Monday, July 23, 2007

ഉപ്പന്‍

രണ്ടു ആഴ്‌ച മുന്നെ രാവിലെ എണീറ്റപ്പൊ ഉപ്പന്‍ കരയുന്നതു കേട്ടു...ചെറുതായൊന്നു ഭയന്നു.ഈശ്വരാ..എന്റെതാണൊ ഊഴം ? അല്ല..10 മണിയോടെയാണറിഞത് അപ്പുറത്തെ രാധാക്രിഷ്ണന്‍ മരിച്ചൂന്ന്..പാവം ആയകാലത്തു അദ്ധ്വാനിച്ചു കുട്ടികളെ വളര്‍ത്തി,അതും ഗള്‍ഫിലെ പൊടിക്കാറ്റിലും എരിവെയിലത്തും കിടന്നു കഷ്ടപ്പെട്ട്, പക്ഷെ അവര്‍ക്ക് കിട്ടാനുള്ളതു കിട്ടുകയും പുള്ളി വയസ്സായി അസുഖം വന്നു കിടപ്പിലാകുകയും ചെയ്തതോടെ ആര്‍ക്കും അയാളെ വേണ്ടാതായി. ..ഹ്ഹ്മ്..അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാ..കുടുംബത്തിന്റെ സ്നേഹവും ഇണക്കവും പിണക്കവുമൊക്കെ ആസ്വദിച്ചു തുടങ്ങുന്നതിനു മുന്നെ ഭാര്യയും ഒരേ ഒരു മോളും ആക്സിഡന്റില്‍ പെട്ടു മരിച്ചു...പിന്നെ ആര്‍ക്കു വേണ്ടി സമ്പാദിക്കാന്‍ ..ആര്‍ക്കു വേണ്ടി ജീവിക്കാന്‍ ..?

അന്നു മുതല്‍ തനിച്ചായി ജീവിതം .ഇപ്പൊ ചുരുക്കം ചില ആള്‍ക്കാരെ കൂട്ടായുള്ളു.പാല്‍ കൊണ്ടു വരുന്ന അമ്മൂട്ടി, മരിച്ച രാധാക്രിഷ്‌ണന്‍ അങ്ങനെ ചിലര്‍ . അമ്മൂട്ടിക്കു ഞാന്‍ കൊച്ചപ്പുവാ,രാധാക്രിഷ്‌ണനു ഞാന്‍ രാമേട്ടന്‍ . അങ്ങനെ പലര്‍ക്കും പല പേരില്‍ ...

വീന്ടും അതാ ഉപ്പന്‍ കരയുന്നു..ആ..ഇന്നാരുടേതാണാവൊ...?അപ്പോഴേയ്ക്കും പാല്‍ക്കാരി അമ്മൂന്റെ വിളി കേട്ടു. ഭാഗ്യം ഇനി കുറച്ചു നേരം മിണ്ടാനും പറയാനും ഒരു കൂട്ടായി.

"കൊച്ചപ്പൂ..കൊച്ചപ്പൂ.." അവളുടെ വിളി കേള്‍ക്കാം .

പതുക്കെ എണീക്കട്ടെ..ഓ എന്തൊ എണീക്കാന്‍ പറ്റുന്നില്ല.നാലന്‍ചു തവണ വിളിച്ചിട്ടും എന്നെ കാണാഞ്ഞിട്ടാവണം അവള്‍ പാതി ചാരിയിരുന്ന വാതില്‍ തള്ളി തുറന്നു.

"കൊച്ചപ്പുവെന്താ എണീക്കാത്തെ.."അവള്‍ വീന്ടും വിളിചു.

ഈശ്വരാ കണ്ണു തുറക്കാന്‍ പറ്റുന്നില്ല."പാലവിടെ വച്ചിട്ടു പോ മോളേ" എന്നു പറയണമെന്നുണ്ടെങ്കിലും നാവു പൊങ്ങുന്നില്ല .അവള്‍ കതകു തുറന്നു, എന്റെ അടുത്തു വന്നു, എന്നെ തുറിച്ചു നോക്കി നിന്നു, പിന്നെ ഓടിപ്പോയി.ദാ അപ്പുറത്തെ സാലിയും രാഘവനും ഓടി എന്റെ മുറിയിലേക്കു വരുന്നു.എനിക്കെന്നിട്ടും കണ്ണു തുറക്കാന്‍ പറ്റുന്നില്ല. നിങ്ങളെന്താ ഈ വഴിക്കെന്നു ചോദിക്കാന്‍ നാവു പൊങ്ങുന്നില്ല. അവര്‍ക്കിരിക്കാന്‍ മൂലയില്‍ കിടക്കുന്ന കസേര ചൂണ്ടി കാണിക്കാന്‍ കൈ പൊങ്ങുന്നില്ല.പക്ഷെ അവര്‍ക്കിരിക്കണ്ട എന്നു അവരുടെ വെപ്രാളം കണ്ടപ്പൊ മനസ്സിലായി. എന്താ എന്തു പറ്റിയെന്നു ചോദിക്കാനുള്ള ശ്രമവും വെറുതെയായി.

സാലി എന്റെ കൈ പിടിച്ചു നോക്കി.പിന്നെയും രന്ടു മൂന്നു പേര്‍ വന്നു.എല്ലാരും കൂടി എന്റെ ചുറ്റും വന്നു നിന്നു, കിടക്കയില്‍ നിന്നും എന്നെ പൊക്കി നിലത്ത് ആരോ വിരിച്ചിരുന്ന ഒരു വെള്ള തുണിയില്‍ കിടത്തി.ആരോ തലക്കല്‍ വിളക്കു കത്തിച്ചു വച്ചു.

വെള്ളത്തുണിയും തലയ്ക്കല്‍ വിളക്കുമൊക്കെ അന്നു രാധാക്രിഷ്ണന്‍ മരിച്ചപ്പോഴും കണ്ടതല്ലെ...?

ഞാന്‍ കണ്ണു തുറക്കാന്‍ ആവതു ശ്രമിച്ചു, ഒന്നു മിണ്ടാനും .

ഉപ്പന്‍ അപ്പോഴും കരയുന്നുണ്ടായിരുന്നു.

ഡോക്‌ടറോട് ചോദിക്കാം

മാനസികോല്ലാസത്തിനു പലരും അവലംബിക്കുന്ന മാര്‍ഗ്ഗം പലതാണല്ലൊ. ചിലര്‍ക്ക് ചാറ്റിംഗ്, ചിലര്‍ക്ക്ഫോണ്‍ ഇന്‍ പ്രോഗ്രാം . മറ്റു ചിലര്‍ക്ക് വായന..അതായത് ആഴ്‌ചയിലൊരിക്കല്‍ സിറ്റിയില്‍ പോയാല്‍ അവിടെയുള്ള എല്ലാ വാരികകളും വാങ്ങി കൊണ്ട് വന്ന് വായിക്കും .

കാശും സമയവും മിനക്കെടുത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്നതെന്താ?അരയന്നങ്ങളിലെ റോസ് മേരിയും സായംസന്ധ്യയിലെ സുമാ മേനൊനും ഒക്കെയല്ലെ..ഇനി അഥവ ഇടക്കു വച്ചാണു ഈ വായനാ ശീലം തുടങ്ങുന്നതെങ്കിലും പേടിക്കണ്ട, അതിനല്ലെ "കഥ ഇതു വരെ".

ഇങ്ങനെ തികച്ചും വായനാ ശീലത്തിനു അടിമയായ ഒരു വ്യക്തിയായിരുന്നു ഞങ്ങളുടെ കൂടെ വൈകുന്നേരങ്ങളില്‍ ബസില്‍ വന്നിരുന്ന മധു ചേട്ടന്‍ .വായനശീലം തലയ്ക്കുപിടിച്ച് ഒടുവില്‍ ജോലിക്കു പോകുമ്പോഴും വരുമ്പോഴും തന്റെ ബാഗില്‍ വനിത, ഗ്രഹലക്‌ഷ്മി, മംഗളം , മനോരമതുടങ്ങി എല്ലാ വിധ മാനസികോല്ലാസ ഉപകരണങ്ങളും വയ്ക്കും . അര മണിക്കൂര്‍ അങ്ങോട്ടും അര മണിക്കൂര്ഇങ്ങോട്ടുമുള്ള യത്രയില്‍ പുള്ളിക്കാരന്‍ വായിച്ചു തള്ളുന്നതു കാണാം .

വായിക്കുന്നതു നമുക്ക് താല്‍പര്യമുള്ളകാര്യമാണോ എന്നറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. ഒന്നുകില്‍ മനോരമയില്‍ വരച്ചിരിക്കുന്ന പടം നോക്കും , അല്ലെങ്കില്‍ അതിനു മുകളില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന സംഭാഷണം നോക്കും .ഉദാഹരണത്തിനു ഒരു ഈറന്‍ മുണ്ടുടുത്തഒരു പെണ്ണു, അവളെ നോക്കി ആവേശത്തിന്റെ കൊടുമുടി കയറുന്ന ഒരുത്തന്‍ , ഇതാണു പടമെങ്കില്‍ സാധ്യത ഫിഫ്റ്റി ഫിഫ്റ്റി.ഇനി ഒരല്‍പം മുകളിലേയ്ക്ക് നോക്കിയാല്‍ സംഭാഷണം ഒരു വട്ടത്തില്‍ കാണാം . "ഏട്ടനെന്താ ഇങ്ങനെ നോക്കുന്നെ"എന്നു ആ പെണ്ണു പറഞ്ഞിട്ടുണ്ടെങ്കില്‍ ധൈര്യമായി വായിച്ചു തുടങ്ങാം .

