Sunday, June 15, 2008

വെക്കേഷന്‍ (അവസാനിച്ചു)

(പല പീസായിരുന്ന പോസ്റ്റ് ഒരുമിപ്പിച്ച് അവതരിപ്പിക്കുന്നു.തുടര്‍ച്ചക്കായി ആദ്യം മുതല്‍ വായിക്കാനഭ്യര്‍ത്ഥന.)

പോലീസ് പിടിച്ചതില്‍ സന്തോഷിക്കുന്ന ആരെയെങ്കിലും അറിയൊ..? ദാ വലതു വശത്ത് ഒരു ചുള്ളന്റെ ഫോട്ടോ കണ്ടോ..? അവനു അഥവാ ഈ എനിക്കിപ്പൊ, അന്നെന്നെ പോലീസ് പൊക്കിയതില്‍ വളരെ സന്തോഷമുണ്ട്. ഇല്ലെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ പറ്റോ..?? അപ്പൊ എന്റെ വെക്കേഷന്‍ ഓര്‍മ്മകളിലേയ്ക്ക് ചറിക്കിയടിച്ച് വീഴാതെ പയ്യെ തപ്പി, പിടിച്ച് പിടിച്ച് നിങ്ങളെ കൂട്ടികൊണ്ടു പോകുന്നു .

അങ്ങനെ ഞാന്‍ നാട്ടിലേയ്ക്ക് പുറപ്പെടാന്‍ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ എത്തി. എങ്ങനെ എന്നു ചോദിക്കരുത് , യെത്തി. സെക്യൂരിറ്റി ക്ലിയറന്‍സും കഴിഞ്ഞ് , മാക്സിമം മസിലും പിടിച്ച് നിക്കുമ്പോ, ഒരു എന്‍ ആര്‍ ഐ ലഗേജ്, കയ്യില്‍ ചരക്കുമായി വരുന്നു. സമയം എങ്ങനെ പോക്കും എന്നു വിചാരിച്ചിരുന്ന എനിക്കു ഈശ്വരന്റെ സമ്മാനം !!! കണ്ടാലുടനെ കേറിയങ്ങു ചിരിക്കാന്‍ പറ്റോ..?? എന്താ ഏതാന്നറിയാതെ...

ഞാന്‍ വിമാനത്തില്‍ കയറി. എപ്പൊ കേറിയാലും ആദ്യം കയറുന്ന ഫീലിങ്ങാണു ഈ സാധനത്തിനു. സീറ്റ് നമ്പര്‍ ഇ സെവന്‍ നോക്കി കണ്ടുപിടിച്ചു. ലഗേജ് പൊക്കി, കാബിന്റെ അകത്തു വക്കാനുള്ള ശ്രമത്തിനിടയില്‍ എന്റെ ഷര്‍ട്ട് പൊങ്ങി, ലോ വെയിസ്റ്റ് ജീന്സും എന്റെ കളശവും (കാല്‍വിന്‍ ക്ലെയിന്റെ സാധനാ..ബ്ളൊഗ്ഗിന്റെ സ്റ്റാറ്റസ് എങ്കിലും നോക്കണ്ടേ) വെളിപ്പെട്ടോ എന്നെനിക്കു സംശയം തോന്നി. എന്റെ ചുറ്റും ഇരിക്കുന്ന എല്ലാരും "അങ്ങോട്ടേയ്ക്ക്" തന്നെ നോക്കുന്നു. 'ഞാന്‍ കാല്‍വിന്‍ ക്ലെയിന്‍ അണ്ടര്‍വെയറിന്റെ മോഡലാ..ഇല്ലെങ്കി ഞാന്‍ ഇതു ഇടുകേ ഇല്ലായിരുന്നു...അമ്മയാണെ" എന്നു അവരോടു പറയാന്‍ , എന്തോ എനിക്കു തോന്നിയില്ല. അങ്ങനെ നാറീട്ടും അതു നടിക്കാതെ ഞാന്‍ സീറ്റില്‍ ഇരുന്നു.

