Friday, December 28, 2007

അങ്ങനെ ഞാനും കവിയായി

എങ്ങനെ ഞാന്‍ പറയും ....
പ്രണയം , എന്നെ പഠിപ്പിച്ചതെന്തെന്ന്...
എങ്ങനെ ഞാന്‍ പറയും ....

ലോകം നശിച്ചത് മരണം കാരണം .
ഞാന്‍ നശിച്ചതോ പ്രണയം കാരണം .
എന്റെ അവസ്ഥ, യാത്രാ മധ്യേ-
വഴി മറന്ന അതേ അവസ്ഥ.


അറിയില്ല നിനക്കെന്റെ ആഗ്രഹങ്ങള്‍.
അറിയാതെ നീ തന്നതോ വേദനകള്‍ ,
ഉടഞ്ഞ സ്വപ്നങ്ങള്‍ , കണ്ണീരുകള്‍ ,
പിന്നെ സുഖമുള്ള നോവുകള്‍ .

നിന്‍ വീട്ടിലുയരും വാദ്യമേളങ്ങള്‍
എന്‍ നിദ്രയെ മുറിവേല്‍പ്പിക്കുന്നു
സ്വന്തങ്ങള്‍ നല്‍കിയ ദുഖങ്ങള്‍
എന്റെ ഹ്രിദയത്തെ മുറിവേല്‍പ്പിക്കുന്നു.

ഞാനാല്‍ നാണിച്ചെന്‍ വിധിയും ഞാനും .
എങ്ങനെ ഞാന്‍ പറയും ....
പ്രണയം , എന്നെ പഠിപ്പിച്ചതെന്തെന്ന്...
എങ്ങനെ ഞാന്‍ പറയും ....

Sunday, December 09, 2007

കോഴിയും മുട്ടയും ഒടുക്കം ചോറും

"ഇതെന്തിനാടാ ഇപ്പൊ ഇങ്ങോട്ടു കൊണ്ടു വരുന്നത്...?"

അമ്മയുടെ ചോദ്യം കേട്ടാണു രാജന്‍ തലയുയര്‍ത്തിയത്.

രാജന്‍ അഥവാ "സഖാവ് രായന്‍ " , ആ നാട്ടിലെ അറിയപ്പെടുന്ന ഒരു പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട കൊടി പിടുത്തക്കാരനും എന്തു പ്രശ്നമുണ്ടായാലും മുന്നില്‍ നിന്നും അടി വാങ്ങുന്നവനുമാകുന്നു. ഒരടി പോലും പുറത്ത് പോകാതെ എല്ലാം പുള്ളി ഏറ്റുപിടിക്കും . വലിയ നേതാക്കള്‍ എന്തു പറഞ്ഞാലും അതക്ഷരം പ്രതി അനുസരിക്കുന്നവന്‍ . പക്ഷെ അവനിതെന്തു പറ്റി, കയ്യില്‍ രണ്ടു വലിയ ഗിരിക്കോഴികളും . ഇനി വല്ലറ്റത്തും പോയി അടി വാങ്ങിയതിനു ആരേലും കൊടുത്തതാണോ...? എല്ലാ പേരുടെയും ഈ സംശയം തീര്‍ക്കാനായി രായന്‍ വാ തുറന്നു.

'അതമ്മാ..നമ്മുടെ തെക്കേലെ സജീവന്‍ , അവന്റെ വീട്ടിലേതാ...അവന്‍ പറഞ്ഞു, നല്ല മുന്തിയ ഇനമാ..അവനെന്നും ഇതിന്റെ മുട്ട കഴിക്കും , അതാ അവന്റെ ശരീരം ഇങ്ങനെ ആയെ എന്ന്...ഞാന്‍ പണ്ടെ വിചാരിച്ചതാ...ഇവനെങ്ങെനാടാ ഈ അടിയൊക്കെ താങ്ങുന്നെ എന്ന്...മാത്രോല്ല..ഇപ്പൊ സാധനങ്ങള്‍ക്കൊക്കെ... എന്താ വില..ഒരു കിലോ അരീടെ കാര്യം തന്നെ എടുത്തെ..ഇരുപത് രൂപേ.... നമ്മളു കഷ്ടപ്പെടുന്നതൊക്കെ അങ്ങനങ്ങു പോകും ..ഞാന്‍ ആലോചിച്ചപ്പൊ നമുക്കെന്താ രണ്ടു കോഴിയെ വാങ്ങിച്ചാല്‍ . ഇതു രണ്ടും എന്നും മുട്ടയിടും എന്നാ അവന്‍ പറഞ്ഞെ..അതല്ല മുട്ട വേണ്ടാങ്കി നമുക്കിതിനെ കറി വക്കാലോ..?"