അന്നൊരു സണ്‍ ഡേ ആയിരുന്നു, അന്നു കുവൈറ്റ് അവധിയായിരുന്നു(ചുമ്മാ). ഞങ്ങളൂടെ ബസ് അവാര്‍ഡ് ഫിലിം പോലെ നിശബ്‌ദം . അപ്പോഴാണു ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരി കൊളുത്തിക്കൊണ്ട് മധു ചേട്ടന്‍ ബസിലേയ്ക്ക് കയറിയത്. വന്ന പാടെ പുള്ളി ഒരു മൂലയില്‍ ഇരുന്നു. പതിവു പോലെ ബാഗു തുറന്നു,മനോരമയും മംഗളവും എല്ലാം നാലന്ചെണ്ണം വീതം എടുത്ത് വെളിയില്‍ വച്ചു. എന്നിട്ടു ഏതാ വായിക്കാത്തത് എന്നു തിരഞ്ഞു.ഒടുവില്‍ അതിലൊരെണ്ണം എടുത്തു, തല പുക്ച്ചു തുടങ്ങി.പുള്ളിയുടെ അടുത്തിരിക്കുന്ന ഒരു കെട്ടു മനോരമയും മംഗളവുമൊക്കെ കണ്ടപ്പോള്‍ ഞങ്ങളുടെ വായില്‍ വെള്ളമൂറി. രെന്ചിത്ത് അതിലൊരെണ്ണം എടുത്തു.

" മുഴുവനും എടുത്തോ..ഞാന്‍ വായിച്ചതാ..." എന്ന് മധു ചേട്ടന്.

കേള്‍ക്കേണ്ട താമസം ജെറികളെ കണ്ട ടോമന്‍മാരെ പോലെ ഞങ്ങള്‍ ചാടി വീണു.

എനിക്കും കിട്ടി ഒരു മംഗളം .

അങ്ങനെ ഐശ്വര്യമായി പേജുകള്‍ മറിച്ചു തുടങ്ങി. എല്ലാത്തിന്റെയും "കഥ ഇതുവരെ" വായിച്ചു, പടം നോക്കി,പ്രതീക്ഷക്കു വകയില്ലഎന്നു കണ്ടപ്പൊ പതുക്കെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പംക്തിയായ "ഡോക്‌ടറോടു ചോദിക്കാം " നോക്കി."ഡോക്‌ടര്‍ ഞാന്‍ 32 വയസ്സുള്ള യുവതിയാണു..." ഇങ്ങനെ പോയ കത്ത് വായിച്ചു തീരുന്നതിനു മുന്നെ ബസ്ബ്ളോക്കിലെത്തി.

"എല്ലാം ഇങ്ങെടുത്തെ..ബാക്കി നാളെ വായിക്കാം ട്ടാ.." മധു ചേട്ടന്‍ എല്ലാരില്‍ നിന്നും മംഗളവും മനോരമയുമെല്ലാം തിരിച്ചു വാങ്ങി.

പിറ്റേ ദിവസം മധു ചേട്ടന്‍ ഞങ്ങളുടെ ബസ് തേടി പിടിച്ച് കയറി. മുഖത്ത് നല്ല ദേഷ്യം .

"ഏവനാടാ ഇന്നലെ ആ പന്ത്റണ്ടെണ്ണത്തീന്നും "ഡോക്‌ടറൊടു ചോദിക്കാം " മാത്രം കീറിയെടുത്തത്, ഞാന്‍ റൂമില്‍ ചെന്ന്ആ പേജ് തപ്പാന്‍ ഇനി ഒരിടമില്ല.."

ഞങ്ങളെല്ലാവരും പരസ്പരം നോക്കി, അമ്പടാ അപ്പൊ നീയാണല്ലെ എന്ന ഭാവം ഞാനുള്‍പ്പടെ എല്ലാ പേരുടെയും മുഖത്ത്.

ഉടനെ പുറകില്‍ നിന്നും ആരോ ചോദിച്ചു,

"അതേ, ചേട്ടനിത്രയും വയസ്സായില്ലെ..ഇനി ഡോക്‌ടറോടൊന്നും ചോദിച്ചിട്ടൊന്നും ഒരു കാര്യവുമില്ല..."

Saturday, July 21, 2007

കുവൈത്തി കൊതുക്

കുവൈറ്റില്‍ വന്നതിനു ശേഷം എന്നെ അതിശയിപ്പിച്ച കുറച്ചു കാര്യങ്ങളിലൊന്ന് ഇവിടെ കൊതുകും ഉറുമ്പും ഒന്നും ഇല്ല എന്നുള്ളതായിരുന്നു.കാരണം മരുന്നിനു പോലും ഒരുറുമ്പിനെയോ കൊതുകിനെയോ കാണാന്‍ കിട്ടില്ല. നമ്മുടെ നാട്ടില്‍ കൊതുകു കാരണം എത്ര ആള്‍കാരാ മരിക്കുന്നത്. മിനിമം ഒരു നാലന്ചു കൊതുകുകടിയെങ്കിലും കൊള്ളാതെ ഉറങ്ങാന്‍ പറ്റാത്ത അവസ്ത്ഥയാണവിടെ..?ഇനിയൊരു കൊതുകു കടി കൊള്ളണമെങ്കില്‍ അടുത്ത വെക്കേഷന്‍ വരെ കാത്തിരിക്കണം .

ഉടനെ ഫോണെടുത്ത് സാബുവിനെ വിളിച്ചു.

"ടാ കയ്യില്‍ സിനിമ വല്ലതുമുണ്ടേല്‍ കൊണ്ടുവാ.."

അല്‍പ സമയം കഴിഞ്ഞപ്പൊ സാബു വന്നു . കയ്യില്‍ കയ്യൊപ്പിന്റെയും മയാവിയുടെയും സി ഡികള്‍ . ഞാന്‍ അവനും എനിക്കും ചായ ഇട്ടു.

ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നു ചെവിയില്‍ ഒരു മൂളല്‍ . നൂറായുസ്സാ, ദേ ഒരു കൊതുക്.

ഞാന്‍ ഉച്ചത്തില്‍ സാബുവിനോടു പറഞ്ഞു.

"ടാ..അപ്പൊ ഇവിടെം കൊതുക് ഉണ്ടല്ലേ...?"

അവനും ഞാനും കൊതുകു പറക്കുന്നതും ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് പറഞ്ഞു വച്ചതു പോലെ അതിന്റെ മൂളല്‍ നിന്നു.അതെവിടെയൊ പറ്റി പിടിച്ചു എന്നെന്നിക്കു മനസ്സിലായി. എന്റെ കയ്യില്‍ സൂചി കുത്തുന്ന വേദന വന്നപ്പോഴാണു എന്റെ കയ്യിലാണതു ഒട്ടിയതെന്നു മനസ്സിലായത്. തരിക്കുന്ന വേദന.

ഞാന്‍ പതുക്കെ കൈ ഉയര്‍ത്തി.കണ്നിനു നേരെ കൈ പിടിച്ചു. ഇപ്പൊ കൊതുകും എന്റെ കണ്ണുകളും സമാന്തരം .അതിന്റെ കുഞ്ഞു വയര്‍ മെല്ലെ ചുവപ്പാകുന്നത് എനിക്കു കാണാം .അതു വീര്‍ത്തു പൊട്ടാറായെന്നു തോന്നുന്നു, മെല്ലെ അത് പറന്നുയരാനുള്ള ശ്രമം നടത്തി.ഭാരം കാരണം വളരെ പെട്ടെന്ന് അതു താഴെ ലാണ്ട് ചെയ്തു. വീണ്ടും ഒരു വിധം തട്ടീം മുട്ടീം നിലം പറ്റി പറന്നു പോയി.

"വട്ടാണല്ലെ...?"

സാബു ചോദിച്ചു. ഉത്തരം വെറുതെ ഒരു ചിരിയിലൊതുക്കി.

പാവം ഇനിയെന്നാ അതിനാരെയെങ്കിലും ഇതുപോലൊന്നു കിട്ടുക.

Friday, July 20, 2007

വിനാശകാലേ വിപരീത ബുദ്ധി

പോളി ടെക്‌നിക്കില്‍ 3 വര്‍ഷം പഠിച്ചതുകൊണ്ടുള്ള ഒരേ ഒരു നേട്ടം എന്നു പറയുന്നത് നല്ലതു പോലെ കുഴികുഴിക്കാനും ചെടി നടാനും വെള്ളം ഒഴിക്കാനും അതു പശു കടിച്ചു പറിച്ചു തിന്നുമ്പോള്‍ പശുവിന്റെ തന്തയേം തള്ളയേം തെറി വിളിക്കാനും പഠിച്ചു എന്നതാകുന്നു. എങ്ങനെ ഇതൊക്കെ പഠിച്ചു എന്നു ചോദിച്ചാല്‍ കേരളത്തിലെ മിക്ക കോളേജുകളിലും പോളി ടെക്നിക്കുകളിലും അതാത് പന്‍ചായത്തിന്റെയും കോര്‍പ്പറേഷന്റെയും എല്ലാ വിധ ഒത്താശയോടും കൂടി പ്രവര്‍ത്തിക്കുന്നഒരു പരോപകാര സംഘമാണു എന്‍.എസ്.എസ്. ചുമ്മ റോഡ് വെട്ടാനും കുളം വറ്റിക്കാനും പുല്ലു പറിക്കാനും കൊതുകിനെ അടിക്കാനും കണ്‍വെട്ടത്തുള്ള കടകളില്‍ നിന്നും ബണ്ണും നാരങ്ങ വെള്ളവും ഗളഗളാന്നു കുടിച്ച് ഏമ്പക്കം വിടാനും നമ്മുടെ നാട്ടില്‍ എന്‍.എസ്.എസ് അംഗങ്ങളല്ലാതെ ആരാ ഉള്ളത്.

