Friday, December 28, 2007

അങ്ങനെ ഞാനും കവിയായി

എങ്ങനെ ഞാന്‍ പറയും ....
പ്രണയം , എന്നെ പഠിപ്പിച്ചതെന്തെന്ന്...
എങ്ങനെ ഞാന്‍ പറയും ....

ലോകം നശിച്ചത് മരണം കാരണം .
ഞാന്‍ നശിച്ചതോ പ്രണയം കാരണം .
എന്റെ അവസ്ഥ, യാത്രാ മധ്യേ-
വഴി മറന്ന അതേ അവസ്ഥ.


അറിയില്ല നിനക്കെന്റെ ആഗ്രഹങ്ങള്‍.
അറിയാതെ നീ തന്നതോ വേദനകള്‍ ,
ഉടഞ്ഞ സ്വപ്നങ്ങള്‍ , കണ്ണീരുകള്‍ ,
പിന്നെ സുഖമുള്ള നോവുകള്‍ .

നിന്‍ വീട്ടിലുയരും വാദ്യമേളങ്ങള്‍
എന്‍ നിദ്രയെ മുറിവേല്‍പ്പിക്കുന്നു
സ്വന്തങ്ങള്‍ നല്‍കിയ ദുഖങ്ങള്‍
എന്റെ ഹ്രിദയത്തെ മുറിവേല്‍പ്പിക്കുന്നു.

ഞാനാല്‍ നാണിച്ചെന്‍ വിധിയും ഞാനും .
എങ്ങനെ ഞാന്‍ പറയും ....
പ്രണയം , എന്നെ പഠിപ്പിച്ചതെന്തെന്ന്...
എങ്ങനെ ഞാന്‍ പറയും ....

Sunday, December 09, 2007

കോഴിയും മുട്ടയും ഒടുക്കം ചോറും

"ഇതെന്തിനാടാ ഇപ്പൊ ഇങ്ങോട്ടു കൊണ്ടു വരുന്നത്...?"

അമ്മയുടെ ചോദ്യം കേട്ടാണു രാജന്‍ തലയുയര്‍ത്തിയത്.

രാജന്‍ അഥവാ "സഖാവ് രായന്‍ " , ആ നാട്ടിലെ അറിയപ്പെടുന്ന ഒരു പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട കൊടി പിടുത്തക്കാരനും എന്തു പ്രശ്നമുണ്ടായാലും മുന്നില്‍ നിന്നും അടി വാങ്ങുന്നവനുമാകുന്നു. ഒരടി പോലും പുറത്ത് പോകാതെ എല്ലാം പുള്ളി ഏറ്റുപിടിക്കും . വലിയ നേതാക്കള്‍ എന്തു പറഞ്ഞാലും അതക്ഷരം പ്രതി അനുസരിക്കുന്നവന്‍ . പക്ഷെ അവനിതെന്തു പറ്റി, കയ്യില്‍ രണ്ടു വലിയ ഗിരിക്കോഴികളും . ഇനി വല്ലറ്റത്തും പോയി അടി വാങ്ങിയതിനു ആരേലും കൊടുത്തതാണോ...? എല്ലാ പേരുടെയും ഈ സംശയം തീര്‍ക്കാനായി രായന്‍ വാ തുറന്നു.

'അതമ്മാ..നമ്മുടെ തെക്കേലെ സജീവന്‍ , അവന്റെ വീട്ടിലേതാ...അവന്‍ പറഞ്ഞു, നല്ല മുന്തിയ ഇനമാ..അവനെന്നും ഇതിന്റെ മുട്ട കഴിക്കും , അതാ അവന്റെ ശരീരം ഇങ്ങനെ ആയെ എന്ന്...ഞാന്‍ പണ്ടെ വിചാരിച്ചതാ...ഇവനെങ്ങെനാടാ ഈ അടിയൊക്കെ താങ്ങുന്നെ എന്ന്...മാത്രോല്ല..ഇപ്പൊ സാധനങ്ങള്‍ക്കൊക്കെ... എന്താ വില..ഒരു കിലോ അരീടെ കാര്യം തന്നെ എടുത്തെ..ഇരുപത് രൂപേ.... നമ്മളു കഷ്ടപ്പെടുന്നതൊക്കെ അങ്ങനങ്ങു പോകും ..ഞാന്‍ ആലോചിച്ചപ്പൊ നമുക്കെന്താ രണ്ടു കോഴിയെ വാങ്ങിച്ചാല്‍ . ഇതു രണ്ടും എന്നും മുട്ടയിടും എന്നാ അവന്‍ പറഞ്ഞെ..അതല്ല മുട്ട വേണ്ടാങ്കി നമുക്കിതിനെ കറി വക്കാലോ..?"

അമ്മ കോഴികളെ നോക്കി..പിന്നെ അവന്റെ മുഖത്തേയ്ക്കും .

"ഇതു രണ്ടും മുട്ട ഇടുമെന്ന് അവന്‍ പറഞ്ഞോ..?"

'ഉം "

"കാലം പോണ പോക്കേ..പൂവനും മുട്ട ഇടാന്‍ തുടങ്ങിയോ...?"

അപ്പോഴാണു രായന്‍ അവന്റെ കയ്യിലിരുന്ന കോഴികളെ ശെരിക്കും ശ്രധിച്ചത്. ഒരു പൂവനും ഒരു പിടയും .

എന്തു സംഭവിച്ചു എന്നു മനസ്സിലാകുന്നതിനു മുന്നെ അമ്മ പറഞ്ഞു,

"നാളെ രാവിലെ വല്ലതും വിഴുങ്ങണോങ്കി കടേല്‍ പോയി അരി വാങ്ങീട്ടു വാ"

"അമ്മേ..."

ഞെട്ടിപ്പിക്കുന്ന രായന്റെ വിളി കേട്ട് അവര്‍ തിരിഞ്ഞു നോക്കി.

"അരിക്കൊക്കെ ഇപ്പൊ എന്നാ വിലയാ...ഈ കാശു കൊണ്ട് ഒരു കവറു പാലും പത്തു മുട്ടേം വാങ്ങരുതോ...?

"നീ ഇവിടെ കൊടി പിടിക്കാന്‍ പോയി സമ്പാദിച്ചു കൊണ്ടു വരുന്നതു കൊണ്ട് നീ പറഞ്ഞ പോലെ എന്നും പാലും മുട്ടേം ആക്കിയാലോ..?ഒന്നു പോയേടാ...അവിടന്ന്..."

തന്റെ ഉള്ളിലെ സഖാവിന്റെ കൂമ്പു നോക്കി ആരൊ ഇടിച്ചതു പോലെ ആയി രായന്‍ . സാരമില്ല, ഇന്നു കോഴി, നാളെ പശു. എന്നാലും ഒരു കോഴി എങ്ങനെ പൂവനായി. ഓ പിന്നെ, ഇരുട്ടത്ത് വല്ലവന്റേം വീട്ടിലെ കോഴിക്കൂട്ടില്‍ കയ്യിട്ട്, തപ്പിയതിനെ കിട്ടി, കിട്ടിയതിനെ കൊണ്ടു വരുമ്പൊ ആരാ നോക്കുന്നെ, പൂവനാണൊ പിടയാണൊ എന്ന്.ഫോട്ട് പുല്ല്...

ദിവസങ്ങള്‍ കഴിഞ്ഞു.മുട്ട ഇടീപ്പിക്കേണ്ട കോഴി അതു ചെയ്യുന്നുണ്ട്, പക്ഷെ മുട്ട ഇടേണ്ട കോഴി അതു ചെയ്യുന്നില്ല...!!!

ആര്‍ക്കാണു കുഴപ്പം ? പൂവനും പൂവിയും പരസ്‌പരം നോക്കി, പൂവിയുടെ കണ്ണു നിറഞ്ഞു.അങ്ങനെ ലൌകിക ജീവിതത്തിനോട് വിരക്തി തോന്നി നടക്കുമ്പോ, എരിതീയില്‍ എണ്ണ പോലെ വേറെ എങ്ങാണ്ടു നിന്നു വന്ന ഒരു പൂവനുമായി പൂവി ലോഹ്യത്തിലാവുകയും പൂവിയുടെ വിഷമം മനസ്സിലാക്കി മനസ്സലിഞ്ഞ പൂവന്‍ അവള്‍ക്കൊരു പുതിയ ജീവിത വാഗ്‌ദാനം നല്‍കി അടിച്ചോണ്ടു പോവുകയും ചെയ്തു.
കോഴി ഇന്നു മുട്ടയിടും നാളെ മുട്ടയിടും എന്നു കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന രായന്‍ പൂവന്റെ ഡിപ്രെഷന്‍ മനസ്സിലാക്കുകയും അതില്‍ നിന്നും മോചിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.


അങ്ങനെ, കോഴിക്കാലു കടിച്ചു പറിച്ച് കളിക്കുന്നതിനിടയില്‍ രായന്‍ അമ്മയെ വിളിച്ചു, "അമ്മാ...കുറച്ചൂടി ചോറു വേണം ..."

Tuesday, December 04, 2007

"എന്നാലും രാധേ"

"ടാ...നീ അവളുടെ നോട്ടം ശ്രദ്ധിച്ചോ..? അവള്‍ക്ക് ഞാന്‍ എസ്.എല്. ആറില്‍ പോകുന്നതു കാണുമ്പോ വല്ലാത്ത നോട്ടമാ...'

സനീഷ് ഇതും പറഞ്ഞ് ഒരു നെടുവീര്‍പ്പിട്ടു.

"ടാ പോടാ...അവളു ട്യൂഷന്‍ കഴിഞ്ഞ് പോകുമ്പൊ എന്റെ വീറ്റിന്നു മുന്നിലെത്തുമ്പൊ നടത്തം പതുക്കെ ആക്കും ...എനിക്കറിയില്ലെ അവളുടെ മനസ്സിലിരിപ്പ്..."ശിവനും വിട്ടു കൊടുത്തില്ല.


ഈ സംഭാഷണം , എന്റെ നാട്ടിലെ കൌമാരത്തിന്റെ ഉറക്കം കെടുത്തിയ "നിറകുടം" നീലിമയെ കുറിച്ചായിരുന്നു. സനീഷും ശിവനും മാത്രമല്ല, നാട്ടിലെ ഒരു വിധപെട്ട, ചോരേം നീരുമുള്ള , അതായത് എട്ടില്‍ പടുക്കുന്ന തെക്കേതിലെ ശ്യാം , ഒന്‍പതില്‍ രണ്ടു തവണ തോറ്റ് ബെന്ച് നിറഞ്ഞു കവിഞ്ഞൊഴുകുന്ന രതീഷ്, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വ്യക്തികള്‍ , രാവിലെ എണീറ്റതിനു ശേഷവും രാത്രി കിടക്കുന്നതിനു മുന്‍പുമായ് ഒരു അന്‍പതു തവണയെങ്കിലും "ചുമ്മാ" നിറകുടമെന്നോ നീലിമയെന്നോ പറഞ്ഞു വന്നു.


അങ്ങനെ കരുമ്പൂക്കോണം ഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവമായ്. മൂന്ന് നാടകം , ഒരു മിമിക്സ്, ഒരു ഡാന്‍സ്. ഇത്രയുമായിരുന്നു പരിപാടി. ഓന്നാം ദിവസത്തെ നാടകം , തിരുവനന്തപുരം ചിലങ്കയുടെ "എന്നാലും രാധേ" എന്ന നാടകമായിരുന്നു. നാടകം തുടങ്ങുമ്പോ ഒരുമിച്ചു കൂടണം എന്ന് പറഞ്ഞു ഞങ്ങല്‍ മൂന്നു പേരും "എണ്ണം " എടുക്കാനായി പോയി. മലയാളി പെണ്‍കുട്ടികളുടെ ഒരു സൌന്ദര്യം ഒന്നു വേറെയാ. ഇങ്ങു കുവൈറ്റില്‍ , എങ്ങോട്ടു തിരിഞ്ഞാലും പര്‍ദ്ദകളെ മാത്രം കാണുമ്പോ, അറിയാതെ പറഞ്ഞു പോകും ..ഈശ്വരാ മരുന്നിനെങ്കിലും ഒന്നിനെ..പ്ളീസ്....ഹാ..അതൊരു കാലം ...ഇനി കഥയിലേക്ക്.


ശിവനും സനീഷും പോയി അധികം കഴിയുന്നതിനു മുന്നെ തിരിച്ച് വന്നു എന്റെ കൂടെ കൂടിയതില്‍ നിന്നും അവന്‍മാര്‍ പോയ ഭാഗത്ത് കളക്ഷന്‍ കുറവായിരുന്നു എന്നെനിക്കു മനസ്സിലായി. നാടകം തുടങ്ങുന്നതിനു മുന്നെ തന്നെ ഞങ്ങള്‍ സ്റ്റേജിനു മുന്നില്‍ എത്തി. അവിടെ കണ്ട കാഴ്‌ച, ആഹാ കയ്യില്‍ പരമ്പും പിടിച്ച് "നിറകുടം നീലിമ" അവളുടെ അമ്മയുടെയും അമ്മൂമ്മയുടെയും അടുത്ത് നില്‍കുന്നു. അവള്‍ക്ക് ഒരു അനിയന്‍ മാത്രേ ഉള്ളു എന്ന വസ്തുത ഞങ്ങളെ ഒത്തിരിയൊന്നുമല്ല വിഷമിപ്പിച്ചത്.


പക്ഷെ അവളുടെ ചുറ്റും കണ്ണോടിച്ച ഞങ്ങള്‍ക്ക് ജീവിതത്തിനോടു തന്നെ പെട്ടെന്ന് നിരാശ തോന്നി.കാരണം അവള്‍ക്ക് ചുറ്റും ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാന്‍ എന്നു പറയുന്നതു പോലെ, "അവളൊന്നിരുന്നിട്ടു വേണം " എന്നും പറഞ്ഞു നില്‍ക്കുന്ന കഴുകന്‍ കണ്ണുകള്‍ . നാടകം തുടങ്ങാറായതും എങ്ങു നിന്ന് എന്നറിയില്ല, കാന്തം ഇരുമ്പു പൊടിയെ വലിച്ചെടുക്കുന്ന പോലെ, നിറകുടത്തിനു പുറകിലും ഇരുവശങ്ങളിലുമായി അവളുടെ ആരാധകര്‍ കയ്യില്‍ പരമ്പും ന്യൂസ് പേപ്പറുകളുമായ് നില്‍ക്കുന്നു.


"ടാ എല്ലാം പോയല്ലോടാ..." എന്ന അര്ഥത്തില്‍ ഞങ്ങള്‍ മൂന്നു പേരും പരസ്പരം നോക്കി. ഇനി ആകെ ഇരിക്കാന്‍ സ്ഥലമുള്ളത് അവളുടെ മുന്നിലാ. ഞങ്ങള്‍ വളരെ മാന്യന്‍മാരായി നിറകുടത്തിന്റെ മുന്നില്‍ ചെന്നിരുന്നു. അന്ചു മിനുട്ട് കഴിഞ്ഞില്ല വിത്ത് ഹെര്‍ മോം അന്ഡ് അമ്മോം , ഞങ്ങളുടെ മുന്നില്‍ വന്നിരുന്നു. എനിക്കു കാര്യം പിടികിട്ടി. പക്ഷെ കുറുക്കന്‍മാരുടെ ഇടയില്‍ നിന്നും അവള്‍ വന്നുകയ്യറിയത് സിംഹക്കൂട്ടിലായിരുന്നെന്ന് പാവം അറിഞ്ഞില്ല.

ശിവന്റെയും സനീഷിന്റെയും മുഖം എനിക്കു കാണാന്‍ പറ്റുന്നതിനു മുന്നെ ലൈറ്റുകള്‍ അണഞ്ഞു.നിറകുടം ഒരു കൈ പിന്നിലേയ്ക്ക് താങ്ങായ് വച്ച് നാടകം ആസ്വദിച്ചു തൂടങ്ങി.പെട്ടെന്ന് ശിവനും സനീഷും മുന്നോട്ടു ആഞ്ഞ് ഇരിക്കുന്നതു കണ്ടു. ഇനിയും അവിടെ ഇരുന്നാല്‍ അടി എപ്പോള്‍ വേണമെങ്കിലും കിട്ടാമെന്ന് എനിക്ക് മനസ്സിലായി. പക്ഷെ പോകാനായ് എണീറ്റാല്‍ പിറകില്‍ നിന്നും തെറി കേള്‍ക്കേണ്ടി വരും . ഞാന്‍ പരമാവധി പിറകിലോട്ട് വലിഞ്ഞിരിക്കാന്‍ നോക്കി, അവന്‍മാര്‍ മുന്നിലോട്ടും . പക്ഷെ എന്തോ, ദൈവം സഹായിച്ച് ഒരു നിലവിളിയൊ ചുറ്റിയോട്ടമോ ഒന്നുമില്ലാതെ "എന്നാലും രാധേ' ഞങ്ങള്‍ അവസാനിപ്പിച്ചു.


തിരിച്ച് വീടുകളിലേയ്ക്ക് പോകുന്നതിനിടയില്‍ ശിവന്റെ ഡയലോഗ്, "അളിയാ...അവള്‍ വളഞ്ഞെടാ...ഞാന്‍ വിചാരിച്ചില്ല, അവള്‍ ഇത്ര പെട്ടെന്നു വീഴുമെന്ന്...ടാ...ഞാന്‍ പതുക്കെ അവളുടെ കയ്യില്‍ തൊട്ടെടാ...അവളൊന്നും മിന്‍ടിയില്ല..."


"ഹഹ...നീ അവളെ തൊട്ടതല്ലെ ഉള്ളു...അവള്‍ എന്നെ പിച്ചുക കൂടി ചെയ്തു...ടാ..അവള്‍ നിനക്കു മാത്രമല്ല എനിക്കു വളഞ്ഞു..." എന്നു സന്ദീപ് പറഞ്ഞു


പെട്ടെന്ന് ശിവന്‍ നടത്തം നിര്‍ത്തി.


ഞാന്‍ പറഞ്ഞു, "ടാ..ശിവാ...പോട്ടെട...ഇതൊക്കെ ഒരു രസമല്ലേ..?" അവന്റെ മുഖത്തെ വിഷമം മാറ്റാന്‍ വേണ്ടി പറഞ്ഞതാണെങ്കിലും അവനു നല്ല വിഷമം .


"ടാ അതല്ല...ഞാനും അവളുടെ കയ്യില്‍ പിച്ചി...അപ്പൊ ആ കൈ ഈ @#$%^&* ന്റെ കയ്യായിരുന്നോ..?"

Monday, October 22, 2007

കരുണ ചെയ്‌വാനെന്തു

ഉച്ചക്കു രണ്ടര ആയപ്പൊ സൈന്‍ ഔട്ട് ചെയ്യണമെന്നു തോന്നി. യാതൊരു കാരണവുമില്ല. വെറുതെ റൂമില്‍ പോകുക, കുറെ പാട്ടു കേള്‍ക്കുക, ഒരല്‍പം മയങ്ങുക,ഇതായിരുന്നു മനസ്സില്‍ . സൈന്‍ ഔട്ട് ചെയ്തിട്ടിറങ്ങിയപ്പോഴാണു ഗിരീഷേട്ടനെ കണ്ടത്. പുള്ളിയും സൈന്‍ ഔട്ട് ചെയ്തു.

അങ്ങനെ തിരിച്ചു റൂമിലേയ്ക്കുള്ള യാത്ര ഞങ്ങള്‍ ഒരുമിച്ചായി.യാത്രാ മധ്യേ പുള്ളിയുടെ കയ്യില്രുന്ന രണ്ടു മാഗസിനുകളില്‍ ഒന്നു വാങ്ങി. വായിക്കാനുള്ള മൂഡൊന്നുമില്ല, എങ്കിലും വെറുതെ.
പേജുകള്‍ മറിഞ്ഞു. ആദ്യത്തെ പേജുകളില്‍ സ്ഥിരം വിഷയം . കേരള രാഷ്ട്രീയം . പിന്നെ ജീവിത കഥകള്‍ , ഇന്റര്‍വ്യൂകള്‍ അങ്ങനെ പേജുകള്‍ മറിഞ്ഞു പോയി.ഇതിനിടയില്‍ ഒരു ചിത്രം എന്നെ ശെരിക്കും സ്പര്‍ശിച്ചു.


മൂന്നു പേര്‍ ഇരുന്നു ബര്‍ഗര്‍ കഴിക്കുന്നു, അവര്‍ ഇരിക്കുന്ന കസേരയ്ക്കരികില്‍ , തറയിലായി, വളരെ പ്രായം തോന്നിക്കുന്ന, മുടിയൊക്കെ കാറ്റില്‍ പറന്ന, മുഴിഞ്ഞതും കീറിയതുമായ വസ്ത്രം ധരിച്ച, ഒരു അമ്മൂമ്മ ഇരിക്കുന്നു. നോട്ടം അവരുടെ കയ്യിലിരിക്കുന്ന ബര്‍ഗറില്‍ . ആ മുഖത്ത് എന്തോ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരു പ്രത്യേക ഭാവം . ഇരിക്കുന്ന മൂന്നുപേരില്‍ ഒരാള്‍ അവഞ്ഞയോടെ ഈ അമ്മൂമ്മയെ നോക്കുന്നു.ഇതെന്നെ ശെരിക്കും ചിന്തിപ്പിച്ചു. ആ അമ്മൂമ്മയെ സംബന്ധിച്ച് ബര്‍ഗറും പഴംചോറും ഒരു പോലെ.വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍ , കണ്ണില്‍ ഒരല്‍പം ഈറനുമായി അവരെ നോക്കുന്നു.
മനസ്സമാധാനമായി കഴിക്കാനും സമ്മതിക്കില്ലേ തള്ളേ എന്ന രീതിയില്‍ അതിലൊരാള്‍ അവരെ നോക്കുന്നു .


അടുത്ത പേജിലെ പടമാ എന്നെ ശെരിക്കും തളര്‍ത്തിയത് . ആ ബര്‍ഗര്‍ ഷോപ്പിലെ സെക്യൂരിറ്റിക്കാരന്‍ ആണെന്നു തോന്നുന്നു, ആ അമ്മൂമ്മയെ ബലമായി പിടിച്ചെഴുന്നേള്‍പ്പിക്കുന്നു.ആ പാവം സ്ത്രീ അയാളുടെ മുഖതേയ്ക്ക് നോക്കുന്നു, അതില്‍ അരുതേ എന്ന ഭാവം .

തന്നെ ബലമായി പുറത്താക്കുമ്പോള്‍ എന്തായിരുന്നിരിക്കും ആ അമ്മയുടെ മനസ്സില്‍ . "ഇനിയെവിടെയാ ഈശ്വരാ..?" എന്നെ ചോദ്യമായിരിക്കുമോ?

അവര്‍ക്കും ഒരു കുടുംബവും കുട്ടികളും ഉണ്ടായിരുന്നിരിക്കില്ലേ...? ബസ് ബ്ളോക്കിലെത്തുന്നതു വരെ എന്റെ മനസ്സു നിറയെ ആ അമ്മയുടെ ദൈന്യത നിറഞ്ഞ മുഖമായിരുന്നു. കണ്ണുകള്‍ നിറഞ്ഞു.

ബസില്‍ നിന്നിറങ്ങി, മാഗസീന്‍ ഗിരീഷേട്ടനെ ഏള്‍പ്പിച്ച്, കുനിഞ്ഞ ശിരസുമായി ഞാന്‍ റൂമിലേയ്ക്ക് നടന്നു.
:55 PM

ഹോര്‍ളിക്സ്

പണ്‍ടു മൂന്നിലോ നാലിലോ പഠിക്കുന്ന സമയം...ആഹാരത്തോടു താല്‍പര്യം തീരെ ഇല്ലാതിരുന്ന സമയം!! അച്ചന്‍ വിറ്റാമിന്‍ സി, ഇ തുടങ്ങിയ എല്ലാ സമ്പുഷ്‌ട്ടീകരണ ഐറ്റംസും ചേചിക്കു മാത്രം രഹസ്യമായി സപ്‌ളൈ ചെയ്തിരുന്ന കാലം, അമ്മയുടെ രഹസ്യ പിന്തുണയും അച്ചനുന്ടായിരുന്നു..ഞങ്ങളുടെ വിശപ്പിനു ഇവിടെ ഒരു വിലയും ഇല്ലെ..?ഞങ്ങള്‍ക്കും ഇല്ലെ വികാരങ്ങള്‍ ..?ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍ സിംഹവും എന്റെ ചേട്ടന്‍ സിംഹവും .

രാത്രി ഞങ്ങള്‍ രണ്ടു സിംഹങ്ങളും ഒരേ കൂട്ടിലാണു ഉറങ്ങിയിരുന്നത് ...അങ്ങനെ ഒരു ദിവസം അച്ചന്‍ ചേച്ചിക്കു രഹസ്യമായി ഹോര്‍ളിക്സ് വാങ്ങിക്കൊണ്ടു വരുന്നത് എന്റെ ചേട്ടന്‍ കാണുകയും ഒരു മോറല്‍ സപ്പോര്‍ട്ടിനു വേണ്ടി എന്നെ അത് അറിയിക്കുകയും ചെയ്തു..സംശയാസ്‌പദമായ സാഹചര്യത്തില്‍ ചേട്ടന്‍ സ്റ്റോര്‍ റൂമില്‍ ചൂളമടിച്ചു നടക്കുന്നതു കണ്ടപ്പൊ ഞാന്‍ അതുറപ്പിക്കുകയും ചെയ്തു.അപ്പൊഴെ ഞാന്‍ മനസ്സില്‍ വിചാരിചു...ഇന്നു രാത്രി അതിനെ റെഡി ആക്കണം..

