Friday, January 09, 2009

എന്റെ ന്യൂ ഇയര്‍ പാമ്പാട്ടം

അന്നൊരു വ്യാഴാഴ്‌ചയായിരുന്നു. നേരം പുലര്‍ന്നു വരുന്നതേയുള്ളു. ഞാന്‍ ക്ളോക്കില്‍ നോക്കി, പതിനൊന്നര. കോഴി കൂവാത്തതുകൊണ്ടാണോ സൂര്യന്‍ തമ്പുരാന്‍ ഇത്രയും ലേറ്റ് ആയെ ! ഞാന്‍ മൊബൈലില്‍ നോക്കി. 8 മെസ്സേജെസ്. അമ്മേ..ഇതാരാപ്പ ഇത്രക്കങ്ങടു മെസ്സേജയക്കാന്‍ . ഞാന്‍ നോക്കുമ്പൊ എല്ലാം ഒരു പോലെ, "ഹാപ്പി ന്യൂ ഇയര്‍ ".

ന്യൂ ഇയറാ ?? എപ്പാ ??? ഇന്നാ ?? കൂടുതല്‍ ആലോചിക്കുന്നത് എന്നെ സംബന്ധിച്ച്ഒരു ബാച്ചിലറിന്റെ അടുത്ത് റൂം ക്ളീന്‍ ചെയ്യാന്‍ പറയുന്നതുപോലെയും സ്ത്രീകളോടു'സ്ത്രീ' സീരിയല്‍ കാണരുതെന്നു പറയുന്നതും പോലെ മനോവിഷമം ഉണ്ടാക്കുന്നഒരു കാര്യമായതുകൊണ്ട് ഞാന്‍ ആ പണിക്കു പോയില്ല.

ബട്ട്, ഒരു ഇന്നര്‍ ഫീലിങ്ങ് ഓഫ് ദി...എന്നെ ഇങ്ങനെ മൂപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ പതുക്കെ റിവൈണ്ട് അടിക്കാന്‍ തുടങ്ങി. നേരം വെളുത്തത് പതിനൊന്നരയ്ക്ക്, സോറി,ഓഫ് ഡേയ്സിന്റെ അന്നു എന്റെ നേരം വെളുക്കുന്നതു ഏകദേശം ആ സമയത്തൊക്കെയാ ;)

ഇന്നലെ രാത്രി എപ്പഴാ കിടന്നെ ? കിടന്നോ ? എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.കോപ്പ്, ഞാന്‍ ഒരു ദിവസം കൂടി പുറകോട്ട് പോയി, അവിടുന്ന് ഫോര്‍വേഡ് അടിക്കാമെന്നു വിചാരിച്ചു.

അന്നൊരു ബുധനാഴ്‌ചയായിരുന്നു. ഓഫീസിലിരുന്നു ഞാന്‍ എന്റെ ജോലി തുടങ്ങി. ഞാന്‍ ആദ്യം ജിമെയില്‍ ഓപ്പണ്‍ ചെയ്തു, പിന്നെ യാഹൂ തുടങ്ങി സകലമാന സൈറ്റുകളും തുറന്ന് ആഞ്ഞു പണിഞ്ഞുകൊണ്ടിരിക്കുമ്പോ , ജിമെയിലില്‍ ഒരു മെയില്‍ ! ഹൊ, ഇതിന്റൊരു കാര്യം . ഒന്നു പറഞ്ഞു രണ്ടാമത്തേതിനു മെയിലു വന്നുകളയും ! ഞാന്‍ ഓപ്പണ്‍ ചെയ്തു. ഉള്ളടക്കം ഇങ്ങനെ,

"പ്രിയ വാഴ സഹോദരങ്ങളെ, ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായിഎല്ലാ വാഴക്കൂട്ടം അംഗങ്ങളും ഇന്നു രാത്രി ക്രിത്യം 8 മണിക്ക് സി 18 ഇല്‍ എത്തേണ്ടതാണ്.....എന്നു സെക്ര. "

ആഹ, അപ്പൊ ഇന്നു പാര്‍ട്ടിയാണ്. ന്യൂ ഇയര്‍ കൊണ്ട് 'ആടും '. ജോലി ഒക്കെ തീര്‍ത്ത് അല്‍പം റെസ്റ്റ് എടുക്കാന്‍ വേണ്ടി, എന്റെ ലീഡ് മേശപ്പുറത്ത് കൊണ്ടുതള്ളിയിട്ടു പോയഡൊക്യുമെന്റ്സിലൂടെ കണ്ണോടിച്ചു (ഹലോ, അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പൊ 5 മിനുട്ടില്‍ കൂടുതല്‍ ബ്റേക്ക് എടുക്കുന്നത് ശരിയല്ല ! ) ഞാന്‍ വീണ്ടും ജ്മെയില്‍ ഓപ്പണ്‍ ചെയ്തു. അങ്ങനെ ഞാന്‍ സമയം തള്ളിനീക്കി. വീണ്ടും തള്ളി, തള്ളലോട് തള്ളല്‍ ...അങ്ങനെ ഓഫീസ്സമയവും കഴിഞ്ഞു ഞാന്‍ എന്റെ റൂമിലെത്തി.