ആദ്യത്തെ വര്‍ഷം തന്നെ സമൂഹ്യ സേവനം എന്നു പറഞ്ഞാല്‍ രക്‌തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും നാടിനെ സേവിക്കാത്തവന്‍ മൊണ്ണനും വ്രിത്തികെട്ടവനുമാണെന്ന് വിചാരിച്ചാണു എന്റെ ക്ളാസ്സിലെ ദേവിയും അഖിലയും സുമയുമൊക്കെ എന്.എസ്.എസില്‍ ചേര്‍ന്നതിനു പിന്നാലെ ഈയുള്ളവനും കൂടെ സമൂഹ്യസേവനം ദിവസവും കിടക്കുന്നതിനു മുന്നെ ഓരോ പൈന്റായി അടിച്ചിരുന്ന ഉണ്ണിയും രാജ് മോഹനുമൊക്കെ ചേര്‍ന്നത്.

വീട്ടില്‍ ഒരു തേങ്ങ പൊതിക്കാന്‍ പറഞ്ഞാല്‍ "അമ്മക്കെന്താ പൊതിച്ചാല്‍ ഇതൊക്കെ ഓരോ അമ്മയുടേം അവകാശാ..അതില്‍ തൊട്ടുകളിക്കാന്‍ എന്നെ കിട്ടില്ല" എന്നു പറഞ്ഞു തടിയൂരും .അമ്മയുടെ അനുഗ്രഹമാണെന്നു തോന്നുന്നു, എന്‍.എസ്.എസ് ചേര്‍ന്നു മൂന്നാം ദിവസം തന്നെ കോളേജ് പറമ്പ് മുഴുവന്‍ കിളക്കുവാനുള്ള ഭാഗ്യം എനിക്കും കിട്ടി.

അണ്ണാന്‍ കുഞ്ഞിനെ മരം കേറാന്‍ പടിപ്പിക്കുന്നൊ..? പിന്നീടുള്ള എല്ലാ വെട്ടിനിരത്തലുകള്‍ക്കും ഞാന്‍ ഒന്നുകില്‍ കയ്യില്‍ ബാന്‍ഡേജ്, അല്ലെങ്കില്‍ കാലില്‍ , ഈ രീതിയിലാണു വന്നിരുന്നത്. അവസാനം വയ്യെങ്കില്‍ നീ വരണ്ട എന്നു പറഞ്ഞതു കൊണ്ടും സുമയും ദേവിയുമൊക്കെ ആഞാഞ്ഞു കിളയ്ക്കുന്നതു കാണാതിരിക്കാന്‍ വയ്യാഞ്ഞതുകൊണ്ടും മാത്രം ഞാന്‍ ആ പരിപാടി ഉപേക്‌ഷിച്ചു.

ഒടുവില്‍ സുമയും ദേവിയുമൊക്കെ കിളയലൊക്കെ നിര്‍ത്തി നട്ട ചെടികള്‍ക്ക് വെള്ളമൊഴിച്ചു തുടങ്ങിയതോടെ എന്റെ പോളി ജീവിതം തീര്‍ത്തും വിരസമായി.

അങ്ങനെ ഒരു ദിവസം എന്.എസ്.എസിന്റെ ഒരു ആള്‍ കേരള ക്യാമ്പ് ഞങ്ങളുടെ കോളേജില്‍ വച്ചു നടക്കുന്നു എന്ന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു.എഴുപത്തന്ച് കുട്ടികള്‍ ഉന്ടാകും . അതില്‍ നമുക്കാവശ്യമുള്ളത് മുപ്പത്, ഇല്ലാത്തത് നാല്‍പത്തന്ച്. അതായ്ത മുപ്പത് പെണ്‍കുട്ടികളും നാല്‍പത്തന്ച് ആണ്‍കുട്ടുകളൂം .പിന്നീടുള്ള കുഴി കുത്തലുകളില്‍ എല്ലാരും എടുക്കുന്ന കുഴിയെക്കാളും നാലന്ചെണ്ണം കൂടുതല്‍ ഞാന്‍ എടുത്തു തുടങ്ങി. എങ്ങനെയും കാമ്പില്‍ വോളന്റിയര്‍ ആകാന്‍ പറ്റണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. അതീശ്വരന്‍ കേട്ടു. അങ്ങനെ ഹോസ്റ്റ് ടീമില്‍ എനിക്കും കിട്ടി സ്ഥാനം .

ഇനിയാണു കഥയിലേയ്ക്ക് ഞാന്‍ വരാന്‍ പോകുന്നത്. ഒരാഴ്ചത്തെ ക്യാമ്പാണെന്നും ആരെക്കൊണ്ടും ഒരു കുറ്റവും പറയിക്കാതെ നോക്കണമെന്നും വേലപ്പന്‍ സാറിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നത് കൊണ്ട് കോഴിക്കോടി നന്ദിതയും കോട്ടയംകാരി ആശ ജോസഫുമൊക്കെ നോക്കി ചിരിച്ചപ്പൊ ഒരു വലിയ നെടുവീര്‍പ്പില്‍ എന്റെ വികാരം ഒതുക്കേണ്ടി വന്നു.


രാവിലെ പി ടി സമയത്ത് ചുള്ളി കമ്പിലെ കുരുവിക്കാഷ്‌ട്ടം മാതിരിയുള്ള മസിലൊന്നും കാണിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്ന് എനിക്കും ഉണ്ണിക്കുമൊക്കെ മനസ്സിലായി. ഇതിനിടയില്‍ തെലുങ്കിലെ അനുഷ്‌ക്കയെ കണ്ടപ്പോല്‍ കാവ്യയെ മറന്ന ദിലീപിനേം ജയസൂര്യയേം പോലെയായി ഞങ്ങളുടെ അവസ്ഥ. കാരണം സുമയും ദേവിയുമൊന്നും ഇപ്പൊ കണ്ടാല്‍ ഒരു പിണക്കവും പരിഭവവും പോലെ.ആ പോകാന്‍ പറ.

അങ്ങനെ ക്യാമ്പിലെ അവസാന ദിവസവും വന്നെത്തി. ഇന്നെങ്കിലും എന്തെങ്കിലും നമ്പര്‍ ഇറക്കി ഷൈന്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കക്ഷത്തിലിരുന്നതും പോകും , ഉത്തരത്തിലുള്ളതും പോകും . അങ്ങനെ ഉച്ചയൂണൊക്കെ കഴിഞ്ഞ് എല്ലാരും ക്യാമ്പില്‍ വിശ്രമിക്കുന്നതിനിടയില്‍ കുറെ ലോക്കല്‍ പിള്ളേര്‍ ഗ്രൌണ്ടില്‍ ക്രിക്കറ്റ്കളിക്കാന്‍ വന്നു. അവര്‍ അവിടെ സ്റ്റമ്പ് കുത്തി കളി തുടങ്ങി.എല്ലാം നിക്കറു പരുവത്തിലൂള്ള പിള്ളേര്‍ . ആണും പെണ്ണും ഉള്‍പ്പെടെ എല്ലാരുടെയും ശ്രദ്ധ കളിയിലായി. ഞാന്‍ പതുക്കെ ആശയേം നന്ദിതയേമൊക്കെ ഒളിക്കണ്ണിട്ടു നോക്കി.അവളുമാരു ശരിക്കും ത്രില്ലടിച്ചിരിക്കുന്നു, ഈ കൊച്ചു പയ്യന്‍മാരുടെ കളികണ്ട്. ചുവരില്‍ കൂടി സ്പൈഡര്‍ മാനെ പോലെ കയറി പോകുന്ന സലിം കുമാറിനെ നോക്കി ഇനി എന്തു ചെയ്യും എന്നാലോചിച്ചിരിക്കുന്ന ദിലീപിനെ പോലെയായി അപ്പോള്‍ ഞങ്ങളുടെ അവസ്ഥ.

ഹോ, എനിക്കൊത്തിരി വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല, അതിനു മുന്നെ ഉണ്ണി അവന്റെ ബുദ്ധി ഉപയോഗിച്ചു.


നമുക്കും കളിക്കാം , ക്രിക്കറ്റ്.ഞങ്ങളെല്ലാരും കൂടി ഗ്രൌണ്ടിലേയ്ക്ക് നടന്നു. അപ്പോഴേക്കും അവിടെ കളിച്ചുകൊണ്ടിരുന്ന നരിന്തുകളില്‍ ഒരുത്തന്‍ ഓടി വന്നു.

"അണ്ണാ മാച്ച് കളിക്കുന്നോ.."

ഞങ്ങള്‍ പുച്ചത്തോടെ പരസ്‌പരം നോക്കി.പൂടാ, പൂടാ, തരത്തിനു പോയി കളിയെടാ, എന്നു പറയാന്‍ തുടങ്ങുന്നതിനു മുന്നെ ഉണ്ണി പറഞ്ഞു,

"ഓ കെ നിങ്ങള്‍ എത്ര പേരാ...ഫസ്റ്റ് ബാറ്റിങ്ങ് ഞങ്ങള്‍ക്കു തന്നാല്‍ കളിക്കാം ..."

അവന്റെ ഉദ്ധേശം എനിക്കു മനസ്സിലായി. ഈ പാവപ്പെട്ട പിള്ളേരെ എടുത്തിട്ടലക്കി റോള്‍ എടുക്കാനായിരിക്കും . നീ ഒരു മനുഷ്യനാണോടാ..നിനക്കും ഇല്ലേടാ സ്റ്റമ്പും ബാറ്റുമൊക്കെ, എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവനെ നോക്കി.

"ശരി സമ്മതിച്ചു..ടാ അണ്ണന്‍മാര്‍ക്ക് ബാറ്റിങ്ങാ.." എന്നു ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടവന്‍ ഓടി.

