Saturday, July 14, 2007

ട്രിമ്മര്‍

ആഴ്‌ചയില്‍ രണ്ടു തവണ ഷേവ് ചെയ്യണം എന്നത് എന്നെ സംബന്ധിച്ച് ഷര്‍ട്ടും പാന്റ്സും തേയ്ക്കുക, ദിവസവും തുണി അലക്കുക തുടങ്ങിയ കാര്യങ്ങളെ പോലെ തന്നെ മടിപ്പുളവാക്കുന്നതും അറപ്പുളവാക്കുന്നതും ആയിരുന്നു.ഈ സമയം വീട്ടിലായിരുന്നെങ്കില്‍ , ഞാന്‍ നനയ്ക്കാനായി കൂട്ടി ഇട്ടിരിക്കുന്ന തുണികള്‍ റൂമിലെ സ്പെയിസ് കുറക്കുന്നു എന്ന കാരണത്താല്‍ അമ്മ എടുത്ത് വെളിയിലെറിയും .ഞാന്‍ കറങ്ങി ത്തിരിഞ്ഞ് വീട്ടിലെത്തുമ്പൊ വെളിയില്‍ കിടക്കുന്ന തുണിയെല്ലാം എടുത്ത്, ഭദ്രമായി അടുക്കി വച്ച് തിരിച്ചു റൂമില്‍ കൊണ്ടു വയ്ക്കും . അങ്ങനെ സ്പെയിസ് ഇല്ല എന്ന അമ്മയുടെ പരാതി ഞാന്‍ തീര്‍ക്കും . ഇവനെ എങ്ങനെ നന്നാക്കും എന്ന ആലോചന അമ്മയെ പല മ്രിഗീയമായ നടപടികളെടുക്കാനും പ്രേരിപ്പിച്ചു.


ഒരു ദിവസം ഞാന്‍ ക്ളാസ്സ് ഒക്കെ കഴിഞ്ഞു വന്ന് ഇട്ടിരുന്ന ഷര്‍ട്ടും പാന്റ്സും എവിടെയിടും എന്നാലോചിക്കുന്നതിനടയില്‍ ,അമ്മയുടെ ശബ്‌ദം .

"ടാ ഞാന്‍ ഇന്നു നിന്റെ റൂമൊക്കെ ക്ളീന്‍ ആക്കി...നിനക്കു ഒത്തിരി പഠിക്കാനില്ലെ..അതുകൊണ്ട് ഞാന്‍ അങ്ങു ചെയ്തു"

കൊള്ളാം ..അപ്പൊ അമ്മ എന്റെ ഷര്‍ട്ടും പാന്റ്സുമൊക്കെ കഴുകിയിട്ടുകാണും അല്ലെ? മനസ്സില്‍ ഞാന്‍ ചിരിച്ചു, പാവം അമ്മ.

"ടാ ക്ളീന്‍ ചെയ്തതിനു ശേഷം നിന്റെ തുണിയെല്ലാം ഞാന്‍ എടുത്ത് സര്‍ഫിലിട്ടിട്ടുണ്ട്..സമയം കിട്ടുമ്പോ അലക്കി ഇട്ടോണം .."

ചതി..വന്‍ ചതി.. അപ്പൊ റൂം ക്ളീന്‍ ചെയ്തത് ഇതിനു വേണ്ടിയായിരുന്നല്ലെ..? അവസാനം പ്രാകി പ്രാകി 8 ഷര്‍ട്ടും 6 പാന്റ്സും പിന്നെ പറയാന്‍ മാത്രം ഒന്നുമില്ലാത്ത 6 അവശ്യ വസ്‌തുക്കളും ഞാന്‍ അലക്കേണ്ടി വന്നു. എല്ലാം കഴിഞ്ഞപ്പൊ

" ടാ അകത്തെ ബാത് റൂമില്‍ നിന്റെ ബ്ളാങ്കെറ്റും സര്‍ഫില്‍ ഇട്ടു വച്ചിട്ടുണ്ട്...അതാരു കഴുകും ...?" എന്നായി.

മോങ്ങനിരുന്നതിന്റെ തലയില്‍ തെങ്ങോടു കൂടി വീണു. കാര്യം മനസ്സിലായികാണുമല്ലോ? അന്നു ഞാന്‍ ഇത്രയ്ക്കും കട്ടയായിരുന്നില്ല.പിന്നെ പിന്നെ ഞാന്‍ എന്റെ ഡ്രസ്സുകള്‍ അമ്മ കാണാതെ ഒളിപ്പിച്ചു വയ്ക്കാന്‍ തുടങ്ങി.

