Monday, February 25, 2008

പെണ്ണുകാണല്‍

അത്ര കുട്ടിയല്ലാത്ത കാലത്ത്, അതായത് കൌമാരം അതിന്റെ കൊടിമരം നാട്ടി നില്‍ക്കുന്ന സമയത്ത് വേണ്ട പോലെ ഷൈന്‍ ചെയ്യാന്‍ പറ്റാതെ പോയതിനെ ഒരു ക്ഷീണം ജോസുകുട്ടിക്കെന്നുമുണ്ടായിരുന്നു. അപ്പന്റെ യെസ് ഡി ഓടിക്കാന്‍ പോയിട്ട് ഒന്നു തൊടാന്‍ പോലും കിട്ടിയിരുന്നില്ല.കൂട്ടുകാരൊക്കെ പുതിയ സൈക്കിളിലും ചിലര്‍ സ്കൂട്ടറിലും പെണ്‍പിള്ളേരുടെ മുന്നിലൂടെ ചെത്തുമ്പൊ ജോസുകുട്ടിയുടെ ആഗ്രഹങ്ങള്‍ മാത്രം പുഷ്പിക്കാതെ മൊട്ടുകളായി തന്നെ നിന്നു. കാലം കടന്നു. ജോസുകുട്ടി ഇപ്പൊ വിശാഖപട്ടണത്ത് ഒരു സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. എങ്കിലും സഫലീകരിക്കാനാകാത്ത ഈ ആഗ്രഹങ്ങള്‍ അവനു വേദനിക്കുന്ന സുഖം നല്‍കി. ഇത്തവണ നാട്ടില്‍ പോകുമ്പൊ ശരിക്കും ഒന്നു ഷൈന്‍ ചെയ്യണം എന്നു അവന്‍ തീരുമാനിച്ചു. അതിനു വേണ്ടി പുതിയ ഷര്‍ട്ട്, പാന്റ്സ്, ഷൂസ്, ബെല്‍റ്റ് എന്തിനു പുതിയ അണ്ടര്‍ വെയര്‍ വരെ അവന്‍ വാങ്ങി.തിരികെ നാട്ടിലേക്കുള്ള യാത്രക്കു ട്രെയിനില്‍ ഇരിക്കുന്ന സമയം മുഴുവന്‍ അവന്റെ മനസ്സില്, സ്നേഹിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന മോഹമായിരുന്നു. നാട്ടിലെത്തിയിട്ടു വേണം നല്ല എതെങ്കിലും ഒരു പെണ്ണിനെ വളയ്ക്കാന്‍ .

നാട്ടിലെത്തിയ ജോസുകുട്ടി അതിനുള്ള ശ്രമം ഉടന്‍ തന്നെ തുടങ്ങി. വൈകിട്ടു ഏറ്റവും അടുത്തുള്ള കോളേജ് വിടുമ്പോ ജോസുകുട്ടി , താന്‍ വാങ്ങിയ പുതിയ ഷര്‍ട്ടൊക്കെ ഇട്ടു പെര്‍ഫ്യൂമൊക്കെ അടിച്ച് ജന്‍ക്ഷനില്‍ ചെന്നു നില്‍ക്കും . നല്ല ഗോതമ്പു മണി പൊലുള്ള പെണ്‍പിള്ളേരെ ജോസു കുട്ടി കാണുന്നുണ്ടെങ്കിലും അവരൊന്നും ജോസു കുട്ടിയെ ശ്രദ്ധിക്കുന്നില്ല, ഒരു കുട്ടി ഒഴിച്ച്.

അതെ, അവള്‍ , എല്ലാരും പോയതിനു ശേഷം തല കുനിച്ച് ചെറിയ നാണത്തോടെ എന്നും അതു വഴി പൊകുന്നവള്‍ . തന്നെ കണ്ടതിനു ശേഷം അവളില്‍ ഒരു പ്രത്യേക മാറ്റം ജോസുകുട്ടി ശ്രദ്ധിച്ചു തുടങ്ങി. വലവു കഴിയുന്നതു വരെ അവള്‍ ജോസുകുട്ടിയെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടക്കും . ഇതൊക്കെ കണ്ട് ആകെ സന്തോഷത്തിലായ് ജോസുകുട്ടി സകല പുണ്യാളന്‍മാര്‍ക്കും മെഴുകുതിരി നേര്‍ന്നു . കഴുതക്കാമം കരഞ്ഞു തീര്‍ക്കേണ്ടി വരുമല്ലോ കര്‍ത്താവേ എന്നാലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണു, ഇരിളം കാറ്റു പോലെ അവളുടെ വരവ്.