അങ്ങനെ ഞങ്ങള്‍ കളി തുടങ്ങി. ഓപ്പണിങ്ങ് ഞാനും ഉണ്ണിയും .കളിയുടെ രണ്ടാമത്തെ ബോള്‍ തന്നെ ഫോറടിച്ച ഉണ്ണി, അതു കഴിഞ്ഞു ഗ്യാലറിയിലേയ്ക്ക് ഒരു നോട്ടം നോക്കി.എന്റെ ചങ്കു കത്തി പോയി, ആശാ ജോസഫും നന്ദിതയുമൊക്കെ കയ്യടിക്കുന്നു.

"ടാ ഒരു സിങ്കിള്‍ എടുത്തു താടാ.."

ഞാന്‍ മൂട്ടില്‍ തീ പിടിച്ചുകൊണ്ട് പറഞ്ഞു.

എന്റെ ഉദ്ധേശം അവനു മനസ്സിലായില്ല എന്നു തോനുന്നു, അവന്‍ സിങ്കിള്‍ എടുത്തു.അടുത്ത രണ്ട് ബോളും ഫോറടിച്ചു ഞാന്‍ എന്റെ സാനിധ്യം അറിയിച്ചു.ഗ്യാലറിയിലോട്ടു നോക്കിയ ഞാന്‍ പുളകിതനായി, കരഘോഷം .അടുത്ത ബോള്‍ സിങ്കിളിനായി അടിച്ചെങ്കിലും ആ കാലമാടന്‍ ഉണ്ണി ഓടിയില്ല. അങ്ങനെ രണ്ടാമത്തെ ഓവറില്‍ ബാറ്റു ചെയ്യുന്നതവന്‍ . ഒരു കൊച്ചു പയ്യന്‍ വലിയ റണ്ണപ്പൊന്നുമില്ലാതെ വന്നു വെറുതെ കയ്യൊന്നു കറക്കുന്നതു മാത്രെ ഞാന്‍ കണ്ടുല്ള്ളു, ഉണ്ണിയുടെ ലെഗ് സ്റ്റമ്പ് കാണുന്നില്ല. ഗ്യാലറിയില്‍ നിശബ്ദദ.ഉണ്ണി പതുക്കെ ബാറ്റ് തറയില്‍ വച്ച് അടുത്തുള്ള മരത്തിന്റെ കീഴെ പോയിരുന്നു.കാരണം ഗ്യാലറിയില്‍ നിന്നും വളരെ അകലെയാണാ മരം. രണ്ടാമതു വന്ന പ്രഷോഭിനു ബോളു കാണാന്‍ പറ്റിയില്ലെങ്കിലും ബാറ്റില്‍ കൊള്ളിച്ചു. എന്നീട്ടു സിങ്കിളിനായി ഒരോട്ടം . ഓടാതിരിക്കാന്‍ പറ്റില്ലല്ലൊ. അടുത്ത ബോള്‍ എന്റെ നേരെ വന്നതു പോലും കാണാനുള്ള സമയം എനിക്കു കിട്ടിയില്ല.പക്ഷെ കോണ്ടതെവിടെയാണെന്നറിയാന്‍ ഒരു സെക്കണ്ട് പോലും വേണ്ടി വന്നില്ല.ക്രിത്യം എന്റെ മര്‍മ്മത്തു തന്നെ. കണ്ണാണോ പുകഞ്ഞത്, അതോ...എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ കോമയിലേയ്ക്ക് വഴുതി വീഴുമോ എന്ന് തോന്നി പോയി.വളരെ അവ്യക്തമായി ഗ്യാലറിയില്‍ നോക്കി. അവളുമാരു ചിരിക്കുന്നു, കണ്ണില്‍ ചോര ഇല്ലാത്തവളുമാര്‍ .ആരോ ഓടി വന്ന് താങ്ങി പിടിച്ച് മരത്തിന്റെ കീഴെ കൊണ്ടു പോയി ഇരുത്തി. എന്റെ ഭാവി കുളമായോ ആയില്ലേ എന്നറിയാതെ എഴിക്കാനും വയ്യ എഴിച്ചാല്‍ നടക്കാനും വയ്യ എന്ന അവസ്ഥയിലിരിക്കുമ്പോ തോനുന്ന ഒരു പ്രത്യേക തരത്തിലുള്ള ഉള്‍വിളി എനിക്കുമുണ്ടായി. അതായത്, "വേണ്ടിയിരുന്നില്ല" എന്ന്.

"അളിയാ..കലങ്ങിയല്ലേ..ഞാന്‍ നേരത്തെ ഔട്ടായതു ഭാഗ്യം ...ആ കാലമാടന്‍ എന്നാ എറിയാ"

"ങു ങു ഉം .." ഒന്നു മൂളാനെ എനിക്കു കഴിഞുള്ളു.

ഇതിപ്പൊ അഭിമാനത്തിന്റെ പ്രശ്നമായി. ഒരോവര്‍ കൂടി കഴിഞ്ഞപ്പൊ ഒരു പ്രത്യേക ആങ്കിളില്‍ കുണ്ടിയില്‍ വെടികൊണ്ട ശ്രീനിയെപോലെ നടന്ന് ഞാന്‍ വീണ്ടും ക്രീസിലെത്തി. ബൈ റണ്ണര്‍ വച്ചു. അങ്ങനെ എല്ലാരും കൂടി ആ നരിന്ത് പിള്ളേരുടെ വെടിയുണ്ട പോലെ വരുന്ന ബോളുകള്‍ ശരീരത്തു കൊള്ളാതെ തടഞ്ഞതുകൊണ്ടു മാത്രം 12 ഓവറില്‍ ഞങ്ങള്‍ 85 റണ്സടിച്ചു.

ഇടവേള സമയത്ത് എനിക്കു രാജകീയ പരിവേഷമായിരുന്നു.

കണ്ടോടീ ചേട്ടന്റെ ആത്മാര്‍ത്ഥത, എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവളുമാരെ ഒന്നു നോക്കി.എന്നിട്ടു എല്ലാരും കേള്‍ക്കെ ഉറക്കെ പറഞ്ഞു.

"ഡെയ്, ഫസ്റ്റ് ഓവര്‍ ഞാന്‍ എറിഞ്ഞോളാം ..."

അങ്ങനെ ബാറ്റു പിടിക്കാന്‍ പോലും ശേഷിയില്ല എന്നു തോന്നിപ്പിക്കുക മാത്രം ചെയ്യുന്ന ഒരുത്തന്റെ നേരെ, ഞാന്‍ എന്റെ സകല നാഡീ ഞരമ്പുകളും മുറുക്കി, കൊടുത്തു ഒരെണ്ണം . പക്ഷെ, അവന്‍ കൊടുത്തതാ ശെരിക്കും കൊണ്ടത്. ഒരു പടുകൂറ്റന്‍ സിക്സ്.

പന്തു സിക്സിനു പറക്കുന്നതു കണ്ടപ്പോഴേ ഞാന്‍ കുനിഞ്ഞെന്റെ കാലില്‍ പിടിച്ചു, വേദനിക്കുന്നതു പോലെ ഇരുന്നു. പുല്ല്..ഇവനൊക്കെ ഏത് റേഷനാടാ..നാറിയില്ലേ ഈശ്വര...ഗാലറിയിലോട്ടു നോക്കുന്നതിലും നല്ലതു തൂങ്ങി ചാവുന്നതാണു. ഏതോ കാട്ടിന്റെ ഇടയില്‍ നിന്നും ബോളു എന്റെ കയ്യില്‍ തിരിച്ചെത്തി.പാവം ശെരിക്കും വേദനിച്ചു കാണും .

പിന്നെ നടന്നതിങ്ങനെ:
രണ്ടാമത്ത ബോള്‍ : ഫോറ്

മൂന്നാമത്തേത് : മൂന്ന്
നാലാമത്തേത് : രണ്ട്
അന്ചാമ്ത്തേത് : സിങ്കിള്‍
ആറാമത്തേത് : ഒരു പടുകൂറ്റന്‍ സിക്സ്

ബാറ്റു ചെയ്യുന്നവനു ഇത്രയും അടിച്ചതിന്റെ ഒരു അഹങ്കാരവുമില്ല. ഞാന്‍ പതുക്കെ പഴയ നമ്പര്‍ ഇറക്കി. നേരത്തെ ഏറ് കിട്ടിയത് വീണ്ടും സീരിയസ് ആക്കി. കഥ ഇങ്ങനെ മാറി. വാക്കല്ലാതെ ഏറ് കൊണ്ടതു കൊണ്ടാണു ബോളിങ്ങ് മോശമായത്. ഇല്ലെങ്കില്‍ ഇപ്പൊ കാണാമായിരുന്നു.

മുക്കിയും മൂളിയും ഞങ്ങള്‍ പന്ത്രണ്ടോവറില്‍ അടിച്ചെടുത 85 റണ്സ് അവന്‍മാര്‍ ചീളു പോലെ 9 ഓവറില്‍ അടിച്ചെടുത്തു. ഭാഗ്യം ഞാന്‍ ഒരോവര്‍ മാത്രെഎറിഞ്ഞുള്ളു.

കളിയും തോറ്റ് , മാനവും പോയി തിരിച്ച് ക്യാമ്പിലേയ്ക്ക് നടന്ന ഞങ്ങളുടെ മനസ്സ് നിറയെ അവളുമാരുടെ ആക്കിയ ചിരിയായിരുന്നു.

പക്ഷെ എന്നെ അലട്ടിയത് മറ്റൊന്നായിരുന്നു. നമ്മുടെ ഭാവി നമ്മുടെ കയ്യില്‍ പോലും സുരക്ഷിതമല്ല എന്ന് എനിക്കന്നു മനസ്സിലായി.