ഇപ്പൊ ഇങ്ങു കുവൈറ്റില്‍ വന്നതിനു ശേശം ഡെയിലി നനയ്‌ക്കണം , തേയ്ക്കണം .. അതിന്റെ കൂടെ ഷേവും ചെയ്യണം .(ഞാന്‍ പുരുഷനായ വിവരം വളരെ സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു..ഹി ഹി )
അയണിങ്ങ് പരിപാടി ഒഴിവാക്കാന്‍ വേണ്ടി , ഷര്‍ട്ടുകള്‍ റ്റി ഷര്‍ട്ടുകളും പാന്റുകള്‍ ജീന്സുമായി മാറി. പിന്നെ ഷേവിങ്ങ്. അതു ക്ളീന്‍ ഷേവില്‍ നിന്നും മാറി ട്രിമ്മിങ്ങില്‍ ഒതുങ്ങി. നിങ്ങളുദ്ധേശിച്ചതു തന്നെ, റോഷന്‍ സ്റ്റൈലില്‍ കുറ്റി ത്താടിയും മീശയും .


ട്രിം ചെയ്യാന്‍ എന്താ എളുപ്പം . ട്രിമ്മര്‍ ചാര്‍ജ് ചെയ്യണം എന്ന ഒറ്റ ബുദ്ധിമുട്ടേയുള്ളു. സമയമാവുമ്പോ അതെടുത്ത് ഒരു പിടി. എല്ലാം കഴിഞ്ഞു.ഇങ്ങനെ ആഴ്ചയില്‍ രണ്ടു തവണ ഞാന്‍ ട്രിം ചെയ്തിരുന്നു. ഒരു ദിവസം താടി മാത്രമല്ല തലമുടിയും ട്രിം ചെയ്താലെന്താ എന്ന ചിന്ത എന്നെ അലട്ടി.(തലമുടി അധികമില്ലാത്തതു കൊണ്ട്, അതു ചീളു കേസായിരിക്കും ).

അങ്ങനെ ഞാന്‍ 3 കെ ഡി കൊടുത്ത് വാങ്ങിയ ആ ട്രിമ്മര്‍ എന്റെ തലയില്‍ സന്‍ചാരം തുടങ്ങി. യെസ്,നന്നാവുന്നുണ്ട്. തല മുടി പാതി ട്രിം ചെയ്തു കഴിഞ്ഞപ്പൊ എന്റെ കോണ്സണ്ട്രേഷന്‍ ലോസായി ട്രിമ്മര്‍ കയ്യില്‍ നിന്നും വഴുതിപോയി.പെട്ടെന്ന് തറയില്‍ വീഴാതെ അതു പിടിക്കാനുള്ള എന്റെ ശ്രമം ചെന്നവസാനിച്ചത് ക്ളോസറ്റില്‍ . അതെ, ട്രിമ്മര്‍ ക്ളൊസറ്റില്‍ . എന്റെ തല ഞാന്‍ കണ്ണാടിയില്‍ നോക്കി.മുന്‍ വശം ക്ളീന്‍ . ബട്ട്..ബട്ട്..പിന്‍ വശത്തു നല്ല ഒന്നാന്തരം കുടുമ.ഞാന്‍ സര്‍വാങ്കവും തളര്‍ന്നു നിന്നു പോയി.