പാമ്പ് എന്ന ഓമനപ്പേരില്‍ അറിയപ്പെദുന്ന വിനോദിനെ കോറിഡോറിന്റെ അങ്ങേ അറ്റത്തു കണ്ടു. ഫ്ളാറ്റിന്റെ ഡോര്‍ തുറക്കുന്നതിനിടയില്‍ പുള്ളി എന്റെ അടുത്തെത്തി.പ്രതീക്ഷിച്ചതുപോലെ തന്നെഅവന്റെ വായില്‍ നിന്നും മത്തു പിടിപ്പിക്കുന്ന ' മണം '.


"നീ എപ്ഫൊ (ഗ്യാസ്) വന്നു..? മധുസേട്ടന്‍ എന്ത്യേ ?" ലവന്‍

"വരും ...നീ പണ്ടത്തെപ്പോലൊന്നുമ്മല്ലാട്ടാ...ടൈല്‍സിക്കൂടിയൊക്കെ ഇഴയാന്‍ പഠിച്ചല്ലേ...?" ഞാന്‍


"പ്ഫോടാ (വീണ്ടും ഗ്യാസ്)" ഇതും പറഞ്ഞു അവന്‍ കോറിഡോര്‍ ചുവരിനെ ഇടം വലം നോക്കാതെ ചുംബിച്ച് ചുംബിച്ച് മുന്നോട്ടു നീങ്ങി. ഞാന്‍ റൂമില്‍ കയറി. പാര്‍ട്ടിയ്ക്ക് എട്ടരയൊക്കെ ആയിട്ടു പോയാല്‍ മതി. ബട്ട്, ജിമ്മില്‍ പോണം .

ഞാന്‍ എന്റെ ട്രാക്ക് സ്യൂട്ടെടുത്തു. ആഹ, ലവന്റെ തെളക്കം കണ്ടാ ! സ്റ്റേറ്റ്സീന്നു വരുത്തിച്ചതാ.ഉല്‍ഘാടനം ഇന്നാ.ഞാന്‍ പതുക്കെ അതെടുത്തു. പൊക്കി, അതന്നെ, എന്റെ ഒരു കാല്‍ ,താഴ്ത്തി. വീണ്ടും പൊക്കി, മറ്റേ കാല്‍ , താഴ്ത്തി. കഴിഞ്ഞു. ആഹ എന്തൊരുആത്‌മവിശ്വാസം . ഞാന്‍ ഗ്ളൌസെടുക്കാന്‍ മുന്നോട്ടു നടന്നതു മാത്രം ഓര്‍മ്മയുണ്ട്.ചെയറിന്റെ മുകളില്‍ കൂടി, കമ്പ്യൂട്ടര്‍ ടേബിളിന്റെ സൈഡില്‍ കൂടി, പവര്‍ കോര്‍ഡ്സിന്റെ മുകളിലേയ്ക്ക് വീണതു മാത്രേ ഞാന്‍ അറിഞ്ഞുള്ളു. പുല്ല്..ട്രാക്ക് സ്യൂട്ടിന്റെ ഒരു കാലില്‍ എന്റെ രണ്ടു കാലും കൂടി കേറ്റിയാല്‍ ഇങ്ങനെ ഇരിക്കും . ഭാഗ്യം ആരും വന്നിട്ടില്ല.തപ്പിത്തടഞ്ഞെഴുന്നേറ്റ് ഞാന്‍ ജിമ്മിലേയ്ക്ക് പോയി.വര്‍ക്കൌട്ട് അത്ര മോശായി എന്നു പറയാന്‍ പറ്റില്ല.പ്രത്യേകിച്ച് ജിമ്മിലെ ടിവിയില്‍ ഗജിനിയിലെ അസിന്‍ മരുഭൂമിയില്‍ കൂടി ഇറുകിയ ഡ്രസ്സുമിട്ട് തേരാപാരാ ഓടുമ്പോള്‍ ! സഹിക്കൊ ?

തിരിച്ചു റൂമിലെത്തിയ ഞാന്‍ അമ്മയെ വിളിച്ചു. നാളെ ന്യൂ ഇയറിനു അമ്ബലത്തില്‍ പോയി എന്റെ പേരില്‍ ഒരര്‍ച്ചന നടത്താന്‍ പ്രത്യേകം പറഞ്ഞു (തള്ളേ , കാലം ഫോണ ഫോക്കേ !)എന്റെ ഒന്നര വയസ്സുകാരന്‍ അനന്തിരവനോട് സംസാരിച്ചു. അവനു വലിയ കാര്യങ്ങളേ പറയാനുള്ളു "മാമാ...ചോക്കി..ചോക്കി" (ചോക്കളേറ്റിനു അവന്‍ പറയുന്നതാ).