ഒരു 9 മണിക്കു ഞങ്ങള്‍ രണ്ടു പേരും കൂട്ടില്‍ കയറി.10 മണി ആയി, ചേട്ടന്‍ സിംഹം ഉറങ്ങി എന്നുറപ്പു വരുത്തി, ഞാന്‍ പതുക്കെ തള്ളവിരളില്‍ നടന്നു സ്റ്റോര്‍ റൂമില്‍ എത്തി..ഇങ്ങനെ നടക്കുമ്പോള്‍ ശ്രധിക്കേണ്ട കാര്യങ്ങള്, ഒന്ന് , നീണ്ടു നിവര്‍ന്നു നടക്കാന്‍ പാടില്ല. രണ്ട്, ഒരല്‍പം കുനിഞ്ഞു വേണം നടക്കാന്‍ , മൂന്ന് , കൈ വീശി നടക്കാന്‍ പാടില്ല. ഈ നിയമങ്ങളൊക്കെ അനുസരിച്ച് തപ്പിയും തടഞ്ഞും ഞാന്‍ സ്റ്റോര്‍ റൂമില്‍ എത്തി.പരതി പരതി അവസാനം നിധി കയ്യില്‍ തടഞ്ഞു..എനിക്കെന്റെ കൈകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..ഒരു കിലോയുടെ ഹോര്‍ളിക്സ് കുപ്പി..അമ്മെ..ഞാന്‍ ഇനി എങ്ങനെ ഈ രാത്രി ഉറങ്ങും എന്നാലോചിച്ചു പതുക്കെ കുപ്പി തുറന്നു, ഒരു സ്പൂണ്‍ ഹോര്‍ളിക്സ് വായിലേക്കിട്ടു..ആഹാ..നേരം വെളുക്കാന്‍ ഇനീം സമയമുണ്ട്..ഇടക്കിടക്കു തള്ളവിരളില്‍ നടക്കുന്നത് ആരോഗ്യത്തിനു നല്ലതാണല്ലൊ എന്നു വിചാരിചു തിരിച്ച് ബെഡിലേയ്ക്ക് നടന്നു...അങ്ങനെ അര മണിക്കൂര്‍ ഇടവിട്ടു ഞാന്‍ എന്റെ ശരീരത്തിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു...പക്ഷെ പത്തു പതിഞന്ചു തവണ ആയപ്പൊ ശരീരം , "വേണ്ട്റ ടാ...മതി, പോയിക്കിടന്നുറങ്ങ്" എന്നു പറയുന്നതു പോലെ എനിക്കു തോന്നി. നാശം ,എന്റെ ചെറിയ വയറിനെ ശപിചു കൊന്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു, അപ്പൊഴും പകുതിയോളം കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്നു.

പിറ്റേന്നു സൂര്യന്‍ കിഴക്കു വെളിക്കിറങ്ങാന്‍ വന്നതും അമ്മ തൊള്ള കീറിയതും ഒരുമിച്ചായിരുന്നു "എഴിയെടാ കാളകളെ, ഇങോട്ടു വാടാ രന്ടെണ്ണവും"...എനിക്കു സംഗതി പിടികിട്ടി..പക്ഷെ ഇത്ര ചെറു പ്രായത്തിലെ കായംകുളം കൊച്ചുണ്ണിക്കു പഠിച്ചു കൊന്ടിരുന്ന ഞാന്‍ കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ അങ്ങു മറന്നു., ഒരു ഒറിജിനാലിറ്റിക്കു വേണ്ടി. സാഹചര്യം മനസിലാക്കി ഒന്നും അറിയാത്ത "ഞാനും " ചേട്ടനും , "എന്തമ്മാ" എന്നു വിളിച്ചു കൊണ്ടു ചെന്നു. പക്ഷെ ചേട്ടനെ കണ്ടതും അമ്മ , ഷി വാസ് സോ ആംഗ്രീ ഓഫ് ദി..ന്റമ്മൊ.. ഒടുക്കത്തെ കലി.."ഇങ്ങോട്ട് വാടാ".എന്നു പറഞ്ഞ് ചേട്ടനെ അമ്മ താലോലിക്കാന്‍ തുടങ്ങുകയും , ആനന്ദാസ്രുക്കള്‍ പൊഴിച്ചു കൊണ്ട് "ഇനി എടുക്കില്ലേ, ഇനി എടുക്കില്ലേ" എന്നു ചേട്ടന്‍ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.എനിക്കൊന്നും മനസ്സിലായില്ല.

അന്തരീക്ഷം ഒന്നു ശാന്തമായപ്പൊ, അമ്മ അച്ചനോടു പറയുന്നതു കേട്ടു "അവന്റെ മുഖത്തു ഹോര്‍ളിക്സിന്റെ പൊടി കണ്ടപ്പോഴേ എനിക്കു മനസ്സിലായി, രാത്രി അവനായിരിക്കും അതു മുഴുവന്‍ തിന്നു തീര്‍ത്തതെന്ന്" .ദുഷ്ട്ടാ....മുഴുവനും തീര്‍ത്തോ?... ഇന്നു രാത്രി ഞാന്‍ എവിടെ പോകും...?(രാത്രി ചേട്ടനും എന്നെ പൊലെ തള്ളവിരളില്‍ പ്രാക്‌ടീസ് ചെയ്തതല്ല എന്നെ ഞെട്ടിച്ചത്, അതു മുഴുവനും തീര്‍ത്ത ചേട്ടന്റെ വയറാ...)അമ്മ അപ്പൊഴും തുടര്‍ന്നുകൊണ്ടിരുന്നു "മറ്റവന്‍ അങ്ങനെ ഒന്നും ചെയ്യില്ല, അവനെ എനിക്കറിയാം, അവനു കൊടുക്കുന്നതെ അവന്‍ കഴിക്കു"

(ഹൊ...ഭാഗ്യം കൊന്ടു മാത്രം രക്ഷപെട്ടു..എന്നെ സമ്മതിക്കണം)

Sunday, October 21, 2007

അച്ചന്‍

"ടാ കണ്ണാ...ദീപു....എണീറ്റു വാ.." ഈ വിളി എന്നും എ കേള്‍ക്കരുതെ എന്നു ഞാനും ചേട്ടനും പലപ്പോഴും പ്രാര്‍ഥിച്ചു കാണും . കാരണം വെറൊന്നുമല്ല, രാവിലെ ചുരൂണ്ടു കൂടി കിടന്നുറങ്ങാനുള്ള സമയത്ത് എണീറ്റ് പോയി കിളയ്ക്കണം എന്നു പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ...? പക്ഷെ മനസ്സില്ലാ മനസ്സോടെ ഞാനും ചേട്ടനും എണീക്കും , സമയം ഒരു ആറു മണ്ണി ആയിട്ടുണ്ടാകില്ല.എന്നിട്ടു ചേട്ടനു പിക്കാക്സും എനിക്കു മണ്‍ വെട്ടിയും അച്ചന്‍ തരും .വയ്യെ വയ്യെന്നു പറഞ്ഞു കിളക്കുന്ന കാണൂമ്പോള്‍ അച്ചന്‍ പറയും .."ടാ..ചവിറ്റൂന്ന മണ്ണിനെ അറിയണം ...മാത്രമല്ല, നിന്റെയൊക്കെ മസിലങ്ങോട്ടു പോരട്ടെ..."

ഇങ്ങനെ മിക്ക ദിവസവും രാവിലെ കിളപ്പിക്കുന്നതിനു പകരം വീട്ടുക അമ്മയോടാ.രാവിലെ ഒന്നും കഴിക്കാന്‍ വേണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുക, കടയില്‍ പോകാന്‍ പറഞ്ഞാല്‍ പോകാതിരിക്കുക തുടങ്ങി പല രീതിയിലും ഞങ്ങള്‍ പകരം വീട്ടി. ഇതൊക്കെ അമ്മ അച്ചനോടു പറയും .അച്ചന്‍ ചിരിക്കും ."ഹഹ..അതൊന്നും സാരമില്ല..."

സ്കൂളില്‍ കരാട്ടെ ക്ളാസ്സ് തുടങ്ങിയപ്പൊ ഞാനും ചേട്ടനും ചേര്‍ന്നു. മക്കളുടെ ശരീരം മെലിഞ്ന്നു പോയാലോ എന്നു വിചാരിച്ചിട്ടാവണം ഒരീസം "ടാ.... രണ്ടവന്‍മാരും ...എന്നും വൈകിട്ടു റോയീടെ ഹോട്ടലീന്നു എന്താന്നു വച്ച വാങ്ങി തിന്നോണം ." എന്നു പറഞ്ഞത്.

ചേച്ചിയെ അച്ചന്‍ ഒത്തിരി സ്നേഹിച്ചിരുന്നെങ്കിലും എന്റെയും ചേട്ടന്റെയും കാര്യത്തില്‍ ഒരു കുറവും വരുത്തിയിരുന്നില്ല. വൈകിട്ടു ക്രിക്കറ്റ് കളിക്കാന്‍ പോയി , താമസിച്ചു വരുന്നതിനു എന്നും അമ്മയുടെ കയ്യില്‍ നിന്നു തല്ലു കിട്ടിയിരുന്നു എങ്കിലും അച്ചന്‍ വരുമ്പോ കൊണ്ടു വരുന്ന ചിക്കന്‍ ഫ്രൈയൊക്കെ തട്ടുമ്പൊ എല്ലാ വേദനയും പോകും .

അച്ചന്റെ പഴയ ബജാജ് സ്കൂട്ടര്‍ ഗേറ്റിനു വെളിയില്‍ കണ്ടാല്‍ പിന്നെ കളിക്കുന്ന ഗ്രൌണ്ടില്‍ നിന്നും ഒരു ഓട്ടമാ ഞാനും ചേട്ടനും .അച്ചന്‍ ദൂരെ എവിടെയെങ്കില്‍ പോകുമ്പൊ എന്നെയോ ചേട്ടനെയോ കൂടെ കൂട്ടും , പോകുന്ന വഴിക്കു പറയും , "മക്കളെ, അച്ചനു ദേഷ്യമുണ്ടായിട്ടല്ല തല്ലുന്നെ, നല്ലതാവാന്‍ വേണ്ടിയല്ലെ...നിങ്ങള്‍ പഠിച്ചു നല്ലതായിട്ടു വേണ്ടെ എന്നെം നിന്റെ അമ്മയേം ഒക്കെ നോക്കാന്‍..."

വര്‍ഷങ്ങള്‍ കഴിഞ്ഞു. ചേട്ടന്‍ പത്താം ക്ളാസ്സില്‍ ആയി. ഞാന്‍ ഒന്‍പതിലും . എല്ലാ തിങ്കളാഴ്‌ച രാത്രിയിലും ഓം നമ ശിവായ സീരിയല്‍ കാണുന്നതു ഞങ്ങളുടെ പതിവായിരൂന്നു.ഇങ്ങനെ ടി വിയില്‍ എന്തെങ്കിലും കണ്ടു കൊണ്ടു കിടക്കുമ്പോള്‍ , അച്ചന്‍ ഉടനെ എന്നെ വിളിക്കും , എന്നിട്ടു കാല്‍ സെറ്റിയില്‍ നീട്ട് വച്ചിട്ടു തടവാന്‍ പറയും , അച്ചന്‍ മതി എന്നു പറയുന്നതു വരെ ഞാന്‍ തടവും .

എനിക്കു ഒന്‍പതാം ക്ളാസ്സിലെ കൃസ്തുമസ് എക്സാം നടക്കുന്ന സമയം . ഒരു തിങ്കളാഴ്‌ച ഓം നമ ശിവായ കാണുന്നതിനിടയില്‍ അച്ചന്‍ എന്നെ വിളിച്ചു. ഞന്‍ കരുതി, കാല്‍ തടാനായിരിക്കുമെന്ന്.
"ടാ എന്റെ മുതുകൊന്നു തടവിക്കെ...ചെറിയ വേദന മസിലു പിടിച്ചതായിരിക്കും ..."ഞാന്‍ ഇരുന്നു തടവി. 15 മിനുട്ട് കഴിഞ്ഞപ്പൊ അച്ചന്‍ പറഞ്ഞു, " ഇനി നീ പോയിരുന്നു പഠ്ഹിച്ചോ.."

ഞാന്‍ പിറ്റേ ദിവസം എക്സാമിനു പോയി. വൈകിട്ടു തിരിച്ചു വീട്ടില്‍ വന്നപ്പൊ അവിടെ ചേച്ചിയുടെ കൂട്ടുകാരിയും അമ്മയുമൊക്കെ ഉണ്ട്. എന്റെ അമ്മയും ചേച്ചിയും ചേട്ടനും ഇല്ല.

"അവരെവിടെ...?" ഞാന്‍ തിരക്കി..

"മോന്റച്ചനു വയ്യാതെ ഹോസ്‌പിറ്റലില്‍ ആകിയേക്കുവ...മോനു ചോറെടുക്കട്ടെ.." സ്മിത ചേച്ചിയുടെ അമ്മ പറഞ്ഞു.

"എന്തു പറ്റി ആന്റി..?" ഞാന്‍ ചോദിച്ചു.

"ഒന്നുമില്ലെടാ...ചെറിയ മുതുകു വേദന എന്നാ പറഞ്ഞെ...കഴിച്ചിട്ടു നീ പോയിരുന്നു പഠിക്ക്..അവരു ചിലപ്പൊ ഇന്നു രാത്രി തന്നെ എത്തും ."

ഞാന്‍ രാത്രി വൈകി ഇരുന്നു പഠിച്ചു. അമ്മയൊന്നും വന്നില്ല. ആന്റിയോടു അവര്‍ വരുമ്പോ വിളിക്കണേ എന്നു പറഞ്ഞിട്ടു ഞാന്‍ കിടന്നു. പിറ്റേ ദിവസം രാവിലെ എണീറ്റതും ആന്റി പറഞ്ഞു.

"മോന്റെ അമ്മയും ചേട്ടനും വന്നിരുന്നു...അച്ചന്റെ ഡ്രസ്സൊക്കെ എടുത്തിട്ടു പോയി..എക്സാം ആയതു കൊണ്ടു മോനെ വിളിക്കാണ്ടാന്നു പറഞ്ഞു..ഇന്നു വൈകിട്ടു വരും എന്നു പറഞ്ഞു..."

പിറ്റേന്നു ജിയോഗ്രഫി എക്സാമാണു. എന്തേലും ഇരുന്നു പാഠിക്കാം എന്നു വിചാരിച്ച് ഞാന്‍ എന്റെ റൂമിലേയ്ക്ക് പോയി.

പിറ്റേന്നു രാവിലെ കുളിച്ച് അംബലത്തില്‍ പോയി തൊഴുത് ഞാന്‍ എക്സാമിനു പോയി. ക്രിത്യം പത്തു മണിക്ക് എക്സാം തുടങ്ങി. ഒരു പതിനൊന്നു മണി ആയപ്പൊ മൈക്കില്‍ കൂടി പ്രിന്സിപ്പാളിന്റെ അനൌന്‍സ്മെന്റ്.

"കരിയത്തു നിന്നു വരുന്ന കണ്ണന്‍ എന്ന ദീപക്ക് എത്രയും പെട്ടെന്നു ഓഫീസിലേയ്ക്ക് വരണം .."

എന്റ മനസ്സിലെന്തോ മിന്നി മാഞ്ഞു. എല്ലാ കുട്ടികളും എന്നെ അന്തം വിട്ടു നോക്കി. ഞാന്‍ ടീച്ചറോട് അനുവാദം വാങ്ങി ഓഫീസിലേക്ക് ഓടി.ഓടുന്ന സമയം എന്റെ മനസ്സു നിറയെ എന്തിനായിരിക്കും വിളിപ്പിച്ചത് എന്നുള്ള ചിന്ത ആയിരുന്നു.

ഓഫീസിനു മുന്നില്‍ എന്റെ വലിയ മാമന്റെ മകന്‍ ലാലു ചേട്ടന്‍ കാത്തു നില്‍ക്കുന്നതു കണ്ടപ്പോഴേ എനിക്കു സംശയം തോന്നി.

"ടാ..അതെ നിന്നെ അത്യാവശ്യമായ് വീട്ടിലോട്ട് കൂട്ടിക്കൊണ്ടു ചെല്ലാന്‍ പറഞ്ഞു.."

കാര്യം എന്താണെന്നു ചോദിക്കാതെ തന്നെ എന്തോ പ്രതീക്ഷിച്ച പോലെ ഞാന്‍ ലാലു ചേട്ടന്റെ ബൈക്കിനു പിന്നില്‍ കയറി.

വീട്ടിലേക്കുള്ള വളവിന്റെ അവിടെ വച്ചു എന്നെ കണ്ട ആള്‍ക്കാര്‍ സഹതാപത്തോടെ നോക്കി.ഞാന്‍ പോലും അറിയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞു.എന്നിട്ടും മനസ്സില്‍ ഒരു പ്രതീക്ഷ.വീട് അടുക്കുന്തോറും ആള്‍ക്കാരുടെ എണ്ണം കൂടി കൂടി വന്നു. എല്ല പേരുടെയും മുഖത്ത് ഒരേ ഭാവം .ബൈക് നിര്‍ത്തിയതും അവിടെ കൂടി നിന്നിരുന്ന ആള്‍ക്കാരുടെ ഇടയിലൂടെ ഓടി ഞാന്‍ വീട്ടിനുള്ളിലേക്ക് കയറി.

അവിടെ കണ്ട കാഴ്‌ച ഒരു വലിയ ഏങ്ങല്‍ എനിക്കു സമ്മാനിച്ചു.

അച്ചന്‍ ...വെള്ള മുണ്ടില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു...

"കണ്ണാഅ...അച്ചന്‍ ...."എന്നു ചേച്ചി പറഞ്ഞു കരയുന്നതു മാത്രെ ഞാന്‍ കണ്ടുള്ളു.

അമ്മയെ അവിടെയെങ്ങും കണ്ടില്ല. ഞാന്‍ പതുക്കെ വീടിനു പുറത്തിറങ്ങി. എന്റെ ഉള്ളില്‍ എന്താണു സംഭവിക്കുന്നതെന്നു എനിക്കു പോലും അറിയാന്‍ പറ്റാത്ത അവസ്ഥ..ദിവസങ്ങള്‍ കഴിഞ്ഞു. പതുക്കെ ആളുകളും ഒഴിഞ്ഞു. ആ വീട്ടില്‍ ഞാനും അമ്മയും ചെട്ടനും ചേച്ചിയും മാത്രമായി. അച്ചന്റെ ഓര്‍മ്മക്ക് ആ പഴയ ബജാജ് സ്കൂട്ടറും .മാസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത ഗ്രൌണ്ടില്‍ കുട്ടികള്‍ കളിക്കുന്നതു നോക്കി നിന്ന എന്നോടു അമ്മ പറഞ്ഞു.

"മക്കളെ...നീയും പോയി കളിച്ചോ.."

കേള്‍ക്കേണ്ട താമസം ഞാന്‍ ഓടി. വൈകിട്ടു നാലു മണീക്കു തുടങ്ങിയ കളി, തീര്‍ന്നപ്പൊ ആറു മണി. തിരിച്ചു വീട്ടിലേയ്ക്ക് മടങ്ങും വഴി അച്ചന്റെ സ്കൂട്ടര്‍ ഗേറ്റിനു മുന്നില്‍ ഇരിക്കുന്നതു കണ്ട് എന്റെ കാലുകള്‍ക്ക് അറിയാതെ സ്പീട് കൂടി. "ഇന്നു കിട്ടിയതു തന്നെ " എന്നു മനസ്സില്‍ പറഞ്ഞു. ഓടാന്‍ തുടങ്ങിയ എന്നെ പെട്ടെന്നു ആ സത്യം പിടിച്ചു നിര്‍ത്തി, അച്ചന്‍ ഇനി ഇല്ല എന്നെ സത്യം ....

ആ ഒരു നിമിഷം ഇപോഴും മായാതെ എന്റെ മനസ്സില്‍ കിടക്കുന്നു. അച്ചന്‍ മരിച്ചു എന്നു മറന്ന നിമിഷം .

Sunday, October 14, 2007

വിശ്വസിച്ചാലും ഇല്ലെങ്കിലും

മന്‍ടന്‍മാരുടെ ഇടയിലാണു ജോലി ചെയ്യുന്നതെന്നു പുറത്ത് പറയാന്‍ കൊള്ളാമോ...? അഥവാ അബധത്തില്‍ പറഞാല്‍ നിങ്ങള്‍ വിശ്വസിക്കൊ..? ഇല്ല...കാരണം ഭൂലോക മണ്ടത്തരം നേരിട്ടു കണ്ട എനിക്കും ഇതുവരെ അതു വിശ്വസിക്കാന്‍ പറ്റിയിട്ടില്ല. കറുമ്പന്‍മാര്‍ക്ക് ദൈവം അറിഞ്ഞ് കൊടുത്തത് അവന്‍മാരുടെ ഒടുക്കത്തെ ആരോഗ്യമാണു. പക്ഷെ, ദൈവം അറിയാതെ പോലും ബുദ്ധി കൊടുത്തിട്ടില്ല (എല്ലാരും ഇല്ല കേട്ടോ) പക്ഷെ എന്റെ ലീഡ് ശ്രീമതി സി. ചിഞു മോള്‍ക്ക് ദൈവം രന്‍ടും കൊടുത്തിട്ടില്ല. ചിഞു മോള്‍ എന്ന് സ്നേഹം കൂടുമ്പൊ ഞങ്ങള്‍ വിളിക്കുന്നതാണു, ശെരിക്കുള്ള പേരു ഡെനീസ് കിംഗ്.

ജോലി സമയത്ത് അവര്‍ ഇന്റര്‍ നെറ്റിലിരുന്ന് ചീപ്പ്, ചുട്ടി, മൂക്കുത്തി മുതല്‍ കോണകം വരെ ഓര്‍ഡര്‍ ചെയ്യും . അങ്ങനെ ഒരു രാത്രി (ഞാന്‍ നൈറ്റ് ഷിഫ്റ്റിലായിരുന്നു അപ്പൊ) , ഞാനും സന്തോഷും പതിവു പോലെ ജോലിയില്‍ മുഴുകി.(കീ ബോര്‍ഡില്‍ തലയിടിപ്പിക്കലാണു ജോലി). പെട്ടെന്നു ചിഞു മോള്‍ടെ വിളി..

"ദിബാക്ക്....ഒന്നു ഇങ്ങു വരുമോ...?"

ജോലിച്ചടവില്‍ നിന്നെണീറ്റു കണ്ണും തിരുമ്മി അവളുടെ അടുത്തു പോയി.

"എന്താ മാഡം ?"

"ഇതു നോക്കു..ഞാന്‍ ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍ നോക്കിയിട്ടു പറ്റുന്നില്ല...ഇനേബിള്‍ യുവര്‍ കുക്കീസ് എന്നു ചോദിച്ചു. പാത് കൊടുക്കാന്‍ പറഞ്ഞു.ഞാന്‍ കൊടുത്തു.പക്ഷെ കിട്ടുന്നില്ല...."

കൊടുത്ത പാത് ശെരിയാണൊ എന്നറിയാന്‍ നോക്കിയ എന്റെ കണ്ണു തള്ളി കയ്യില്‍ വന്നു.

"അണ്ടര്‍ ദ റ്റേബിള്‍ , ഇന്‍ മൈ ബാഗ്" (മേശയുടെ അടിയിലെ എന്റെ ബാഗില്‍ )

"ഞാന്‍ കൊടുത്തതു ശെരിയല്ലെ...നോക്കിക്കേ..?"

ഇതും പറഞ്ഞു അവര്‍ ബാഗ് തുറന്നു. അതിനകത്ത് വലിയ ഒരു പാക്കെറ്റ് കുക്കീസ്.

"ഇവിടെ വെറെ എവിടേലും കുക്കീസ് വച്ചിട്ടുണ്ടോ..?"

ഇതു കൂടി കേട്ടതും എനിക്കു സമാധാനമായി, ഈശ്വര ഞാന്‍ എത്രയോ ഭേദം .

Thursday, October 11, 2007

ഇതൊരു മാതിരി മറ്റേ പരിപാടിയായി പോയി

തൊണ്‍ട വേദന > ശ്വാസം മുട്ടല്‍ > ഡ്രൈ കഫ്

ഇതാണു എന്റെ അസുഖതിന്റെ ഒരു പ്രൊസീജര്‍ . ചൂടു മാറി തണുപ്പു വരുന്നതു കൊണ്ട് മിക്കവര്‍ക്കും അസുഖം വരുക സ്വാഭാവികം . പക്ഷെ എനിക്ക്, അതും കട്ട ഫാക്ട്ടറിയില്‍ എല്ലു മുറിയെ പണിയെടുക്കുന്ന ഈ എനിക്ക്, അസുഖം വളരെ ചീപ്പായി പിടിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.തൊട്ടതിനും പിടിച്ചതിനും സിക്ക് എടുത്തെടുത്ത് , "ടാ വയ്യാത്തോണ്ടാണ്ട്രാ....സത്യം , അമ്മയാണെ"എന്നൊക്കെ പറഞ്ഞാലേ ആള്‍ക്കാരു വിശ്വസിക്കു എന്നായി, അതു മാത്രം പോരാ, അതു പോലെ കാണിക്കുകയും വേണം . ഫോര്‍ എക്സാമ്പിള്‍ , തല വേദന ആണു അഭിനയിക്കുന്നതെങ്കില്‍ , ആരേലും തോളില്‍ തട്ടിയാല്‍ അപ്പൊ തന്നെ തലക്കു പിടിച്ചോണം , നോ റ്റൈം റ്റു വേയ്സ്റ്റ്. അതുകൊണ്ടു തന്നെ വയറിളക്കം ആണെന്നു പറഞ്ഞു ഞാന്‍ സിക്കെടുത്തിട്ടേ ഇല്ല.