വിനാശകാലേ വിപരീത ബുദ്ധി.

Monday, July 16, 2007

വാസുവിന്റെ പൊക്കം

വാസു. അവന്റെ അമ്മ വാസ്വേന്നും അച്ചന്‍ ടാ വാസു എന്നും അനിയന്‍ വാസുച്ചേട്ടോന്നും വിളിക്കുന്ന വാസു. ക്രിക്കറ്റ് കളിയില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടവന്‍ വാസു.ആദ്യം ബൌള്‍ ചെയ്യേണ്ടവന്‍ വാസു.വീട്ടില്‍ മുട്ട പൊരിച്ചാല്‍ വലിയ പീസ് കിട്ടേണ്ടവന്‍ വാസു.ടീ വീ കാണുമ്പോള്‍ ആദ്യത്തെ സീന്‍ താന്‍ തന്നെ കാണനം എന്നു കരുതി ഏറ്റവും മുന്നില്‍ ഇരിക്കുന്നവന്‍ വാസു.ഇങ്ങനെ വീട്ടിലും നാട്ടിലും രാജാവായി വാണിരുന്ന വാസുവിനു ഒരു സ്വകാര്യ് ദുഖമേ ഉണ്ടായിരുന്നുല്ലു.പൊക്കമില്ല.

സംഗതി താന്‍ ഒന്‍പതാം ക്ളാസ്സില്‍ ആണു പഠിക്കുന്നതെങ്കിലും സ്വന്തം ശരീരം അതംഗീകരിക്കുന്നില്ല എന്നാ അവന്റെ പരാതി. അതിപ്പോഴും നാലാം ക്ളാസ്സിലേതു പോലാ.

ഈ വാസു പൊക്കം വയ്ക്കാന്‍ വേണ്ടി പടിച്ച പണി പതിനെട്ടും നോക്കി. അവന്റമ്മക്കും അച്ചനും അനിയനും കൂടിയുള്ള ഭക്ഷണം ഒരുമിച്ചു കഴിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടായിരുന്നു. വീതി കൂടുതല്ലാതെ നീളിക്കുന്നില്ല എന്നു കണ്ട അവന്‍ അതു നിര്‍ത്തി.

ഇങ്ങനെ ആകെ അപ് സെറ്റായിഅവന്റെ ക്ളാസ്സിലെ ദിവ്യയുടെ അത്രയെങ്കിലും പൊക്കം തരണമേ എന്നു പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ അവന്‍ എന്റെ സ്വന്തം ചേട്ടന്റെ മുന്നില്‍ ചെന്നു പെട്ടു.എന്റെ ചേട്ടച്ചാര്‍ക്കു ആറടി പൊക്കമുണ്ട്. ഒന്നു വലിച്ചാല്‍ എന്തെങ്കിലും ടിപ്‌സ് തടഞ്ഞേയ്ക്കും എന്നു കരുതിയിട്ടാവണം അവന്‍ ചേട്ടനെ നോക്കി ചിരിച്ചു.

"എന്താടാ വാസു..ഇന്നു സ്കൂളില്ലെ..?"

"ഇന്നവധിയാ...ദീപു ചേട്ടാ..അതെ...ചേട്ടന്‍ എത്രാം ക്ളാസ്സില്‍ പടിക്കുമ്പോഴാ പൊക്കം വച്ചെ....?"

"ഹഹാ...ഞാനും ഒമ്പതില്‍ പടിക്കുമ്പൊ നിന്റത്രേ ഉണ്ടായിരുന്നുള്ളു...പിന്നെ ഒന്‍പതിലെ വെക്കേഷനായപ്പൊ ഒരു പോക്കല്ലായിരുന്നോ...നീ പേടികണ്ട്റാ...പത്തിലെ വെക്കേഷന്‍ ആവുമ്പൊ നീയും പൊങ്ങും .."

"അയ്യോ ചെട്ടാ...സത്യാണൊ...അപ്പൊ ഞാന്‍ പൊക്കം വക്കില്ലേ..?"

"അതെന്താടാ...?"

"അയ്യോ ചേട്ടാ..എനിക്കു വെക്കേഷന്‍ ഇല്ല...പരീക്ഷ കഴിഞടുത്താഴ്ച തന്നെ പത്തിലെ ക്ളാസ്സ് തുടങ്ങും ... ചെ...ഇനിയെന്തു ചെയ്യും .?"

ഇതു കേട്ട് കണ്ണുതള്ളിയ ചേട്ടന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് അപ്പോഴെ സ്ഥലം വിട്ടിരുന്നു.

Saturday, July 14, 2007

ട്രിമ്മര്‍

ആഴ്‌ചയില്‍ രണ്ടു തവണ ഷേവ് ചെയ്യണം എന്നത് എന്നെ സംബന്ധിച്ച് ഷര്‍ട്ടും പാന്റ്സും തേയ്ക്കുക, ദിവസവും തുണി അലക്കുക തുടങ്ങിയ കാര്യങ്ങളെ പോലെ തന്നെ മടിപ്പുളവാക്കുന്നതും അറപ്പുളവാക്കുന്നതും ആയിരുന്നു.ഈ സമയം വീട്ടിലായിരുന്നെങ്കില്‍ , ഞാന്‍ നനയ്ക്കാനായി കൂട്ടി ഇട്ടിരിക്കുന്ന തുണികള്‍ റൂമിലെ സ്പെയിസ് കുറക്കുന്നു എന്ന കാരണത്താല്‍ അമ്മ എടുത്ത് വെളിയിലെറിയും .ഞാന്‍ കറങ്ങി ത്തിരിഞ്ഞ് വീട്ടിലെത്തുമ്പൊ വെളിയില്‍ കിടക്കുന്ന തുണിയെല്ലാം എടുത്ത്, ഭദ്രമായി അടുക്കി വച്ച് തിരിച്ചു റൂമില്‍ കൊണ്ടു വയ്ക്കും . അങ്ങനെ സ്പെയിസ് ഇല്ല എന്ന അമ്മയുടെ പരാതി ഞാന്‍ തീര്‍ക്കും . ഇവനെ എങ്ങനെ നന്നാക്കും എന്ന ആലോചന അമ്മയെ പല മ്രിഗീയമായ നടപടികളെടുക്കാനും പ്രേരിപ്പിച്ചു.


ഒരു ദിവസം ഞാന്‍ ക്ളാസ്സ് ഒക്കെ കഴിഞ്ഞു വന്ന് ഇട്ടിരുന്ന ഷര്‍ട്ടും പാന്റ്സും എവിടെയിടും എന്നാലോചിക്കുന്നതിനടയില്‍ ,അമ്മയുടെ ശബ്‌ദം .

"ടാ ഞാന്‍ ഇന്നു നിന്റെ റൂമൊക്കെ ക്ളീന്‍ ആക്കി...നിനക്കു ഒത്തിരി പഠിക്കാനില്ലെ..അതുകൊണ്ട് ഞാന്‍ അങ്ങു ചെയ്തു"

കൊള്ളാം ..അപ്പൊ അമ്മ എന്റെ ഷര്‍ട്ടും പാന്റ്സുമൊക്കെ കഴുകിയിട്ടുകാണും അല്ലെ? മനസ്സില്‍ ഞാന്‍ ചിരിച്ചു, പാവം അമ്മ.

"ടാ ക്ളീന്‍ ചെയ്തതിനു ശേഷം നിന്റെ തുണിയെല്ലാം ഞാന്‍ എടുത്ത് സര്‍ഫിലിട്ടിട്ടുണ്ട്..സമയം കിട്ടുമ്പോ അലക്കി ഇട്ടോണം .."

ചതി..വന്‍ ചതി.. അപ്പൊ റൂം ക്ളീന്‍ ചെയ്തത് ഇതിനു വേണ്ടിയായിരുന്നല്ലെ..? അവസാനം പ്രാകി പ്രാകി 8 ഷര്‍ട്ടും 6 പാന്റ്സും പിന്നെ പറയാന്‍ മാത്രം ഒന്നുമില്ലാത്ത 6 അവശ്യ വസ്‌തുക്കളും ഞാന്‍ അലക്കേണ്ടി വന്നു. എല്ലാം കഴിഞ്ഞപ്പൊ

" ടാ അകത്തെ ബാത് റൂമില്‍ നിന്റെ ബ്ളാങ്കെറ്റും സര്‍ഫില്‍ ഇട്ടു വച്ചിട്ടുണ്ട്...അതാരു കഴുകും ...?" എന്നായി.

മോങ്ങനിരുന്നതിന്റെ തലയില്‍ തെങ്ങോടു കൂടി വീണു. കാര്യം മനസ്സിലായികാണുമല്ലോ? അന്നു ഞാന്‍ ഇത്രയ്ക്കും കട്ടയായിരുന്നില്ല.പിന്നെ പിന്നെ ഞാന്‍ എന്റെ ഡ്രസ്സുകള്‍ അമ്മ കാണാതെ ഒളിപ്പിച്ചു വയ്ക്കാന്‍ തുടങ്ങി.

ഇപ്പൊ ഇങ്ങു കുവൈറ്റില്‍ വന്നതിനു ശേശം ഡെയിലി നനയ്‌ക്കണം , തേയ്ക്കണം .. അതിന്റെ കൂടെ ഷേവും ചെയ്യണം .(ഞാന്‍ പുരുഷനായ വിവരം വളരെ സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു..ഹി ഹി )
അയണിങ്ങ് പരിപാടി ഒഴിവാക്കാന്‍ വേണ്ടി , ഷര്‍ട്ടുകള്‍ റ്റി ഷര്‍ട്ടുകളും പാന്റുകള്‍ ജീന്സുമായി മാറി. പിന്നെ ഷേവിങ്ങ്. അതു ക്ളീന്‍ ഷേവില്‍ നിന്നും മാറി ട്രിമ്മിങ്ങില്‍ ഒതുങ്ങി. നിങ്ങളുദ്ധേശിച്ചതു തന്നെ, റോഷന്‍ സ്റ്റൈലില്‍ കുറ്റി ത്താടിയും മീശയും .