എന്റെ സീറ്റ് നടുക്കാണു. അപ്പുറവും ഇപ്പുറവും ആരും വന്നിട്ടില്ല. ഞാന്‍ വിളിക്കാതെ തന്നെ ഈശ്വരന്‍ എന്റെ വിളി കേട്ടു. ഞാന്‍ നേരത്തെ കണ്ട ലഗേജ്, ചരക്കൊന്നുമില്ലാതെ വന്നു, എന്റെ അടുത്തിരുന്നു. ശെടാ...ഇതു പണിയാകുമല്ലോ..ഇനിയിപ്പോ ഇറങ്ങുന്നതു വരെ എയര്‍ പിടിച്ചിരിക്കണം . കട്ടപൊക. ആ കുട്ടി ഇടക്കിടക്കു എന്നെ നോക്കുന്നുണ്ട്. ആ സമയം ഞാന്‍ സല്‍മാനാകും .കണ്ണൊന്നെടുത്താല്‍ അടുത്ത പത്തു മിനിട്ടിനുള്ള എയറു വലിച്ചു കേറ്റുന്നതിലുള്ള തത്രപാടിലായിരിക്കും ഞാന്‍ .എന്റെ വലതു വശത്തിരുന്ന അപ്പൂപ്പനു ശ്വാസം കിട്ടാത്തതു പോലെ. ഓ എനിക്കു തോന്നിയതാകും . കടന്നു പോകുന്ന എയര്‍ ഹോസ്റ്റികലേയും എയര്‍ ഹോസ്റ്റന്‍മാരെയും നോക്കി ചിരിച്ച് , വായുടെ കൊഴ തെറ്റി. ഇതെങ്ങനാ ഇപ്പൊ ഒന്നു നേരെ വയ്ക്കുക..?? ചുണ്ടു പിടിച്ചു നേരെയാക്കുന്നതിനിടയില്‍ ഒരു കിളിനാദം . നമ്മുടെ വാമഭാഗമാണു, അതായതു, ഇടതു വശത്തിരിക്കുന്ന കുട്ടിയാണു. ഫോണില്‍ ആരോടോ സംസാരിക്കുന്നു.

ഞാന്‍ പതുക്കെ എന്റെ ഐ പോടെടുത്തു. പാട്ടു കേട്ടു തുടങ്ങി. പ്ലെയിന്‍ പൊങ്ങി. കുറേ നേരം കഴിഞ്ഞപ്പൊ ഞാന്‍ എന്നെ പെണ്‍കുട്ടിക്കു പരിചയപ്പെടുത്തി. തിരിച്ചും പരിചയപ്പെട്ടു. ലഗേജെടുക്കാന്‍ ആളുണ്ടെന്നും കൂടാതെ എപ്പോഴും കൂടെ കൊണ്ടു നടക്കാന്‍ ഒരു ചെറിയ മണി പഴ്‌സും ഉണ്ടെന്നു സംസാരത്തില്‍ നിന്നു മനസ്സിലാകിയതോടെ, എന്റെ ഉള്ളിലെ പൂവാലന്‍ മുട്ടി നിന്ന മൂത്രം പോലും ഒഴിക്കാതെ കിടന്നുറങ്ങി. പിന്നെ ഞാന്‍ പുണ്യാളനായി. മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. വീഴുന്നതിനു തൊട്ടു മുന്നെ വരെ ജഗജീത് സിങ്ങിന്റെ ഹോശ് വാലോന്‍ കൊ ഖബര്‍ ക്യാ..സിന്ദഗീ ക്യാ ചീസ് ഹെ' കേട്ടതോര്‍്‌മയുണ്ട്. നാടിന്റെ പച്ചപ്പിലേയ്ക്കും ആള്‍ക്കാരുടെ നന്‍മകളിലേയ്ക്കും മനസ്സു ഊളിയിട്ടു. കുറെ നേരം ഊളിയോടു ഊളി. എന്തോ ശ്വസം കിട്ടുന്നില്ല എന്നു തോന്നിയപ്പൊ മെല്ലെ കണ്ണു തുറന്നു. അമ്മെ, ഞാന്‍ എന്നാ ഉറക്കാ ഉറങ്ങിയേ..? ഇനി നാലു മണിക്കൂറെ ഉള്ളു നാട്ടിലെത്താന്‍ ...!! (ആകെ നാലര മണിക്കൂറിന്റെ യാത്രയാണേ). കുറെ നേരം പാട്ടു കേട്ടു കഴിഞ്ഞപ്പൊ ഐപോഡ് അടുത്തിരുന്ന കുട്ടിക്കു കാണാന്‍ കൊടുത്തു. വേണൊങ്കി കേട്ടോട്ടെ..