പക്ഷെ ഇത്തവണ എനിക്കു ശെരിക്കും പണി കിട്ടി. ഏറ്റവും മുകളില്‍ പറഞ്ഞ ആ മൂന്നു സാധനങ്ങളും ക്രിത്യമായി ക്രമത്തില്‍ കിട്ടി.അതും ആറ്റു നോറ്റിരുന്ന എന്റെ ഓഫ് ഡേയുടെ അന്ന്.ഹൌ കാന്‍ ഐ...ചെയ്...


അന്നു ചുമയ്ക്കു ഞാന്‍ റെസ്റ്റ് കൊടുത്തതേ ഇല്ല.ചുമയ്ക്കുമ്പൊ ട്രൈ കഫിന്റെ ഒരു എഫെക്റ്റ് അതിലുണ്ടാകും , അതു കേള്‍ക്കുന്നവര്‍ക്കു മനസിലാകും ഇവനു ഒട്ടും വയ്യാ ന്ന്. പിറ്റേ ദിവസവും ഇതു തന്നെ സ്ഥിതി. രാവിലെ തന്നെ സൂപ്പര്‍വൈസറെ വിളിച്ചു സിക്ക് പറഞ്ഞു. പക്ഷെ അവന്റെ സംസാരത്തില്‍ സംശയത്തിന്റെ ചുവ...ചെവ...ഓ എന്തു കോപ്പോ...അതുണ്ടായിരുന്നു.


"നാളെ നിന്‍റ്റെ മുന്നില്‍ വന്ന് നിന്നു , ചെവിക്കല്ലു പൊട്ടും പോലെ ചുമച്ചു കാണിച്ചരാം ..കേട്ട്രാ..." എന്നു മനസ്സില്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.


ഇനി അടുത്ത പടി എന്റെ ച്യേച്ചി. പുള്ളികാരി ഇപ്പൊ അവധിക്കു നാട്ടിലാണെങ്കിലും എന്റെ കാര്യങ്ങള്‍ അറിയാന്‍ ചേച്ചിക്കിവിടെ ചാരന്‍മാരും ചാരികളും ഉണ്ട്. സൊ യൈ റ്റു റ്റേക് റിസ്‌ക് ? (തള്ളേ ഇങ്ങ്‌ളിഷ്...)


ഒരു കോള്‍ , ഒരു അന്ചു ചുമ..ഇതിന്റെ കാര്യമേ ഉള്ളു. ഞാന്‍ ചെച്ചിയെ വിളിച്ചു, ഫോണ്‍ എടുത്തുടനെ ഒരു നോണ്‍സ്റ്റോപ് ചുമ തുടങ്ങി..


"ടാ..നിനക്കു വയ്യെ..? എങ്കില്‍ ഓഫീസില്‍ പോണ്ടാ ട്ട..." ഇതു കേട്ടിട്ടെ ഞാന്‍ ചുമ നിര്‍ത്തിയുള്ളു.
"ചേച്ചിക്കിഷ്ടമില്ലെങ്കില്‍ ഞാന്‍ റെസ്റ്റ് എടുത്തോളാം " എന്നു ഞാന്‍ പറയാതിരുന്നത്, ചേച്ചിക്കെന്നെ നന്നായി അറിയാം എന്നെനിക്കറിയാവുന്നതുകൊണ്ടായിരുന്നു.നാളെ സൂപ്പര്‍വൈസറുടെ മുന്നില്‍ വച്ച് ചുമ വിത് ട്രൈ കഫു കൂടി ആയാല്‍ എല്ലാം ഓ കെ. രാവിലെ സൂര്യന്‍ വെളിക്കിറങ്ങാന്‍ പോകുന്നതിനു മുന്നെ ഞാന്‍ എണീറ്റു. ചുമച്ചാല്‍ ഡ്രൈ കഫിന്റെ എഫെക്റ്റ് നഷ്ടമാകുമോ എന്നു പേടിച്ച് ഞാന്‍ ചുമച്ചില്ല...ആദ്യത്തെ ചുമ എന്റെ സൂപ്പര്‍വൈസറിനുള്ളതാ..
ഓഫീസില്‍ എത്തിയതും സൂപ്പര്‍വൈസര്‍ എന്നെ അടിമുടി ഒന്നു നോക്കി. അവന്റെ മനസ്സിലുള്ള സംശയം ഇപ്പോ തീര്‍ത്തു കൊടുക്കാം എന്നു വിചാരിച്ച് ചുമക്കാനായി വാ തുറന്നു.


"ഖൊ..."
"ഖൊ...ഖൊ..."
"ഖൊ...ഖൊ...ഖൊ..
"ഖൊ...ഖൊ...ഖൊ...ഖൊ..."എന്ത്...? ഇന്നലെ വരെ ചുമ വിത് ഡ്രൈ കഫായിരുന്നെങ്കില്‍ ഇന്നു , ഇപ്പൊ, അതും ലവന്റെ മുന്നില്‍ വച്ചു, അതു ചുമ വിതൌട്ട് ഡ്രൈ കഫ് ആയി... ഇന്നലത്തെ ആ സൌണ്ട് എഫെക്റ്റ്, ഇന്നില്ലെന്നോ..?ഐ ജസ്റ്റ് കാണ്ട് ബിലീവ് ഓഫ് ദി....ചെ..


വീണ്ടും ആഞ്ഞാഞ്ഞു ചുമയ്ക്കാന്‍ തുടങ്ങിയ എന്നെ നോക്കി ഒരു മറ്റെ ചിരിയും ചിരിച്ചു അവന്‍ പോയി.
"ടാ അമ്മയാണെ...ശെരിക്കും..എനിക്കു വയ്യാട്ട്ര.." എന്നു മനസ്സില്‍ പറഞ്ഞിട്ടൊന്നും അവന്‍ വിശ്വസിച്ചില്ല.

Sunday, September 30, 2007

സര്‍പ്രൈസ്

"ടാ .... ഞാന്‍ എന്തായാലും തീരുമാനിച്ചു..." ഇതു അനൂപ് പറഞ്ഞപ്പോഴാ ഞാന്‍ തിരിഞ്ഞു നോക്കിയത്.

"എന്താടാ കാര്യം ...?"

"ടാ ഇത്തവണ ഞാന്‍ വെക്കേഷനു പോകുന്നതു ഞാന്‍ വീട്ടില്‍ അറിയിക്കുന്നില്ല..."

'പിന്നെ..?'

"അവര്‍ക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെ..."

"അതെന്തിനാടാ...? നീ ചെല്ലുന്ന വിവരം നേരത്തെ അറിയിച്ചില്ലെങ്കില്‍ അവര്‍ക്കെങ്ങനെ ഒരുങ്ങി ഇരികാന്‍ പറ്റും ...? "

" ടാ..നീയൊന്നു ആലോചിച്ചു നോക്കിക്കെ....പ്രതീക്ഷിക്കാതെ എന്നെ കാണുമ്പൊ അമ്മയുടെഉം അച്ചന്റെയും പിന്നെ അവളുടെയും സന്തോഷം .. ഇതൊക്കെ കാണുന്നതൊരു സുഖമല്ലേടാ...?"

ആലോചിച്ചപ്പൊ ശരിയാ. ആ സന്തോഷം ഒന്നു വേറെ തന്നെ.

"നീ ആളു കൊള്ളാല്ലോ..." ഇതും പറഞ്ഞ് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

ഇതിനിടയില്‍ നാട്ടിലെത്തിയ ആരോ അനൂപിന്റെ അച്ചനോടു പറഞ്ഞു, അവന്‍ വരാറായല്ലോ എന്ന്. ഇതു കേട്ട അവന്റെ അച്ചന്‍ ഉടനെ അവനെ വിളിച്ചു ചോദിച്ചു. ഒന്നര മാസം കഴിഞ്ഞിട്ടെന്നല്ല ഈ വര്‍ഷം നാട്ടിലേക്കേ ഇല്ല എന്നവന്‍ ആ പാവത്തിനോടു പറഞ്ഞു.

അങ്ങനെ ഒന്നര മാസം കഴിഞ്ഞപ്പൊ അവനു പോകാനുള്ള ദിവസം എത്തി.

"ടാ എയര്‍ പോര്‍ട്ടില്‍ നിന്നു നീ എങ്ങനെ പോകും .." പെട്ടിയുമായി ഇറങ്ങുന്നതിനിടയില്‍ ഞാന്‍ അവനോടു ചോദിച്ചു.

"ഓ അതൊരു റ്റാക്സീടെ കേസല്ലെ ഉള്ളു..."

ഞാന്‍ അവനെ യാത്രയാക്കി. രാത്രി ആയിരുന്നു ഫ്ലൈറ്റ്.

പിറ്റേ ദിവസം രാവിലെ നാട്ടില്‍ നിന്നൊരു ഫോണ്‍ .

" ടാ ഇതു ഞാനാ..അനൂപ്.."

തുടര്‍ന്ന് അവന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിവരിക്കാം .

ഇവന്‍ വരുന്നുന്ടെന്ന് ഇവന്റെ അച്ചന്‍ എങ്ങനെയോ അറിഞ്ഞു. ക്രിത്യ ദിവസം തന്നെ ഇവന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി. തുടര്‍ന്ന്,

"അമ്മാ...അമ്മോ....ഞാന്‍ വന്നമ്മാ...."

അവന്റെ അമ്മ പുറത്തു വന്നു നോക്കി.

"ആ നീയോ...കുറെ നേരായോ വന്നിട്ട്...കേറിയിരി..."

ഇതു കെട്ടതും അന്ത്രാളിച്ചു പൊയ അവന്‍ അടുത്ത ആളെ വിളിച്ചു.

"ടീ.....അനിതേ...ടീ ഞാന്‍ വന്നെടീ..."

അനിത, അവന്റെ ഭാര്യ പതുക്കെ പുറത്തു വന്നു..

"ആ ചേട്ടനൊ..എപ്പൊ എത്തി..കുറെ നേരായോ..കേറിയിരി..ഞാന്‍ മോനെ ഒന്നുറക്കട്ടെ.."

ഇത്രയും ആയപ്പോഴേക്കും അവന്റെ സകല കണ്ട്റോളും പൊയി.

"അമ്മാ..ഇതു ഞാനാ....അനൂപ്...അമ്മക്കെന്നെ മനസിലായില്ലെ...ഞാന്‍ ഗള്‍ഫീന്ന വരുന്നെ...ടീ അനിതേ..ഇതു ഞാനാടീ..ഗള്‍ഫീന്ന്..."

അപോഴെക്കും അവന്റെ അച്ചന്‍ ഇറങ്ങി വന്നു.

"ഗള്‍ഫീന്നാ..? നല്ല ക്ഷീണം കാണുമല്ലെ..? അകത്തിരുന്നു കുറച്ച് കാറ്റു കൊള്ളു..ഞാന്‍ ആ മുക്കു വരെ ഒന്നു പോയിട്ടു വരട്ടെ..."

ഇത്രയും പറഞ്ഞ് അച്ചന്‍ ഇറങ്ങി പോയി.

ഇതും കൂടി കണ്ട ലവന്‍ സഹി കെട്ടു, കൊണ്ടു വന്ന പെട്ടിയും എല്ലാം തനിയെ ചുമന്ന് അകത്തു റൂമില്‍ കൊണ്ടു വച്ചു.

പിന്നെ അവന്‍ കേട്ടത്, അവന്റെ അമ്മയുടെയും ഭാര്യയുടെയും അച്ചന്റെയും പൊട്ടിച്ചിരിയായിരുന്നു.
തിരിച്ച് അവന്റെ കോളിലേയ്ക്ക്....


"ടാ...എല്ലാരും കൂടി എനിക്കു പണി തന്നു..ഞാന്‍ വരുന്നതു ഇവര്‍ നേരത്തെ അറിഞ്ഞു....ആ 75 കിലോ സാധനവും ഞാന്‍ ചുമക്കേന്ടി വന്നെടാ...."

Monday, July 23, 2007

ഉപ്പന്‍

രണ്ടു ആഴ്‌ച മുന്നെ രാവിലെ എണീറ്റപ്പൊ ഉപ്പന്‍ കരയുന്നതു കേട്ടു...ചെറുതായൊന്നു ഭയന്നു.ഈശ്വരാ..എന്റെതാണൊ ഊഴം ? അല്ല..10 മണിയോടെയാണറിഞത് അപ്പുറത്തെ രാധാക്രിഷ്ണന്‍ മരിച്ചൂന്ന്..പാവം ആയകാലത്തു അദ്ധ്വാനിച്ചു കുട്ടികളെ വളര്‍ത്തി,അതും ഗള്‍ഫിലെ പൊടിക്കാറ്റിലും എരിവെയിലത്തും കിടന്നു കഷ്ടപ്പെട്ട്, പക്ഷെ അവര്‍ക്ക് കിട്ടാനുള്ളതു കിട്ടുകയും പുള്ളി വയസ്സായി അസുഖം വന്നു കിടപ്പിലാകുകയും ചെയ്തതോടെ ആര്‍ക്കും അയാളെ വേണ്ടാതായി. ..ഹ്ഹ്മ്..അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാ..കുടുംബത്തിന്റെ സ്നേഹവും ഇണക്കവും പിണക്കവുമൊക്കെ ആസ്വദിച്ചു തുടങ്ങുന്നതിനു മുന്നെ ഭാര്യയും ഒരേ ഒരു മോളും ആക്സിഡന്റില്‍ പെട്ടു മരിച്ചു...പിന്നെ ആര്‍ക്കു വേണ്ടി സമ്പാദിക്കാന്‍ ..ആര്‍ക്കു വേണ്ടി ജീവിക്കാന്‍ ..?

അന്നു മുതല്‍ തനിച്ചായി ജീവിതം .ഇപ്പൊ ചുരുക്കം ചില ആള്‍ക്കാരെ കൂട്ടായുള്ളു.പാല്‍ കൊണ്ടു വരുന്ന അമ്മൂട്ടി, മരിച്ച രാധാക്രിഷ്‌ണന്‍ അങ്ങനെ ചിലര്‍ . അമ്മൂട്ടിക്കു ഞാന്‍ കൊച്ചപ്പുവാ,രാധാക്രിഷ്‌ണനു ഞാന്‍ രാമേട്ടന്‍ . അങ്ങനെ പലര്‍ക്കും പല പേരില്‍ ...

വീന്ടും അതാ ഉപ്പന്‍ കരയുന്നു..ആ..ഇന്നാരുടേതാണാവൊ...?അപ്പോഴേയ്ക്കും പാല്‍ക്കാരി അമ്മൂന്റെ വിളി കേട്ടു. ഭാഗ്യം ഇനി കുറച്ചു നേരം മിണ്ടാനും പറയാനും ഒരു കൂട്ടായി.

"കൊച്ചപ്പൂ..കൊച്ചപ്പൂ.." അവളുടെ വിളി കേള്‍ക്കാം .

പതുക്കെ എണീക്കട്ടെ..ഓ എന്തൊ എണീക്കാന്‍ പറ്റുന്നില്ല.നാലന്‍ചു തവണ വിളിച്ചിട്ടും എന്നെ കാണാഞ്ഞിട്ടാവണം അവള്‍ പാതി ചാരിയിരുന്ന വാതില്‍ തള്ളി തുറന്നു.

"കൊച്ചപ്പുവെന്താ എണീക്കാത്തെ.."അവള്‍ വീന്ടും വിളിചു.

ഈശ്വരാ കണ്ണു തുറക്കാന്‍ പറ്റുന്നില്ല."പാലവിടെ വച്ചിട്ടു പോ മോളേ" എന്നു പറയണമെന്നുണ്ടെങ്കിലും നാവു പൊങ്ങുന്നില്ല .അവള്‍ കതകു തുറന്നു, എന്റെ അടുത്തു വന്നു, എന്നെ തുറിച്ചു നോക്കി നിന്നു, പിന്നെ ഓടിപ്പോയി.ദാ അപ്പുറത്തെ സാലിയും രാഘവനും ഓടി എന്റെ മുറിയിലേക്കു വരുന്നു.എനിക്കെന്നിട്ടും കണ്ണു തുറക്കാന്‍ പറ്റുന്നില്ല. നിങ്ങളെന്താ ഈ വഴിക്കെന്നു ചോദിക്കാന്‍ നാവു പൊങ്ങുന്നില്ല. അവര്‍ക്കിരിക്കാന്‍ മൂലയില്‍ കിടക്കുന്ന കസേര ചൂണ്ടി കാണിക്കാന്‍ കൈ പൊങ്ങുന്നില്ല.പക്ഷെ അവര്‍ക്കിരിക്കണ്ട എന്നു അവരുടെ വെപ്രാളം കണ്ടപ്പൊ മനസ്സിലായി. എന്താ എന്തു പറ്റിയെന്നു ചോദിക്കാനുള്ള ശ്രമവും വെറുതെയായി.

സാലി എന്റെ കൈ പിടിച്ചു നോക്കി.പിന്നെയും രന്ടു മൂന്നു പേര്‍ വന്നു.എല്ലാരും കൂടി എന്റെ ചുറ്റും വന്നു നിന്നു, കിടക്കയില്‍ നിന്നും എന്നെ പൊക്കി നിലത്ത് ആരോ വിരിച്ചിരുന്ന ഒരു വെള്ള തുണിയില്‍ കിടത്തി.ആരോ തലക്കല്‍ വിളക്കു കത്തിച്ചു വച്ചു.

വെള്ളത്തുണിയും തലയ്ക്കല്‍ വിളക്കുമൊക്കെ അന്നു രാധാക്രിഷ്ണന്‍ മരിച്ചപ്പോഴും കണ്ടതല്ലെ...?

ഞാന്‍ കണ്ണു തുറക്കാന്‍ ആവതു ശ്രമിച്ചു, ഒന്നു മിണ്ടാനും .

ഉപ്പന്‍ അപ്പോഴും കരയുന്നുണ്ടായിരുന്നു.

ഡോക്‌ടറോട് ചോദിക്കാം

മാനസികോല്ലാസത്തിനു പലരും അവലംബിക്കുന്ന മാര്‍ഗ്ഗം പലതാണല്ലൊ. ചിലര്‍ക്ക് ചാറ്റിംഗ്, ചിലര്‍ക്ക്ഫോണ്‍ ഇന്‍ പ്രോഗ്രാം . മറ്റു ചിലര്‍ക്ക് വായന..അതായത് ആഴ്‌ചയിലൊരിക്കല്‍ സിറ്റിയില്‍ പോയാല്‍ അവിടെയുള്ള എല്ലാ വാരികകളും വാങ്ങി കൊണ്ട് വന്ന് വായിക്കും .

കാശും സമയവും മിനക്കെടുത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്നതെന്താ?അരയന്നങ്ങളിലെ റോസ് മേരിയും സായംസന്ധ്യയിലെ സുമാ മേനൊനും ഒക്കെയല്ലെ..ഇനി അഥവ ഇടക്കു വച്ചാണു ഈ വായനാ ശീലം തുടങ്ങുന്നതെങ്കിലും പേടിക്കണ്ട, അതിനല്ലെ "കഥ ഇതു വരെ".

ഇങ്ങനെ തികച്ചും വായനാ ശീലത്തിനു അടിമയായ ഒരു വ്യക്തിയായിരുന്നു ഞങ്ങളുടെ കൂടെ വൈകുന്നേരങ്ങളില്‍ ബസില്‍ വന്നിരുന്ന മധു ചേട്ടന്‍ .വായനശീലം തലയ്ക്കുപിടിച്ച് ഒടുവില്‍ ജോലിക്കു പോകുമ്പോഴും വരുമ്പോഴും തന്റെ ബാഗില്‍ വനിത, ഗ്രഹലക്‌ഷ്മി, മംഗളം , മനോരമതുടങ്ങി എല്ലാ വിധ മാനസികോല്ലാസ ഉപകരണങ്ങളും വയ്ക്കും . അര മണിക്കൂര്‍ അങ്ങോട്ടും അര മണിക്കൂര്ഇങ്ങോട്ടുമുള്ള യത്രയില്‍ പുള്ളിക്കാരന്‍ വായിച്ചു തള്ളുന്നതു കാണാം .

വായിക്കുന്നതു നമുക്ക് താല്‍പര്യമുള്ളകാര്യമാണോ എന്നറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. ഒന്നുകില്‍ മനോരമയില്‍ വരച്ചിരിക്കുന്ന പടം നോക്കും , അല്ലെങ്കില്‍ അതിനു മുകളില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന സംഭാഷണം നോക്കും .ഉദാഹരണത്തിനു ഒരു ഈറന്‍ മുണ്ടുടുത്തഒരു പെണ്ണു, അവളെ നോക്കി ആവേശത്തിന്റെ കൊടുമുടി കയറുന്ന ഒരുത്തന്‍ , ഇതാണു പടമെങ്കില്‍ സാധ്യത ഫിഫ്റ്റി ഫിഫ്റ്റി.ഇനി ഒരല്‍പം മുകളിലേയ്ക്ക് നോക്കിയാല്‍ സംഭാഷണം ഒരു വട്ടത്തില്‍ കാണാം . "ഏട്ടനെന്താ ഇങ്ങനെ നോക്കുന്നെ"എന്നു ആ പെണ്ണു പറഞ്ഞിട്ടുണ്ടെങ്കില്‍ ധൈര്യമായി വായിച്ചു തുടങ്ങാം .

അന്നൊരു സണ്‍ ഡേ ആയിരുന്നു, അന്നു കുവൈറ്റ് അവധിയായിരുന്നു(ചുമ്മാ). ഞങ്ങളൂടെ ബസ് അവാര്‍ഡ് ഫിലിം പോലെ നിശബ്‌ദം . അപ്പോഴാണു ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരി കൊളുത്തിക്കൊണ്ട് മധു ചേട്ടന്‍ ബസിലേയ്ക്ക് കയറിയത്. വന്ന പാടെ പുള്ളി ഒരു മൂലയില്‍ ഇരുന്നു. പതിവു പോലെ ബാഗു തുറന്നു,മനോരമയും മംഗളവും എല്ലാം നാലന്ചെണ്ണം വീതം എടുത്ത് വെളിയില്‍ വച്ചു. എന്നിട്ടു ഏതാ വായിക്കാത്തത് എന്നു തിരഞ്ഞു.ഒടുവില്‍ അതിലൊരെണ്ണം എടുത്തു, തല പുക്ച്ചു തുടങ്ങി.പുള്ളിയുടെ അടുത്തിരിക്കുന്ന ഒരു കെട്ടു മനോരമയും മംഗളവുമൊക്കെ കണ്ടപ്പോള്‍ ഞങ്ങളുടെ വായില്‍ വെള്ളമൂറി. രെന്ചിത്ത് അതിലൊരെണ്ണം എടുത്തു.

" മുഴുവനും എടുത്തോ..ഞാന്‍ വായിച്ചതാ..." എന്ന് മധു ചേട്ടന്.

കേള്‍ക്കേണ്ട താമസം ജെറികളെ കണ്ട ടോമന്‍മാരെ പോലെ ഞങ്ങള്‍ ചാടി വീണു.

എനിക്കും കിട്ടി ഒരു മംഗളം .

അങ്ങനെ ഐശ്വര്യമായി പേജുകള്‍ മറിച്ചു തുടങ്ങി. എല്ലാത്തിന്റെയും "കഥ ഇതുവരെ" വായിച്ചു, പടം നോക്കി,പ്രതീക്ഷക്കു വകയില്ലഎന്നു കണ്ടപ്പൊ പതുക്കെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പംക്തിയായ "ഡോക്‌ടറോടു ചോദിക്കാം " നോക്കി."ഡോക്‌ടര്‍ ഞാന്‍ 32 വയസ്സുള്ള യുവതിയാണു..." ഇങ്ങനെ പോയ കത്ത് വായിച്ചു തീരുന്നതിനു മുന്നെ ബസ്ബ്ളോക്കിലെത്തി.

"എല്ലാം ഇങ്ങെടുത്തെ..ബാക്കി നാളെ വായിക്കാം ട്ടാ.." മധു ചേട്ടന്‍ എല്ലാരില്‍ നിന്നും മംഗളവും മനോരമയുമെല്ലാം തിരിച്ചു വാങ്ങി.

പിറ്റേ ദിവസം മധു ചേട്ടന്‍ ഞങ്ങളുടെ ബസ് തേടി പിടിച്ച് കയറി. മുഖത്ത് നല്ല ദേഷ്യം .

"ഏവനാടാ ഇന്നലെ ആ പന്ത്റണ്ടെണ്ണത്തീന്നും "ഡോക്‌ടറൊടു ചോദിക്കാം " മാത്രം കീറിയെടുത്തത്, ഞാന്‍ റൂമില്‍ ചെന്ന്ആ പേജ് തപ്പാന്‍ ഇനി ഒരിടമില്ല.."

ഞങ്ങളെല്ലാവരും പരസ്പരം നോക്കി, അമ്പടാ അപ്പൊ നീയാണല്ലെ എന്ന ഭാവം ഞാനുള്‍പ്പടെ എല്ലാ പേരുടെയും മുഖത്ത്.