ട്രിം ചെയ്യാന്‍ എന്താ എളുപ്പം . ട്രിമ്മര്‍ ചാര്‍ജ് ചെയ്യണം എന്ന ഒറ്റ ബുദ്ധിമുട്ടേയുള്ളു. സമയമാവുമ്പോ അതെടുത്ത് ഒരു പിടി. എല്ലാം കഴിഞ്ഞു.ഇങ്ങനെ ആഴ്ചയില്‍ രണ്ടു തവണ ഞാന്‍ ട്രിം ചെയ്തിരുന്നു. ഒരു ദിവസം താടി മാത്രമല്ല തലമുടിയും ട്രിം ചെയ്താലെന്താ എന്ന ചിന്ത എന്നെ അലട്ടി.(തലമുടി അധികമില്ലാത്തതു കൊണ്ട്, അതു ചീളു കേസായിരിക്കും ).

അങ്ങനെ ഞാന്‍ 3 കെ ഡി കൊടുത്ത് വാങ്ങിയ ആ ട്രിമ്മര്‍ എന്റെ തലയില്‍ സന്‍ചാരം തുടങ്ങി. യെസ്,നന്നാവുന്നുണ്ട്. തല മുടി പാതി ട്രിം ചെയ്തു കഴിഞ്ഞപ്പൊ എന്റെ കോണ്സണ്ട്രേഷന്‍ ലോസായി ട്രിമ്മര്‍ കയ്യില്‍ നിന്നും വഴുതിപോയി.പെട്ടെന്ന് തറയില്‍ വീഴാതെ അതു പിടിക്കാനുള്ള എന്റെ ശ്രമം ചെന്നവസാനിച്ചത് ക്ളോസറ്റില്‍ . അതെ, ട്രിമ്മര്‍ ക്ളൊസറ്റില്‍ . എന്റെ തല ഞാന്‍ കണ്ണാടിയില്‍ നോക്കി.മുന്‍ വശം ക്ളീന്‍ . ബട്ട്..ബട്ട്..പിന്‍ വശത്തു നല്ല ഒന്നാന്തരം കുടുമ.ഞാന്‍ സര്‍വാങ്കവും തളര്‍ന്നു നിന്നു പോയി.

ഇനി ഞാന്‍ ആള്‍കാരുടെ മുഖത്തെങ്ങനെ നോക്കും , അവരെന്റെ തലയിലെങ്ങനെ നോക്കും . നാണക്കേടില്‍ നിന്നും രക്ഷപെട്ടേ പറ്റു. അന്നു എന്റെ റൂം മേറ്റ് ഓഫ് ആയിരുന്നു.അതെന്തായാലും ഭാഗ്യമായി.ഇല്ലെങ്കില്‍ ഇതങ്ങേരു കുവൈറ്റ് ടൈംസില്‍ ഇട്ടേനെ. ഞാന്‍ തൊപ്പി എടുത്തു വച്ചു.ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് വിടാം .മുറി പൂട്ടി പുറത്തിറങ്ങിയപ്പൊ എന്തോമറന്നതു പോലെ.യെസ്, ട്രിമ്മര്‍ . അവനിപ്പോഴും ക്ളോസറ്റില്‍ . അതെങ്ങനെ എടുക്കും ?. ഒരേ ഒരു വഴിയെ ഞാന്‍ കണ്ടുള്ളു. ഞങ്ങളുടെ ബ്ളൊക്കിലെ ക്ളീനിങ്ങ് ബോയ്സ്ബങ്കാളികളാണു. അവരെ വിളിച്ചു, ഒരു കെ ഡി കൊടുത്തു. ഞാന്‍ പുറത്തു പോവുകയാണെന്നും വരുമ്പോഴേക്കും സംഗതി ക്ളിയര്‍ ചെയ്യണമെന്നും ഞാന്‍ ചട്ടം കെട്ടി. ട്രിമ്മര്‍ ക്ളോസറ്റിലാണെന്നറിഞ്ഞപ്പൊ അവനു ഒരു കെ ഡി പോരെന്നായി. എന്റെ മനസ്സില്‍ ഈ ആഴ്ചത്തെ വാര ഫലം വെറുതെ ഒന്നു കടന്നു പോയി.ധന നഷ്‌ടം , മാന നഷ്ടം ..പാടില്ല, ധനം നഷ്ട്ടപ്പെട്ടാലും എന്റെ മാനം .... ഞാന്‍ ഒരു കെ ഡിയും കൂടി കൊടുത്തു. നിന്നെ ഞാന്‍ എടുത്തോളാട്രാ എന്നുമനസ്സില്‍ പറഞ്ഞു ഞാന്‍ ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് പോയി.


ഭാഗ്യം , അധികം തിരക്കില്ലാത്ത സമയത്താണു ഞാന്‍ ചെന്നത്. എനിക്കൊരു ചെയര്‍ നല്‍കി, കഴുത്തില്‍ കവര്‍ ക്ളോത്തൊക്കെ ഇട്ടു. എന്നിട്ടു പുള്ളി എന്റെ തൊപ്പി പതുക്കെ ഊരി. കണ്ണു തള്ളിയ അയാള്‍ക്കു ഞാന്‍ ഒരു വളിച്ച ചിരി കണ്ണാടിയിലൂടെ സമ്മാനിച്ചു.

"ഓരോര്‍ത്തര്‍ക്കും ഓരോ ജോലി പറഞ്ഞിട്ടുണ്ട്...കാശു ലാഭിക്കാനായി കാണിക്കുന്ന കോപ്രായങ്ങളേ..." ഇങ്ങനെ തുടങ്ങി മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന പല ഡയലോഗുകളും കേട്ടതിനു ശേഷമാണു എനിക്കവിടെ നിന്നും തല ഊരാന്‍ പറ്റിയത്.

തിരിച്ചു ഫ്ളാറ്റില്‍ ചെന്നപ്പൊ, റൂമില്‍ കയറുന്നതിനു പകരം ഞാന്‍ ആദ്യം കയറിയത് ബാത് റൂമിലാണു.ഇല്ല, ക്ളോസറ്റില്‍ ട്രിമ്മര്‍ ഇല്ല. അങ്ങനെ എല്ലാം ശുഭമായി അവസാനിച്ചു എന്നു കരുതി, ഞാന്‍ പതുക്കെ റൂമില്‍ കയറി.

"ഇയാള്‍ടെ ട്രിമ്മര്‍ എവിടെ..?"

ഞാന്‍ ഞെട്ടിത്തെറിച്ചു.തിരിഞ്ഞു നോക്കി. എന്റെ റൂം മേറ്റ്.ഇനി പുള്ളിയാണോ അതെടുത്തു കളഞ്ഞത്? എനിക്കാകെ കണ്‍ഫ്യ്യൂഷനായി.

"ചേട്ടന്‍ എന്താ സൈന്‍ ഔട്ട് ചെയ്തോ...?"

ഞാന്‍ ഒന്നും അറിയാത്തതുപോലെ ചോദിച്ചു.

"ഉം ..ഇപ്പൊ വന്നു കയറി , ഭക്ഷണവും കഴിച്ചു, വെയിസ്റ്റു കൊണ്ടു കളയാന്‍ പോയപ്പൊ വെയിസ്റ്റ് ബിന്നില്‍ തന്റെ ട്രിമ്മര്‍ കിടക്കുന്നു.മുന്പൊരെണ്ണം കാണാണ്ടായതല്ലെ..ഇതാരാ ചെയ്യുന്നതെന്നു കണ്ടു പിടിക്കണം ."

ഞാന്‍ എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്പു പുള്ളീ പറഞ്ഞു.

"ഞാനിപ്പൊ അതു കണ്ടില്ലായിരുന്നെങ്കിലോ..തനിക്കു വീണ്ടും കാശു കൊടുത്ത് വാങ്ങേണ്ടി വരില്ലേ...ഇങ്ങു വാ.."

പുള്ളി എന്നെയും വിളിച്ച് റൂമില്‍ കടന്നു.

"ഇനിയെങ്കിലും സൂക്ഷിക്കണം .."

ഇത്രയും പറഞ്ഞു പുള്ളി പതുക്കെ ബെഡ് ഷീറ്റ് പൊക്കി,എന്നെ ത്രിശങ്കുവിലാക്കി കൊണ്ട് ആ ട്രിമ്മര്‍ എന്റെ നേരെ നീട്ടി.എന്തോ വലിയ കാര്യം ചെയ്ത പോലെയുള്ള പുള്ളിയുടെ നില്‍പ്പു കണ്ടപ്പൊ എനിക്കു കഷ്ടം തോന്നി.ഞാന്‍ എന്റെ മനസ്സു തുറന്നു.ഇതെല്ലാം കേട്ടു കഴിഞ്ഞപ്പൊ പുള്ളി, പുള്ളിയുടെ വായും തുറന്നു.(വിളിച്ചത് തെറിയല്ലാ എന്നു ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളുന്നു..ഹൊ)

വാര ഫലം എത്ര ശെരി.
ധന നഷ്‌ടം , എനിക്ക് : 6 കെ ഡി (ബംഗാളിക്കും ബാര്‍ബര്‍ക്കും പുതിയ ട്രിമ്മറിനും )റൂം മേറ്റിനു : 8 കെ ഡി (പുതിയ ബെഡ് ഷീറ്റിനു )

Saturday, July 07, 2007

ടാഗിങ്ങ്

"എടാ എനിക്കൊരു ഇ മെയില്‍ ഐ ഡി ഉണ്ടാക്കിത്തരോ..? സമയം പോവുന്നില്ല...ചാറ്റെങ്കിലും ചെയ്യാല്ലൊ...? നിനക്കു പറ്റോ..?"

