Friday, September 05, 2008

പാപ്പിസം 3

ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ കവലയിലിറങ്ങി ഒരു ചായയും കുടിച്ച് വില്‍സും വലിച്ചിരിക്കാറുള്ള പാപ്പിയ്ക്ക് പെട്ടെന്നാണു ബസ് യാത്ര നടത്തണം എന്ന തോന്നലുണ്ടായത്. ഈ 'തോന്നല്‍ ' അത്ര പെട്ടെന്നുണ്ടാവാന്‍ കാരണം ? അതെ, വിലാസിനി, അവള്‍ മാത്രമാണു അത്രയും നാള്‍ കമ്പിയില്‍ പിടിയ്ക്കാനോ മുന്നോട്ട് മുന്നോട്ട് നീങ്ങി നിയ്ക്കാനോ കഴിയാത്ത വിധം പാപ്പിയെ അസ്വസ്ഥനാക്കിയത്.

ടൌണില്‍ ഒരു ചിട്ടി കമ്പനിയില്‍ ജോലി ചെയ്യുന്ന വിലാസിനി കേറുന്ന ബസിന്റെ 'നമ്പറും' സമയവും നോട്ട് ചെയ്ത് പാപ്പി തന്റെ ഉദ്യമങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിലാസിനി ടൌണില്‍ നിന്നും തിരിച്ചു വരുന്നത് രാത്രി ഏഴു മണിയോടെയാണ്. അപ്പൊ, ടൌണില്‍ നിന്നും വിലാസിനിയോടൊപ്പം ബസില്‍ കയറിയാല്‍ കാര്യങ്ങള്‍ എളുപ്പമായി. അങ്ങനെ പാപ്പി ഒരു നാലു മണിയാകുമ്പൊ ടൌണിലേയ്ക്ക് ബസ് കയറും . തിരിച്ച് വിലാസിനി കയറുന്ന ബസില്‍ കൂടെ കയറും . മൂന്നു നാലു ദിവസം ഇതു തുടര്‍ന്നിട്ടും വിലാസിനിയ്ക്ക് ഒരു മൈന്ഡും ഇല്ല. എങ്ങനെ ഇവളെ ഒന്നു വീഴ്‌ത്തും . തന്റെ സ്റ്റോപ് (വിലാസിനിയുടെയും ) എത്താറായി. ഇത്രയും നേരം എറിഞ്ഞിട്ടും അവള്‍ ഒന്നു നോക്കുക പോലും ചെയ്യുന്നില്ല. എന്തെങ്കിലും ചെയ്തെ പറ്റു. പെട്ടെന്നാണു പാപ്പി അതു കണ്ടത്. സ്റ്റോപിനു മുന്നിലെ വളവില്‍ വയ്ക്കോല്‍ കച്ചി കൂട്ടിയിട്ടിരിക്കുന്നു.പാപ്പി തീരുമാനിച്ചാല്‍ തീരുമാനിച്ചതാ...പിന്നെയൊന്നും നോക്കിയില്ല...വളവില്‍ ബസ് ഒരല്‍പം സ്ലോ ചെയ്തതും പാപ്പി കച്ചിപ്പുറത്തേയ്ക്ക് എടുത്ത് ചാടി. ഒന്നും സംഭവിക്കാതെ എണീറ്റു പുറത്ത് പറ്റിയ കച്ചിത്തുരുമ്പെല്ലാം തട്ടി കളഞ്ഞ് ബസും നിര്‍ത്തുന്നതും കാത്തു നിന്നു. വിലാസിനി ബസില്‍ നിന്നിറങ്ങി വരുനു. പാപ്പിയെ കടന്നു പോകുമ്പോള്‍ കടക്കണ്ണുകൊണ്ടൊന്നെറിയാന്‍ വിലാസിനി മറന്നില്ല. ഏറ്റു, സംഗതി ഏറ്റു..!! പാപ്പിയുടെ ഹൃദയം പെരുമ്പറ മുഴക്കി.

തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും പാപ്പി ഇതു തുടര്‍ന്നു. വിലാസിനിയുടെ നോട്ടം ചിരിയായി. പിന്നെ പിന്നെ, കച്ചിയിട്ടിരിയ്ക്കുന്ന സ്ഥലം നോക്കുക പോലും ചെയ്യാതെ പാപ്പി ബസില്‍ നിന്നും ചാടി തുടങ്ങി. അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു, ഇനി തിങ്കളാഴ്‌ച മാത്രെ വിലാസിനിയെ കാണാന്‍ പറ്റു. ഇന്നത്തെ ചാട്ടം കൊഴുപ്പിക്കണം . വളവെത്തി, ഇരുട്ടാണെങ്കിലും പാപ്പിയ്ക്കുന്നം പിഴയ്ക്കില്ല. പാപ്പി ചാടി.

********************************************************************************************

അന്നൊരു തിങ്കളാഴ്‌ച ആയിരുന്നു. വിലാസിനിയുടെ ബസ് വന്നു , പോയി. ഇടതു കയ്യില്‍ വില്‍സും വലതു കയ്യില്‍ ബാന്‍ഡേജുമായി പാപ്പിയും അപ്പോഴും കവലയിലിരുന്നു, വെള്ളിയാഴ്‌ച കച്ചിയെല്ലാം തൂത്തു പറക്കി കൊണ്ടു പോയ പാണ്ടി ലോറിയും നോക്കി.