ഉടനെ പുറകില്‍ നിന്നും ആരോ ചോദിച്ചു,

"അതേ, ചേട്ടനിത്രയും വയസ്സായില്ലെ..ഇനി ഡോക്‌ടറോടൊന്നും ചോദിച്ചിട്ടൊന്നും ഒരു കാര്യവുമില്ല..."

Saturday, July 21, 2007

കുവൈത്തി കൊതുക്

കുവൈറ്റില്‍ വന്നതിനു ശേഷം എന്നെ അതിശയിപ്പിച്ച കുറച്ചു കാര്യങ്ങളിലൊന്ന് ഇവിടെ കൊതുകും ഉറുമ്പും ഒന്നും ഇല്ല എന്നുള്ളതായിരുന്നു.കാരണം മരുന്നിനു പോലും ഒരുറുമ്പിനെയോ കൊതുകിനെയോ കാണാന്‍ കിട്ടില്ല. നമ്മുടെ നാട്ടില്‍ കൊതുകു കാരണം എത്ര ആള്‍കാരാ മരിക്കുന്നത്. മിനിമം ഒരു നാലന്ചു കൊതുകുകടിയെങ്കിലും കൊള്ളാതെ ഉറങ്ങാന്‍ പറ്റാത്ത അവസ്ത്ഥയാണവിടെ..?ഇനിയൊരു കൊതുകു കടി കൊള്ളണമെങ്കില്‍ അടുത്ത വെക്കേഷന്‍ വരെ കാത്തിരിക്കണം .

ഉടനെ ഫോണെടുത്ത് സാബുവിനെ വിളിച്ചു.

"ടാ കയ്യില്‍ സിനിമ വല്ലതുമുണ്ടേല്‍ കൊണ്ടുവാ.."

അല്‍പ സമയം കഴിഞ്ഞപ്പൊ സാബു വന്നു . കയ്യില്‍ കയ്യൊപ്പിന്റെയും മയാവിയുടെയും സി ഡികള്‍ . ഞാന്‍ അവനും എനിക്കും ചായ ഇട്ടു.

ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നു ചെവിയില്‍ ഒരു മൂളല്‍ . നൂറായുസ്സാ, ദേ ഒരു കൊതുക്.

ഞാന്‍ ഉച്ചത്തില്‍ സാബുവിനോടു പറഞ്ഞു.

"ടാ..അപ്പൊ ഇവിടെം കൊതുക് ഉണ്ടല്ലേ...?"

അവനും ഞാനും കൊതുകു പറക്കുന്നതും ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് പറഞ്ഞു വച്ചതു പോലെ അതിന്റെ മൂളല്‍ നിന്നു.അതെവിടെയൊ പറ്റി പിടിച്ചു എന്നെന്നിക്കു മനസ്സിലായി. എന്റെ കയ്യില്‍ സൂചി കുത്തുന്ന വേദന വന്നപ്പോഴാണു എന്റെ കയ്യിലാണതു ഒട്ടിയതെന്നു മനസ്സിലായത്. തരിക്കുന്ന വേദന.

ഞാന്‍ പതുക്കെ കൈ ഉയര്‍ത്തി.കണ്നിനു നേരെ കൈ പിടിച്ചു. ഇപ്പൊ കൊതുകും എന്റെ കണ്ണുകളും സമാന്തരം .അതിന്റെ കുഞ്ഞു വയര്‍ മെല്ലെ ചുവപ്പാകുന്നത് എനിക്കു കാണാം .അതു വീര്‍ത്തു പൊട്ടാറായെന്നു തോന്നുന്നു, മെല്ലെ അത് പറന്നുയരാനുള്ള ശ്രമം നടത്തി.ഭാരം കാരണം വളരെ പെട്ടെന്ന് അതു താഴെ ലാണ്ട് ചെയ്തു. വീണ്ടും ഒരു വിധം തട്ടീം മുട്ടീം നിലം പറ്റി പറന്നു പോയി.

"വട്ടാണല്ലെ...?"

സാബു ചോദിച്ചു. ഉത്തരം വെറുതെ ഒരു ചിരിയിലൊതുക്കി.

പാവം ഇനിയെന്നാ അതിനാരെയെങ്കിലും ഇതുപോലൊന്നു കിട്ടുക.

Friday, July 20, 2007

വിനാശകാലേ വിപരീത ബുദ്ധി

പോളി ടെക്‌നിക്കില്‍ 3 വര്‍ഷം പഠിച്ചതുകൊണ്ടുള്ള ഒരേ ഒരു നേട്ടം എന്നു പറയുന്നത് നല്ലതു പോലെ കുഴികുഴിക്കാനും ചെടി നടാനും വെള്ളം ഒഴിക്കാനും അതു പശു കടിച്ചു പറിച്ചു തിന്നുമ്പോള്‍ പശുവിന്റെ തന്തയേം തള്ളയേം തെറി വിളിക്കാനും പഠിച്ചു എന്നതാകുന്നു. എങ്ങനെ ഇതൊക്കെ പഠിച്ചു എന്നു ചോദിച്ചാല്‍ കേരളത്തിലെ മിക്ക കോളേജുകളിലും പോളി ടെക്നിക്കുകളിലും അതാത് പന്‍ചായത്തിന്റെയും കോര്‍പ്പറേഷന്റെയും എല്ലാ വിധ ഒത്താശയോടും കൂടി പ്രവര്‍ത്തിക്കുന്നഒരു പരോപകാര സംഘമാണു എന്‍.എസ്.എസ്. ചുമ്മ റോഡ് വെട്ടാനും കുളം വറ്റിക്കാനും പുല്ലു പറിക്കാനും കൊതുകിനെ അടിക്കാനും കണ്‍വെട്ടത്തുള്ള കടകളില്‍ നിന്നും ബണ്ണും നാരങ്ങ വെള്ളവും ഗളഗളാന്നു കുടിച്ച് ഏമ്പക്കം വിടാനും നമ്മുടെ നാട്ടില്‍ എന്‍.എസ്.എസ് അംഗങ്ങളല്ലാതെ ആരാ ഉള്ളത്.

ആദ്യത്തെ വര്‍ഷം തന്നെ സമൂഹ്യ സേവനം എന്നു പറഞ്ഞാല്‍ രക്‌തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും നാടിനെ സേവിക്കാത്തവന്‍ മൊണ്ണനും വ്രിത്തികെട്ടവനുമാണെന്ന് വിചാരിച്ചാണു എന്റെ ക്ളാസ്സിലെ ദേവിയും അഖിലയും സുമയുമൊക്കെ എന്.എസ്.എസില്‍ ചേര്‍ന്നതിനു പിന്നാലെ ഈയുള്ളവനും കൂടെ സമൂഹ്യസേവനം ദിവസവും കിടക്കുന്നതിനു മുന്നെ ഓരോ പൈന്റായി അടിച്ചിരുന്ന ഉണ്ണിയും രാജ് മോഹനുമൊക്കെ ചേര്‍ന്നത്.

വീട്ടില്‍ ഒരു തേങ്ങ പൊതിക്കാന്‍ പറഞ്ഞാല്‍ "അമ്മക്കെന്താ പൊതിച്ചാല്‍ ഇതൊക്കെ ഓരോ അമ്മയുടേം അവകാശാ..അതില്‍ തൊട്ടുകളിക്കാന്‍ എന്നെ കിട്ടില്ല" എന്നു പറഞ്ഞു തടിയൂരും .അമ്മയുടെ അനുഗ്രഹമാണെന്നു തോന്നുന്നു, എന്‍.എസ്.എസ് ചേര്‍ന്നു മൂന്നാം ദിവസം തന്നെ കോളേജ് പറമ്പ് മുഴുവന്‍ കിളക്കുവാനുള്ള ഭാഗ്യം എനിക്കും കിട്ടി.

അണ്ണാന്‍ കുഞ്ഞിനെ മരം കേറാന്‍ പടിപ്പിക്കുന്നൊ..? പിന്നീടുള്ള എല്ലാ വെട്ടിനിരത്തലുകള്‍ക്കും ഞാന്‍ ഒന്നുകില്‍ കയ്യില്‍ ബാന്‍ഡേജ്, അല്ലെങ്കില്‍ കാലില്‍ , ഈ രീതിയിലാണു വന്നിരുന്നത്. അവസാനം വയ്യെങ്കില്‍ നീ വരണ്ട എന്നു പറഞ്ഞതു കൊണ്ടും സുമയും ദേവിയുമൊക്കെ ആഞാഞ്ഞു കിളയ്ക്കുന്നതു കാണാതിരിക്കാന്‍ വയ്യാഞ്ഞതുകൊണ്ടും മാത്രം ഞാന്‍ ആ പരിപാടി ഉപേക്‌ഷിച്ചു.

ഒടുവില്‍ സുമയും ദേവിയുമൊക്കെ കിളയലൊക്കെ നിര്‍ത്തി നട്ട ചെടികള്‍ക്ക് വെള്ളമൊഴിച്ചു തുടങ്ങിയതോടെ എന്റെ പോളി ജീവിതം തീര്‍ത്തും വിരസമായി.

അങ്ങനെ ഒരു ദിവസം എന്.എസ്.എസിന്റെ ഒരു ആള്‍ കേരള ക്യാമ്പ് ഞങ്ങളുടെ കോളേജില്‍ വച്ചു നടക്കുന്നു എന്ന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു.എഴുപത്തന്ച് കുട്ടികള്‍ ഉന്ടാകും . അതില്‍ നമുക്കാവശ്യമുള്ളത് മുപ്പത്, ഇല്ലാത്തത് നാല്‍പത്തന്ച്. അതായ്ത മുപ്പത് പെണ്‍കുട്ടികളും നാല്‍പത്തന്ച് ആണ്‍കുട്ടുകളൂം .പിന്നീടുള്ള കുഴി കുത്തലുകളില്‍ എല്ലാരും എടുക്കുന്ന കുഴിയെക്കാളും നാലന്ചെണ്ണം കൂടുതല്‍ ഞാന്‍ എടുത്തു തുടങ്ങി. എങ്ങനെയും കാമ്പില്‍ വോളന്റിയര്‍ ആകാന്‍ പറ്റണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. അതീശ്വരന്‍ കേട്ടു. അങ്ങനെ ഹോസ്റ്റ് ടീമില്‍ എനിക്കും കിട്ടി സ്ഥാനം .

ഇനിയാണു കഥയിലേയ്ക്ക് ഞാന്‍ വരാന്‍ പോകുന്നത്. ഒരാഴ്ചത്തെ ക്യാമ്പാണെന്നും ആരെക്കൊണ്ടും ഒരു കുറ്റവും പറയിക്കാതെ നോക്കണമെന്നും വേലപ്പന്‍ സാറിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നത് കൊണ്ട് കോഴിക്കോടി നന്ദിതയും കോട്ടയംകാരി ആശ ജോസഫുമൊക്കെ നോക്കി ചിരിച്ചപ്പൊ ഒരു വലിയ നെടുവീര്‍പ്പില്‍ എന്റെ വികാരം ഒതുക്കേണ്ടി വന്നു.


രാവിലെ പി ടി സമയത്ത് ചുള്ളി കമ്പിലെ കുരുവിക്കാഷ്‌ട്ടം മാതിരിയുള്ള മസിലൊന്നും കാണിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്ന് എനിക്കും ഉണ്ണിക്കുമൊക്കെ മനസ്സിലായി. ഇതിനിടയില്‍ തെലുങ്കിലെ അനുഷ്‌ക്കയെ കണ്ടപ്പോല്‍ കാവ്യയെ മറന്ന ദിലീപിനേം ജയസൂര്യയേം പോലെയായി ഞങ്ങളുടെ അവസ്ഥ. കാരണം സുമയും ദേവിയുമൊന്നും ഇപ്പൊ കണ്ടാല്‍ ഒരു പിണക്കവും പരിഭവവും പോലെ.ആ പോകാന്‍ പറ.

അങ്ങനെ ക്യാമ്പിലെ അവസാന ദിവസവും വന്നെത്തി. ഇന്നെങ്കിലും എന്തെങ്കിലും നമ്പര്‍ ഇറക്കി ഷൈന്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കക്ഷത്തിലിരുന്നതും പോകും , ഉത്തരത്തിലുള്ളതും പോകും . അങ്ങനെ ഉച്ചയൂണൊക്കെ കഴിഞ്ഞ് എല്ലാരും ക്യാമ്പില്‍ വിശ്രമിക്കുന്നതിനിടയില്‍ കുറെ ലോക്കല്‍ പിള്ളേര്‍ ഗ്രൌണ്ടില്‍ ക്രിക്കറ്റ്കളിക്കാന്‍ വന്നു. അവര്‍ അവിടെ സ്റ്റമ്പ് കുത്തി കളി തുടങ്ങി.എല്ലാം നിക്കറു പരുവത്തിലൂള്ള പിള്ളേര്‍ . ആണും പെണ്ണും ഉള്‍പ്പെടെ എല്ലാരുടെയും ശ്രദ്ധ കളിയിലായി. ഞാന്‍ പതുക്കെ ആശയേം നന്ദിതയേമൊക്കെ ഒളിക്കണ്ണിട്ടു നോക്കി.അവളുമാരു ശരിക്കും ത്രില്ലടിച്ചിരിക്കുന്നു, ഈ കൊച്ചു പയ്യന്‍മാരുടെ കളികണ്ട്. ചുവരില്‍ കൂടി സ്പൈഡര്‍ മാനെ പോലെ കയറി പോകുന്ന സലിം കുമാറിനെ നോക്കി ഇനി എന്തു ചെയ്യും എന്നാലോചിച്ചിരിക്കുന്ന ദിലീപിനെ പോലെയായി അപ്പോള്‍ ഞങ്ങളുടെ അവസ്ഥ.

ഹോ, എനിക്കൊത്തിരി വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല, അതിനു മുന്നെ ഉണ്ണി അവന്റെ ബുദ്ധി ഉപയോഗിച്ചു.


നമുക്കും കളിക്കാം , ക്രിക്കറ്റ്.ഞങ്ങളെല്ലാരും കൂടി ഗ്രൌണ്ടിലേയ്ക്ക് നടന്നു. അപ്പോഴേക്കും അവിടെ കളിച്ചുകൊണ്ടിരുന്ന നരിന്തുകളില്‍ ഒരുത്തന്‍ ഓടി വന്നു.

"അണ്ണാ മാച്ച് കളിക്കുന്നോ.."

ഞങ്ങള്‍ പുച്ചത്തോടെ പരസ്‌പരം നോക്കി.പൂടാ, പൂടാ, തരത്തിനു പോയി കളിയെടാ, എന്നു പറയാന്‍ തുടങ്ങുന്നതിനു മുന്നെ ഉണ്ണി പറഞ്ഞു,

"ഓ കെ നിങ്ങള്‍ എത്ര പേരാ...ഫസ്റ്റ് ബാറ്റിങ്ങ് ഞങ്ങള്‍ക്കു തന്നാല്‍ കളിക്കാം ..."

അവന്റെ ഉദ്ധേശം എനിക്കു മനസ്സിലായി. ഈ പാവപ്പെട്ട പിള്ളേരെ എടുത്തിട്ടലക്കി റോള്‍ എടുക്കാനായിരിക്കും . നീ ഒരു മനുഷ്യനാണോടാ..നിനക്കും ഇല്ലേടാ സ്റ്റമ്പും ബാറ്റുമൊക്കെ, എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവനെ നോക്കി.

"ശരി സമ്മതിച്ചു..ടാ അണ്ണന്‍മാര്‍ക്ക് ബാറ്റിങ്ങാ.." എന്നു ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടവന്‍ ഓടി.

അങ്ങനെ ഞങ്ങള്‍ കളി തുടങ്ങി. ഓപ്പണിങ്ങ് ഞാനും ഉണ്ണിയും .കളിയുടെ രണ്ടാമത്തെ ബോള്‍ തന്നെ ഫോറടിച്ച ഉണ്ണി, അതു കഴിഞ്ഞു ഗ്യാലറിയിലേയ്ക്ക് ഒരു നോട്ടം നോക്കി.എന്റെ ചങ്കു കത്തി പോയി, ആശാ ജോസഫും നന്ദിതയുമൊക്കെ കയ്യടിക്കുന്നു.

"ടാ ഒരു സിങ്കിള്‍ എടുത്തു താടാ.."

ഞാന്‍ മൂട്ടില്‍ തീ പിടിച്ചുകൊണ്ട് പറഞ്ഞു.

എന്റെ ഉദ്ധേശം അവനു മനസ്സിലായില്ല എന്നു തോനുന്നു, അവന്‍ സിങ്കിള്‍ എടുത്തു.അടുത്ത രണ്ട് ബോളും ഫോറടിച്ചു ഞാന്‍ എന്റെ സാനിധ്യം അറിയിച്ചു.ഗ്യാലറിയിലോട്ടു നോക്കിയ ഞാന്‍ പുളകിതനായി, കരഘോഷം .അടുത്ത ബോള്‍ സിങ്കിളിനായി അടിച്ചെങ്കിലും ആ കാലമാടന്‍ ഉണ്ണി ഓടിയില്ല. അങ്ങനെ രണ്ടാമത്തെ ഓവറില്‍ ബാറ്റു ചെയ്യുന്നതവന്‍ . ഒരു കൊച്ചു പയ്യന്‍ വലിയ റണ്ണപ്പൊന്നുമില്ലാതെ വന്നു വെറുതെ കയ്യൊന്നു കറക്കുന്നതു മാത്രെ ഞാന്‍ കണ്ടുല്ള്ളു, ഉണ്ണിയുടെ ലെഗ് സ്റ്റമ്പ് കാണുന്നില്ല. ഗ്യാലറിയില്‍ നിശബ്ദദ.ഉണ്ണി പതുക്കെ ബാറ്റ് തറയില്‍ വച്ച് അടുത്തുള്ള മരത്തിന്റെ കീഴെ പോയിരുന്നു.കാരണം ഗ്യാലറിയില്‍ നിന്നും വളരെ അകലെയാണാ മരം. രണ്ടാമതു വന്ന പ്രഷോഭിനു ബോളു കാണാന്‍ പറ്റിയില്ലെങ്കിലും ബാറ്റില്‍ കൊള്ളിച്ചു. എന്നീട്ടു സിങ്കിളിനായി ഒരോട്ടം . ഓടാതിരിക്കാന്‍ പറ്റില്ലല്ലൊ. അടുത്ത ബോള്‍ എന്റെ നേരെ വന്നതു പോലും കാണാനുള്ള സമയം എനിക്കു കിട്ടിയില്ല.പക്ഷെ കോണ്ടതെവിടെയാണെന്നറിയാന്‍ ഒരു സെക്കണ്ട് പോലും വേണ്ടി വന്നില്ല.ക്രിത്യം എന്റെ മര്‍മ്മത്തു തന്നെ. കണ്ണാണോ പുകഞ്ഞത്, അതോ...എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ കോമയിലേയ്ക്ക് വഴുതി വീഴുമോ എന്ന് തോന്നി പോയി.വളരെ അവ്യക്തമായി ഗ്യാലറിയില്‍ നോക്കി. അവളുമാരു ചിരിക്കുന്നു, കണ്ണില്‍ ചോര ഇല്ലാത്തവളുമാര്‍ .ആരോ ഓടി വന്ന് താങ്ങി പിടിച്ച് മരത്തിന്റെ കീഴെ കൊണ്ടു പോയി ഇരുത്തി. എന്റെ ഭാവി കുളമായോ ആയില്ലേ എന്നറിയാതെ എഴിക്കാനും വയ്യ എഴിച്ചാല്‍ നടക്കാനും വയ്യ എന്ന അവസ്ഥയിലിരിക്കുമ്പോ തോനുന്ന ഒരു പ്രത്യേക തരത്തിലുള്ള ഉള്‍വിളി എനിക്കുമുണ്ടായി. അതായത്, "വേണ്ടിയിരുന്നില്ല" എന്ന്.

"അളിയാ..കലങ്ങിയല്ലേ..ഞാന്‍ നേരത്തെ ഔട്ടായതു ഭാഗ്യം ...ആ കാലമാടന്‍ എന്നാ എറിയാ"

"ങു ങു ഉം .." ഒന്നു മൂളാനെ എനിക്കു കഴിഞുള്ളു.

ഇതിപ്പൊ അഭിമാനത്തിന്റെ പ്രശ്നമായി. ഒരോവര്‍ കൂടി കഴിഞ്ഞപ്പൊ ഒരു പ്രത്യേക ആങ്കിളില്‍ കുണ്ടിയില്‍ വെടികൊണ്ട ശ്രീനിയെപോലെ നടന്ന് ഞാന്‍ വീണ്ടും ക്രീസിലെത്തി. ബൈ റണ്ണര്‍ വച്ചു. അങ്ങനെ എല്ലാരും കൂടി ആ നരിന്ത് പിള്ളേരുടെ വെടിയുണ്ട പോലെ വരുന്ന ബോളുകള്‍ ശരീരത്തു കൊള്ളാതെ തടഞ്ഞതുകൊണ്ടു മാത്രം 12 ഓവറില്‍ ഞങ്ങള്‍ 85 റണ്സടിച്ചു.

ഇടവേള സമയത്ത് എനിക്കു രാജകീയ പരിവേഷമായിരുന്നു.

കണ്ടോടീ ചേട്ടന്റെ ആത്മാര്‍ത്ഥത, എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവളുമാരെ ഒന്നു നോക്കി.എന്നിട്ടു എല്ലാരും കേള്‍ക്കെ ഉറക്കെ പറഞ്ഞു.

"ഡെയ്, ഫസ്റ്റ് ഓവര്‍ ഞാന്‍ എറിഞ്ഞോളാം ..."

അങ്ങനെ ബാറ്റു പിടിക്കാന്‍ പോലും ശേഷിയില്ല എന്നു തോന്നിപ്പിക്കുക മാത്രം ചെയ്യുന്ന ഒരുത്തന്റെ നേരെ, ഞാന്‍ എന്റെ സകല നാഡീ ഞരമ്പുകളും മുറുക്കി, കൊടുത്തു ഒരെണ്ണം . പക്ഷെ, അവന്‍ കൊടുത്തതാ ശെരിക്കും കൊണ്ടത്. ഒരു പടുകൂറ്റന്‍ സിക്സ്.

പന്തു സിക്സിനു പറക്കുന്നതു കണ്ടപ്പോഴേ ഞാന്‍ കുനിഞ്ഞെന്റെ കാലില്‍ പിടിച്ചു, വേദനിക്കുന്നതു പോലെ ഇരുന്നു. പുല്ല്..ഇവനൊക്കെ ഏത് റേഷനാടാ..നാറിയില്ലേ ഈശ്വര...ഗാലറിയിലോട്ടു നോക്കുന്നതിലും നല്ലതു തൂങ്ങി ചാവുന്നതാണു. ഏതോ കാട്ടിന്റെ ഇടയില്‍ നിന്നും ബോളു എന്റെ കയ്യില്‍ തിരിച്ചെത്തി.പാവം ശെരിക്കും വേദനിച്ചു കാണും .

പിന്നെ നടന്നതിങ്ങനെ:
രണ്ടാമത്ത ബോള്‍ : ഫോറ്

മൂന്നാമത്തേത് : മൂന്ന്
നാലാമത്തേത് : രണ്ട്
അന്ചാമ്ത്തേത് : സിങ്കിള്‍
ആറാമത്തേത് : ഒരു പടുകൂറ്റന്‍ സിക്സ്

ബാറ്റു ചെയ്യുന്നവനു ഇത്രയും അടിച്ചതിന്റെ ഒരു അഹങ്കാരവുമില്ല. ഞാന്‍ പതുക്കെ പഴയ നമ്പര്‍ ഇറക്കി. നേരത്തെ ഏറ് കിട്ടിയത് വീണ്ടും സീരിയസ് ആക്കി. കഥ ഇങ്ങനെ മാറി. വാക്കല്ലാതെ ഏറ് കൊണ്ടതു കൊണ്ടാണു ബോളിങ്ങ് മോശമായത്. ഇല്ലെങ്കില്‍ ഇപ്പൊ കാണാമായിരുന്നു.

മുക്കിയും മൂളിയും ഞങ്ങള്‍ പന്ത്രണ്ടോവറില്‍ അടിച്ചെടുത 85 റണ്സ് അവന്‍മാര്‍ ചീളു പോലെ 9 ഓവറില്‍ അടിച്ചെടുത്തു. ഭാഗ്യം ഞാന്‍ ഒരോവര്‍ മാത്രെഎറിഞ്ഞുള്ളു.

കളിയും തോറ്റ് , മാനവും പോയി തിരിച്ച് ക്യാമ്പിലേയ്ക്ക് നടന്ന ഞങ്ങളുടെ മനസ്സ് നിറയെ അവളുമാരുടെ ആക്കിയ ചിരിയായിരുന്നു.

പക്ഷെ എന്നെ അലട്ടിയത് മറ്റൊന്നായിരുന്നു. നമ്മുടെ ഭാവി നമ്മുടെ കയ്യില്‍ പോലും സുരക്ഷിതമല്ല എന്ന് എനിക്കന്നു മനസ്സിലായി.

വിനാശകാലേ വിപരീത ബുദ്ധി.