കുറെ നേരം എയര്‍ ഹോസ്റ്റികളെ അളവെടുത്തും മറ്റും സമയം കളഞ്ഞു. ഉറങ്ങി. അങ്ങനെ അറബിക്കടലിന്റെ ഒരു അരൂനൂടെ, സൈഡ് പിടിച്ച് ഞാന്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടിലെത്തി. ചേട്ടന്‍ എക്സിറ്റിന്റെ അവിറ്റെയും കാര്‍ , പാര്‍ക്കിങ്ങ് ഏരിയയിലും എന്നെ വെയിറ്റ് ചെയ്തു നിക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിലെ സോപ്പ് പെട്ടിയും ചേട്ടന്റെ കയ്യിലെ അടപ്പും മാച് ചെയ്തു നോക്കി. പിന്നെ കുറെ "ച്യേട്ടാ...അന്ന്യാ" വിളിക്കും കെട്ടിപ്പിടി കം മുത്തം കൊടുക്കലിനും ശേഷം ഞങ്ങളെയും വഹിച്ച് കാര്‍ വീടു ലക്ഷ്‌യമാക്കി നീങ്ങി. പോകുന്നെ വഴിയെ നാട്ടിലെ എഫ് എം തരംഗത്തെ കുറിച്ചും മറ്റും എന്റെ ചെവി തോരാതെ ചേട്ടന്‍ സംസാരിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഞങ്ങള്‍ വീട്ടിലെത്തി. എന്നെ കാണുമ്പോള്‍ നിറകണ്ണോടെ "മക്കളെ..ടാ...നീ അങ്ങു ക്ഷീണിച്ചു പോയല്ലോ" ഡയലോഗുമായി വരുമെന്നു പ്രതീക്ഷിച്ച അമ്മ്യെ അവിടൊന്നും കണ്ടില്ല. വാട്ട് ദ ഹെല്‍ ..!!!

ഞാന്‍ വീട്ടിലോട്ടു കേറിയതും അമ്മയുടെ ശബ്ദം ,

"ഹ നീ വന്നോ ...ടാ കാറ്റെറിങ്ങുകാരു ഇപ്പൊ വരും . നീ റ്റെറസില്‍ ചെന്ന് അവിടെ എല്ലാം റെഡിയാക്ക്..."

എന്തോന്ന്..!!! എനിക്കാകെ ഒരു കണ്‍ഫ്യൂഷന്‍ . ഓ ഓ...പിടികിട്ടി. ഒരു വര്‍ഷത്തിനു ശേഷം സ്വന്തം മഗന്‍ നാട്ടില്‍ വന്നതല്ലെ. അതിന്റെ പാര്‍ട്ടിയാ...ഉം ...

"അമ്മേടടുത്താരാ പറഞ്ഞെ ഇതിനോക്കെ പാര്‍ട്ടി നടത്താന്‍ . ആള്‍ക്കാരെ ഒക്കെ ഇതറിയിക്കണോ..??"

"നീ പോട..എന്റെ കൊച്ചിന്റെ ഒന്നാം പിറന്നാളു പിന്നെ ആഘോഷിക്കണ്ടെ...നീ അമ്മാവനെന്നു പറഞിട്ടെന്താ കാര്യം ."

ങേ..!! അപ്പൊ പാര്‍ട്ടി..?? ഒന്നാം പിറന്നാള്‍ , അമ്മാവന്‍ എല്ലാം കൂടി എല്ലാം കൂടി ചേര്‍ത്തു വച്ചപ്പൊ ഒരു ചെറിയ മുഴ.അതെ ലവന്‍ തന്നെ. എന്റെ കുട്ടൂസന്‍ , എന്റെ അനന്തിരവന്‍ . അവന്റെ ഒന്നാം പിറന്നാളാണിന്നു. അവന്‍ അകത്തു കട്ടിലില്‍ കിടന്നു കരാട്ടേക്കു പടിക്കുന്നു. എന്റ അമ്മാവഹൃദയം തുടിച്ചു."മക്കളേ ടാ.." എന്നും വിളിച്ചു ഞാന്‍ അവനെ കോരിയെടുത്തു. അപ്പോഴേക്കും സംഭവം കൈവിട്ടു പോയി. ആള്‍ക്കാരൊക്കെ വന്നു തുടങ്ങി. എല്ലാര്‍ക്കും അവനെ എടുക്കണം ഉമ്മ വയ്ക്കണം . അനുഭവിച്ചോടാ..നിന്റെ ഭാഗ്യം . വലിയ ഒരു മിക്കി മൌസിന്റെ കേക്കില്‍ ചെറിയ ഒരു മെഴുകുതിരി കത്തിച്ച് ആഘോഷം ആരംഭിച്ചു.