മണി എട്ടായപ്പോഴേയ്ക്കും ഞാന്‍ റെഡിയായി.ചലോ സി 18. വാഴക്കൂട്ടം പാര്‍ട്ടിയുടെ പ്രത്യേകത, പാര്‍ട്ടി തുടങ്ങുന്നതിനു മുന്‍പായി, നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആഗ്രഹിക്കുന്ന പോസില്‍ ഫൊട്ടോ എടുത്ത് കൊടുക്കപ്പെടും എന്നതാണ്.ആസ്ഥാന ക്യാമറാമാന്‍ സുബിന്‍ . ദുഷ്ടന്‍ , ഇതവിടെ തീരുമെന്നു കരുതിയെങ്കില്‍ തെറ്റി.പാര്‍ട്ടി കൊഴുക്കും .എല്ലാ വാഴകളും പാമ്പുകളാവും . ബട്ട്, ലവന്‍ ഇതിന്റെയും ഫോട്ടോ എടുക്കും . പിറ്റേ ദിവസം ,കഷണ്ടിക്കുള്ള മരുന്നിന്റെ പരസ്യത്തിലെ ബിഫോര്‍ & ആഫ്‌ടര്‍ പോലെ, തടി കുറയാനുള്ള മരുന്നിന്റെപരസ്യത്തിലെ ബിഫോര്‍ & ആഫ്‌ടര്‍ പോലെ, വെള്ളമടിച്ചതിനു മുന്‍പും പിന്‍പും എന്നുമ്പറഞ്ഞ് എല്ലാര്‍ക്കും അതു മെയിലില്‍ അയച്ചുകൊടുക്കും . വെള്ളമടിക്കുന്നതിനു മുന്നെ, വെള്ളമുണ്ടുമുടുത്ത് ചിരിച്ച് സുഗുണനായി നില്‍ക്കുന്ന അജിത്തേട്ടന്‍ , വെള്ളമടിച്ചതിനു ശേഷം ആ മുണ്ടു ഊരി തലയില്‍ കെട്ടിയിരിക്കുന്ന അജിത്തേട്ടന്‍ , വെള്ളമടിക്കുന്നതിനു മുന്നെപക്കാ എക്സിക്യൂട്ടീവ് ഡ്രസ്സില്‍ നില്‍ക്കുന്ന ബാബു സാര്‍ , വെള്ളമടിച്ചതിനു ശേഷം ബ്രേക്ക് ഡാന്‍സിലെ റോപ്-ഗ്ളാസ്സ് ഐറ്റംസ് കാണിക്കുന്ന ബാബു സാര്‍ . അങ്ങനെ എത്ര പേര്‍ .

പാര്‍ട്ടിക്കു മുന്നെ എല്ലാ പേര്‍ക്കും സെക്ര. ആശംസാപ്രസംഗം നടത്തി. ഫോട്ടോ സെഷനും തുടങ്ങി.പ്പോഴേയ്ക്കും ഞങ്ങളുടെ പൊന്നോമനകളെത്തി. സിദ്ധിക്കി എന്നു ചെല്ലപ്പേരിലും വാറ്റ് എന്ന് സൈന്റിഫിക് നേമിലും അറിയപ്പെടുന്ന സാധനം . അതങ്ങോട്ടു ഗ്ളാസ്സില്‍ ഒഴിച്ചു വച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍കെല്ലാവര്‍ക്കും അങ്ങു കലിയാ അതിനോട്. അപ്പൊ കുടിച്ച് തീര്‍ത്തുകളയും . ഞാന്‍ ഒന്നടിച്ചു, രണ്ടടിച്ചു, മൂന്നടിച്ചു. 'സെ..മോസം ' എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാന്‍ ചുറ്റും നോക്കി.ചിലരു ചരിഞ്ഞു നില്‍ക്കുന്നു. സെ, എന്റെ തല ചരിഞ്ഞു പോയതാ. ഞാന്‍ നാലടിച്ചു. ഇനി രക്ഷയില്ല, ഞാന്‍ സീറ്റില്‍ നിന്നും പതുക്കെ എണീറ്റു.ബാബു സാര്‍ പതിവുപോലെ ഗ്ളാസ്-റോപ് ഐറ്റം കാണിക്കുന്നു. ചിലരു തുള്ളുന്നു.ഞാന്‍ ടിവിയിലേയ്ക്ക് നോക്കി. ന്യൂ ഇയര്‍ പരിപാടി നടക്കുന്നു.