Monday, July 16, 2007

വാസുവിന്റെ പൊക്കം

വാസു. അവന്റെ അമ്മ വാസ്വേന്നും അച്ചന്‍ ടാ വാസു എന്നും അനിയന്‍ വാസുച്ചേട്ടോന്നും വിളിക്കുന്ന വാസു. ക്രിക്കറ്റ് കളിയില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടവന്‍ വാസു.ആദ്യം ബൌള്‍ ചെയ്യേണ്ടവന്‍ വാസു.വീട്ടില്‍ മുട്ട പൊരിച്ചാല്‍ വലിയ പീസ് കിട്ടേണ്ടവന്‍ വാസു.ടീ വീ കാണുമ്പോള്‍ ആദ്യത്തെ സീന്‍ താന്‍ തന്നെ കാണനം എന്നു കരുതി ഏറ്റവും മുന്നില്‍ ഇരിക്കുന്നവന്‍ വാസു.ഇങ്ങനെ വീട്ടിലും നാട്ടിലും രാജാവായി വാണിരുന്ന വാസുവിനു ഒരു സ്വകാര്യ് ദുഖമേ ഉണ്ടായിരുന്നുല്ലു.പൊക്കമില്ല.

സംഗതി താന്‍ ഒന്‍പതാം ക്ളാസ്സില്‍ ആണു പഠിക്കുന്നതെങ്കിലും സ്വന്തം ശരീരം അതംഗീകരിക്കുന്നില്ല എന്നാ അവന്റെ പരാതി. അതിപ്പോഴും നാലാം ക്ളാസ്സിലേതു പോലാ.

ഈ വാസു പൊക്കം വയ്ക്കാന്‍ വേണ്ടി പടിച്ച പണി പതിനെട്ടും നോക്കി. അവന്റമ്മക്കും അച്ചനും അനിയനും കൂടിയുള്ള ഭക്ഷണം ഒരുമിച്ചു കഴിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടായിരുന്നു. വീതി കൂടുതല്ലാതെ നീളിക്കുന്നില്ല എന്നു കണ്ട അവന്‍ അതു നിര്‍ത്തി.

ഇങ്ങനെ ആകെ അപ് സെറ്റായിഅവന്റെ ക്ളാസ്സിലെ ദിവ്യയുടെ അത്രയെങ്കിലും പൊക്കം തരണമേ എന്നു പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ അവന്‍ എന്റെ സ്വന്തം ചേട്ടന്റെ മുന്നില്‍ ചെന്നു പെട്ടു.എന്റെ ചേട്ടച്ചാര്‍ക്കു ആറടി പൊക്കമുണ്ട്. ഒന്നു വലിച്ചാല്‍ എന്തെങ്കിലും ടിപ്‌സ് തടഞ്ഞേയ്ക്കും എന്നു കരുതിയിട്ടാവണം അവന്‍ ചേട്ടനെ നോക്കി ചിരിച്ചു.

"എന്താടാ വാസു..ഇന്നു സ്കൂളില്ലെ..?"

"ഇന്നവധിയാ...ദീപു ചേട്ടാ..അതെ...ചേട്ടന്‍ എത്രാം ക്ളാസ്സില്‍ പടിക്കുമ്പോഴാ പൊക്കം വച്ചെ....?"

"ഹഹാ...ഞാനും ഒമ്പതില്‍ പടിക്കുമ്പൊ നിന്റത്രേ ഉണ്ടായിരുന്നുള്ളു...പിന്നെ ഒന്‍പതിലെ വെക്കേഷനായപ്പൊ ഒരു പോക്കല്ലായിരുന്നോ...നീ പേടികണ്ട്റാ...പത്തിലെ വെക്കേഷന്‍ ആവുമ്പൊ നീയും പൊങ്ങും .."

"അയ്യോ ചെട്ടാ...സത്യാണൊ...അപ്പൊ ഞാന്‍ പൊക്കം വക്കില്ലേ..?"

"അതെന്താടാ...?"

"അയ്യോ ചേട്ടാ..എനിക്കു വെക്കേഷന്‍ ഇല്ല...പരീക്ഷ കഴിഞടുത്താഴ്ച തന്നെ പത്തിലെ ക്ളാസ്സ് തുടങ്ങും ... ചെ...ഇനിയെന്തു ചെയ്യും .?"

ഇതു കേട്ട് കണ്ണുതള്ളിയ ചേട്ടന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് അപ്പോഴെ സ്ഥലം വിട്ടിരുന്നു.

Saturday, July 14, 2007

ട്രിമ്മര്‍

ആഴ്‌ചയില്‍ രണ്ടു തവണ ഷേവ് ചെയ്യണം എന്നത് എന്നെ സംബന്ധിച്ച് ഷര്‍ട്ടും പാന്റ്സും തേയ്ക്കുക, ദിവസവും തുണി അലക്കുക തുടങ്ങിയ കാര്യങ്ങളെ പോലെ തന്നെ മടിപ്പുളവാക്കുന്നതും അറപ്പുളവാക്കുന്നതും ആയിരുന്നു.ഈ സമയം വീട്ടിലായിരുന്നെങ്കില്‍ , ഞാന്‍ നനയ്ക്കാനായി കൂട്ടി ഇട്ടിരിക്കുന്ന തുണികള്‍ റൂമിലെ സ്പെയിസ് കുറക്കുന്നു എന്ന കാരണത്താല്‍ അമ്മ എടുത്ത് വെളിയിലെറിയും .ഞാന്‍ കറങ്ങി ത്തിരിഞ്ഞ് വീട്ടിലെത്തുമ്പൊ വെളിയില്‍ കിടക്കുന്ന തുണിയെല്ലാം എടുത്ത്, ഭദ്രമായി അടുക്കി വച്ച് തിരിച്ചു റൂമില്‍ കൊണ്ടു വയ്ക്കും . അങ്ങനെ സ്പെയിസ് ഇല്ല എന്ന അമ്മയുടെ പരാതി ഞാന്‍ തീര്‍ക്കും . ഇവനെ എങ്ങനെ നന്നാക്കും എന്ന ആലോചന അമ്മയെ പല മ്രിഗീയമായ നടപടികളെടുക്കാനും പ്രേരിപ്പിച്ചു.


ഒരു ദിവസം ഞാന്‍ ക്ളാസ്സ് ഒക്കെ കഴിഞ്ഞു വന്ന് ഇട്ടിരുന്ന ഷര്‍ട്ടും പാന്റ്സും എവിടെയിടും എന്നാലോചിക്കുന്നതിനടയില്‍ ,അമ്മയുടെ ശബ്‌ദം .

"ടാ ഞാന്‍ ഇന്നു നിന്റെ റൂമൊക്കെ ക്ളീന്‍ ആക്കി...നിനക്കു ഒത്തിരി പഠിക്കാനില്ലെ..അതുകൊണ്ട് ഞാന്‍ അങ്ങു ചെയ്തു"

കൊള്ളാം ..അപ്പൊ അമ്മ എന്റെ ഷര്‍ട്ടും പാന്റ്സുമൊക്കെ കഴുകിയിട്ടുകാണും അല്ലെ? മനസ്സില്‍ ഞാന്‍ ചിരിച്ചു, പാവം അമ്മ.

"ടാ ക്ളീന്‍ ചെയ്തതിനു ശേഷം നിന്റെ തുണിയെല്ലാം ഞാന്‍ എടുത്ത് സര്‍ഫിലിട്ടിട്ടുണ്ട്..സമയം കിട്ടുമ്പോ അലക്കി ഇട്ടോണം .."

ചതി..വന്‍ ചതി.. അപ്പൊ റൂം ക്ളീന്‍ ചെയ്തത് ഇതിനു വേണ്ടിയായിരുന്നല്ലെ..? അവസാനം പ്രാകി പ്രാകി 8 ഷര്‍ട്ടും 6 പാന്റ്സും പിന്നെ പറയാന്‍ മാത്രം ഒന്നുമില്ലാത്ത 6 അവശ്യ വസ്‌തുക്കളും ഞാന്‍ അലക്കേണ്ടി വന്നു. എല്ലാം കഴിഞ്ഞപ്പൊ

" ടാ അകത്തെ ബാത് റൂമില്‍ നിന്റെ ബ്ളാങ്കെറ്റും സര്‍ഫില്‍ ഇട്ടു വച്ചിട്ടുണ്ട്...അതാരു കഴുകും ...?" എന്നായി.

മോങ്ങനിരുന്നതിന്റെ തലയില്‍ തെങ്ങോടു കൂടി വീണു. കാര്യം മനസ്സിലായികാണുമല്ലോ? അന്നു ഞാന്‍ ഇത്രയ്ക്കും കട്ടയായിരുന്നില്ല.പിന്നെ പിന്നെ ഞാന്‍ എന്റെ ഡ്രസ്സുകള്‍ അമ്മ കാണാതെ ഒളിപ്പിച്ചു വയ്ക്കാന്‍ തുടങ്ങി.

ഇപ്പൊ ഇങ്ങു കുവൈറ്റില്‍ വന്നതിനു ശേശം ഡെയിലി നനയ്‌ക്കണം , തേയ്ക്കണം .. അതിന്റെ കൂടെ ഷേവും ചെയ്യണം .(ഞാന്‍ പുരുഷനായ വിവരം വളരെ സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു..ഹി ഹി )
അയണിങ്ങ് പരിപാടി ഒഴിവാക്കാന്‍ വേണ്ടി , ഷര്‍ട്ടുകള്‍ റ്റി ഷര്‍ട്ടുകളും പാന്റുകള്‍ ജീന്സുമായി മാറി. പിന്നെ ഷേവിങ്ങ്. അതു ക്ളീന്‍ ഷേവില്‍ നിന്നും മാറി ട്രിമ്മിങ്ങില്‍ ഒതുങ്ങി. നിങ്ങളുദ്ധേശിച്ചതു തന്നെ, റോഷന്‍ സ്റ്റൈലില്‍ കുറ്റി ത്താടിയും മീശയും .


ട്രിം ചെയ്യാന്‍ എന്താ എളുപ്പം . ട്രിമ്മര്‍ ചാര്‍ജ് ചെയ്യണം എന്ന ഒറ്റ ബുദ്ധിമുട്ടേയുള്ളു. സമയമാവുമ്പോ അതെടുത്ത് ഒരു പിടി. എല്ലാം കഴിഞ്ഞു.ഇങ്ങനെ ആഴ്ചയില്‍ രണ്ടു തവണ ഞാന്‍ ട്രിം ചെയ്തിരുന്നു. ഒരു ദിവസം താടി മാത്രമല്ല തലമുടിയും ട്രിം ചെയ്താലെന്താ എന്ന ചിന്ത എന്നെ അലട്ടി.(തലമുടി അധികമില്ലാത്തതു കൊണ്ട്, അതു ചീളു കേസായിരിക്കും ).

അങ്ങനെ ഞാന്‍ 3 കെ ഡി കൊടുത്ത് വാങ്ങിയ ആ ട്രിമ്മര്‍ എന്റെ തലയില്‍ സന്‍ചാരം തുടങ്ങി. യെസ്,നന്നാവുന്നുണ്ട്. തല മുടി പാതി ട്രിം ചെയ്തു കഴിഞ്ഞപ്പൊ എന്റെ കോണ്സണ്ട്രേഷന്‍ ലോസായി ട്രിമ്മര്‍ കയ്യില്‍ നിന്നും വഴുതിപോയി.പെട്ടെന്ന് തറയില്‍ വീഴാതെ അതു പിടിക്കാനുള്ള എന്റെ ശ്രമം ചെന്നവസാനിച്ചത് ക്ളോസറ്റില്‍ . അതെ, ട്രിമ്മര്‍ ക്ളൊസറ്റില്‍ . എന്റെ തല ഞാന്‍ കണ്ണാടിയില്‍ നോക്കി.മുന്‍ വശം ക്ളീന്‍ . ബട്ട്..ബട്ട്..പിന്‍ വശത്തു നല്ല ഒന്നാന്തരം കുടുമ.ഞാന്‍ സര്‍വാങ്കവും തളര്‍ന്നു നിന്നു പോയി.

ഇനി ഞാന്‍ ആള്‍കാരുടെ മുഖത്തെങ്ങനെ നോക്കും , അവരെന്റെ തലയിലെങ്ങനെ നോക്കും . നാണക്കേടില്‍ നിന്നും രക്ഷപെട്ടേ പറ്റു. അന്നു എന്റെ റൂം മേറ്റ് ഓഫ് ആയിരുന്നു.അതെന്തായാലും ഭാഗ്യമായി.ഇല്ലെങ്കില്‍ ഇതങ്ങേരു കുവൈറ്റ് ടൈംസില്‍ ഇട്ടേനെ. ഞാന്‍ തൊപ്പി എടുത്തു വച്ചു.ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് വിടാം .മുറി പൂട്ടി പുറത്തിറങ്ങിയപ്പൊ എന്തോമറന്നതു പോലെ.യെസ്, ട്രിമ്മര്‍ . അവനിപ്പോഴും ക്ളോസറ്റില്‍ . അതെങ്ങനെ എടുക്കും ?. ഒരേ ഒരു വഴിയെ ഞാന്‍ കണ്ടുള്ളു. ഞങ്ങളുടെ ബ്ളൊക്കിലെ ക്ളീനിങ്ങ് ബോയ്സ്ബങ്കാളികളാണു. അവരെ വിളിച്ചു, ഒരു കെ ഡി കൊടുത്തു. ഞാന്‍ പുറത്തു പോവുകയാണെന്നും വരുമ്പോഴേക്കും സംഗതി ക്ളിയര്‍ ചെയ്യണമെന്നും ഞാന്‍ ചട്ടം കെട്ടി. ട്രിമ്മര്‍ ക്ളോസറ്റിലാണെന്നറിഞ്ഞപ്പൊ അവനു ഒരു കെ ഡി പോരെന്നായി. എന്റെ മനസ്സില്‍ ഈ ആഴ്ചത്തെ വാര ഫലം വെറുതെ ഒന്നു കടന്നു പോയി.ധന നഷ്‌ടം , മാന നഷ്ടം ..പാടില്ല, ധനം നഷ്ട്ടപ്പെട്ടാലും എന്റെ മാനം .... ഞാന്‍ ഒരു കെ ഡിയും കൂടി കൊടുത്തു. നിന്നെ ഞാന്‍ എടുത്തോളാട്രാ എന്നുമനസ്സില്‍ പറഞ്ഞു ഞാന്‍ ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് പോയി.


ഭാഗ്യം , അധികം തിരക്കില്ലാത്ത സമയത്താണു ഞാന്‍ ചെന്നത്. എനിക്കൊരു ചെയര്‍ നല്‍കി, കഴുത്തില്‍ കവര്‍ ക്ളോത്തൊക്കെ ഇട്ടു. എന്നിട്ടു പുള്ളി എന്റെ തൊപ്പി പതുക്കെ ഊരി. കണ്ണു തള്ളിയ അയാള്‍ക്കു ഞാന്‍ ഒരു വളിച്ച ചിരി കണ്ണാടിയിലൂടെ സമ്മാനിച്ചു.

"ഓരോര്‍ത്തര്‍ക്കും ഓരോ ജോലി പറഞ്ഞിട്ടുണ്ട്...കാശു ലാഭിക്കാനായി കാണിക്കുന്ന കോപ്രായങ്ങളേ..." ഇങ്ങനെ തുടങ്ങി മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന പല ഡയലോഗുകളും കേട്ടതിനു ശേഷമാണു എനിക്കവിടെ നിന്നും തല ഊരാന്‍ പറ്റിയത്.

തിരിച്ചു ഫ്ളാറ്റില്‍ ചെന്നപ്പൊ, റൂമില്‍ കയറുന്നതിനു പകരം ഞാന്‍ ആദ്യം കയറിയത് ബാത് റൂമിലാണു.ഇല്ല, ക്ളോസറ്റില്‍ ട്രിമ്മര്‍ ഇല്ല. അങ്ങനെ എല്ലാം ശുഭമായി അവസാനിച്ചു എന്നു കരുതി, ഞാന്‍ പതുക്കെ റൂമില്‍ കയറി.

"ഇയാള്‍ടെ ട്രിമ്മര്‍ എവിടെ..?"

ഞാന്‍ ഞെട്ടിത്തെറിച്ചു.തിരിഞ്ഞു നോക്കി. എന്റെ റൂം മേറ്റ്.ഇനി പുള്ളിയാണോ അതെടുത്തു കളഞ്ഞത്? എനിക്കാകെ കണ്‍ഫ്യ്യൂഷനായി.

"ചേട്ടന്‍ എന്താ സൈന്‍ ഔട്ട് ചെയ്തോ...?"

ഞാന്‍ ഒന്നും അറിയാത്തതുപോലെ ചോദിച്ചു.

"ഉം ..ഇപ്പൊ വന്നു കയറി , ഭക്ഷണവും കഴിച്ചു, വെയിസ്റ്റു കൊണ്ടു കളയാന്‍ പോയപ്പൊ വെയിസ്റ്റ് ബിന്നില്‍ തന്റെ ട്രിമ്മര്‍ കിടക്കുന്നു.മുന്പൊരെണ്ണം കാണാണ്ടായതല്ലെ..ഇതാരാ ചെയ്യുന്നതെന്നു കണ്ടു പിടിക്കണം ."

ഞാന്‍ എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്പു പുള്ളീ പറഞ്ഞു.

"ഞാനിപ്പൊ അതു കണ്ടില്ലായിരുന്നെങ്കിലോ..തനിക്കു വീണ്ടും കാശു കൊടുത്ത് വാങ്ങേണ്ടി വരില്ലേ...ഇങ്ങു വാ.."

പുള്ളി എന്നെയും വിളിച്ച് റൂമില്‍ കടന്നു.

"ഇനിയെങ്കിലും സൂക്ഷിക്കണം .."

ഇത്രയും പറഞ്ഞു പുള്ളി പതുക്കെ ബെഡ് ഷീറ്റ് പൊക്കി,എന്നെ ത്രിശങ്കുവിലാക്കി കൊണ്ട് ആ ട്രിമ്മര്‍ എന്റെ നേരെ നീട്ടി.എന്തോ വലിയ കാര്യം ചെയ്ത പോലെയുള്ള പുള്ളിയുടെ നില്‍പ്പു കണ്ടപ്പൊ എനിക്കു കഷ്ടം തോന്നി.ഞാന്‍ എന്റെ മനസ്സു തുറന്നു.ഇതെല്ലാം കേട്ടു കഴിഞ്ഞപ്പൊ പുള്ളി, പുള്ളിയുടെ വായും തുറന്നു.(വിളിച്ചത് തെറിയല്ലാ എന്നു ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളുന്നു..ഹൊ)

വാര ഫലം എത്ര ശെരി.
ധന നഷ്‌ടം , എനിക്ക് : 6 കെ ഡി (ബംഗാളിക്കും ബാര്‍ബര്‍ക്കും പുതിയ ട്രിമ്മറിനും )റൂം മേറ്റിനു : 8 കെ ഡി (പുതിയ ബെഡ് ഷീറ്റിനു )

Saturday, July 07, 2007

ടാഗിങ്ങ്

"എടാ എനിക്കൊരു ഇ മെയില്‍ ഐ ഡി ഉണ്ടാക്കിത്തരോ..? സമയം പോവുന്നില്ല...ചാറ്റെങ്കിലും ചെയ്യാല്ലൊ...? നിനക്കു പറ്റോ..?"

ഇതു പറയുമ്പോ വിട്ടില്‍ ഷാജി എന്ന് ഒഫീഷ്യലായും വിട്ടാജി എന്നു വീട്ടിലും വിളിക്കുന്ന മൂലത്തിങ്കര ഷാജിയുടെ മനസ്സിലുണ്ടായിരുന്ന വികാരം എന്തായിരുന്നു എന്ന് മനസ്സിലാകും മുന്നെ അവന്‍ വീണ്ടും പറഞ്ഞു.

"ടാ ആ മോഹനും മഹിയുമൊക്കെ നല്ല ചരക്കു പെമ്പിള്ളേരുമായി ചാറ്റ് ചെയ്യുമ്പോ അവന്‍മാരെക്കാളും മൂത്ത ഞാന്‍ എങ്ങനെ സഹിക്കും ..? അതുകൊണ്ട് നീ ഇന്നു തന്നെ ഒരു ഐ ഡി ഉണ്ടാക്കിത്തന്ന് എന്നെ ചാറ്റിങ്ങൊക്കെ ഒന്ന് പടിപ്പിക്കണം ..."

അവന്‍ പറഞ്ഞതു ന്യായമായ ആവശ്യം . ഇതു ഞാന്‍ ഉണ്ടാക്കിക്കൊടുത്തില്ലെങ്കില്‍ , അവന്‍ വീട്ടീന്ന് വെളിയിലിറങ്ങാതിക്കാന്‍ വേണ്ടി പ്രായമായ പെമ്പിള്ളേരുടെ തന്തമാര്‍ ഉണ്ടാക്കികൊടുക്കും .

"ശരി..ഉണ്ടാക്കിത്തരാം .."

അങ്ങനെ അവനും ഉണ്ടായി സ്വന്തം പേരില്‍ 1 ജി ബി സ്ഥലവും അതിനൊരു അഡ്രസ്സുമൊക്കെ.

"മൂലത്തിങ്കരഷാജി@ഹോട്ട്‌മെയില്‍ .കോം "

ആഹാ..അതി മനോഹരമായിരിക്കുന്നു. ഈ ഐ ഡി കണ്ടാല്‍ ഒരുമാതിരി പെട്ട പെമ്പിള്ളേരൊക്കെ വീഴും . ഞാന്‍ അവനോട് പറഞ്ഞു. വീട്ടുപേരില്ലാതെ ഒരു കളിക്കും ഇല്ല എന്നവന്‍ വാശി പിടിച്ചതിന്റെ ഫലമാണു ആ ഐ ഡി.

ദിവസങ്ങളങ്ങനെ ഇഴഞ്ഞും വലിഞ്ഞുമൊക്കെ നീങ്ങി.പെട്ടെന്നൊരു ദിവസം രാവിലെ, ഓഫീസിലെ സെക്യൂരിറ്റി ഗ്ഗേറ്റില്‍ വച്ച് വിട്ടിലോടി വന്നു.

“എന്തുണ്ട്റ വിട്ടിലേ വിഷേഷങ്ങള്…മൂലത്തിങ്കരയൈല്‍ എല്ലാര്‍ക്കും സുഗാണോ..?”

ഞങ്ങള്‍ പതിവു കളിയാക്കല്‍ തുടങ്ങി.

ആവ്ന്റെ വായില്‍ നിന്നും ചൂടോടെ “അതു” കിട്ടിയപ്പൊ ഞാനുള്‍പ്പടെയുള്ളവരുടെ കഴപ്പു തീര്‍ന്നു. അവിടെ സന്തോഷവും സമാധാനവും അലയടിച്ചു.

“ടാ നിനക്കു ചാറ്റിങ്ങൊക്കെ നടക്കുന്നുണ്ടല്ലൊ ല്ലെ…?”

“കോപ്പാ….നിന്നെ കാണണമെന്നു വിചാരിച്ചിരിക്കുവാരുന്നു…മൂലത്തിങ്കര ഷാജി എന്നു പറഞ്ഞാലേ ആളുകളോടുന്നു…ഡെയ് പിന്നെ, ഇന്നലെ എനിക്കൊരു മെയില്‍ വന്നു…ഞാന്‍ എന്നും മെയില്‍ ചെക്ക് ചെയ്യും ..(അഭിമാനത്തോടെ)അങ്ങനെ കണ്ടതാ..പക്ഷെ എനിക്കൊന്നും മനസ്സിലായില്ല…മനോജ് ഹാസ് റ്റാഗ്‌ട് യു എന്നൊക്കെ പറഞ്ഞാ…എന്താടാ ഈ റ്റാഗ് എന്നു പറഞ്ഞാ…ഞാന്‍ മനോജിനോട് ചോദിക്കാമെന്ന് വിചാരിച്ചതാ…അപ്പഴ നിങ്ങളെ കണ്ടത്…പറയടെ..”

ഞങ്ങള്‍ പരസ്‌പരം മുഖത്തോട് മുഖം നോക്കി. ഈനി എന്താ ചെയ്യേണ്ടതെന്ന് ഞങ്ങളോടാരും പറഞ്ഞു തരേണ്ടതില്ലല്ലൊ.ഞങ്ങള്‍ പരസ്‌പരം നോക്കുന്നത് കണ്ട് ലവന്‍ സഹികെട്ട് ചോദിച്ചു.

“ടെയ് എന്തുവാടെയ്…നീയൊക്കെ എന്താ ആലോചിക്കുന്നെ..”

ഞങ്ങളുടെ കൂട്ടത്തിലെ രാജേഷാണു തിരി കൊളുത്തിയത്.

“ടാ അതു നമ്മുടെ മനോജ് തന്നെയാണൊ..?”

“അതേടാ അവന്‍ തലേ ദിവസം എന്റെ ഐ ഡി വാങ്ങിയിരുന്നു..” എന്ന് വിട്ടില്‍ .

രാജേഷ് ഞങ്ങളെ എല്ലാ പേരെയും ഒന്നു നോക്കി, എന്നിട്ടു ചോദിച്ചു.

“ടാ അവന്‍ അങ്ങനത്തെ റ്റൈപ് ആണൊ…വിട്ടിലിനെ ടാഗ് ചെയ്യുകാ എന്നൊക്കെ പറഞ്ഞാല്‍ …അവനെല്ലാത്തിനും നമ്മുടെ കൂടെ ഉണ്ടായിരുന്നതല്ലെ..നമ്മളിലൊരാളോട് തന്നെ അവനിങ്ങനെ തോന്നാന്‍ ..ചെ..”

ഈത്രയും കേട്ടപ്പൊ വിട്ടിലിനു കലിയിളകി.

“എന്താട കോപ്പന്‍മാരെ കാര്യം പറ..”