ഇത്തവണെയെങ്കിലും വല്ലതുമൊക്കെ വായ്ക്ക് രുചിയായിട്ടു കഴിക്കണം എന്നു തീരുമാനിച്ചുറച്ചാണു ഞാന്‍ വന്നതു. ഏതാണ്ടായപ്പൊ ആര്‍ക്കണ്ടൊ വായ്പുണ്ണെന്നു പറഞ്ഞപോലെ , പിറ്റേ ദിവസം മുതല്‍ എന്റെ കുടുംബക്ഷേത്രത്തില്‍ ഉല്‍സവം തുടങ്ങി. ഉല്‍സവം തുടങ്ങിയാല്‍ അമ്മ സ്ട്രിക്ടാ. നോ നോണ്‍ വെജ്. ഈശ്വരാ എന്തിനീ ടെസ്റ്റ് പേപ്പര്‍ .??

കഴിഞ്ഞതവണ വന്നപ്പൊ, വന്നതിന്റെ മൂന്നിന്റെ അന്നു, എന്നെ ഒരു വൈദ്യന്റെ അടുത്തുകൊണ്ടുപോയി, ശരീര പുഷ്ടിക്കുള്ള ലേഹ്യവും ഒരു മാസത്തെ പഥ്യവും ഒപ്പിച്ച് തന്നു എന്റെ മാതാശ്രീ. ഇത്തവണ ഒരല്‍പം ഇളവുണ്ട്. എഴു ദിവസം വ്രിതം പിടിച്ചാല്‍ മതി. അപ്പോഴേക്കും ഉല്‍സവം തീരും .എന്തായലും വ്രിതം പിടിക്കയല്ലേ, ചെയ്ത പാപമൊക്കെ തീരാന്‍ ഉരുള്‍ നേര്‍ച്ച നടത്താം എന്നു വിചാരിച്ചു. ഞാന്‍ വ്രിതം തുടങ്ങി.അങ്ങനെ അന്‍ചു ദിവസം കഴിഞ്ഞു. ആറാം ദിവസമാണു ഉരുള്‍ . ഉരുട്ടാന്‍ എന്റെ കൂട്ടുകാരന്‍മാരായ് വിപിനെയും രോഹിത്തിനെയും ഏര്‍പ്പാടാക്കി. ഉരുളിന്റെ അന്നു രാവിലെ അമ്മ പറഞ്ഞു.

"ടാ...ഉരുളുമ്പോ എല്ലാം ശുദ്ധ്മായിരിക്കണം . അടിവസ്ത്രമുള്‍പ്പടെ."
അങ്ങനെയെങ്കില്‍ അങ്ങനെ. ശ്രീകാര്യം ജംക്ഷനിലെ ഒരു ടെക്സ്റ്റൈല്‍സില്‍ കയറി. ഒരു കാവി മുണ്ഡും ഒരു വലിയ കരയുള്ള തോര്‍ത്തും വാങ്ങി. അവിടെ നിന്ന പയ്യനോടു ചോദിച്ചു.

"അണ്ടര്‍ ഗാര്‍മെന്റ്സ് എവിടെയാ..?"

"മുകളിലാ..".
അതു പറഞ്ഞപ്പൊ അവന്റെ മുഖത്തൊരു ചിരി. 'നിന്റെ കോണാനൊന്നുമല്ലല്ലോടാ ചോദിച്ചെ' എന്നു പറയാനൊന്നും നില്‍ക്കാതെ ഞാന്‍ മുകളിലെത്തി.അവിടെ അവിടെ വി.ഐ.പി ഉം എല്ലാം നിരത്തി ദിസ്‌പ്ലേ ചെയ്തിരിക്കുന്ന ഒരു കൌണ്ടര്‍ കണ്ടു. പക്ഷെ ആളില്ല. ഞാന്‍ അങ്ങോട്ടു നീങ്ങി.

"ആളില്ലെ..?"

