Tuesday, June 17, 2008

പന്‍ചവടി

എന്റെ കുട്ടിക്കാലത്ത് (ഞാനിപ്പോഴും നല്ല ചെറുപ്പാ!), എന്റെ നാട്ടില്‍ അറിയപ്പെടുന്ന ക്രിക്കറ്റ് ക്ളബ് ഉണ്ടായിരുന്നത് എല്‍ . എം .സി.സി അഥവാ ലിറ്റില്‍ മാസ്റ്റെഴ്സ് ക്രിക്കറ്റ് ക്ളബ് ആയിരുന്നു. സ്കൂള്‍ വിട്ടു വന്നാലുടനെ ടയറും ഉരുട്ടി ഞങ്ങളെല്ലാവരും ഒരു പോക്കാ കളി കാണാന്‍ . കളിയും കഴിഞ്ഞു ചേട്ടന്‍മാര്‍ തമ്മിലുള്ള അടിയും കഴിഞ്ഞേ ഞങ്ങള്‍ തിരിച്ചു വരൂ.

വളര്‍ന്നപ്പൊ അതുപോലെ ഒരു ക്രിക്കറ്റ് ക്ളബ് ഞങ്ങളും ഊണ്ടാക്കി. "ചലന്‍ച് സ്പോര്‍ട്ട്‌സ് & ആര്‍ട്ട്‌സ് ക്ലബ്" . എല്ലാ റ്റൂര്‍ണമെന്റുകളിലും വീട്ടില്‍ നിമ്മും "അമ്മ" തന്ന കാശിട്ട് പങ്കെടുക്കയും ആദ്യത്തെ റൌണ്ടില്‍ പുറത്താകുകയും ചെയ്തുകൊണ്ടിരുന്നപ്പൊ "സ്പോര്‍ട്ട്‌സ് & ആര്‍ട്ട്‌സ് " എന്നുള്ളതു മാറ്റി വെറും ആര്‍ട്ട്‌സ് ആക്കിയാലോ എന്നു ഞങ്ങള്‍ ചിന്തിച്ചു തുടങ്ങി. എവിടെ തുടങ്ങും ?? കൂലംകഷമായ ആലോചന. അങ്ങനെ തലേം കുത്തി നിന്നു ആലോചിച്ചതിനു ശേഷം , റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ വാര്‍ഷികത്തിനു വല്ല മിമിക്രിയോ മൈമോ ഒന്നുമില്ലേല്‍ സിനിമാറ്റിക് ഡാന്‍സോ അവതരിപ്പിക്കാമെന്ന ധാരണയില്‍ ഞങ്ങളെത്തി.

അങ്ങനെ ആദ്യത്തെ വര്‍ഷം ശ്രീജിത്ത് പെണ്‍വേഷം കെട്ടിയ ഒരു സ്കിറ്റ് ഞങ്ങള്‍ അവതരിപിച്ചു. അവന്‍ നല്ല ജിം ആയിരുന്നതു കൊണ്ടു എക്സ്ട്റാ ഫിറ്റിങ്ങ്സ് ഒന്നും വേണ്ടി വന്നില്ല. പക്ഷെ അതല്ല കാര്യം , അവന്റെ അനിയത്തീടെ ഒരു പുത്തന്‍ ചുരിദാറാണു അവന്‍ പരിപാടിക്കിട്ടത്. അതൊന്നു അവന്റെ ശരീരത്തിലോട്ട് കേറ്റാന്‍ പെട്ട പാട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം . ഇട്ടു കഴിഞ്ഞപ്പോ കഴുത്തിലെ പിടുത്തം കാരണം അവനു രണ്ടു കയ്യും താക്കാന്‍ വയ്യ. നെന്‍ചാണെങ്കില്‍ ഇപൊ പൊട്ടും എന്ന പരുവത്തില്‍ നില്‍ക്കുന്നു. ശ്വാസം പോലും വിടാന്‍ പറ്റാതെ ആ സ്കിറ്റ് മുഴുവനും അനുഭവിച്ച സോറി അഭിനയിച്ച അവനെ നമിക്കണം . പരിപാടി കഴിഞ്ഞു പൊക്കിയെടുത്ത് ബൈക്കിലിരുത്തി വീട്ടില്‍ കൊണ്ടാക്കി. ഊരാന്‍ പറ്റാതെ വന്ന ചുരിദാര്‍ കത്രിക കൊണ്ടു മുറിച്ചു കളയേണ്ടി വന്നു. ഒരാഴ്‌ച കഴിഞ്ഞ് പുതിയ ഒരെണ്ണം വാങ്ങിക്കൊടുത്തതിനു ശേഷമെ അവന്റെ അനിയത്തി അവനോട് മിണ്ടിയുള്ളു.