“അതെങ്ങനാ…നല്ല ബെസ്റ്റ് ഐ ഡി യല്ലെ ഉണ്ടാക്കിയിരിക്കുന്നത്…മൂലത്തിങ്കര ഷാജി…പിന്നെ അവനിതു തോന്നിയതില്‍ വല്ല കുഴപ്പവുമുണ്ടോ…?നിന്നെ കണ്ടപ്പോഴേ അവനു തോന്നിക്കാണും നീ ആ റ്റൈപ് ആണെന്ന്” രാജേഷ് പെരുപ്പിച്ച് തുടങ്ങി.

“ടാ സത്യമാണോ നീയീ പറയുന്നെ…?”

വിട്ടില്‍ അവിശ്വാസത്തോടെ ഞങ്ങളെ എല്ലാരെയും നോക്കി. ഏന്നിട്ടു പെട്ടെന്ന് നടന്നു പോയി. അവിടെ സന്തോഷവും സമാധാനവും വീണ്ടും അലയടിച്ചു.കാരണം ടാഗിങ്ങ് എന്നത് ഒരു ഫ്രണ്ട്‌സ് നെറ്റ്‌വര്‍ക്കാണെന്ന് ആ പാവത്തിനറിയില്ലല്ലോ.

സമയം രാത്രി : ഞങ്ങളുടെ തൊട്ടപ്പുറത്തെ ഫ്ളാറ്റിലെ മനോജിന്റെ റൂമിനു മുന്നില്‍ ഒരു ബഹളം .ഞങ്ങള്‍ കണ്ടത് രണ്ടെണ്ണം വീശിയിട്ട് നിള്‍ക്കുന്ന വിട്ടിലിനെ. അവിടെ കേട്ടത് ഞാന്‍ താഴെ ചേര്‍ക്കുന്നു (ചേരുമോ എന്തരോ..?)

“ടാ…പ@# #%^%&%*$$#നെ…നീ എന്നെ ടാഗ് ചെയ്യാറായി ല്ലെ..എറങ്ങിവാട..കോപ്പെ…മൂലത്തിങ്കര എന്നുവച്ചാ എന്റെ വീട്ടുപേരാടാ.. അല്ലാതെ ... @#$%^&* നെ... എങ്ങനെ നിനക്കു തോന്നിയെടാ ഞാന്‍ അത്തരക്കാരനാണെന്ന്….കളി ഈ മൂ…ചെ…ഷായിയോട് വേണ്ട്ര…”

Wednesday, July 04, 2007

സത്യന്‍ അന്തിക്കാടിന്റെ രജനി പടം

സംവിധാനം : സത്യന്‍ അന്തിക്കാട്

അഭിനയിക്കുന്നവര്‍ : സ്റ്റൈല്‍ മന്നന്‍ രജനികാന്ത് (നായികയും ബാക്കിയുള്ളവരും അപ്രസക്തം )

അന്തി : "ശിവജി കയറിയങ്ങു ഹിറ്റായപ്പൊ ഞാന്‍ വിചാരിച്ചു പുള്ളിക്കാരന്‍ വരില്ല എന്ന്....പക്ഷെ ഒരു പടമുണ്ട് , ചിലവു 4-5 ലക്ഷത്തിലുള്ളതാണെന്ന് പുള്ളിയോടു പറഞ്ഞപ്പൊ ഒരു ചിരി…
“ചിലവൊന്നും പ്രശ്നമല്ല…എനിക്കു തരാനുള്ളതും പോയിട്ടു ബാക്കി ഒരു നാലൊ അന്ചോ ലക്ഷമേ പ്രൊഡ്യൂസറുടെ കയ്യില്‍ കാണൂ എന്നെനിക്കറിയാം . അവരുടെ കുറ്റമല്ല…എന്റെ പോപുലാരിറ്റി…ഹ ഹാ…. ഓ കെ അപ്പൊ എന്നാ ഷൂട്ടിങ്ങ്..” എന്നു പുള്ളി… ഞാന്‍ ഇട്ടിരുന്ന നിക്കര്‍ ഒന്നു തപ്പി നോക്കി… ഭാഗ്യം …

ഞാന്‍ പറഞ്ഞു

“സാര്‍ ഈ ഇട്ടാവട്ട കേരളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സാറിന്റെ മുന്നില്‍ ഒന്നുമല്ല…സാറിന്റെ ആ ചിരിയും വിരലു ചുഴറ്റലും കാലു പിണച്ചുള്ള ആ നില്‍പും , അമ്മയാണെ സാറെ, പെമ്പിള്ളേര്‍ക്കൊക്കെ ഹരാ….അവസാനം അവരെല്ലാരും കൂടി ആവശ്യപെട്ടിട്ടാ ഞാന്‍ വിളിക്കുന്നത് …അഭിനയിക്കാന്‍ പോകുന്നതു സാറാകുമ്പൊ സംവിധാനം ഞാന്‍ തന്നെ വേണമല്ലൊ ചെയ്യാന്‍ …” ഇതൊക്കെ കേട്ട് പുള്ളി കുറച്ച് നേരം മിണ്ടാതെ ഇരുന്നു. ഒടുവില്‍ പറഞ്ഞു

“ഡെയ്.. നീ പറഞ്ഞതൊക്കെ ഉള്ളതാണൊ..? തമിഴ്‌മക്കള്‍ എന്നെ കാണാതെ വിഷമിക്കും ..എങ്കിലും സാരില്ല…ഞാന്‍ വരാം ….” പുള്ളി ഇത്രയും പറഞഞ്ഞതും ഞാന്‍ ഡേറ്റും കാര്യങ്ങളും പറഞ്ഞു . പുള്ളി ഇന്നു കഥ കേള്‍ക്കാന്‍ വരും. നീ പോയി പുള്ളിയെ സ്വീകരിക്കാനുള്ള എല്ലാ ഏര്‍പ്പാടും ചെയ്..”
ഈത്രയും പറഞ്ഞ് സത്യന്‍ തിരക്കഥ കയ്യില്‍ എടുത്തു, ഇതെല്ലാം കേട്ടിരുന്ന പ്രൊഡക്ഷന്‍ കണ്ട്റോളര്‍ ശശി എണീറ്റോടി.ആങ്ങനെ തമിഴകത്തെ സ്റ്റൈല്‍ മന്നനും സത്യനും തമ്മിലുള്ള കൂടിക്കഴ്ചയ്ക്ക് നഗരത്തിലെ വലിയ ഒരു ഹോട്ടല്‍ വേദിയായി. അവിടുത്തെ ശാന്തമായ അന്തരീക്ഷത്തിനു തികച്ചും യോജിക്കും വിധം മനോഹരമായ ഗാനം ഒഴുകിയെത്തി.

“വന്തേണ്ട്ര പാല്‍ക്കാരാ….അടടാ…”

പുള്ളിയെ ആനയിച്ചു കൊണ്ടു പോയ എല്ല കോറിഡോറുകളിലും അണ്ണന്റെ തന്നെ ഓരോ പാട്ടുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ആങ്ങനെ റൂം നമ്പര്‍ 24 നു മുന്നില്‍ അണ്ണന്‍ എത്തി.

“വരണം അണ്ണ..” സത്യന്‍ ചിരിച്ചോണ്ട് അണ്ണനെ സ്വീകരിച്ചു.

കഥ കേള്‍ക്കാനുള്ള അക്ഷമ അണ്ണന്റെ മുഖത്ത് നിഴലിക്കുന്നതു കണ്ട് സത്യന്‍ പറഞ്ഞു.


“അണ്ണാ ഇരി…ഒരു ചായയൊക്കെ കുടിച്ചിട്ട് തുടങ്ങിയാ പോരെ…”

“ചായ കുടിക്കാനൊന്നും സമയം ഇല്ലടെ..വേണേല്‍ രണ്ട് ഓറന്ച് ജ്യൂസ് കുടിക്കാം …അതു വരുമ്പോഴേയ്ക്കും നീ കഥ പറയടെ..പിന്നെ ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എന്റെ ഒരു രീതികളൊക്കെ അറിയാമല്ലൊ…ഹ ഹാ… അതായത് നായികയുടെ കാര്യം തന്നെ എടുക്കാം ...പ്രായം ഇരുപതില്‍ കൂടാന്‍ പാടില്ല..കാരണം അതില്‍ കൂടിക്കഴിഞ്ഞാല്‍ അവര്‍ക്കെന്നെക്കാളും പ്രായം തോന്നിക്കുമെന്നാ പൊതുവെ ഉള്ള പരാതി…സത്യനു മനസ്സിലായോ…പിന്നെ സിഗററ്റ് എറിഞ്ഞു കത്തിക്കല്‍ , ട്രെയിന്‍ ചവിട്ടി നിര്‍ത്തല്‍ , വെടിയുണ്ട വായിലിട്ട് വെടിവയ്ക്കല്‍ , കരിയില ചവിട്ടിക്കൂട്ടി ചുഴലിക്കാറ്റുണ്ടാക്കല്‍ അങ്ങനെ നീണ്ടു പോകും …പിന്നെ രണ്ടര മണിക്കൂര്‍ ഉള്ള സിനിമയില്‍ മിനിമം ഒന്നര മണിക്കൂറെങ്കിലും ഞാന്‍ എയറിലായിരിക്കണം . വല്ലപ്പോഴും ദാഹിക്കുമ്പോഴോ മൂത്രമോഴിക്കാനോ എന്നെ താഴെ ഇറക്കിയാല്‍ മതി..”

ഇതൊക്കെ കേട്ടു കണ്ണു തള്ളിയ സത്യന്‍ പറഞ്ഞു.

“അണ്ണാ…തികച്ചും ഒരു ഗ്രാമീണാന്തരീക്ഷത്തില്‍ എടുക്കുന്ന പടമാ…ഒരു വലിയ വീട്, അവിടെ ഒരമ്മ, മക്കള്‍ , അണ്ണനാണു ഏറ്റവും ഇളയ മകന്‍ . മ്മൂത്ത മക്കളുടെ അവഗണന സഹിക്കേണ്ടി വരുന്ന അമ്മയെ സംരക്ഷിക്കുന്ന മോന്റെ റോള്‍ ആണു സാറിനു.ഇതിനിടയില്‍ സാറീ പറഞ്ഞ കാര്യങ്ങള്‍ എങനെ കേറ്റും …?”
“അതിനു നീ പേടികണ്ട്ര…ഞാന്‍ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവ്.അമ്മയെ സംരക്ഷിക്കലല്ലെ എന്റെ പണി…എന്നാ കേട്ടോ , അമ്മയെ ഒരു കാള കുത്താന്‍ വരുന്നു, ഞാന്‍ കയറില്‍ ചവിട്ടി കാളയെ നിര്‍ത്തുന്നു, ഒരു ജീപ്പിടിക്കാന്‍ വരുന്നു, ഞാന്‍ പിറകില്‍ നിന്നും ജീപ്പിനെ പിടിച്ചു വയ്ക്കുന്നു, ആ വീട്ടില്‍ കള്ളന്‍ കയറാന്‍ വരുന്നു, അവന്‍ മതിലിനപ്പുറവും ഞാന്‍ ഇപ്പുറവും .ഒരു പ്രത്യേക ആങ്കിളില്‍ കത്തിയെറിഞ്ഞ് മുകളിലെ പ്ളാവില്‍ നിന്നും ചക്ക അവന്റെ തലയില്‍ ഇടുന്നു. ആമ്മയെ കുറെ ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുന്നു, ഞാന്‍ കാലു കൊണ്ട് കറക്കി ചുഴലിക്കാറ്റുണ്ടാക്കുന്നു.അവരതില്‍ പറന്നു പോകുന്നു. ഏറ്റവും അവസാനം ഒരു ആന അമ്മയെ ആക്രമിക്കാന്‍ വരുന്നു, ഞാന്‍ തറയില്‍ ആഞ്ഞു ചവിട്ടുന്നു, ഭൂമി പിളര്‍ന്ന് ആന താഴെ പോകുന്നു….പക്ഷെ ഒരു കാര്യം പ്രധാനമായി ശ്രധിക്കേണ്ടത്, ഞാന്‍ നേരത്തെ പറഞ്ഞ പോലെ മിക്കസമയവും ഞാന്‍ എയറില്‍ ആയിരിക്കണം ….അപ്പൊ എന്നാ ഷൂട്ടിങ്ങ് തുടങ്ങുന്നെ?"


ഇത്തവണ സത്യന്‍ നിക്കര്‍ തപ്പാന്‍ രണ്ടു കയ്യും ഉപയോഗിച്ചു.

Friday, June 29, 2007

അങ്ങനെ വാദി പ്രതിയായി

അമേരിക്കന്‍ കമ്പനിയിലെ ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയല്ല, അതു കൌണ്‍സിലിങ്ങ് ലെറ്റര്‍ ആകുന്നു. അതെ, തൊട്ടതിനും പിടിച്ചതിനും (നല്ല അര്‍ത്ഥത്തില്‍ ) ആ സാധനം കിട്ടുക, അല്ലെങ്കില്‍ അവരുടെ കയ്യില്‍ നിന്നും മേടിച്ചു കൂട്ടുക എന്നത് ഞങ്ങളുടെ മാത്രം ഒരവകാശമായിരുന്നു. മൂന്നാമത്തെ കൌണ്‍സിലിങ്ങ് ലെറ്ററിനോടൊപ്പം ഒരു ഫ്ലൈറ്റ് ടിക്കറ്റും ഉണ്ടാകും . അതായത് പറഞ്ഞു വിടും . ഈയിടെ അത്യാസന്ന നിലയിലായപ്പൊ ലീഡിനോട് പറയാതെ ടോയിലെറ്റില്‍ പോയതിനും കിട്ടി ഒരു ലെറ്റര്‍ (എനിക്കല്ല). ഇങ്ങനെ ഒന്നും രണ്ടൂം പറഞാലും ഒന്നും രണ്ടും ചെയ്താലും ലെറ്റര്‍ കിട്ടുന്ന അവസ്ഥ. ഇങ്ങനെയുള്ള ഒരു സെറ്റുപ്പിലേയ്ക്കാണു 2006 ഫെബ്രുവരി 24 നു അനന്തപത്മനാഭന്റെ നാട്ടില്‍ നിന്നും മാക്സിമം എയറും പിടിച്ച് ഞാന്‍ വലതുകാല്‍ വച്ചു കയറുന്നത് .


വന്നു കയറി ഒരു മാസം കഴിഞ്ഞപ്പൊ പകലില്‍ നിന്നും രാത്രിയിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടി. അങ്ങനെ ഒരു കാട്ടിലെ രണ്ടു സിംഹങ്ങളെ പോലെ കഴിയാന്‍ എനിക്കു യോഗം കിട്ടി. അപ്പൊ ആരാ ഈ ആദ്യത്തെ സിംഹം .. ?അതെ, ദ വണ്‍ ആന്‍ഡ് ഒണ്‍ലി സാന്‍റ്റൊഷ് കുമാ (ഇതവരുടെ ഭാഷയില്‍ ) അഥവ സന്തോഷ് കുമാര്‍ .


രാത്രി എന്താ പണി..? ആ..അത്യാവശ്യ കുത്തിക്കീറലുകളെല്ലാം ഒരു മണിക്കൂറിനുള്ളില്‍ തീര്‍ക്കുക, അതു കഴിഞ്ഞാല്‍ ഉറങ്ങുക, ഉറക്കം കഴിഞ്ഞു ക്ഷീണിച്ചാല്‍ വീണ്ടും കിടന്നുറങ്ങുക സോറി, ഇരുന്നുറങ്ങുക, അതും ഞങ്ങളുടെ ലീഡായ , ഞങ്ങള്‍ സ്നേഹത്തോടെ ചിന്‍ചുമോള്‍ എന്നു വിളിക്കുന്ന, അമ്മച്ചിത്തള്ള കാണാതെ.


പല നാള്‍ കള്ളം ഒരു നാള്‍ എന്നാണല്ലൊ..? രാത്രിയുടെ ഗന്ധര്‍വയാമങ്ങളില്‍ പലരെയും സ്വപ്നം കണ്ടുറങ്ങിയിരുന്ന ഞങ്ങളുടെ ....(ഇനി പറഞ്ഞിട്ടെന്തെടുക്കാന) ആദ്യം പത്തിരുപതു മിനുട്ട് മാത്രം ദൈര്‍ഖ്യമുണ്ടായിരുന്ന ഞങ്ങളുടെ സ്വപ്നാടനം ക്രമേണ അര മണിക്കൂറും ഒരു മണിക്കൂറും രണ്ടു മണിക്കൂറുമൊക്കെയായി. ഉറങ്ങുന്നതിനിടയില്‍ ചിന്‍ചു മോള്‍ അറിയാതിരിക്കാനായി ഞാന്‍ സന്തോഷിന്റെ പേരു വിളിക്കുക, സന്തോഷ് എന്റെ പേരു വിളിക്കുക, ഇടക്കിടക്കു കൈ പൊക്കുക തുടങ്ങിയ കലാ പരിപാടികള്‍ ഞങ്ങള്‍ നടത്തിയിരുന്നു. പക്ഷെ ഞങ്ങളെ എല്ലാരെയും ഞെട്ടിച്ചു കൊണ്ട് ചിന്‍ചുമോള്‍ സന്തോഷിനെ പൊക്കി..കൂടെ എന്നെയും .


"ഉറക്കം വരുന്നെങ്കില്‍ ഒന്നു പുറത്തോട്ടിറങ്ങിട്ടു വാ.."


എന്നിട്ടു വേണം ഇരുട്ടു വാക്കിനുവല്ല കറുമ്പന്‍മാരെയും കണ്ടു പേടിച്ചു പനി പിടിക്കാന്‍ .


"ഇല്ല മാം , ഞങ്ങള്‍ ഉറങ്ങുന്നില്ല.."


"ഉം ..ഇനി ഞാന്‍ കാണരുത്..."


"ഓ കെ മാം .."


എബടെ...പിറ്റേ ദിവസവും ഇതു തന്നെ അവസ്ഥ. പക്ഷെ കളി ചിന്‍ചുമോളോടാ..?
രംഗം ഇങ്ങനെ : പതിവു പോലെ സന്തോഷ് തല കീബോര്‍ഡില്‍ ഇടിച്ചുള്ള കളി തുടങ്ങി. എല്ലാത്തിലും ഒന്നാമതെത്തണം എന്നു അമ്മ പറഞ്ഞതോര്‍ത്ത് ഞാനും ആ കളി തുടങ്ങി. പക്ഷെ ഞങ്ങളെ ഞെട്ടിയുണര്‍ത്തിക്കൊണ്ട് ചിന്‍ചുമോളുടെ കാറല്‍ ."ദിബാക്ക് *, സാന്‍റ്റോഷ്..നിങ്ങളോട് ഞാന്‍ പറഞ്ഞിട്ടില്ലെ ഉറക്കം വന്നാല്‍ നടന്നിട്ടു വരണമെന്ന്..അപ്പൊ എന്റെ വാക്കിനു വിലയില്ല...എന്നോടു കളിച്ചാല്‍ ഞാന്‍ കളി പടിപ്പിക്കും ..എനിക്കു രണ്ടു ഭര്‍ത്താക്കന്‍മാരും ഒരു ബോയ് ഫ്രണ്ടും അന്ചു പിള്ളേരുമുണ്ട്..ഇതു കുറെ കണ്ടതാ..ഞാന്‍ ലീഡായി ഇരിക്കുമ്പോള്‍ ഇതു സമ്മതിക്കില്ല...എനിക്കു നിങ്ങളുടെ അടുത്ത് ഒറ്റക്കു സംസാരിക്കണം ...നിങ്ങള്‍ക്ക് കൌണ്‍സിലിങ്ങ് ലെറ്റര്‍ തരാന്‍ പോകുവാ..ആദ്യം ദിബാക്ക്* വാ...എന്നോടെന്തെങ്കിലും പറയാനുണ്‍ടെങ്കില്‍ അതപ്പൊ പറയാം .."


പോയി..എല്ലാം പോയി. എന്തു ചെയ്യണമെന്നറിയാതെ ഞാനും സന്തോഷും പരസ്പരം നോക്കി. അര മണിക്കൂര്‍ ഉറങ്ങിയപ്പൊ ആദ്യത്തെ ലെറ്റര്‍ കിട്ടിയെങ്കില്‍ മൂന്നമത്തേതിനു അധികം കാക്കേണ്ടി വരില്ല എന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി. തള്ള പേപ്പറും പേനയുമെടുത്ത് മുന്നില്‍ നടന്നു. സന്തോഷ് എന്നെ ദയനീയമായി ഒന്നു നോക്കി. ഞാന്‍ പോ...എന്നു മനസ്സില്‍ പറഞ്ഞതു മുഴുമുപ്പിക്കാന്‍ എനിക്കു കഴിഞ്ഞില്ല..ഞാന്‍ മെല്ലെ ചുവടുകള്‍ വച്ചു...സ്മാളടിച്ചു കൊണ്ടിരിക്കുന്ന ഉമ്മറിന്റെ റൂമിലേയ്ക്ക് പോകുന്ന ജയഭാരതിയുടെ അവസ്ഥയായിരുന്നു അപ്പൊള്‍ എന്റേത് .


ഞാന്‍ മെല്ലെ അവരുടെ മുന്നില്‍ നമ്രശീര്‍ഷനായി നിന്നു.

"ദിബാക്ക് ഇരിക്ക്...ഞാന്‍ ലെറ്റര്‍ റെഡിയാക്കി...ഇതിനെക്കുറിച്ചെന്തേലും പറയാനുണ്ടോ..?"


ഇതൊഴിവാക്കാന്‍ എന്തെങ്കിലും ചെയ്തേ പറ്റു. ഞാന്‍ കൂലംകഷമായി രണ്ടു മൂന്നു സെക്കണ്ഡ് ആലോചിച്ചു. (ഓ പിന്നെ കൂടുതല്‍ ആലോചിക്കാന്‍ ഞാന്‍ ജി.എസ്. പ്രദീപൊന്നുമല്ലല്ലൊ..) അതെ, ഞാന്‍ മുഴ്വന്‍ എക്സ്പ്രഷനും മുഖത്തു വരുത്തി. ശകല ദൈവങ്ങളെയും മനസ്സില്‍ വിചാരിച്ച് തൂടങ്ങി

“മാം ഞാന്‍ ചെയ്തതു തെറ്റു തന്നെയാ..എനിക്കറിയാമ്..പക്ഷെ മാമിനറിയോ എന്റെ വീട്ടില്‍ അമ്മയും അമ്മൂമ്മയും ചേട്ടനും മാത്രെ ഉള്ളു…വീട്ടിലെ ആകെ അത്താണി ഈ ഞാനാ..അമ്മയ്ക്കു വയ്യ, ചേട്ടനു ജോലി ഇല്ല…വല്ലപോഴുമാ പകലുറങ്ങുന്നതു തനെ..വീട്ടില്‍ നൂറു നൂറു പ്രഷ്നങ്ങളാ…ഇതിന്റെ ഇടയിലാ ഇവിടെയിരുന്ന് ഒരല്‍പം ഉറങ്ങിയത്..അതു തെറ്റു തന്നെയാ…മാം എന്ത് ശിക്ഷ തന്നാലും ഞാന്‍ സ്വാകരിക്കും …എന്റെ അവസ്ഥ ഇതായി പോയി..”


ഞാന്‍ മാക്സിമം വിഷമിച്ച് അവരുടെ മുഖത്ത് നോക്കി. ഏഎശ്വര എനിക്കെന്റെ കണ്ണൂകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആവര്‍ കരയാറായി ഇരിക്കുന്നു.. ഇതു തനെ പറ്റിയ സമയം ..ഞാന്‍ തുടര്‍ന്നു.


“ഇനി മാം പറ ..ഞാന്‍ അറിയാതെ ഉറങ്ങിപ്പോയതു തെറ്റാണോ..? പറ മാം പറ..” ഞാന്‍ കത്തിക്കയറി.


“ഇല്ല… നീ ഒരു തെറ്റും ചെയ്തിട്ടില്ല…എല്ലാം എന്റെ തെറ്റ..എനിക്കൊന്നും അറിയില്ലായിരുന്നു. ആം സോറി..”


“സാരില്ല മാം .. ഇനി ശ്രധ്ഹിച്ചാല്‍ മതി…” ഞാന്‍ അവസാന ആണിയും അടിഉച്ചു.


“ദിബാക്ക് പൊയ്ക്കൊ..സാന്‍റ്റോഷിനെ പറഞ്ഞു വിടൂ..”


ഞാന്‍ പതുക്കെ എണീറ്റു.. എന്റെ മുഖത്ത് മധുമോഹന്‍ സെന്റി ആകുമ്പോഴുള്ള അതേ ഭാവം .
തിരിച്ചു ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ എന്റെ ചിന്ത മറ്റൊന്നായിരുന്നു. ഈ തള്ളയ്ക്ക് രണ്ട് ഭര്‍ത്താക്കന്‍മാരും ഒരു ബോയ് ഫ്രണ്ടൂം . ഒരു മണിക്കൂറെങ്കിലും ഉറങ്ങേണ്ടതായിരുന്നു. കുറച്ചു കൂടി അറിയാന്‍ പറ്റിയേനെ*ദിബാക്ക് = ദീപക്ക് (എന്റെ പേരാകുന്നു)

Thursday, June 28, 2007

ചാറ്റിംഗ്

നിരുപമ : എനിക്കൊന്നു കാണാന്‍ പറ്റൊ...?


മോഹന്‍ : എന്ത്..?


നിരുപമ : ഇയാളുടെ മുഖം ...?