ഇനി ഞാന്‍ ആള്‍കാരുടെ മുഖത്തെങ്ങനെ നോക്കും , അവരെന്റെ തലയിലെങ്ങനെ നോക്കും . നാണക്കേടില്‍ നിന്നും രക്ഷപെട്ടേ പറ്റു. അന്നു എന്റെ റൂം മേറ്റ് ഓഫ് ആയിരുന്നു.അതെന്തായാലും ഭാഗ്യമായി.ഇല്ലെങ്കില്‍ ഇതങ്ങേരു കുവൈറ്റ് ടൈംസില്‍ ഇട്ടേനെ. ഞാന്‍ തൊപ്പി എടുത്തു വച്ചു.ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് വിടാം .മുറി പൂട്ടി പുറത്തിറങ്ങിയപ്പൊ എന്തോമറന്നതു പോലെ.യെസ്, ട്രിമ്മര്‍ . അവനിപ്പോഴും ക്ളോസറ്റില്‍ . അതെങ്ങനെ എടുക്കും ?. ഒരേ ഒരു വഴിയെ ഞാന്‍ കണ്ടുള്ളു. ഞങ്ങളുടെ ബ്ളൊക്കിലെ ക്ളീനിങ്ങ് ബോയ്സ്ബങ്കാളികളാണു. അവരെ വിളിച്ചു, ഒരു കെ ഡി കൊടുത്തു. ഞാന്‍ പുറത്തു പോവുകയാണെന്നും വരുമ്പോഴേക്കും സംഗതി ക്ളിയര്‍ ചെയ്യണമെന്നും ഞാന്‍ ചട്ടം കെട്ടി. ട്രിമ്മര്‍ ക്ളോസറ്റിലാണെന്നറിഞ്ഞപ്പൊ അവനു ഒരു കെ ഡി പോരെന്നായി. എന്റെ മനസ്സില്‍ ഈ ആഴ്ചത്തെ വാര ഫലം വെറുതെ ഒന്നു കടന്നു പോയി.ധന നഷ്‌ടം , മാന നഷ്ടം ..പാടില്ല, ധനം നഷ്ട്ടപ്പെട്ടാലും എന്റെ മാനം .... ഞാന്‍ ഒരു കെ ഡിയും കൂടി കൊടുത്തു. നിന്നെ ഞാന്‍ എടുത്തോളാട്രാ എന്നുമനസ്സില്‍ പറഞ്ഞു ഞാന്‍ ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് പോയി.


ഭാഗ്യം , അധികം തിരക്കില്ലാത്ത സമയത്താണു ഞാന്‍ ചെന്നത്. എനിക്കൊരു ചെയര്‍ നല്‍കി, കഴുത്തില്‍ കവര്‍ ക്ളോത്തൊക്കെ ഇട്ടു. എന്നിട്ടു പുള്ളി എന്റെ തൊപ്പി പതുക്കെ ഊരി. കണ്ണു തള്ളിയ അയാള്‍ക്കു ഞാന്‍ ഒരു വളിച്ച ചിരി കണ്ണാടിയിലൂടെ സമ്മാനിച്ചു.

"ഓരോര്‍ത്തര്‍ക്കും ഓരോ ജോലി പറഞ്ഞിട്ടുണ്ട്...കാശു ലാഭിക്കാനായി കാണിക്കുന്ന കോപ്രായങ്ങളേ..." ഇങ്ങനെ തുടങ്ങി മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന പല ഡയലോഗുകളും കേട്ടതിനു ശേഷമാണു എനിക്കവിടെ നിന്നും തല ഊരാന്‍ പറ്റിയത്.

തിരിച്ചു ഫ്ളാറ്റില്‍ ചെന്നപ്പൊ, റൂമില്‍ കയറുന്നതിനു പകരം ഞാന്‍ ആദ്യം കയറിയത് ബാത് റൂമിലാണു.ഇല്ല, ക്ളോസറ്റില്‍ ട്രിമ്മര്‍ ഇല്ല. അങ്ങനെ എല്ലാം ശുഭമായി അവസാനിച്ചു എന്നു കരുതി, ഞാന്‍ പതുക്കെ റൂമില്‍ കയറി.

"ഇയാള്‍ടെ ട്രിമ്മര്‍ എവിടെ..?"

ഞാന്‍ ഞെട്ടിത്തെറിച്ചു.തിരിഞ്ഞു നോക്കി. എന്റെ റൂം മേറ്റ്.ഇനി പുള്ളിയാണോ അതെടുത്തു കളഞ്ഞത്? എനിക്കാകെ കണ്‍ഫ്യ്യൂഷനായി.

"ചേട്ടന്‍ എന്താ സൈന്‍ ഔട്ട് ചെയ്തോ...?"

ഞാന്‍ ഒന്നും അറിയാത്തതുപോലെ ചോദിച്ചു.

"ഉം ..ഇപ്പൊ വന്നു കയറി , ഭക്ഷണവും കഴിച്ചു, വെയിസ്റ്റു കൊണ്ടു കളയാന്‍ പോയപ്പൊ വെയിസ്റ്റ് ബിന്നില്‍ തന്റെ ട്രിമ്മര്‍ കിടക്കുന്നു.മുന്പൊരെണ്ണം കാണാണ്ടായതല്ലെ..ഇതാരാ ചെയ്യുന്നതെന്നു കണ്ടു പിടിക്കണം ."