കാലങ്ങള്‍ കഴിഞ്ഞു. പലരും പഠിത്തത്തിന്റെ തിരക്കില്‍ പല "വഴി"ക്കായി. ഞങ്ങളുടെ ക്ളബ് ഉല്‍സവഘോഷയാത്രകളില്‍ ആളുകളുടെ ദാഹം തീര്‍ക്കുന്ന വെറും "സോഡാ നാരങ്ങാ" സംഘമായി. നാട്ടില്‍ തന്നെയുണ്ടായിരുന്നത് ഞാനും , ചേട്ടനും , ശ്രീജിത്തും ശ്രീകാന്തും മാത്രം . അങ്ങനെ ഒരിക്കല്‍ , ഞങ്ങളെല്ലാവരും കൂടി അസോസിയേഷന്റെ വാര്‍ഷികത്തിനു പങ്കെടുക്കാന്‍ (ഞങ്ങളുടെ പങ്ക് വല്ലതുമുണ്ടേല്‍ അതെടുക്കാന്‍ ) പോയി. ഞങ്ങളെ എല്ലാപേരെയും ഒരുമിച്ചു കണ്ടതും അസോസിയേഷന്‍ സെക്രട്ടറി ഗിരീഷ് സാറിനു പണ്ടത്തെ ഓര്‍മ്മകള്‍ തെവിട്ടി വരുകയും മൈക്കില്‍ കൂടി അതു വാളു വയ്ക്കുകയും ചെയ്തു. ദുഷ്‌ടന്‍ ! ഭാവിയുടെ വാഗ്‌ദാനങ്ങളെന്നും യുവരക്‌തങ്ങളാണെന്നു പറഞ്ഞു കളഞ്ഞു അങേറ്. ഇനിയിപ്പൊ ഒന്നും ചെയ്തില്ലേല്‍ നാണക്കേടാ.


ഇങ്ങോട്ടു തന്ന പണിക്ക് അങ്ങോട്ടൊരു പണി. ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഞങ്ങള്‍ പറഞ്ഞു പരിപാടി റെഡി. മൈക്കിലൂടെ അപ്പൊ തന്നെ അനൌണ്‍സ്മെന്റും വന്നു. പരിപാടിയുടെ പേര്‍ "പന്‍ചവടി". ഏറ്റവും അവസാനം മാത്രേ അവതരിപ്പിക്കൂ എന്ന് ഞങ്ങള്‍ പറയുകയും ചെയ്തു. ഞങ്ങള്‍ എല്ലാം തയ്യാറാക്കി കാത്തിരുന്നു. പരിപാടികള്‍ ഓരോന്നായി കഴിഞ്ഞു. അതിനിടയില്‍ സേതുനിലയത്തിലെ സേതുവേട്ടന്റെ മകള്‍ നിളയുടെ ഡാന്‍സുമുണ്ടായിരുന്നു. കളിച്ചതു കണ്ടാല്‍ സേതുവേട്ടന്‍ പി.റ്റി സാറാണെന്നു തോന്നും .!

അങ്ങനെ ഞങ്ങളുടെ ഊഴമെത്തി. വേദിയിലെ എല്ലാ ലൈറ്റുകളും അണയ്ക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. ലൈറ്റണയ്ക്കുന്നതിനു മുന്നെ ഒരു കിടലന്‍ അനൌണ്സ്‌മെന്റുകൂടി. ഇപ്പൊ എല്ലാം ശെരിയായി. സദസ്സില്‍ അമ്മയും ചേച്ചിയും എല്ലാരുമുണ്ട്. ഞങ്ങളെ കൊണ്ട് അഭിമാനപുളകിതരായിട്ടുണ്ടാവും പാവങ്ങള്‍ . ചില സ്ത്രീകള്‍ കുട്ടികളെ ഉയര്‍ത്തിപിടിച്ചിട്ടുണ്ട്, 'ശെരിക്കും കണ്ടോണം , നാളെ നിനക്കും ഇതുപോലെ' എന്ന ഭാവത്തില്‍ .