അമ്മേ ചതിച്ചോ...? മുഖം കാണാതെ ഈ പെണ്ണിനു ചാറ്റ് ചെയ്യാന്‍ പറ്റില്ലേ...? വളരെ കാലത്തിനു ശേഷം ഒത്തുകിട്ടിയതാ...ഈ കഴണ്ടിത്തല മറയ്ക്കാന്‍ ഇനി വിഗ് എടുത്ത് വയ്ക്കണം ...എന്തെല്ലാം പാടാ...ഇവളുമാര്‍ക്കിതു വല്ലതും അറിയണോ..?


ഇന്നലെ പെയ്ത ചാറ്റിങ് മഴയില്‍ മുളച്ച ഇവളെ ഒതുക്കാനാണോ പാട് . മോഹന്‍ തന്റെ വിഗ് കട്ടിലിനടിയില്‍ നിന്നും പൊടി തട്ടിയെടുത്തു. മട്ടവും കോണും അളന്ന് കിരീടം അണിഞ്ഞു. പൊസിഷന്‍ മാറാതെ ചീകി ഒതുക്കി. കണ്ണാടിയില്‍ നോക്കിയപ്പൊ തന്നെ കുറിച്ച് തന്നെ അഭിമാനം തോന്നി. "അപ്പൊ ഇതാ ഈ പെണ്ണുങ്ങള്‍ക്കൊക്കെ എന്റടുത്തൊരിത്.." എന്ന് ആത്മഗതം പറഞ്ഞ് മോഹന്‍ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നില്‍ ഉപവിഷ്ടനായി.


മോഹന്‍ : നിരൂ...പോയൊ..?


നിരുപമ : ഇല്ലാ...കാം ഓണ്‍ ചെയ്യാന്‍ പറ്റില്ലെ..?


മോഹന്‍ പതുക്കെ വെബ് കാം ഓണ്‍ ചെയ്തു.


നിരുപമ : ഇയാളെ കാണാന്‍ നല്ല രസാ...


മോഹന്‍ : ഹഹാ...കള്ളം ...


പുളകിതനായി കൊണ്ട് മോഹന്‍ പറഞ്ഞു.


നിരുപമ : ഇയാള്‍ക്കെത്ര വയസ്സായി..?


മോഹന്‍ : എത്ര തോന്നുന്നു..?


നിരുപമ : ഹ്മ്.....ഒരു 26...


34 വയസ്സായ താന്‍ ഒറ്റയടിക്ക് , ഒറ്റ വിഗിലൂടെ, 8 വയസ്സു കുറച്ചിരിക്കുന്നു.ഇവളെ ഞാന്‍ ഇന്നു വളച്ചു റെഡിയാക്കും ..


മോഹന്‍ : ഹഹാ..കൊള്ളാം ...ഗുഡ് ഗസ്...


പെട്ടെന്നു കോളിങ്ങ് ബെല്‍ അടിച്ചു. ഏതു കോപ്പനാടാ രാവിലെ പന്‍ചാര അടിക്കാന്‍ സമ്മതിക്കാതെ...


മോഹന്‍ : ആരോ വന്നു...1 മിനുറ്റ്...എന്റെ ചക്കര അല്ലെ പിണങ്ങല്ലെ...


ഇതേത് കോത്തായത്തുകാരനാടാ...മനുഷ്യനെ ഒന്നു...ചെയ്...മോഹന്‍ ഡോറിലെ ഊട്ടയില്ലൂടെ ഒളികണ്ണിട്ട് പുറത്തേയ്ക്ക് നോക്കി.


അയ്യോ അമ്മാവന്‍ .മോഹന്‍ വേഗം വിഗ് വലിച്ചൂരി മൂലയിലെറിഞ്ഞു. എന്നിട്ടു ഡോര്‍ തുറന്നു.
അമ്മാവന്‍ അകത്ത് കയറി നേരെ പോയത് മോഹന്റെ റൂമിലേയ്ക്കാ. ചതിച്ചോ? മോഹന്‍ അമ്മാവ്നെറ്റെ മുന്നില്‍ കയറി പെട്ടെന്നു കൊമ്പ്യൂട്ടറിന്റെ മോണിറ്റര്‍ ഓഫ് ചെയ്തു. എന്നിട്ട് അതിന്റെ മുന്നിലുള്ള കസേരയില്‍ മോഹനും കട്ടിലില്‍ അമ്മാവനും ഇരുന്നു.


"ഞാന്‍ വെറുതെ ഇറങ്ങിയതാ..നിന്റെ ചേട്ടനെ ഒന്നു കാണണമായിരുന്നു..നിനക്കു സുഖമാണോ..? നിന്റെ അമ്മയെ വിളിക്കുമ്പൊ ഞാന്‍ ചോദിച്ചതായി പറ..."


"അമ്മാവന്‍ ചായ കുടിക്കുന്നൊ..?" കുടിക്കണമെന്നു പറയല്ലെ എന്നു മനസില്‍ പ്രാര്‍ഥിച്ചു കൊണ്ടാണു മോഹന്‍ ചോദിച്ചത്.


"വേണ്ടാ...ഞാന്‍ ഇറങ്ങാ..."


"ഓ ആയിക്കോട്ടെ.."


മോഹന്റെ മനസ്സില്‍ സന്തോഷം തിരയടിച്ചു.. അവള്‍ പോകാതിരുന്നാല്‍ മതിയായിരുന്നു. അമ്മാവനെ യാത്രയാക്കി കതകടച്ച് തിരിച്ച് വന്ന് കമ്പ്യൂട്ടറിന്റെ മുന്നില്‍ വീണ്ടും ഇരുന്നു. പതുക്കെ മോണിറ്റര്‍ ഓണ്‍ ചെയ്തു.


ചെയ്..അവള്‍ സൈന്‍ ഔട്ട് ചെയ്തു പോയി. എന്തോ മെസേജ് അയച്ചിട്ടാ പോയത്. മോഹന്‍ പതുക്കെ ആ മെസേജിലൂടെ കണ്ണോടിച്ചു.


നിരുപമ : ഞാന്‍ എല്ലാം കണ്ടൂ..വിഗ് വച്ച് ആളെ പറ്റിക്കാന്‍ നോക്കുന്നോ...ഹഹ..കഷണ്ടി...പോടാ കഷണ്ടിത്തലയാ...പൂയ്..കഷണ്ടി കഷണ്ടി...ഹി ഹി


മോഹനു തല കറങ്ങുന്നതു പോലെ തോന്നി. വിജ്രംഭിച്ച് നിന്ന വികാരങ്ങളെല്ലാം തണുത്തുറഞ്ഞു.അമ്മാവന്‍ വന്നപ്പൊ അറിയാതെ കമ്പ്യൂട്ടറിന്റെ മുന്നിലെ കസേരയില്‍ ഇരുന്നതും കാം ഓഫ് ചെയ്യാന്‍ മറന്നതും ഒരു ഫ്ളാഷ് ബാക്ക് പോലെ മിന്നി.


കഷണ്ടി ഇത്ര വലിയ കുറ്റമാണോ..? അല്ലെ..? ആണോ..? ഇങനെ ചിന്തിക്കുന്നതിനിടയില്‍ രണ്ടെണ്ണം വീശി മോഹന്‍ കട്ടിലിലേയ്ക്ക് കമിഴ്ന്നു.ഒരു പ്രാര്‍ഥനയോടെ..കഷണ്ടി പെണ്ണിനും കൊടുക്കണേ..

Saturday, June 23, 2007

തന്‍ഹ പിള്ള

"ടാ ജിമില്‍ വന്നാല്‍ വര്‍ക്കൌട്ട് ചെയ്യണം ..അല്ലാതെ ഈ റ്റി വിയിലെ പെണ്‍പിള്ളേരെ നോക്കി വെള്ളം ഇറക്കുകയല്ല വേണ്ടത്...എന്നെ കണ്ടൂ പടി..ഞാന്‍ എത്ര വറ്-ഷമായി ഇവിടെ വരുന്നു...എന്നെങ്കിലും ഞാന്‍ ഇതു പോലെ വായും പൊളിച്ച് നില്‍കുന്നത് നിങ്ങള്‍ കണ്ടിട്ടുന്ടോ..നിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ല...റ്റ് വിയില്‍ ഇവളുമാരു കാണിക്കുന്നതും അതൊക്കെയല്ലെ...മനസിനു കട്ടിയില്ലെങ്കില്‍ നോക്കി പോകും .."

രംഗം : ജിംനേഷ്യം . കഥാപാത്രങ്ങള്‍ : ഞാന്‍ , ടിക്സണ്‍ , പിന്നെ എട്ടു വീട്ടില്‍ പിറക്കാതെ തന്നെ സകല അടവുകളും (തരികിടയുള്‍പ്പെടെ) അറിയാവുന്ന പിള്ള ചേട്ടന്‍ . നാട്ടില്‍ സര്‍വ സമ്മതനും അതിലുപരി ഹനുമാന്‍ ഭക്‌തന്‍ എന്നു ഭാവിക്കുകയും ചെയ്തിരുന്ന പിള്ള ചേട്ടനെ എല്ലാര്‍ക്കും ബഹുമാനവും ആയിരുന്നു.


ജിമ്മിലെ റ്റി വിയില്‍ ബി ഫോര്‍ യു ചാനല്‍ കണ്ടുകൊണിരുന്നതിനിടയിലാണു പിള്ളച്ചേട്ടന്‍ വരുന്നതും ഇങനെ ഘോര ഡയലോഗ് ഇറക്കുന്നതും .അതു പിന്നെ എങ്ങനാ...ഭീഗെ ഹോന്‍ട് തെരേ...എന്നൊക്കെ ചീത്തയും വിളിച്ച് മല്ലികയും ഇമ്രാനും കൂടി കടി പിടി കൂടുന്നതു കണ്ടപ്പൊ ആരു ജയിക്കും എന്നറിയാന്‍ നോക്കി നിന്നതു തെറ്റാ..?പിള്ള ചേട്ടന്‍ വന്നതു കൊണ്ട് ഇനി കളിയും ചിരിയുമൊന്നും നടക്കില്ല. ഞങ്ങള്‍ പതുക്കെ റ്റി വിയിരിക്കുന്ന മൂലയ്ക്കു മാറി നിന്നു. കുറുക്കന്മാര്‍ ചത്താലും കണ്ണു കോഴിക്കൂട്ടില്‍ വേണമല്ലോ..അങ്ങനെ കോഴിക്കൂട്ടില്‍ നല്ല നല്ല പിടകള്‍ വരുന്നതും പോകുന്നതും ഒളിക്കണ്ണിട്ട് നോക്കി ഞാനും ടിക്സനും സമയം തള്ളി. ഇതിനിടയില്‍ പിള്ള ചേട്ടന്‍ ബെന്‍ച് പ്രെസ്സ് (പെണ്ണുങ്ങള്‍ക്ക് മാത്രം മുന്‍പന്തി പോര എന്നു ചിന്തിക്കുന്നവര്‍ മാത്രം ചെയ്യുന്നത് ) തുടങ്ങി.


"തന്‍ഹ തന്‍ഹ യഹാ പെ ജീനാ.." ഈ പാട്ടു ബി ഫൊര്‍ യുവില്‍ കേട്ടതും എന്റെയും ടിക്സന്റെയും ചുണ്ടില്‍ ക്രൂരമായ ഒരു ചിരി വിടര്‍ന്നു. ബാലന്‍ കെ നായര്‍ ജയഭാരതിയെ ആദ്യമായി കന്ടപ്പൊ ചിരിച്ച അതേ ചിരി..ഞങ്ങള്‍ ഒരുമിച്ച് ഞെട്ടി തിരിഞ്ഞ് റ്റി വിയില്‍ നോക്കി. എന്റമ്മേ....ഇറ്റ് ഈസ് അണ്‍ബിലീവബിള്‍ ഓഫ് ദി മ്യൂസിക് ഓഫ് ദി..അതെ..അതു ഊര്‍മ്മിളയായിരുന്നു. ബീച്ചില്‍ ഒരു ചെറിയ നിക്കറുമിട്ട് ഓടിക്കളിക്കയാ കള്ളി...രംഗം ചൂടു പിടിക്കുന്നു. ഊര്‍മ്മിള ഒരു ദയയുമില്ലാതെ തലങ്ങും വിലങ്ങും ഓടുന്നു.(ഇവള്‍ക്കെന്താ ഒരിടത്ത് നിന്നൂടെ..എന്തു പാടാന്നറിയൊ ഈ ചെയ്സിങ്ങു പരിപാടി..).ഊര്‍മ്മിള പതുക്കെ ക്യാമറ ലക്ഷ്യമാക്കി ഒടുന്നു. അടുത്തെത്തിയതും മെല്ലെ തറയില്‍ കിടന്നു. ഒരു കാല്‍ ഒരല്‍പം പൊക്കി...


"അമ്മോ..." എന്നുള്ള വിളിയും വെയിറ്റുകള്‍ തറയില്‍ വീഴുന്ന ശബ്ദവും കേട്ടാണു ഞാനും ടിക്സനും ഞെട്ടിയുണര്‍ന്നത്. നോക്കുമ്പൊ, ബെന്‍ച് പ്റെസ്സ് ചെയ്തു കൊണ്ടിരുന്ന പിള്ള ചേട്ടന്റെ കയ്യില്‍ നിന്നും വെയിറ്റ് വഴുതി നെന്‍ചിലേക്ക് വീണിരിക്കുന്നു.


"എന്ത് പറ്റി പിള്ള ചേട്ടാ..ഇതധികം വെയിറ്റൊന്നുമില്ലല്ലൊ.." പുള്ളിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.


"ഹൊ ഒന്നുമില്ല...കയ്യുളുക്കി എന്നാ തോന്നുന്നെ..."


പക്ഷെ ഞങ്ങളുടെ മനസ്സിലെ ചിന്ത വേറെ ആയിരുന്നു. പിള്ളച്ചേട്ടനിലെ ചെന്നായ് ആട്ടിന്‍ തോല്‍ മാറ്റി പുറത്തു വന്നിരിക്കുന്നു. ഭക്തനായ പിള്ളച്ചേ ട്ടന്‍ ഊര്‍മ്മിള ഒന്നു കാല്‍ ....ചെ..ഇറ്റ് ഈസ് അമേസിങ് ഓഫ് ദി...പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല..


രംഗം : പിള്ള ചേട്ടന്‍ രാവിലെ പാലു വാങ്ങാന്‍ കടയില്‍ പോകുന്നു.


അപ്പോഴാണു പത്രമൊക്കെ ഇട്ടു തീര്‍ന്ന് അപ്പു അവന്റെ സൈക്കിളില്‍ ആ വഴി വന്നത്. പിള്ള ചേട്ടന്റെ അടുത്തെത്തിയതും അവന്‍ മൂളി പാട്ടു പാടി..."തന്‍ഹ തന്‍ഹ..യഹാ പെ..."


അങ്ങനെ ഞങ്ങളുടെ , എന്റെയും ടിക്സന്റെയുമ്, ഒരൊറ്റ ദിവസത്ത പരിശ്രമം കൊണ്ട് പിള്ള ചേട്ടന്‍ തന്‍ഹ പിള്ള ആയി. ഇതിനുള്ള മറുപാട്ട് ഭാഷ ഭേദമന്യെ എല്ലാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പിള്ള ചേട്ടന്‍ കൊടുത്തു വന്നു.


ഒടുക്കത്തെ രംഗം : ജിമില്‍ നിന്നും കോഴിക്കൂട്..ചെ, റ്റി വി..പൊക്കി മാറ്റി.

Tuesday, June 19, 2007

മെമ്മറി ചിപ്പ്

"ടാ നിന്റെ മെമ്മറി സ്റ്റിക്ക് ഒന്നു താ..നാളെ തിരിച്ചു തരാം ."


രഞിത്ത് ചോദിച്ചപ്പൊ ഒന്നും പറയാതെ ഞാന്‍ അതവനു കൊടുത്തു. അവന്‍ അതു വാങ്ങി അവന്റെ ബാഗില്‍ ഇട്ടു.


നല്ല തളര്‍ച്ച ഉണ്ടായിരുന്നതിനാല്‍ ഞാന്‍ നേരത്തെ കയറി കിടന്നു. പിറ്റേന്ന് രാവിലെ ഞങ്ങള്‍ രണ്ടു പേരും ഡ്യുട്ടിക്ക് പോകാന്‍ റെഡിയായി.ആപ് കീ ഫര്‍മായിഷും കേട്ട് സെക്യുരിറ്റി ഗേറ്റ് എത്തിയതറിഞ്ഞില്ല. ഞാനും രഞിത്തും ചെക്കിങ്ങിനായി വരിയില്‍ നിന്നു. വരി പതുക്കെ മുന്നോട്ട് നീങ്ങി. ഒടുവില്‍ ഞങ്ങള്‍ സ്കാനിംഗ് പോയിന്റില്‍ എത്തി.ഞങ്ങള്‍ രന്ടു പേരും ബാഗ് പതുക്കെ സ്കാനറിന്റെ അകത്തു വച്ചു. ഞങ്ങള്‍ രന്ടു പേരും ബോഡി സ്കാനിങ്ങും കഴിഞ്ഞ് ബാഗും വരുന്നതു നോക്കി മറുവശത്ത് നിന്നു. പക്ഷെ പെട്ടെന്ന് അലാറം മുഴങ്ങി.കാര്യം അറിയതെ എല്ലാരും ചുറ്റും നോക്കി. ബാഗ് സ്കാന്‍ ചെയ്തു കൊണ്ടു നിന്ന ആള്‍ പെട്ടെന്നു പുറത്ത് വന്നു. എല്ലാ ആള്‍ക്കരെയും നോക്കിക്കൊണ്ട് പുള്ളി ചോദിച്ചു.


"ഇതാരുടെയാ ചിപ്പ്."


ചിപ്പൊ ? ഒന്നും മനസ്സിലാകാതെ ഞാന്‍ നിന്നപ്പൊ രഞിത്ത് എന്റെ കൈയ്ക്ക് പിടിച്ചു കൊണ്ട് പറഞ്ഞു.

"ടാ നിന്റെ മെമ്മറി ചിപ്പ് എന്റെ ബാഗില്‍ ...ഇന്നലെ എടുക്കാന്‍ മറന്നു പോയി."


"എടാ കാലമാടാ ഇങ്ങനത്തെ ഒരു സാധനം കൊണ്ട് ഇവിടെ വന്നാല്‍ അപ്പൊ പറഞ്ഞു വിടും എന്നു നിനക്കറിയില്ലെ..ഇനി എന്ത് ചെയ്യുമ്...ഒരു കാര്യം ചെയ്..നിന്റെ ബാഗ് അയാളെടുക്കും മുന്നെ നീ ചെന്നു കാര്യം പറ.."


സെക്യൂരിറ്റിക്കാരന്‍ അപ്പോഴേക്കും ബാഗ് കന്ടു പിടിക്കാനായുള്ള ശ്രമം തുടങ്ങി. രഞിത്ത് അയാളുടെ അടുത്തെത്തി.


"സര്‍ "


"എന്താടൊ?"


എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുന്പ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ ഓടി വന്നു.

"അയ്യൊ സാറെ അതെന്റെ ബാഗാ..." അയാള്‍ അയാളുടെ ബാഗ് വലിച്ചെടുത്തു.

സെക്യൂരിറ്റിക്കാരന്റെ മുഖം ചുവന്നു.


"താന്‍ ഏത് കോത്തായത്തുകാരനാടോ...ഇതൊക്കെ കൊണ്ട് വന്നാല്‍ തന്റെ ജോലി തെറിക്കും എന്നറിയില്ലെ.."


"അയ്യോ സാറെ എനിക്കറിയില്ലായിരുന്നു... ഞാന്‍ ... ജീവിക്കാന്‍ വേണ്ടിയാ സാറെ...ഇനി കൊണ്ട് വരില്ല..."

ഇതു കേട്ടതും സെക്യുരിറ്റിക്കാരന്‍ കാറി.

"തുറക്കെടോ കോപ്പിലെ ബാഗ്...കൊണ്ടുവന്നതും പോരാഞ്ഞ് പ്രസംഗിക്കുന്നൊ..ശെരിയാക്കിത്തരാം ."

ഇത്രയും ആയപ്പോഴേക്കും ഞാനും രഞിത്തും ഞങ്ങളുടെ ബാഗുകളെടുത്ത് പതുക്കെ സ്കൂട്ട് ആയി.

ഹൊ രക്ഷപ്പെട്ടു. രഞ്ജിത്തിനെ ദഹിപ്പിക്കുന്ന രീതിയില്‍ ഒന്നു നോക്കി ഞാന്‍ പറഞ്ഞു. അവന്‍ ഒരു വളിഞ്ഞ ചിരി ചിരിച്ചു.

'പാവം അയാളുടെ ജോലിക്കൊരു തീരുമാനമായി.." ഇതു പറഞ്ഞ് ഞങ്ങള്‍ പതുക്കെ തിരിഞ്ഞ് നോക്കി.അപ്പൊ കണ്ട കാഴ്ച ഞങ്ങളെ ശരിക്കും ഞെട്ടിച്ചു.

കാടി വെള്ളം തലയില്‍ വീണ ദിലീപിനെ പോലെ നില്‍ക്കുന്ന സെക്യൂരിറ്റിക്കാരന്‍ .

കയ്യില്‍ പല കവറുകളിലായി ബനാന ചിപ്സും .

Tuesday, May 08, 2007

വെളുത്ത ചില്ലറത്തുട്ടുകള്‍

"അമ്മാ ഇന്നെങ്കിലും മീന്‍കറി കാണോ..? ചമ്മന്തീം മോരും കൂട്ടി മടുത്തമ്മാ.."

"അച്‌ഛനു വയ്യാത്തോണ്ടല്ലെ...പണിക്ക് പോകാന്‍ പറ്റീരുന്നെങ്കി നല്ല കറി കൂട്ടായിരുന്നു..അച്ഛനു കാലു നല്ല വേദനയുണ്ട്...കട തുറന്നിരിന്നെങ്കി കുറച്ചാശ്വാസം ഉണ്ടായിരുന്നു..പക്ഷെ ആരു പോയിരിക്കും ...ഞാന്‍ പോയാ അച്ഛനെ ആരു നോക്കും ...നിനക്കും കൊച്ചുമോനും അതിനൊള്ള വകതിരിവായില്ല...എന്റെ മോന്‍ ഇന്നൂടെ ഇതു തിന്ന്..അമ്മ നാളെ എങനേലും മീന്‍ വാങ്ങാം ."

മണിക്കുട്ടനു വീട്ടിലെ അവസ്ഥ അറിയാഞ്ഞിട്ടല്ല. ഇതേ പോലെ ഒരീസം മീന്‍ കറി വയ്ക്കാമെന്ന പറഞ്ഞപ്പൊ സന്ധ്യക്കു കായല്‍ മീന്‍ പിടിക്കാന്‍ പോയതാ അച്ഛന്‍ .ഇരുട്ടു കാരണം കായല്‍ വരമ്പത്തു കിടന്ന മടല്‍ കണ്ടില്ല. അതു കാലില്‍ കൊണ്ടു. കാല്‍പാദത്തിന്റെ ഞരമ്പ് മുറിഞ്ഞു. അന്നു കിടന്നതാ. അന്നു മുതല്‍ തുടങ്ങി വീട്ടിലെ ഓരോ ബുദ്ധിമുട്ടുകള്‍ . എങ്കിലും കരിമീനിന്റെയും സിലോപ്പിയുടെയും രുചി ഒന്നു വേറെ തന്നെയാ. പക്ഷെ വല വീശി കായല്‍ മീന്‍ പിടിക്കാനൊന്നും മണിക്കുട്ടനറിയില്ല. മീന്‍ വാങ്ങാന്‍ അമ്മയുടെ കയ്യില്‍ കാശില്ല. കാശുണ്ടായിരുന്നേല്‍ ഇന്നലെ മണിക്കുട്ടന്‍ ദാമുവേട്ടന്റെ കടയില്‍ നിന്ന് അരി കടം വാങ്ങണമായിരുന്നോ. അരി സന്‍ചിയില്‍ വീഴുന്നത് കണ്ട് പുന്‍ചിരിച്ചു കൊണ്ടിരുന്ന മണിക്കുട്ടനെ നോക്കി,"കുറെയായി..നിന്റെ അമ്മയെ ഞാന്‍ തിരക്കിയെന്ന് പറ..", എന്നു ദാമുവേട്ടന്‍ പറഞ്ഞെങ്കിലും അതു കേള്‍ക്കാതെ മണിക്കുട്ടന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു.


അരവയറു നിറച്ചുകൊണ്ട് ഉറങ്ങാന്‍ കിടന്നപ്പോള്‍ നാളെ എങ്ങനെയും മീന്‍ കറി കൂട്ടണമെന്ന ആഗ്രഹമായിരുന്നു മണിക്കുട്ടന്റെ മനസ്സില്‍ . മണിക്കുട്ടന്റെ കുട്ടിമനസ്സ് എവിടെയോ അലഞ്ഞു. ഒടുവില്‍ അവന്റെ മനസ്സ് കടയിലെ കാശുപ്പെട്ടിയില്‍ തടഞ്ഞു. കട പൂട്ടുന്നതിനു മുന്നെ അതില്‍ കുറെ ചില്ലറ തുട്ട് കണ്ടതായി മണിക്കുട്ടന്‍ ഓര്‍ക്കുന്നുണ്ട്. നാളെ രാവിലെ അതെടുക്കാം എന്ന് തീരുമാനിച്ച് മണിക്കുട്ടന്‍ ഉറങ്ങി.