അമ്മ കോഴികളെ നോക്കി..പിന്നെ അവന്റെ മുഖത്തേയ്ക്കും .

"ഇതു രണ്ടും മുട്ട ഇടുമെന്ന് അവന്‍ പറഞ്ഞോ..?"

'ഉം "

"കാലം പോണ പോക്കേ..പൂവനും മുട്ട ഇടാന്‍ തുടങ്ങിയോ...?"

അപ്പോഴാണു രായന്‍ അവന്റെ കയ്യിലിരുന്ന കോഴികളെ ശെരിക്കും ശ്രധിച്ചത്. ഒരു പൂവനും ഒരു പിടയും .

എന്തു സംഭവിച്ചു എന്നു മനസ്സിലാകുന്നതിനു മുന്നെ അമ്മ പറഞ്ഞു,

"നാളെ രാവിലെ വല്ലതും വിഴുങ്ങണോങ്കി കടേല്‍ പോയി അരി വാങ്ങീട്ടു വാ"

"അമ്മേ..."

ഞെട്ടിപ്പിക്കുന്ന രായന്റെ വിളി കേട്ട് അവര്‍ തിരിഞ്ഞു നോക്കി.

"അരിക്കൊക്കെ ഇപ്പൊ എന്നാ വിലയാ...ഈ കാശു കൊണ്ട് ഒരു കവറു പാലും പത്തു മുട്ടേം വാങ്ങരുതോ...?

"നീ ഇവിടെ കൊടി പിടിക്കാന്‍ പോയി സമ്പാദിച്ചു കൊണ്ടു വരുന്നതു കൊണ്ട് നീ പറഞ്ഞ പോലെ എന്നും പാലും മുട്ടേം ആക്കിയാലോ..?ഒന്നു പോയേടാ...അവിടന്ന്..."

തന്റെ ഉള്ളിലെ സഖാവിന്റെ കൂമ്പു നോക്കി ആരൊ ഇടിച്ചതു പോലെ ആയി രായന്‍ . സാരമില്ല, ഇന്നു കോഴി, നാളെ പശു. എന്നാലും ഒരു കോഴി എങ്ങനെ പൂവനായി. ഓ പിന്നെ, ഇരുട്ടത്ത് വല്ലവന്റേം വീട്ടിലെ കോഴിക്കൂട്ടില്‍ കയ്യിട്ട്, തപ്പിയതിനെ കിട്ടി, കിട്ടിയതിനെ കൊണ്ടു വരുമ്പൊ ആരാ നോക്കുന്നെ, പൂവനാണൊ പിടയാണൊ എന്ന്.ഫോട്ട് പുല്ല്...

ദിവസങ്ങള്‍ കഴിഞ്ഞു.മുട്ട ഇടീപ്പിക്കേണ്ട കോഴി അതു ചെയ്യുന്നുണ്ട്, പക്ഷെ മുട്ട ഇടേണ്ട കോഴി അതു ചെയ്യുന്നില്ല...!!!

ആര്‍ക്കാണു കുഴപ്പം ? പൂവനും പൂവിയും പരസ്‌പരം നോക്കി, പൂവിയുടെ കണ്ണു നിറഞ്ഞു.അങ്ങനെ ലൌകിക ജീവിതത്തിനോട് വിരക്തി തോന്നി നടക്കുമ്പോ, എരിതീയില്‍ എണ്ണ പോലെ വേറെ എങ്ങാണ്ടു നിന്നു വന്ന ഒരു പൂവനുമായി പൂവി ലോഹ്യത്തിലാവുകയും പൂവിയുടെ വിഷമം മനസ്സിലാക്കി മനസ്സലിഞ്ഞ പൂവന്‍ അവള്‍ക്കൊരു പുതിയ ജീവിത വാഗ്‌ദാനം നല്‍കി അടിച്ചോണ്ടു പോവുകയും ചെയ്തു.
കോഴി ഇന്നു മുട്ടയിടും നാളെ മുട്ടയിടും എന്നു കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന രായന്‍ പൂവന്റെ ഡിപ്രെഷന്‍ മനസ്സിലാക്കുകയും അതില്‍ നിന്നും മോചിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.


അങ്ങനെ, കോഴിക്കാലു കടിച്ചു പറിച്ച് കളിക്കുന്നതിനിടയില്‍ രായന്‍ അമ്മയെ വിളിച്ചു, "അമ്മാ...കുറച്ചൂടി ചോറു വേണം ..."

Tuesday, December 04, 2007

"എന്നാലും രാധേ"

"ടാ...നീ അവളുടെ നോട്ടം ശ്രദ്ധിച്ചോ..? അവള്‍ക്ക് ഞാന്‍ എസ്.എല്. ആറില്‍ പോകുന്നതു കാണുമ്പോ വല്ലാത്ത നോട്ടമാ...'