ഇരുട്ട് നിറഞ്ഞ സദസ്സ്. ഞങ്ങള്‍ അന്‍ചു പേര്‍ വേദിയില്‍ പ്രവേശിച്ചു. ഒരു കയ്യില്‍ പിന്നിലും മറ്റേ കയ്യില്‍ മെഴുകുതിരിയുമായി. "ഇതെന്താപ്പാ ഇവന്‍മാരു കാണിക്കാന്‍ പോണെ" എന്ന രീതിയില്‍ മുന്നിലിരിക്കുന്നവന്റെ തല പിടിച്ചു മാറ്റി സ്റ്റേജിലേയ്ക്ക് നോക്കുന്ന ആള്‍ക്കാര്‍ . ഞങ്ങള്‍ അന്‍ചു പേരും തയ്യാറായി. ഒറെ നിരയില്‍ നിന്ന ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ടു നടന്നു. .മുന്നോട്ട്. സദസ്സില്‍ ആകാംഷ , ആകാംള്ള, ആകാംട്ട ഇതെല്ലാം നുരഞ്ഞു പൊങ്ങുന്നു. മൈക്കിനടുത്തെത്തിയതും ഞങ്ങള്‍ നടത്തം നിര്‍ത്തി. ഞാന്‍ മെഴുകുതിരി കത്തിച്ചു. ആ തിരിയില്‍ നിന്നും മറ്റുള്ളവരും മെഴുകുതിരി കത്തിച്ചു. സ്റ്റേജില്‍ ഇപ്പൊ മെഴുകുതിരിയ്ടെ വെളിച്ചം മാത്രം . ആ വെളിച്ചത്തില്‍ തിളങ്ങുന്ന ഞങ്ങളും .ഞങ്ങള്‍ പിറകെ കെട്ടിയിരുന്ന കൈ മുന്നോട്ടെടുത്തു. എന്നിട്ടൊരുമിച്ചു പറഞ്ഞു

"പന്‍ചവടി"

ഞങ്ങള്‍ കയ്യില്‍ പിടിച്ചിരുന്ന അന്‍ചു മരിച്ചീനി കമ്പുകള്‍ അഥവ പണ്‍ചവടികള്‍ അപ്പോഴാണു ആള്‍ക്കാര്‍ കാണുന്നത്. അതുകണ്ട അവരും ഗിരീഷ് സാറിന്റെ അലറല്‍ കേട്ട ഞങ്ങളും ഞെട്ടി.

"കര്‍ട്ടന്‍ താക്കെടാ"

************************************

വാല്‍ക്കഴണം : നാട്ടുകാരു മാന്യന്‍മാരായതു കൊണ്ടാണോ അതോ നട്ടെല്ലില്ലാഞ്ഞാട്ടാണൊ എന്തോ ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. ആദ്യത്തേതാവാനാണു ചാന്‍സ്.

5 comments:

പകിടന്‍ said...

ആരോ പറഞ്ഞതു പോലെ കുത്തിക്കഴപ്പ് .അതാണീ പോസ്റ്റ്.

കറുമ്പന്‍ said...

ഏയ് അതൊന്നുമല്ല കാര്യം ...ആകെയുണ്ടായിരുന്ന 5 വടികളും നിങ്ങളുടെ കയ്യിലായി പോയില്ലേ ... പിന്നെ എന്തെടുത്തിട്ട് പെരുമാറാനാ ????

അജയ്‌ ശ്രീശാന്ത്‌.. said...

"മാഷേ..
താങ്കളുടെ നാട്ടുകാര്‍ക്ക്‌
ഇത്രയ്ക്കങ്ങട്‌...
ക്ഷമയുണ്ടോ... ?
എനിക്ക്‌ തോന്നണില്ല..
പിന്നെ; ചെറിയ
കുട്ടികളായതിനാല്‍
ആദ്യത്തെ അടിയില്‍ തന്നെ തീര്‍ന്നുപോവുമെന്ന്‌വിചാരിച്ചാവും....
അവര്‍ ഒന്നും ചെയ്യാതെ വിട്ടത്‌...." :)

അപരിചിത said...

:)

ശ്രീ said...

ഈ പരിപാടികള്‍ ഞങ്ങളും കോളേജില്‍ അവതരിപ്പിച്ചിട്ടുണ്ട്.

“പഞ്ചവടി”, “ആറാട്ട്”, “ഒരു കുലയുടെ അന്ത്യം”... അങ്ങനെ അങ്ങനെ...
:)