ദിവസങ്ങള്‍ കടന്നു പോയി. എന്നും അവള്‍ ജോസുകുട്ടിയെ തിരിഞ്ഞു നോക്കി പോകുന്നതല്ലാതെ അവളുടെ മനസിലിരിപ്പ് എന്താണെന്ന് ജോസുകുട്ടിക്ക് പിടി കിട്ടിയില്ല.ശെടാ, തിരിച്ച് പോകാനിനി അധിക നാളില്ല. ആകെ ചിന്താകുഴപ്പത്തിലായ ജോസുകുട്ടിയെ ഞെട്ടിച്ചു കൊണ്ട് അന്നു വൈകുന്നേരം അവള്‍ അടുത്ത് വന്നു. ഒരു കത്ത് അവന്റെ നേരെ നീട്ടി. പതിവു പോലെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടന്നു പോയി.
ഒടുവില്‍ തന്റെ കാത്തിരുപ്പ് ഫലം കണ്ടു. ജോസു കുട്ടി പ്രതീക്ഷ്ച്ച പോലെ തന്നെ അവള്‍ക്കവനെ ഇഷ്ടമാണു. എങ്കിലും കത്തില്‍ എന്താണവള്‍ എഴുതിയിരിക്കുന്നത് എന്നറിയാനായി അവന്റെ കാമുക ഹൃദയം തുടിച്ചു.
അതിന്റെ ഉള്ളടക്കം കണ്ട ജോസുകുട്ടിക്ക് സന്തോഷം അടക്കാനായില്ല.


"ഞാന്‍ ചെട്ടന്റെ കാര്യം എന്റെ വീട്ടില്‍ പറഞ്ഞു..ആ നില്‍പ്പും നോട്ടവും ചിരിയുമെല്ലാം ...വീട്ടില്‍ എല്ലാര്‍ക്കും ഒന്നു കാണണം ന്ന്...ഇതാ അഡ്രസ്സ് "

ഈതായിരുന്നു കത്തിന്റെ ഉള്ളടക്കം . നാളെ തന്നെ പോയിക്കളയാം എന്ന് തീരുമാനിക്കാന്‍ ജോസുകുട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

രാവിലെ എട്ടു മണി ആകുന്നതിനു മുന്നെ തന്നെ ജോസുകുട്ടി കത്തില്‍ പറഞ്ഞിരുന്ന അഡ്രസ്സ് തപ്പി പിടിച്ച് ക്രിത്യം ആ വീടിന്റെ മുന്നില്‍ ഹാജരായി. കോളിങ്ങ് ബെല്ലടിച്ചു. കതകു തുറന്നത് ഒരു അമ്മൂമ്മയായിരുന്നു. ജോസുകുട്ടിയെ കണ്ടതും “അയ്യൊ മോനായിരുന്നോ…കേറി വാ” എന്നും പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. ജോസുകുട്ടി ഒന്നും മിണ്ടാതെ അമ്മൂമ്മയെ അനുഗമിച്ച് അകത്തേക്ക് കടന്നു. കണ്ണുകള്‍ അവള്‍ക്കായി പരതിയെങ്കിലും ജോസുട്ടി സ്വയം പറഞ്ഞു…”കണ്ട്റോള്‍ ജോസുട്ടി”

പതിയെ പെണ്‍കുട്ടിയും അമ്മയും എല്ലാരും പ്രത്യക്ഷരായി. ചായയും ചക്ക വറുത്തതും പ്രത്യക്ഷപ്പെടാന്‍ അധികസമയം വേണ്ടി വനില്ല. ഈത്രയൊക്കെ സംഭവിച്ചിട്ടും ആരും ഒരക്ഷരം മിണ്ടാതെ ജോസുട്ടിയെ തന്നെ നോക്കി നിന്നത് പുള്ളിക്ക് ആകെ ഒരു എരുപിരി ഉണ്ടാക്കി.

“മോളെന്നും പറയും …അപ്പഴെ വിചാരിച്ചത ഒന്നു കാണണം എന്ന് ..”
അമ്മൂഒമ്മ നിശബ്ദദക്ക് തടയിട്ടു.


“ഞാനും …എനിക്കിപ്പൊ നല്ലൊരു ജോലിയുന്ട് …ഒരു കുടുംബം പോറ്റാന്‍ പറ്റും എന്ന് അമ്മ പറയുന്നു … കല്ല്യാണത്തെ കുറിച്ച് ആലോചിക്കാന്‍ ഇപ്പഴ…ധൈ ..”

ജോസുട്ടി പറയുന്നതൊന്നും ശ്രധിക്കാതെ അമ്മൂമ്മ തുടര്‍ന്നു.

“മോനെ കാണുമ്പോഴെല്ലാം അവളുടെ അച്ചനെ ഒര്‍മ വരുമെന്ന് പറയാറുണ്ട്… പാവം മരിച്ചിട്ടിപ്പൊ മൂന്നു വര്‍ഷായി…”

പാതി കുടിച്ച ചായ ടേബിളില്‍ വച്ച് ജോസുട്ടി പതുക്കെ ചുമരിലെ മാലയിട്ട ഫോട്ടോയില്‍ നോക്കി.