"ഉണ്ടല്ലൊ..ഏതാ വേണ്ടെ..? എത്രയാ സൈസ്..??"
ഞാന്‍ ശെരിക്കും ഞെട്ടി. ചോദ്യം കേട്ടിട്ടല്ല. അതു ചോദിച്ച ആളെ കണ്ടിട്ടാ. എന്റെ വീടിനു സമീപമുള്ള പെണ്‍കുട്ടി.

"അ.അത്..ഞാന്...അതുപിന്നെ എന്റെ ഫ്രണ്ടിങ്ങോട്ടു കേറിയതു പോലെ തോന്നി...അവന്‍ പോയെന്നു തോനുന്നു..താഴെ നോക്കട്ടെ.."

താഴെയെത്തി വാങ്ങിയ സാധനത്തിന്റെ കാശു കൊടുക്കുമ്പൊ ഞാന്‍ മുതലാളിയോടു ചോദിച്ചു.

"മുകളില്‍ നിറയെ പെണ്‍പിള്ളേരാണല്ലൊ.."

"തുടങ്ങിയപ്പഴേ ഇങ്ങനെ തന്നാ.."

"അപ്പൊ ആ സമയത്തു വാങ്ങിയ സ്റ്റോക്ക് തന്നെയായിരിക്കും അവിടെ ഇരിക്കുന്നതു മുഴുവന്‍ അല്ലെ..?"

അയാളുടെ ഉത്തരം കാത്തു നില്‍ക്കാതെ ഞാന്‍ അവിടുന്നിറങ്ങി. കടയും തുറന്നു വച്ചിട്ടു, ഏറ്റവും ആവശ്യം വേണ്ട സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ പെണ്‍പിള്ളെരേം പിടിച്ചു നിര്‍ത്തിയാല്‍ ഏവനേലം ​ഈ വഴിക്കു വരൊ..?നന്നായി ഞാന്‍ അളവു പറയാത്തത്. നാളെ വഴീലു വച്ചെങ്ങാനും കണ്ടാല്‍ , മാനം പോയില്ലെ..?
ആണുങ്ങള്‍ നില്‍ക്കുന്ന കൌണ്ടര്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാനം ഞാന്‍ ഒപ്പിച്ചു.ഹൊ, പുതിയ മുണ്ട്, പുതിയ തോര്‍ത്ത്, പിന്നേ...ഇന്നു ഞാന്‍ ഉരുണ്ടു മരിക്കും .

"ടാ നീ കൊച്ചി രാജാവിന്റെ മോനാണോ..? നിനക്കെന്താ അമ്പലത്തിലോട്ടൊക്കെ ഇറങ്ങിയാല്‍ ? അവിടെ എല്ലാര്‍ക്കും അറിയാം നീ വന്ന കാര്യം . പോടാ ഒന്നങ്ങോട്ടേയ്ക്ക്. പിന്നെ നിനക്കിത്തവണ ആനപ്പുറത്തു കയറണോ..?? വിനയന്‍ ചോദിക്കുന്നതു കേട്ടു. ഞാന്‍ പറഞ്ഞു നിന്നോട് തന്നെ ചോദിക്കാന്‍ ."

ചെന്നു കേറിയതും അമ്മ.

ഞാന്‍ തിരക്കുള്ള സമയങ്ങളില്‍ അമ്പലത്തില്‍ പോകാറില്ല. പക്ഷെ അമ്മ പറയുന്നതിലും കാര്യമുണ്ട്. എന്തായാലും ഒന്നു പോയേക്കാം . എന്നും ഉച്ചയ്ക്ക് അമ്പലത്തില്‍ സദ്യയുണ്ട്. ഒന്നും ഞാന്‍ മിസ്സ് ചെയ്തില്ല. പിന്നെ ആനപ്പുറം . അമ്മയെന്നെ കൊല്ലിക്കും .എന്റെ മനസ്സ് മൂന്നു കൊല്ലം മുന്നെ നടന്ന ഉല്‍സവത്തിലേയ്ക്ക് ഊളിയിട്ടു.

ഉല്‍സവത്തിന്റെ സന്തോഷം നാടെങ്ങും . കഴിഞ്ഞ രണ്ടു വര്‍ഷത്തെയും പോലെ ഇത്തവണയും വലിയ ആനയുടെ പുറത്ത് നമ്മള്‍ (എനിക്കെന്നെ ഭയങ്കര ബഹുമാനാ..!!). പറയെഴുന്നളിപ്പൊക്കെ കഴിഞ്ഞ് കുഞ്ഞുവീടുകാവില്‍ വച്ചാണു ചമയവും ഒരുക്കവും എല്ലാം . നാട്ടിലെ എല്ലാ ആണ്‍തരികളും താലപ്പൊലിക്ക് അകമ്പടി "സേവിക്കാന്‍ " അവിടെ റെഡി ആയി നില്‍ക്കും .