സനീഷ് ഇതും പറഞ്ഞ് ഒരു നെടുവീര്‍പ്പിട്ടു.

"ടാ പോടാ...അവളു ട്യൂഷന്‍ കഴിഞ്ഞ് പോകുമ്പൊ എന്റെ വീറ്റിന്നു മുന്നിലെത്തുമ്പൊ നടത്തം പതുക്കെ ആക്കും ...എനിക്കറിയില്ലെ അവളുടെ മനസ്സിലിരിപ്പ്..."ശിവനും വിട്ടു കൊടുത്തില്ല.


ഈ സംഭാഷണം , എന്റെ നാട്ടിലെ കൌമാരത്തിന്റെ ഉറക്കം കെടുത്തിയ "നിറകുടം" നീലിമയെ കുറിച്ചായിരുന്നു. സനീഷും ശിവനും മാത്രമല്ല, നാട്ടിലെ ഒരു വിധപെട്ട, ചോരേം നീരുമുള്ള , അതായത് എട്ടില്‍ പടുക്കുന്ന തെക്കേതിലെ ശ്യാം , ഒന്‍പതില്‍ രണ്ടു തവണ തോറ്റ് ബെന്ച് നിറഞ്ഞു കവിഞ്ഞൊഴുകുന്ന രതീഷ്, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വ്യക്തികള്‍ , രാവിലെ എണീറ്റതിനു ശേഷവും രാത്രി കിടക്കുന്നതിനു മുന്‍പുമായ് ഒരു അന്‍പതു തവണയെങ്കിലും "ചുമ്മാ" നിറകുടമെന്നോ നീലിമയെന്നോ പറഞ്ഞു വന്നു.


അങ്ങനെ കരുമ്പൂക്കോണം ഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവമായ്. മൂന്ന് നാടകം , ഒരു മിമിക്സ്, ഒരു ഡാന്‍സ്. ഇത്രയുമായിരുന്നു പരിപാടി. ഓന്നാം ദിവസത്തെ നാടകം , തിരുവനന്തപുരം ചിലങ്കയുടെ "എന്നാലും രാധേ" എന്ന നാടകമായിരുന്നു. നാടകം തുടങ്ങുമ്പോ ഒരുമിച്ചു കൂടണം എന്ന് പറഞ്ഞു ഞങ്ങല്‍ മൂന്നു പേരും "എണ്ണം " എടുക്കാനായി പോയി. മലയാളി പെണ്‍കുട്ടികളുടെ ഒരു സൌന്ദര്യം ഒന്നു വേറെയാ. ഇങ്ങു കുവൈറ്റില്‍ , എങ്ങോട്ടു തിരിഞ്ഞാലും പര്‍ദ്ദകളെ മാത്രം കാണുമ്പോ, അറിയാതെ പറഞ്ഞു പോകും ..ഈശ്വരാ മരുന്നിനെങ്കിലും ഒന്നിനെ..പ്ളീസ്....ഹാ..അതൊരു കാലം ...ഇനി കഥയിലേക്ക്.


ശിവനും സനീഷും പോയി അധികം കഴിയുന്നതിനു മുന്നെ തിരിച്ച് വന്നു എന്റെ കൂടെ കൂടിയതില്‍ നിന്നും അവന്‍മാര്‍ പോയ ഭാഗത്ത് കളക്ഷന്‍ കുറവായിരുന്നു എന്നെനിക്കു മനസ്സിലായി. നാടകം തുടങ്ങുന്നതിനു മുന്നെ തന്നെ ഞങ്ങള്‍ സ്റ്റേജിനു മുന്നില്‍ എത്തി. അവിടെ കണ്ട കാഴ്‌ച, ആഹാ കയ്യില്‍ പരമ്പും പിടിച്ച് "നിറകുടം നീലിമ" അവളുടെ അമ്മയുടെയും അമ്മൂമ്മയുടെയും അടുത്ത് നില്‍കുന്നു. അവള്‍ക്ക് ഒരു അനിയന്‍ മാത്രേ ഉള്ളു എന്ന വസ്തുത ഞങ്ങളെ ഒത്തിരിയൊന്നുമല്ല വിഷമിപ്പിച്ചത്.


പക്ഷെ അവളുടെ ചുറ്റും കണ്ണോടിച്ച ഞങ്ങള്‍ക്ക് ജീവിതത്തിനോടു തന്നെ പെട്ടെന്ന് നിരാശ തോന്നി.കാരണം അവള്‍ക്ക് ചുറ്റും ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാന്‍ എന്നു പറയുന്നതു പോലെ, "അവളൊന്നിരുന്നിട്ടു വേണം " എന്നും പറഞ്ഞു നില്‍ക്കുന്ന കഴുകന്‍ കണ്ണുകള്‍ . നാടകം തുടങ്ങാറായതും എങ്ങു നിന്ന് എന്നറിയില്ല, കാന്തം ഇരുമ്പു പൊടിയെ വലിച്ചെടുക്കുന്ന പോലെ, നിറകുടത്തിനു പുറകിലും ഇരുവശങ്ങളിലുമായി അവളുടെ ആരാധകര്‍ കയ്യില്‍ പരമ്പും ന്യൂസ് പേപ്പറുകളുമായ് നില്‍ക്കുന്നു.


