിച്ചു. ലവന്‍മാരൊക്കെ എന്റെ ക്ഷമയെ പരീക്ഷിച്ചു തുടങ്ങിയപ്പോള്‍ , ആ സന്തോഷ വാര്‍ത്തയെത്തി, എന്റെ മൊബൈലില്‍ ഡിക്സന്റെ കോളിന്റെ രൂപത്തില്‍ .അതെ ലവന്‍ നാളെ വരുന്നു. ഉളുക്കു മാറിയെന്നും വന്നിട്ടു ഗ്രാന്റായിട്ടു വര്‍ക്കൌട്ട് തുടങ്ങാമെന്നും പറഞ്ഞ് കട്ട് ചെയ്തു.

പിറ്റേ ദിവസം ഓഫീസില്‍ നിന്നു വന്ന്, നേരേ പോയത് ഡിക്സന്റെ റൂമില്‍ .ഡിക്സന്റെ ചിരിക്കുന്ന മുഖം വിചാരിച്ചു ചെന്ന ഞാന്‍ ഞെട്ടി.ചിരിക്കാന്‍ പോലും വയ്യാതെ , താടി ചേര്‍ത്ത് തലയ്‌ക്ക് ചുറ്റും ഒരു വലിയ കെട്ട് !

സംഭവം ,ലവനു വാ തുരക്കാറായപ്പൊ അറിഞ്ഞതിങ്ങനെ. എയര്‍ പോര്‍ട്ടില്‍ നിന്നും ഒരു ടാക്സി പിടിച്ച്, 'ചേട്ടാ, ഒന്നു സ്പീഡില്‍ പോയാല്‍ എനിക്കു നേരത്തെ കിടന്നുറങ്ങാം ,നാളെ ഡ്യൂട്ടിക്കു കേറാമല്ലോ ' എന്നു പറഞ്ഞു. ആ ഒരു തെറ്റേ ലവന്‍ ചെയ്തുള്ളു.

ചേട്ടന്‍ പറത്തി, വീണ്ടും പറത്തി, പറത്തിക്കൊണ്ടേയിരുന്നു...'ഡും '

മുന്നിലുണ്ടായിരുന്ന ഹമ്പ് ചേട്ടന്‍ കണ്ടില്ല. പിറകിലിരുന്ന ഡിക്സണ്‍ പെട്ടെന്നു ഡിങ്കനായി. പറന്നു ചെന്ന് മുന്നിലെ ഗ്ളാസ്സില്‍ ഇടിച്ചു. ഫലം , പിറ്റേ ദിവസത്തെ ഫ്ലൈറ്റില്‍ അടുത്ത എമര്‍ജെന്സി ലീവില്‍ ഡിക്സണ്‍ വീണ്ടും നാട്ടിലേയ്ക്ക്, പതിവുപോലെ കഴുത്ത് വലതോ ഇടതോ...ഹേഹെ..

ഫ്ലൈറ്റ് പൊങ്ങി...വീണ്ടും പൊങ്ങി...പൊങ്ങിക്കൊന്ടേയിരുന്നു...

Wednesday, November 12, 2008

കള്ളന്‍

തങ്കമണി ഒറ്റയ്കായിരുന്നു താമസം .സഹായിയായി ഒരു തമിഴത്തി പെണ്ണു മാത്രം . മക്കള്‍ മാസാമാസം അയച്ചു കൊടുക്കുന്നതുകൊണ്ട് സുഭിക്ഷമായി കഴിയുന്നു. തിന്നു തിന്നു തങ്കമണിയങ്ങു കൊഴുത്തു. അങ്ങനെ ഒരു ദിവസം , തങ്കമണിയുടെ വീട്ടില്‍ കള്ളന്‍ കയറി. എന്തോ ശബ്ദം കേട്ടുണര്‍ന്ന തങ്കമണി കണ്ടത് തന്റെ അലമാര പരതുന്ന കള്ളനെയാണു. തങ്കമണി ആരാ മോള്‍ . പിന്നില്‍ കൂടി കള്ളനെ തല്ലി താഴെയിട്ടു കള്ളന്റെ മുകളില്‍ കയറിയിരുന്നു തമിഴത്തി പെണ്നിനെ വിളിക്കാന്‍ തുടങ്ങി. പത്തഞൂറു കിലോ കേറിയിരുന്നതുകൊണ്ടു ശ്വാസം വിടാന്‍ പോലും പറ്റാതെ കള്ളന്‍ കിടന്നു ഞരങ്ങി. ഇതിനിടയില്‍ തമിഴത്തി പെണ്ണും ഓടിയെത്തി.

"നോക്കി നില്‍ക്കാതെ പോയി പോലീസിനെ വിളിക്കെടീ "

തങ്കമണി അലറി. തമിഴത്തി പെണ്ണു ഓടി. പെട്ടെന്നു തിരിച്ചു വന്നു.

"അമ്മച്ചീ എന്റെ ചെരുപ്പു കാണുന്നില്ല "

ഉടനെ ശ്വാസം പോലും വിടാന്‍ പറ്റാതിരുന്ന കള്ളന്‍ പറഞ്ഞു, "ഇന്നാ..എന്റെ ചെരുപ്പിട്ടോ...ഒന്നു ഓടിപ്പോയി വിളിച്ചോണ്ടുവാ...എന്റമ്മേ..."