"ടാ കണ്ണാ , സമയമാവുമ്പൊ നീയെത്തണം ."

പറയെഴുന്നള്ളിപ്പു കഴിഞ്ഞു പിരിയുന്നതിനിടയില്‍ അശോകേട്ടന്‍ പറഞ്ഞു.അശോകേട്ടനാണു അന്നു സെക്രട്ടറി . പുള്ളിയാണെങ്കില്‍ , "ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്, വെന്ചാവോട് ശാരദാഭവനില്‍ സേതു ഒരു വലിയ പലക്കുഴ....ഛെ..പലക്കുഴല...സോറി...ഒരു പലം കുഴ...ഛെ..ഛെ...ഒരു പഴക്കുല നടയ്ക്കു വച്ചിരിക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിച്ചികൊള്ളുന്നു" എന്നൊക്കെ മൈക്കിലൂടെ നാട്ടുകാരു കേള്‍ക്കെ പറഞ്ഞു കത്തി നിള്‍ക്കുന്ന സമയം . ഒരു യെസ് മൂളി ഞാന്‍ വീട്ടിലെത്തി.

പറയെഴുന്നള്ളിപ്പ് കഴിയാന്‍ സമയം വൈകിയതിനാല്‍ താലപ്പൊലി ഖോഷയാത്രക്ക് ഇനിയും സമയമെടുക്കും . ഞാന്‍ കുളിച്ചു റെഡിയായി മുറ്റത്ത് മതിലിനരുകില്‍ നിന്നു. നെരം ഇരുട്ടിത്തുടങ്ങി. ആനയെ എഴുന്നള്ളത്തിനു കൊണ്ടു പോകാനൊരുങ്ങുന്നു. എനിക്കും പോകാന്‍ സമമായി എന്നു തോന്നിയപ്പൊ ഞാന്‍ പതുക്കെ വീടിനു പുറത്തിറങ്ങി. റോഡ് നിറയെ റ്റ്യൂബ് ലൈറ്റുകള്‍ .പെട്ടെന്നു അതു സംഭവിച്ചു. റ്റ്യൂബ് ലൈറ്റുകള്‍ പെട്ടെന്നു അണഞ്ഞു. എന്തെന്ന് മനസ്സിലാകും മുന്നെ ആള്‍കാരുടെ നിലവിളി .

"ആന വിരണ്ടേ.."

ഫുള്‍ ഇരുട്ടായതു കാരണം എന്തു ചെയ്യണം എന്നെനിക്കൊരു എത്തും പിടിയും കിട്ടിയില്ല. പക്ഷെ ഒരു പിടി എനിക്കു കിട്ടി. ആനയുടെ ചങ്ങലയുടെ ശബ്ദം എന്റെ അടുത്തേയ്ക്ക് വരുന്ന കാര്യം . എന്റെ ഭഗവതീ.. ആനയ്ക്ക് വേറെ നൂറു വഴികളുണ്ടായിരുന്നല്ലൊ ഓടാന്‍ . എന്നേം കൂടി ഓടിച്ചേ അടങ്ങു..??? ഞാനും ഓടി. ഞാനും അതുവഴി അമ്പലത്തില്‍ തൊഴാന്‍ വന്ന രണ്ടു മൂന്നു ചേച്ചിമാരും അപ്പൂപ്പന്‍മാരും എന്റെ കൂടെ ഓടി.ചേച്ചിമാരുടെയും അപ്പൂപ്പന്‍മാരുടെയും ഓട്ടം കണ്ടപ്പൊ ,"ഇവരൊക്കെ ഇന്ഡ്യയുടെ ഉറപ്പിച്ച മെഡലുകളായിരുന്നല്ലോ ഈശ്വരാ " എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞുപോയി. എന്നാ ഓട്ടാ...!!! ഞാനൊക്കെ ഇനിയും തെളിയണം .