"ടാ എല്ലാം പോയല്ലോടാ..." എന്ന അര്ഥത്തില്‍ ഞങ്ങള്‍ മൂന്നു പേരും പരസ്പരം നോക്കി. ഇനി ആകെ ഇരിക്കാന്‍ സ്ഥലമുള്ളത് അവളുടെ മുന്നിലാ. ഞങ്ങള്‍ വളരെ മാന്യന്‍മാരായി നിറകുടത്തിന്റെ മുന്നില്‍ ചെന്നിരുന്നു. അന്ചു മിനുട്ട് കഴിഞ്ഞില്ല വിത്ത് ഹെര്‍ മോം അന്ഡ് അമ്മോം , ഞങ്ങളുടെ മുന്നില്‍ വന്നിരുന്നു. എനിക്കു കാര്യം പിടികിട്ടി. പക്ഷെ കുറുക്കന്‍മാരുടെ ഇടയില്‍ നിന്നും അവള്‍ വന്നുകയ്യറിയത് സിംഹക്കൂട്ടിലായിരുന്നെന്ന് പാവം അറിഞ്ഞില്ല.

ശിവന്റെയും സനീഷിന്റെയും മുഖം എനിക്കു കാണാന്‍ പറ്റുന്നതിനു മുന്നെ ലൈറ്റുകള്‍ അണഞ്ഞു.നിറകുടം ഒരു കൈ പിന്നിലേയ്ക്ക് താങ്ങായ് വച്ച് നാടകം ആസ്വദിച്ചു തൂടങ്ങി.പെട്ടെന്ന് ശിവനും സനീഷും മുന്നോട്ടു ആഞ്ഞ് ഇരിക്കുന്നതു കണ്ടു. ഇനിയും അവിടെ ഇരുന്നാല്‍ അടി എപ്പോള്‍ വേണമെങ്കിലും കിട്ടാമെന്ന് എനിക്ക് മനസ്സിലായി. പക്ഷെ പോകാനായ് എണീറ്റാല്‍ പിറകില്‍ നിന്നും തെറി കേള്‍ക്കേണ്ടി വരും . ഞാന്‍ പരമാവധി പിറകിലോട്ട് വലിഞ്ഞിരിക്കാന്‍ നോക്കി, അവന്‍മാര്‍ മുന്നിലോട്ടും . പക്ഷെ എന്തോ, ദൈവം സഹായിച്ച് ഒരു നിലവിളിയൊ ചുറ്റിയോട്ടമോ ഒന്നുമില്ലാതെ "എന്നാലും രാധേ' ഞങ്ങള്‍ അവസാനിപ്പിച്ചു.


തിരിച്ച് വീടുകളിലേയ്ക്ക് പോകുന്നതിനിടയില്‍ ശിവന്റെ ഡയലോഗ്, "അളിയാ...അവള്‍ വളഞ്ഞെടാ...ഞാന്‍ വിചാരിച്ചില്ല, അവള്‍ ഇത്ര പെട്ടെന്നു വീഴുമെന്ന്...ടാ...ഞാന്‍ പതുക്കെ അവളുടെ കയ്യില്‍ തൊട്ടെടാ...അവളൊന്നും മിന്‍ടിയില്ല..."


"ഹഹ...നീ അവളെ തൊട്ടതല്ലെ ഉള്ളു...അവള്‍ എന്നെ പിച്ചുക കൂടി ചെയ്തു...ടാ..അവള്‍ നിനക്കു മാത്രമല്ല എനിക്കു വളഞ്ഞു..." എന്നു സന്ദീപ് പറഞ്ഞു


പെട്ടെന്ന് ശിവന്‍ നടത്തം നിര്‍ത്തി.


ഞാന്‍ പറഞ്ഞു, "ടാ..ശിവാ...പോട്ടെട...ഇതൊക്കെ ഒരു രസമല്ലേ..?" അവന്റെ മുഖത്തെ വിഷമം മാറ്റാന്‍ വേണ്ടി പറഞ്ഞതാണെങ്കിലും അവനു നല്ല വിഷമം .


"ടാ അതല്ല...ഞാനും അവളുടെ കയ്യില്‍ പിച്ചി...അപ്പൊ ആ കൈ ഈ @#$%^&* ന്റെ കയ്യായിരുന്നോ..?"