ഇതു പറയുമ്പോ വിട്ടില്‍ ഷാജി എന്ന് ഒഫീഷ്യലായും വിട്ടാജി എന്നു വീട്ടിലും വിളിക്കുന്ന മൂലത്തിങ്കര ഷാജിയുടെ മനസ്സിലുണ്ടായിരുന്ന വികാരം എന്തായിരുന്നു എന്ന് മനസ്സിലാകും മുന്നെ അവന്‍ വീണ്ടും പറഞ്ഞു.

"ടാ ആ മോഹനും മഹിയുമൊക്കെ നല്ല ചരക്കു പെമ്പിള്ളേരുമായി ചാറ്റ് ചെയ്യുമ്പോ അവന്‍മാരെക്കാളും മൂത്ത ഞാന്‍ എങ്ങനെ സഹിക്കും ..? അതുകൊണ്ട് നീ ഇന്നു തന്നെ ഒരു ഐ ഡി ഉണ്ടാക്കിത്തന്ന് എന്നെ ചാറ്റിങ്ങൊക്കെ ഒന്ന് പടിപ്പിക്കണം ..."

അവന്‍ പറഞ്ഞതു ന്യായമായ ആവശ്യം . ഇതു ഞാന്‍ ഉണ്ടാക്കിക്കൊടുത്തില്ലെങ്കില്‍ , അവന്‍ വീട്ടീന്ന് വെളിയിലിറങ്ങാതിക്കാന്‍ വേണ്ടി പ്രായമായ പെമ്പിള്ളേരുടെ തന്തമാര്‍ ഉണ്ടാക്കികൊടുക്കും .

"ശരി..ഉണ്ടാക്കിത്തരാം .."

അങ്ങനെ അവനും ഉണ്ടായി സ്വന്തം പേരില്‍ 1 ജി ബി സ്ഥലവും അതിനൊരു അഡ്രസ്സുമൊക്കെ.

"മൂലത്തിങ്കരഷാജി@ഹോട്ട്‌മെയില്‍ .കോം "

ആഹാ..അതി മനോഹരമായിരിക്കുന്നു. ഈ ഐ ഡി കണ്ടാല്‍ ഒരുമാതിരി പെട്ട പെമ്പിള്ളേരൊക്കെ വീഴും . ഞാന്‍ അവനോട് പറഞ്ഞു. വീട്ടുപേരില്ലാതെ ഒരു കളിക്കും ഇല്ല എന്നവന്‍ വാശി പിടിച്ചതിന്റെ ഫലമാണു ആ ഐ ഡി.

ദിവസങ്ങളങ്ങനെ ഇഴഞ്ഞും വലിഞ്ഞുമൊക്കെ നീങ്ങി.പെട്ടെന്നൊരു ദിവസം രാവിലെ, ഓഫീസിലെ സെക്യൂരിറ്റി ഗ്ഗേറ്റില്‍ വച്ച് വിട്ടിലോടി വന്നു.

“എന്തുണ്ട്റ വിട്ടിലേ വിഷേഷങ്ങള്…മൂലത്തിങ്കരയൈല്‍ എല്ലാര്‍ക്കും സുഗാണോ..?”

ഞങ്ങള്‍ പതിവു കളിയാക്കല്‍ തുടങ്ങി.

ആവ്ന്റെ വായില്‍ നിന്നും ചൂടോടെ “അതു” കിട്ടിയപ്പൊ ഞാനുള്‍പ്പടെയുള്ളവരുടെ കഴപ്പു തീര്‍ന്നു. അവിടെ സന്തോഷവും സമാധാനവും അലയടിച്ചു.

“ടാ നിനക്കു ചാറ്റിങ്ങൊക്കെ നടക്കുന്നുണ്ടല്ലൊ ല്ലെ…?”

“കോപ്പാ….നിന്നെ കാണണമെന്നു വിചാരിച്ചിരിക്കുവാരുന്നു…മൂലത്തിങ്കര ഷാജി എന്നു പറഞ്ഞാലേ ആളുകളോടുന്നു…ഡെയ് പിന്നെ, ഇന്നലെ എനിക്കൊരു മെയില്‍ വന്നു…ഞാന്‍ എന്നും മെയില്‍ ചെക്ക് ചെയ്യും ..(അഭിമാനത്തോടെ)അങ്ങനെ കണ്ടതാ..പക്ഷെ എനിക്കൊന്നും മനസ്സിലായില്ല…മനോജ് ഹാസ് റ്റാഗ്‌ട് യു എന്നൊക്കെ പറഞ്ഞാ…എന്താടാ ഈ റ്റാഗ് എന്നു പറഞ്ഞാ…ഞാന്‍ മനോജിനോട് ചോദിക്കാമെന്ന് വിചാരിച്ചതാ…അപ്പഴ നിങ്ങളെ കണ്ടത്…പറയടെ..”

ഞങ്ങള്‍ പരസ്‌പരം മുഖത്തോട് മുഖം നോക്കി. ഈനി എന്താ ചെയ്യേണ്ടതെന്ന് ഞങ്ങളോടാരും പറഞ്ഞു തരേണ്ടതില്ലല്ലൊ.ഞങ്ങള്‍ പരസ്‌പരം നോക്കുന്നത് കണ്ട് ലവന്‍ സഹികെട്ട് ചോദിച്ചു.

“ടെയ് എന്തുവാടെയ്…നീയൊക്കെ എന്താ ആലോചിക്കുന്നെ..”

ഞങ്ങളുടെ കൂട്ടത്തിലെ രാജേഷാണു തിരി കൊളുത്തിയത്.

“ടാ അതു നമ്മുടെ മനോജ് തന്നെയാണൊ..?”

“അതേടാ അവന്‍ തലേ ദിവസം എന്റെ ഐ ഡി വാങ്ങിയിരുന്നു..” എന്ന് വിട്ടില്‍ .

രാജേഷ് ഞങ്ങളെ എല്ലാ പേരെയും ഒന്നു നോക്കി, എന്നിട്ടു ചോദിച്ചു.

“ടാ അവന്‍ അങ്ങനത്തെ റ്റൈപ് ആണൊ…വിട്ടിലിനെ ടാഗ് ചെയ്യുകാ എന്നൊക്കെ പറഞ്ഞാല്‍ …അവനെല്ലാത്തിനും നമ്മുടെ കൂടെ ഉണ്ടായിരുന്നതല്ലെ..നമ്മളിലൊരാളോട് തന്നെ അവനിങ്ങനെ തോന്നാന്‍ ..ചെ..”

ഈത്രയും കേട്ടപ്പൊ വിട്ടിലിനു കലിയിളകി.

“എന്താട കോപ്പന്‍മാരെ കാര്യം പറ..”

“അതെങ്ങനാ…നല്ല ബെസ്റ്റ് ഐ ഡി യല്ലെ ഉണ്ടാക്കിയിരിക്കുന്നത്…മൂലത്തിങ്കര ഷാജി…പിന്നെ അവനിതു തോന്നിയതില്‍ വല്ല കുഴപ്പവുമുണ്ടോ…?നിന്നെ കണ്ടപ്പോഴേ അവനു തോന്നിക്കാണും നീ ആ റ്റൈപ് ആണെന്ന്” രാജേഷ് പെരുപ്പിച്ച് തുടങ്ങി.

“ടാ സത്യമാണോ നീയീ പറയുന്നെ…?”

വിട്ടില്‍ അവിശ്വാസത്തോടെ ഞങ്ങളെ എല്ലാരെയും നോക്കി. ഏന്നിട്ടു പെട്ടെന്ന് നടന്നു പോയി. അവിടെ സന്തോഷവും സമാധാനവും വീണ്ടും അലയടിച്ചു.കാരണം ടാഗിങ്ങ് എന്നത് ഒരു ഫ്രണ്ട്‌സ് നെറ്റ്‌വര്‍ക്കാണെന്ന് ആ പാവത്തിനറിയില്ലല്ലോ.

സമയം രാത്രി : ഞങ്ങളുടെ തൊട്ടപ്പുറത്തെ ഫ്ളാറ്റിലെ മനോജിന്റെ റൂമിനു മുന്നില്‍ ഒരു ബഹളം .ഞങ്ങള്‍ കണ്ടത് രണ്ടെണ്ണം വീശിയിട്ട് നിള്‍ക്കുന്ന വിട്ടിലിനെ. അവിടെ കേട്ടത് ഞാന്‍ താഴെ ചേര്‍ക്കുന്നു (ചേരുമോ എന്തരോ..?)