ഞാന്‍ എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്പു പുള്ളീ പറഞ്ഞു.

"ഞാനിപ്പൊ അതു കണ്ടില്ലായിരുന്നെങ്കിലോ..തനിക്കു വീണ്ടും കാശു കൊടുത്ത് വാങ്ങേണ്ടി വരില്ലേ...ഇങ്ങു വാ.."

പുള്ളി എന്നെയും വിളിച്ച് റൂമില്‍ കടന്നു.

"ഇനിയെങ്കിലും സൂക്ഷിക്കണം .."

ഇത്രയും പറഞ്ഞു പുള്ളി പതുക്കെ ബെഡ് ഷീറ്റ് പൊക്കി,എന്നെ ത്രിശങ്കുവിലാക്കി കൊണ്ട് ആ ട്രിമ്മര്‍ എന്റെ നേരെ നീട്ടി.എന്തോ വലിയ കാര്യം ചെയ്ത പോലെയുള്ള പുള്ളിയുടെ നില്‍പ്പു കണ്ടപ്പൊ എനിക്കു കഷ്ടം തോന്നി.ഞാന്‍ എന്റെ മനസ്സു തുറന്നു.ഇതെല്ലാം കേട്ടു കഴിഞ്ഞപ്പൊ പുള്ളി, പുള്ളിയുടെ വായും തുറന്നു.(വിളിച്ചത് തെറിയല്ലാ എന്നു ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളുന്നു..ഹൊ)

വാര ഫലം എത്ര ശെരി.
ധന നഷ്‌ടം , എനിക്ക് : 6 കെ ഡി (ബംഗാളിക്കും ബാര്‍ബര്‍ക്കും പുതിയ ട്രിമ്മറിനും )റൂം മേറ്റിനു : 8 കെ ഡി (പുതിയ ബെഡ് ഷീറ്റിനു )

9 comments:

പകിടന്‍ said...

എന്റെ മുപ്പത്തി ഏഴാമത്തെ പോസ്റ്റാ...എങ്ങനെയും നാല്‍പത്തൊന്ന് തികയ്ക്കണം

O¿O (rAjEsH) said...

പൂയില്യം നാളുകാരുടെ ഓരൊ കഷ്ടപാടുകളെ!

asdfasdf asfdasdf said...

ഇത്രചെറുപ്പത്തില്‍ ഇത്രയധികം കഷ്ടപ്പാടോ !!

Unknown said...

അതിന് ഒറ്റ വഴിയേ ഉള്ളൂ പകിടാ. ബോസ് തറപ്പിച്ച് നോക്കുന്നത് വരെ ചറപറാ മുടി വളര്‍ത്തുക. മെല്ലെ പോയി ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടിവെട്ടുക. വേറെ എന്ത് ചെയ്താലും ധനനഷ്ടവും മാനഹാനിയും ഉറപ്പാ.

ഉറുമ്പ്‌ /ANT said...

പകിടന്‍................ഇതു നിങളുടെ ഏറ്റവും നല്ല സമയമാ....................
എന്തായാലും ഇനിയെങ്കിലും മുടി എന്നെപ്പോലെ നീട്ടി ബുജി സ്റ്റൈലില്‍ വളര്‍ത്തൂ...........
അമറന്‍ പോസ്റ്റ്.

ഏ.ആര്‍. നജീം said...

എന്റെ പകിടാ...
ഇപ്പൊഴും ആ ട്രിമ്മറാണോ ഉപയോഗിക്കുന്നത്...?
പിന്നെ ഈ നാല്‍‌പത്തി ഒന്നിനു എന്താണാവോ പ്രത്യേകത...

ഓ. ടോ..
പകിടന്‍ കുവൈറ്റില്‍ എവിടാ...ഞാനും കുവൈറ്റില്‍ തന്നെ...

Mr. K# said...

:-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കള്ളം പറേന്നോ ട്രിം ചെയ്യാന്‍ മുടി എവിടിരുന്നിട്ടാ?

Anonymous said...

sathyam para Trimmer nee nattil varumbol ninde relative nu kodukkan matti vachirikkuvalle!!!