ഞാനും തുള്ളല്‍ തുടങ്ങി. (ഇതൊരു രോഗമാണോ ഡോക്‌ടര്‍ ? അദ്ദേഹമെന്നെ ഡൈവോഴ്‌സ് ചെയ്യുമോ ഡോക്‌ടര്‍ ?). ഞാന്‍ അന്‍ചാമതും അടിച്ചു. 'സെ, മോസായി' എന്നുമ്പറഞ്ഞ് ടോയിലറ്റില്‍ കയറി.സെ, സിബ് എവിടെ ? ഒടുവില്‍ തപ്പിപ്പിടിച്ച് പരിപാടി കഴിച്ചു. ടോയിലറ്റിനു പുറത്തിറങ്ങി.അതേഎനിക്കോര്‍മ്മയുള്ളു. എവിടെയ്യോ ചറിക്കിയടിച്ച് വീഴുന്നതും തല എവിടെയോ ഇടിക്കുന്നതോടും കൂടി,ബ്ളാക്ക് ഔട്ട് !

തിരികെ എന്റെ റൂമിലേയ്ക്ക്. ദിവസം വ്യാഴാഴ്‌ച്ച. സമയം പന്ത്രണ്ടേകാല്‍ .ഞാന്‍ നെറ്റിയില്‍ തൊട്ടുനോക്കി, ഒരു വലിയ ബാന്ഡ് എയിഡ്. അതൊക്കെ ഓ കെ, ബട്ട്..ഞാന്‍ എങ്ങനെ റൂമിലെത്തി ? എന്റെ മൊബൈലെവിടെ ? പഴ്സെവിടെ ? ആലോചിച്ചാലോചിച്ച് വിയര്‍ത്തുതുടങ്ങിയപ്പോ ആരോ കോളിങ്ങ് ബെല്ലടിച്ചു. ഞാന്‍ പതുക്കെ എണീറ്റു. (ഹലോ, പതുക്കെയൊക്കേ പറ്റു, എനിക്കറിയാം അതിന്റൊരു വിഷമം )

"നീയായിരുന്നോ ?" പ്രവീണിനെ നോക്കി ഞാന്‍ പറഞ്ഞു.പക്ഷെ അതിനവന്‍ മറുപടി പറഞ്ഞത് ഒരു പ്രത്യേക രീതിയിലായിരുന്നു.

"!#%#$^&%&*^*^(&*)*&*^^$@#^%#!" അതേകദേശം ഇതുപോലിരിക്കും .

ഇതു കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലാകുന്ന ഭാഷയില്‍ (അല്ലെങ്കിലും ഞാന്‍ ഇത്തിരി സ്റ്റാന്ഡേര്‍ഡുള്ള കൂട്ടത്തിലാ) അവന്‍ പറഞ്ഞു.

"ഇതിത്രയും ഇന്നലെ നിന്നെ ഇവിടെ കൊണ്ടുവന്നാക്കുന്നതിനിടയില്‍ എനിക്കു നിന്റെ വയീന്നുകേള്‍ക്കേണ്ടി വന്ന തെറിയാ. ഇന്നാ നിന്റെ മൊബൈലും പഴ്‌സും ."

കിട്ടി, എനിക്കു കിട്ടി, എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടി.നന്ദി, പ്രവീണേ നന്ദി !

"ടാ റൂമില്‍ പാര്‍ട്ടിയുണ്ട്, പെട്ടെന്നു വാ" അവന്‍ പറഞ്ഞു.

അവന്റെ റൂമിലേയ്ക്ക് പോകുന്നതിനിടയില്‍ എനിക്കൊരു ചിന്തയേ ഉണ്ടായിരുന്നുള്ളു.

'ഇത്രയ്ക്കും പുളിച്ചതാണല്ലോ ഞാന്‍ അവനെ വിളിച്ചെ...എന്നെ സമ്മതിക്കണം ..സെ മോസായി'

**************************************************************************

കയ്ക്കുന്ന സത്യം : ഞാന്‍ ഒരു മുഴുക്കുടിയനല്ല *

4 comments:

പകിടന്‍ said...

ഒരു ന്യൂ ഇയറിന്റെ ഓര്‍മ്മയ്ക്ക്...അമ്മേ നെറ്റി..

yousufpa said...

ഈ പാമ്പാടികളുടെയൊക്കെ ഒരു യോഗേയ്..

പ്രിയ said...

:) പകിടാ ആ ലാസ്റ്റ് സ്റ്റെറ്റ്മേന്റ്റ് എന്തിനാ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതെ ബ്ലോഗെഴുതുന്ന നേരത്ത് അരക്കുടിയേ പതിവുള്ളൂ. അല്ലേ?