“ടാ…പ@# #%^%&%*$$#നെ…നീ എന്നെ ടാഗ് ചെയ്യാറായി ല്ലെ..എറങ്ങിവാട..കോപ്പെ…മൂലത്തിങ്കര എന്നുവച്ചാ എന്റെ വീട്ടുപേരാടാ.. അല്ലാതെ ... @#$%^&* നെ... എങ്ങനെ നിനക്കു തോന്നിയെടാ ഞാന്‍ അത്തരക്കാരനാണെന്ന്….കളി ഈ മൂ…ചെ…ഷായിയോട് വേണ്ട്ര…”

Wednesday, July 04, 2007

സത്യന്‍ അന്തിക്കാടിന്റെ രജനി പടം

സംവിധാനം : സത്യന്‍ അന്തിക്കാട്

അഭിനയിക്കുന്നവര്‍ : സ്റ്റൈല്‍ മന്നന്‍ രജനികാന്ത് (നായികയും ബാക്കിയുള്ളവരും അപ്രസക്തം )

അന്തി : "ശിവജി കയറിയങ്ങു ഹിറ്റായപ്പൊ ഞാന്‍ വിചാരിച്ചു പുള്ളിക്കാരന്‍ വരില്ല എന്ന്....പക്ഷെ ഒരു പടമുണ്ട് , ചിലവു 4-5 ലക്ഷത്തിലുള്ളതാണെന്ന് പുള്ളിയോടു പറഞ്ഞപ്പൊ ഒരു ചിരി…
“ചിലവൊന്നും പ്രശ്നമല്ല…എനിക്കു തരാനുള്ളതും പോയിട്ടു ബാക്കി ഒരു നാലൊ അന്ചോ ലക്ഷമേ പ്രൊഡ്യൂസറുടെ കയ്യില്‍ കാണൂ എന്നെനിക്കറിയാം . അവരുടെ കുറ്റമല്ല…എന്റെ പോപുലാരിറ്റി…ഹ ഹാ…. ഓ കെ അപ്പൊ എന്നാ ഷൂട്ടിങ്ങ്..” എന്നു പുള്ളി… ഞാന്‍ ഇട്ടിരുന്ന നിക്കര്‍ ഒന്നു തപ്പി നോക്കി… ഭാഗ്യം …

ഞാന്‍ പറഞ്ഞു

“സാര്‍ ഈ ഇട്ടാവട്ട കേരളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സാറിന്റെ മുന്നില്‍ ഒന്നുമല്ല…സാറിന്റെ ആ ചിരിയും വിരലു ചുഴറ്റലും കാലു പിണച്ചുള്ള ആ നില്‍പും , അമ്മയാണെ സാറെ, പെമ്പിള്ളേര്‍ക്കൊക്കെ ഹരാ….അവസാനം അവരെല്ലാരും കൂടി ആവശ്യപെട്ടിട്ടാ ഞാന്‍ വിളിക്കുന്നത് …അഭിനയിക്കാന്‍ പോകുന്നതു സാറാകുമ്പൊ സംവിധാനം ഞാന്‍ തന്നെ വേണമല്ലൊ ചെയ്യാന്‍ …” ഇതൊക്കെ കേട്ട് പുള്ളി കുറച്ച് നേരം മിണ്ടാതെ ഇരുന്നു. ഒടുവില്‍ പറഞ്ഞു

“ഡെയ്.. നീ പറഞ്ഞതൊക്കെ ഉള്ളതാണൊ..? തമിഴ്‌മക്കള്‍ എന്നെ കാണാതെ വിഷമിക്കും ..എങ്കിലും സാരില്ല…ഞാന്‍ വരാം ….” പുള്ളി ഇത്രയും പറഞഞ്ഞതും ഞാന്‍ ഡേറ്റും കാര്യങ്ങളും പറഞ്ഞു . പുള്ളി ഇന്നു കഥ കേള്‍ക്കാന്‍ വരും. നീ പോയി പുള്ളിയെ സ്വീകരിക്കാനുള്ള എല്ലാ ഏര്‍പ്പാടും ചെയ്..”
ഈത്രയും പറഞ്ഞ് സത്യന്‍ തിരക്കഥ കയ്യില്‍ എടുത്തു, ഇതെല്ലാം കേട്ടിരുന്ന പ്രൊഡക്ഷന്‍ കണ്ട്റോളര്‍ ശശി എണീറ്റോടി.ആങ്ങനെ തമിഴകത്തെ സ്റ്റൈല്‍ മന്നനും സത്യനും തമ്മിലുള്ള കൂടിക്കഴ്ചയ്ക്ക് നഗരത്തിലെ വലിയ ഒരു ഹോട്ടല്‍ വേദിയായി. അവിടുത്തെ ശാന്തമായ അന്തരീക്ഷത്തിനു തികച്ചും യോജിക്കും വിധം മനോഹരമായ ഗാനം ഒഴുകിയെത്തി.

“വന്തേണ്ട്ര പാല്‍ക്കാരാ….അടടാ…”

പുള്ളിയെ ആനയിച്ചു കൊണ്ടു പോയ എല്ല കോറിഡോറുകളിലും അണ്ണന്റെ തന്നെ ഓരോ പാട്ടുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ആങ്ങനെ റൂം നമ്പര്‍ 24 നു മുന്നില്‍ അണ്ണന്‍ എത്തി.

“വരണം അണ്ണ..” സത്യന്‍ ചിരിച്ചോണ്ട് അണ്ണനെ സ്വീകരിച്ചു.

കഥ കേള്‍ക്കാനുള്ള അക്ഷമ അണ്ണന്റെ മുഖത്ത് നിഴലിക്കുന്നതു കണ്ട് സത്യന്‍ പറഞ്ഞു.


“അണ്ണാ ഇരി…ഒരു ചായയൊക്കെ കുടിച്ചിട്ട് തുടങ്ങിയാ പോരെ…”

“ചായ കുടിക്കാനൊന്നും സമയം ഇല്ലടെ..വേണേല്‍ രണ്ട് ഓറന്ച് ജ്യൂസ് കുടിക്കാം …അതു വരുമ്പോഴേയ്ക്കും നീ കഥ പറയടെ..പിന്നെ ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എന്റെ ഒരു രീതികളൊക്കെ അറിയാമല്ലൊ…ഹ ഹാ… അതായത് നായികയുടെ കാര്യം തന്നെ എടുക്കാം ...പ്രായം ഇരുപതില്‍ കൂടാന്‍ പാടില്ല..കാരണം അതില്‍ കൂടിക്കഴിഞ്ഞാല്‍ അവര്‍ക്കെന്നെക്കാളും പ്രായം തോന്നിക്കുമെന്നാ പൊതുവെ ഉള്ള പരാതി…സത്യനു മനസ്സിലായോ…പിന്നെ സിഗററ്റ് എറിഞ്ഞു കത്തിക്കല്‍ , ട്രെയിന്‍ ചവിട്ടി നിര്‍ത്തല്‍ , വെടിയുണ്ട വായിലിട്ട് വെടിവയ്ക്കല്‍ , കരിയില ചവിട്ടിക്കൂട്ടി ചുഴലിക്കാറ്റുണ്ടാക്കല്‍ അങ്ങനെ നീണ്ടു പോകും …പിന്നെ രണ്ടര മണിക്കൂര്‍ ഉള്ള സിനിമയില്‍ മിനിമം ഒന്നര മണിക്കൂറെങ്കിലും ഞാന്‍ എയറിലായിരിക്കണം . വല്ലപ്പോഴും ദാഹിക്കുമ്പോഴോ മൂത്രമോഴിക്കാനോ എന്നെ താഴെ ഇറക്കിയാല്‍ മതി..”

ഇതൊക്കെ കേട്ടു കണ്ണു തള്ളിയ സത്യന്‍ പറഞ്ഞു.

“അണ്ണാ…തികച്ചും ഒരു ഗ്രാമീണാന്തരീക്ഷത്തില്‍ എടുക്കുന്ന പടമാ…ഒരു വലിയ വീട്, അവിടെ ഒരമ്മ, മക്കള്‍ , അണ്ണനാണു ഏറ്റവും ഇളയ മകന്‍ . മ്മൂത്ത മക്കളുടെ അവഗണന സഹിക്കേണ്ടി വരുന്ന അമ്മയെ സംരക്ഷിക്കുന്ന മോന്റെ റോള്‍ ആണു സാറിനു.ഇതിനിടയില്‍ സാറീ പറഞ്ഞ കാര്യങ്ങള്‍ എങനെ കേറ്റും …?”
“അതിനു നീ പേടികണ്ട്ര…ഞാന്‍ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവ്.അമ്മയെ സംരക്ഷിക്കലല്ലെ എന്റെ പണി…എന്നാ കേട്ടോ , അമ്മയെ ഒരു കാള കുത്താന്‍ വരുന്നു, ഞാന്‍ കയറില്‍ ചവിട്ടി കാളയെ നിര്‍ത്തുന്നു, ഒരു ജീപ്പിടിക്കാന്‍ വരുന്നു, ഞാന്‍ പിറകില്‍ നിന്നും ജീപ്പിനെ പിടിച്ചു വയ്ക്കുന്നു, ആ വീട്ടില്‍ കള്ളന്‍ കയറാന്‍ വരുന്നു, അവന്‍ മതിലിനപ്പുറവും ഞാന്‍ ഇപ്പുറവും .ഒരു പ്രത്യേക ആങ്കിളില്‍ കത്തിയെറിഞ്ഞ് മുകളിലെ പ്ളാവില്‍ നിന്നും ചക്ക അവന്റെ തലയില്‍ ഇടുന്നു. ആമ്മയെ കുറെ ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുന്നു, ഞാന്‍ കാലു കൊണ്ട് കറക്കി ചുഴലിക്കാറ്റുണ്ടാക്കുന്നു.അവരതില്‍ പറന്നു പോകുന്നു. ഏറ്റവും അവസാനം ഒരു ആന അമ്മയെ ആക്രമിക്കാന്‍ വരുന്നു, ഞാന്‍ തറയില്‍ ആഞ്ഞു ചവിട്ടുന്നു, ഭൂമി പിളര്‍ന്ന് ആന താഴെ പോകുന്നു….പക്ഷെ ഒരു കാര്യം പ്രധാനമായി ശ്രധിക്കേണ്ടത്, ഞാന്‍ നേരത്തെ പറഞ്ഞ പോലെ മിക്കസമയവും ഞാന്‍ എയറില്‍ ആയിരിക്കണം ….അപ്പൊ എന്നാ ഷൂട്ടിങ്ങ് തുടങ്ങുന്നെ?"


ഇത്തവണ സത്യന്‍ നിക്കര്‍ തപ്പാന്‍ രണ്ടു കയ്യും ഉപയോഗിച്ചു.