നേരം പുലര്‍ന്നപ്പൊ അമ്മയുടെ കയ്യില്‍ നിന്നും കടയുടെ താക്കോല്‍ വാങ്ങി മണിക്കുട്ടന്‍ പുറപ്പെട്ടു. ഉറക്കത്തിനു ഭംഗം വന്നതു കാരണം പതുക്കെ തലയുയര്‍ത്തി മണിക്കുട്ടനെ നോക്കിയ ശേഷം കടത്തിണ്ണയില്‍ കിടന്നിരുന്ന തെരുവു പട്ടി ഇറങ്ങി പോയി. മണിക്കുട്ടന്‍ കട തുറന്ന് ഉള്ളില്‍ കയറി. കാശു പെട്ടിയില്‍ അപ്പടി പൊടിയാ.അടുത്തു കിടന്ന അഴുക്കു പിടിച്ച ഒരു തോര്‍ത്തെടുത്ത് മണിക്കുട്ടന്‍ അത് നന്നായി തുടച്ചു. ഉള്ളിലെതെങ്കില്‍ കാണുമോ എന്ന ആകാംഷ മണിക്കുട്ടന്റെ കുഞ്ഞു കണ്ണുകളില്‍ ഉണ്ടായിരുന്നു. അവന്‍ മെല്ലെ പെട്ടി തുറന്നു.അതില്‍ കുറെ അഴുക്കു പിടിച്ച , കറുത്ത നിറമായ ഇരുപതിന്റെയും ഇരുപത്തന്ചിന്റെയും ചില്ലറത്തുട്ടുകള്‍ കണ്ട് മണിക്കുട്ടന്റെ കണ്ണുകള്‍ തിളങ്ങി.മണിക്കുട്ടന്‍ അതെല്ലാം പെറുക്കിയെടുത്തു, പതുക്കെ എണ്ണാന്‍ തുടങ്ങി. ഏഴു രൂപ എന്ന് എണ്ണി തിട്ടപ്പെടുത്തിയ ശേഷം മണിക്കുട്ടന്‍ നേരെ കായല്‍കരയിലേക്കോടി.


അഴുക്കുപിടിച്ച ചില്ലറകള്‍ കൊടുത്താല്‍ മീന്‍കാരന്‍ മീന്‍ തരില്ല എന്ന ചിന്തയില്, ആ ചില്ലറകള്‍ കഴുകി വ്രിത്തിയാക്കാനാണു മണിക്കുട്ടന്‍ കായല്‍ക്കരയിലേയ്ക്ക് ഓടിയത്. അവിടെയുണ്ടായിരുന്ന ഒരു ചെറിയ പാറയില്‍ , കുറച്ച് കായല്‍വെള്ളം കോരി ഒഴിച്ച്,ചില്ലറത്തുട്ടുകളെല്ലാം മണിക്കുട്ടന്‍ പതുക്കെ പതുക്കെ ഉരച്ച് വ്ര്ത്തിയാക്കി.അപ്പോഴേയ്ക്കും മീന്‍ വള്ളം കായല്‍കരയില്‍ എത്തിയിരുന്നു. രണ്ട് മൂന്നു കരക്കാര്‍ വള്ളത്തിനു ചുട്ടും കൂടി , വില പറഞ്ഞ് മീന്‍ വാങ്ങിക്കൊണ്ടു പോകുന്നത് മണീഇക്കുട്ടന്‍ മാറി നിന്നു കണ്ടു. തിരക്കൊഴിഞ്ഞ്, മീന്‍കാരന്‍ വള്ളമെടുക്കാന്‍ തുനിഞ്ഞപ്പൊ, മണിക്കുട്ടന്‍ ഓടിച്ചെന്നു.

"മാമാ... എനിക്കും വേണം മീന്‍ ..'

"എത്രയ്ക്കാ?"

"ഏഴു രൂപയ്ക്ക്.."

"ഏഴു രൂപയ്ക്കൊ...?"

അയാള്‍ അവനെ അടിമുടി ഒന്നു നോക്കി.

"ഉം ...ഇങ്ങു വാ...കവറുണ്ടൊ കയ്യില്..ഇല്ലെങ്കി ഈ പേപ്പറില്‍ പൊതിഞ്ഞു കൊണ്ടുപൊയ്ക്കൊ.."

അയാള്‍ രണ്ട് സിലോപ്പി എടുത്ത് പൊതിഞ്ഞ് കൊടുത്തു. മണിക്കുട്ടന്‍ സന്തോഷത്തോടെ അതു വാങ്ങി, ചില്ലറത്തുട്ടുകള്‍ക്കായി പോക്കറ്റില്‍ കയ്യിട്ടു. അതു വാങ്ങാനായി മീന്‍കാരന്‍ തന്റെ കൈ നീട്ടി.

"ഒരു കൈയ്യില്‍ നിക്കില്ല മാമാ..താഴെ പോവും ..രണ്ടു കൈയ്യും കാണിക്ക്..."

അയാള്‍ സംശയത്തോടെ രണ്ട് കയ്യും നീട്ടി. രണ്ട് മൂന്ന് തവണയായി പോക്കറ്റില്‍ നിന്നു മണിക്കുട്ടന്‍ ചില്ലറത്തുട്ടുകള്‍ അയാളുടെ കയ്യില്‍ വച്ചു കൊടുത്തു.

കയ്യിലിരുന്ന വെളുത്ത ഇരുപതിന്റെയും ഇരുപത്തന്‍ചിന്റെയും തുട്ടുകളെ അയാള്‍ വല്ലാതെ നോക്കി.

"ഏഴു രൂപയുണ്ട് മാമാ.." ഇത്രയും പറഞ്ഞ് മണിക്കുട്ടന്‍ തിരിഞ്ഞ് നടന്നു.

അല്പം നടന്നപ്പോഴേയ്ക്കും പിന്നില്‍ നിന്നുള്ള വിളി കേട്ട് മണിക്കുട്ടന്‍ നിന്നു.

"ടാ ഇങ്ങു വാ.."

മണിക്കുട്ടന്‍ തിരിച്ചു മീന്‍കാരന്റെ അടുത്തു ചെന്നു. തന്റെ ചില്ലറത്തുട്ടുകള്‍ ഇഷ്ടപെടാഞ്ഞ് മീന്‍ തിരികെ വാകുമോ എന്ന ഭയം മണിക്കുട്ടന്റെ മുഖത്തുണ്ടായിരുന്നു.

"ആ മീനിങ്ങു താ.."

മണിക്കുട്ടന്‍ മീന്‍ അയാളെ തിരികെ ഏള്‍പ്പിച്ചു. അയാള്‍ ഒരു കവറില്‍ കുറച്ച് മുഴുത്ത മീനുകള്‍ എടുത്തിട്ടു.

"ഇതു കൊണ്ട് പൊയ്ക്കോ..ഇതിനു കാശില്ല.."

ഒന്നും മനസ്സിലാകാതെ അയാള്‍ തന്ന കവറും കയ്യില്‍ പിടിച്ച് മണിക്കുട്ടന്‍ നിന്നു. മീന്‍കാരന്‍ മെല്ലെ വള്ളം ഊന്നി, അകന്നു പോയി.മണിക്കുട്ടന്‍ കവര്‍ മെല്ലെ തുറന്നു നോക്കി. ആ കവറില്‍ മീനുകളും താന്‍ കൊടുത്ത വെളുത്ത ചില്ലറത്തുട്ടുകളും .

Tuesday, April 24, 2007

ഞാന്‍ ദേവി - 2

ടീച്ചര്‍ അടുത്തു വന്നു.

"എന്ത് പറ്റി ദേവി ?"

"ടീച്ചര്‍ , ഇയാള്‍ പിറകെ ഇരുന്നു ശല്യപ്പെടുത്തുന്നു."

ടീച്ചര്‍ എന്നെ നോക്കി.

"എന്താടൊ തനിക്ക് കുഴപ്പം , തന്റെ നോട്ടെവിടെ..?"

ടീച്ചര്‍ എന്റെ നോട്ട് വാങ്ങി നോക്കി. ടീച്ചര്‍ തന്ന നോട്ട്‌സ് മുഴുവന്‍ അതിലുണ്ടായിരുന്നു.

"താനിനി ഇവിടെ ഇരിക്കണ്ട, എണീറ്റു മുന്നില്‍ ചെന്നിരി.."

ഞാന്‍ എണീറ്റ് മുന്നിലെ ബുജികളുടെ ഇടയില്‍ ചെന്നിരുന്നു. ഉടന്‍ റ്റീച്ചര്‍ ക്ളാസ്സ് അവസാനിപ്പിച്ച് ഉപദേശം തുടങ്ങി. പ്ഠിക്കാന്‍ വന്നാല്‍ പഠിക്കണമ്, അല്ലാതെ പെണ്‍പിള്ളേരെ ശല്യപ്പെടുത്തി നടക്കയല്ല വേണ്ടത് എന്നൊക്കെ. ക്ളാസ്സ് കഴിഞ്ഞപ്പൊ ടീച്ചര്‍ പോയി. ആരും എന്നോട് സംസാരിക്കുന്നില്ല. പെണ്‍കുട്ടികള്‍ എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടാവുമ്. ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ ആയതില്‍ എനിക്ക് നല്ല വിഷമം തോന്നി.ആരുടെയും തെറ്റിദ്ധാരണ തിരുത്താന്‍ പോണമെന്ന് എനിക്ക് തോന്നിയില്ല, എന്റെ ചിന്ത വേറെ വഴിക്കായിരുന്നു. ടീച്ചറും എന്നെ തെറ്റിദ്ധരിച്ചു. അത് മാറ്റണം . ഞാന്‍ നേരെ സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു.
ടീച്ചര്‍ എന്തൊ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ടീചറിനോട് നടന്നതെല്ലാം പറഞ്ഞു. കുട്ടികള്‍ തെറ്റിദ്ധരിച്ചതില്‍ എനിക്ക് വിഷമമമില്ലെന്നും അറിയിച്ചു. ചുരുക്കത്തില്‍ പ്രക്ഷോഭും ഉണ്ണിയും രാജും ടീച്ചറിന്റെ നോട്ടപ്പുള്ളികളായി.വീണ്ടും തിരിച്ച് വന്ന് ക്ളാസ്സിലിരുന്നു. ആരും മിണ്ടുന്നില്ല. എന്റെ അടുത്തിരുന്ന ഒരുത്തനോട് ഞാന്‍ ചോദിച്ചു.


"പേരെന്ത..?"

'ബിജു, എന്താ തന്റെ പേരു.റാവുത്തര്‍ എന്നാണൊ..?"

ഞാന്‍ ഉറക്കെ ചിരിച്ചു.

"അല്ല, ദീപക്ക്. "

"പക്ഷെ നിന്നെ കണ്ടാല്‍ ഒരു റൌഡി ലുക്കാ, മുടിയൊക്കെ പറ്റെ വെട്ടി മസിലും പെരുപ്പിച്ച്"

ഞങ്ങള്‍ വീണ്ടും ചിരിച്ചു. വൈകുന്നേരം ഞങ്ങള്‍ രണ്ടു പേരും കൂടി കാന്റീനില്‍ പോയി ചായകുടിച്ചു. ലവ് ബേര്‍ഡ്സിന്റെ ഒരു നിര തന്നെ അവിടെ ഉണ്ടായിരുന്നു. ഇവനേതാട ഒരു ഭീകരന്‍ എന്ന നിലയില്‍ എന്നെ ഒന്നു മുഖമുയര്‍ത്തി നോക്കിയതിനു ശേഷം അവര്‍ സല്ലപം തുടര്‍ന്നു.

തലെ ദിവസം പടിപ്പിച്ചതെല്ലാം ഒന്നു നോക്കിയിട്ടാണു പിറ്റെ ദിവസം ക്ളാസ്സില്‍ പോയത്. രാജി ടീച്ചര്‍ വന്ന പാടെ ചോദ്യം ചോദിച്ച് തുടങ്ങി. പത്തില്‍ ഏഴ് ചോദ്യവും എന്നോട്. ചോദിച്ചതിനെല്ലാം ഞാന്‍ ഉത്തരം പറഞ്ഞു. ഞാന്‍ ഇന്നലെ പറഞ്ഞതൊക്കെ സത്യമാണൊ എന്നും ഞാന്‍ പഠിക്കാന്‍ മോശമാണൊ എന്നും ടീച്ചര്‍ ടെസ്റ്റ് ചെയ്തതായിരിക്കും . ടീച്ചറിനു സന്തോഷമായിക്കാണും .

ആദ്യത്തെ ആഴ്‌ച്ച ഇങ്ങനെ തട്ടീം മുട്ടീം കടന്നു പോയി. അടുത്ത ആഴ്‌ച്ചയിലെ ആദ്യത്തെ ദിവസം തന്നെ പാര്‍ട്ടികളുടെ സ്വാഗതമോതലുകളും ശക്തി പ്രകടനങ്ങളും കൊണ്ട് കാമ്പസ് ശബ്ദമുഖരിതമായി. ആ സുന്ദരമായ കാമ്പസിനു താങ്ങാവുന്നതിലും കൂടുതലായിരുന്നു ആ മുദ്രാവക്യം വിളികള്‍ .എനിക്ക് പണി തന്ന പ്രക്ഷോഭും ഉണ്ണിയും രാജും കുട്ടിനേതാക്കന്‍മാര്‍ക്ക് പഠിക്കാന്‍ പോയി.

ഇന്റര്‍വല്‍ സമയത്ത് രാജി ടീച്ചറിന്റെ അടുത്ത് പോകേണ്ട ആവശ്യമുണ്ടായിരുന്നു.അകലെ നിന്നും , ഞാന്‍ പീഡിപ്പിച്ചെന്ന് പറയപ്പെടുന്ന പെണ്‍കുട്ടി, ദേവി, ടീച്ചറിന്റെ റൂമില്‍ നിന്നും ഇറങ്ങി വരുന്നത് ഞാന്‍ കണ്ടു. ആ കുട്ടി എന്നെ ലക്ഷ്‌യമാക്കി നടന്നു വരുന്നു. മറ്റു കുട്ടികളെ നോക്കി ചിരിക്കുന്നുണ്ടെങ്കിലും കണ്ണുകള്‍ എന്നില്‍ തന്നെ.ഞങ്ങള്‍ പെട്ടെന്നടുത്തെത്തി.ദേവി എന്നെ നോക്കി ചിരിച്ചു. ഞാന്‍ ചിരിച്ചില്ല, ഞാന്‍ അതിന്റെ കണ്ണുകളില്‍ തന്നെ കുറച്ച് നേരം രൂക്ഷമായി നോക്കി. ദേവി പെട്ടെന്ന് മുഖം കുനിച്ചു. സമയം കളയാതെ ഞാന്‍ ടീചറിനെ കാണാനായി മുന്നോട്ട് പോയി.

"ദീപക്ക്..."

പിറകില്‍ നിന്നുള്ള വിളി കേട്ട് ഞാന്‍ ഒരു നിമിഷം നിന്നു. എങ്കിലും തിരിഞ്ഞ് നോക്കാതെ കാലുകള്‍ മുന്നോട്ട് വച്ചു.

( തുടരും )

Monday, April 23, 2007

ഞാന്‍ ദേവി - 1

പ്രീ ഡിഗ്രി ക്രിക്കറ്റ് കളിച്ച് ഉഴപ്പി നടന്നതിന്‍റ്റെ ഫലം റിസള്‍ട്ട് വന്നപ്പൊ എനിക്ക് മനസ്സിലായി. ഒത്തിരി മാര്‍ക്കിഉണ്ടായിരുന്നത് കൊണ്ട് അങ്ങനെയുള്ള മിക്ക ആള്‍ക്കാരെയും പോലെ ഞാനും ഡിപ്ലോമ തിരഞ്ഞെടുത്തു. ഡിപ്ലോമ ഇന്‍ ഇലക്ട്റോണിക്സ്. ഇതില്‍പരം എന്ത് വേണം . ഏറ്റവും കൂടുതല്‍ ഇന്‍ഡക്സ് മാര്‍ക്കുണ്‍ടായിരുന്ന ചുരുക്കം ചില ആള്-ക്കാര്‍ക്ക് മാത്രം കിട്ടുന്ന ട്രേഡ്. അട്മിഷന്‍ കിട്ടിയതിനു ദൈവത്തിനു നന്ദി പറഞ്ഞു. പ്രീ ഡിഗ്രിയുടെ ഹാങ് ഓവര്‍ ഇവിടെ തീര്‍ക്കണം . എന്നൊക്കെ മനസ്സില്‍ തീരുമാനിച്ചു.


വളരെ ശാന്തവും ഒത്തിരി മരങ്ങള്‍ നിറഞ്ഞതുമാണു സി.പി.റ്റി കാമ്പസ്.ഒത്തിരി ഭൂമി സ്വന്തമായുണ്ടായിരുന്ന് കാമ്പസിന്. കുറെ ഭാഗങ്ങള്‍ കാട് നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ അധികം ആരും അങ്ങോട്ട് പോയിരുന്നില്ല. ആകെ മൂന്ന് ബിള്‍ഡിങ്ങുകളാണു തിയറി ക്ളാസ്സുകള്‍ക്കായി ഉണ്ടായിരുന്നത്.എന്റെ ക്ളാസ്സ് ഇലക്ട്റോണിക്സും മെക്കാനിക്കലും ഇലക്ട്രിക്കലും ഉള്ള ബിള്‍ടിങ്ങിന്റെ ഏറ്റവും ഉയരത്തെ നിലയിലായിരുന്നു, അതായതു മൂന്നാമത്തെ നിലയില്‍ . പിന്നെ വര്‍ക്ക്ഷോപ്പുകള്‍ക്കായി ആറു ബിള്‍ഡിങ്ങുകള്‍ വേറെയും .

ഞങ്ങളുടെ ബിള്‍ടിങ്ങിനോട് ചേര്‍ന്ന് തന്നെയാണു കാമ്പസിലെ ഏക കാന്റീനും . ഒരു രൂപയ്ക്ക് ചായ, വട, ഏഴു രൂപയ്ക്ക് ഉച്ചയൂണ്, 15 രൂപയ്ക്ക് ബിരിയാണി ഇതൊക്കെ അവിടത്തെ പ്രത്യേകതയായിരുന്നു. വൈകുന്നേരങ്ങളില്‍ ചെന്നാല്‍ അവിടുത്തെ ലവ് കോര്‍ണറില്‍ ഒത്തിരി പ്രണയജോടികള്‍ തൊട്ടുരുമ്മി ഇരിക്കുന്നത് കാണാം . ടീചര്‍മാര്‍ വരുന്നതിനു മുന്നറിയിപ്പ് നല്‍കുന്നതു കാന്റീനിലെ സ്വന്തം കുട്ടന്‍ ചേട്ടനായിരുന്നു.


രാഷ്ട്രീയം , ഒഴിവാക്കന്‍ പറ്റാത്ത ഒരു കാമ്പസ് സമസ്യ. ഈ ശാന്ത സുന്ദര കാമ്പസും അതിന്റെ പിടിയിലായിരുന്നു. കുട്ടിനേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ഒത്തിരി തവണ സാക്ഷിയാകേണ്ട് വന്നതിന്‍റ്റെ കറ പോലെ ചില്ലുകള്‍ പൊട്ടിയ ജനാലകളും ഞാന്‍ കണ്ടു.കോളേജ് കാമ്പസിന്റെ നടുമുറ്റത്ത് തന്നെ മൂന്ന് പാര്‍ട്ടികളുടെയും കൊടികള്‍ തല താഴ്ത്തി നിന്നു.


ഇനി ക്ളാസ്സിലേയ്ക്ക്. എന്റെ ക്ളാസ്സില്‍ ആകെ അറുപത് പേര്‍ . 40 ബോയ്സ്, 20 ഗേള്‍സ്.മൂന്നു റോയിലുള്ള ബെന്ചും ഡെസ്കും . ഞാന്‍ ക്ളാസ്സില്‍ ചെന്നപ്പോഴെ ആദ്യത്തെ രണ്ടു നിരയും നിറഞ്ഞ് കഴിഞ്ഞിരുന്നു. മൂന്നാമത്തെ നിരയില്‍ പെണ്‍കുട്ടികളാണു. അതിനു പിന്നിലുള്ള ബെന്ചില്‍ സ്ഥലമുണ്ട് . വെക്കേഷന്‍ ആയിരുന്നത് കൊണ്ട് മുടിയൊക്കെ പറ്റ വെട്ടിയാണു ഞാന്‍ ക്ളാസ്സിലേയ്ക്ക് ചെല്ലുന്നത്. എന്നെ കണ്ടുടനെ റ്റീച്ചര്‍ പിറകിലത്തെ ബെന്‍ച് ചൂണ്ടി കാണിച്ചു. എല്ലാരുടെയും കണ്ണുകള്‍ എന്നിലായിരുന്നു. കാരണം എനിക്കപ്പൊ തനി ഗുണ്ടയുടെ ലുക്കായിരുന്നു. ജിമില്‍ പോയിരുന്നത് കൊണ്ട് എല്ലാരുടെയും സംശയം അത് ഊട്ടിയുറപ്പിച്ചു കാണും .


എന്തായാലും ഞാന്‍ നേരെ പെണ്‍കുട്ടികളുടെ പിന്നിലുള്ള ബെന്‍ചില്‍ ചെന്നിരുന്നു.ആ ബെന്ചില്‍ എന്നെ കൂടാതെ ഉണ്ണി, രാജ് മോഹന്‍ , പ്രക്ഷോഭ് എന്നിവരും ഉണ്ടായിരുന്നു. ആരും ആരോടും മിണ്ടുന്നില്ല, പക്ഷെ ഇവര്‍ മൂന്നു പേരും പെട്ടെന്ന് തമ്മില്‍ കമ്പനി ആയതു പോലെ.അവര്‍ തമ്മിലോരോ കമന്റ് പറയുന്നു, ചിരിക്കുന്നു. ആ കമന്റുകള്‍ കേട്ടപ്പൊ, ഈശ്വര ഇതെങ്ങാനും മുന്നിലിരിക്കുന്ന പെണ്‍കുട്ടികള്‍ കേട്ടാല്‍ നാണക്കേടായതു തന്നെ എന്നു ഞാന്‍ വിചാരിച്ചു.


ടീചര്‍ സ്വയം പരിചയപെടുത്തി, പേരു രാജി.രാജി റ്റീചര്‍ ഒരോരുത്തരെയായി പരിചയപ്പെടാന്‍ തുടങ്ങി.അതു നന്നായി എന്നെനിക്കും തോന്നി. കുറച്ച് ആള്‍ക്കാരുടെ പേരെങ്കിലും അങ്ങനെ മനസ്സിലാക്കാന്‍ പറ്റുമല്ലൊ. ഏറ്റവും ഒടുവിലായിരുന്നു ഞങ്ങളുടെ ബെന്‍ചിന്റെ ഊഴം .ഉണ്ണിയും രാജ് മോഹനും പ്രക്ഷോഭും എഴുന്നേറ്റു, അവരുടെ വുവരങ്ങള്‍ വെളിപ്പെടുത്തി. ഏറ്റവും ഒടുവിലായിരുന്നു എന്റെ ഊഴം . ഞാന്‍ എണീറ്റു


"എന്റെ പേരു..."


"റാവുത്തര്‍ .."

ഇതു പറഞ്ഞത് ഉണ്ണിയായിരുന്നു. എല്ലാരും കൂട്ടമായി ചിരിച്ചു, ടീചറും ഞാനും ചിരിച്ചു. അങ്ങനെ അവന്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു, എന്റെ ലക്ഷണം കണ്ടാല്‍ ഈ പേരേ വിളിക്കു. അങ്ങനെ എന്നെയും പരിചയപ്പെട്ടു കഴിഞതോട് കൂടി ക്ളാസ് ആരംഭിച്ചു. രാജി ടീച്ചര്‍ പറയുന്നതു നല്ല പോലെ മനസ്സിലാകുമായിരുന്നു. അതുകൊണ്ട് യാതൊരു ബോറടിയും തോന്നിയില്ല. എന്നാലപ്പോഴൊക്കെ ഉണ്ണിയും മറ്റും ഓരോന്നു പറഞ്ഞ് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു.


പെട്ടെന്ന് എന്റെ മുന്നിലിരുന്ന പെണ്‍കുട്ടി തിരിഞ്ഞെന്നെ രൂക്ഷമായൊന്നു നോക്കി, പിന്നീട് എന്റെ ഡെസ്‌ക്കില്‍ നിന്നും എന്തോ കൈ കൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അപ്പോഴാണു ഞാന്‍ അതു ശ്രദ്ധിച്ചത്, അവളുടെ മുടി ആരോ എന്റെ ഡെസ്‌ക്കിലെ ആണിയില്‍ കെട്ടി വച്ചിരിക്കുന്നു. വേറെ ആരെയും അവള്‍ നോക്കാതെ എന്നെ തന്നെ നോക്കിയത് എന്റെ തനി ഗുണ്ടാ ഗെറ്റപ് കണ്ടിട്ടാവണം . മുടി വരാതിരുന്നപ്പൊ ദേഷ്യത്തില്‍ അതു വലിച്ച് പൊട്ടിച്ചു, എന്നിട്ടു എല്ലാരും കേള്‍ക്കെ ഏണീറ്റു നിന്ന് എന്നോടൊരു ഡയലോഗ് .
"തനിക്കെന്തിന്റെ കേടാ...ഈ ദേവി ക്രിഷ്ണ ആരെന്നു വിചാരിച്ചു..തന്നെ കണ്ടാലെ അറിയാം താനൊരു...."
എല്ലാരും എന്നെ അമ്പരപ്പോടെ നോക്കി.


( തുടരും )