"ടാ കണ്ണാ...ആനയുടെ മുന്നില്‍ കേറി ഓടാതെ പുറകിലോടടാ.."ഇതൊക്കെ കണ്ട് അടുത്ത വീട്ടിലെ ഗേറ്റിനുള്ളില്‍ നിന്നും സുധ ചേച്ചി.

"പിന്നേ.ഞാന്‍ ഇവിടെ നിര്‍ത്തി ആനയ്ക്ക് സൈഡ് കൊടുത്ത് , പിറകേ ഓടാന്‍ പോവല്ലേ...ആനയ്ക്ക് അത്രക്ക് ക്ഷമയില്ല...ഒന്നു പോയേച്ചി.." ഓടുന്നതിനിടയില്‍ ഞാന്‍ .

എന്തായാലും ഞങ്ങളെല്ലാരും കൂടി ഉല്‍സാഹിച്ച് മെയിന്‍ റോഡിലെത്തി. ഞങ്ങള്‍ പല വഴിക്ക് പിരിഞ്ഞു.പക്ഷെ ആന, അവിടെയൊന്നും തിരിയാതെ, റോഡ് ക്റോസ്സ് ചെയ്ത്, നേരേ എതിരെ കണ്ട ഇടറോടിലേയ്ക്ക് കയറി.ഞങ്ങളെല്ലാവരും , ഇപ്പൊ ഒരു പത്തന്‍പതു പേരു വരും ,ഇടവഴിയുടെ എന്‍ട്‌റന്‍സില്‍ കൂട്ടം കൂടി നിന്നും പേടിക്കാന്‍ തുടങ്ങി.

"ആനയോ..? എങോട്ടാ പോയേ..? നിങ്ങളാരും പേടിക്കണ്ടാ..അതൊന്നും ചെയ്യില്ലാ...വെറുതെ അതിനെ വിരട്ടാതിരുന്നാല്‍ മതി. നിങ്ങളവിടുന്നൊന്നു മാറിക്കേ...ഞാനൊന്നു നോക്കട്ടെ.."

"പട്ടാളം " എന്നു വിളിപ്പേരുള്ള അച്ചായനായിരുന്നു അത്. ഞങ്ങളെ തള്ളി മാറ്റികൊണ്ട് പുള്ളി ഇടവഴിയിലേയ്ക്ക് കടന്നു.കൊമ്പന്‍ മീശയും പിരിച്ച് പുള്ളി നടക്കുന്ന കണ്ടാല്‍ ഏതാനയും ഒന്നു റ്റെന്‍ഷന്‍ അടിക്കും . ഇരുട്ടിലേയ്ക്ക് പുള്ളി മറയുന്നതു ഞങ്ങളെല്ലാവരും ആദരവോടെ നോക്കി നിന്നു.

"പുള്ളി... പുലിയാ...പണ്ടു പട്ടാളത്തിലായിരുന്നപ്പൊ.."എന്നാരോ പറഞ്ഞതും ഒരു നിലവിളി അച്ചായന്‍ പോയ ഭാഗത്തു കേട്ടു. ഒരു അന്‍ചു സെക്കന്റ് കഴിഞ്ഞില്ല,

'ദോണ്ട്രാ...ആന...എന്റെ പിറകേ...ഓടിക്കോ.." എന്നും പറഞ്ഞു അച്ചായന്‍ പാഞ്ഞു വരുന്നു.

മുണ്ടു വലിച്ചു വാരി ഓടുന്നതിനിടയില്‍ ആരോ തലയില്‍ മുണ്ടിട്ട് പാത്തു നില്‍ക്കുന്നു. അശോകേട്ടന്‍ ..!!ആനയെ പറ്റിക്കാനായിരിക്കും .!!

പിറ്റേ ദിവസത്തെ പത്രത്തില്‍ കണ്ടു, വിരണ്ട ആന പേരൂര്‍ക്കട ശ്രീക്രിഷ്ണ സ്വാമി ക്ഷേത്രത്തിലുണ്ടത്രെ..!! അവിടെ ഉല്‍സവത്തിനു വന്ന ഏതോ പിടിയാനയുമായി പുള്ളിക്ക് നല്ല പിടിപാടാണെന്നും കേട്ടു. അന്നു രാത്രി തലയില്‍ മുണ്ടിട്ടു നിന്ന അശോകേട്ടന്‍ പിറ്റേന്നാ വിവരം പറഞ്ഞത്. ഓട്ടത്തിനിടയില്‍ പുള്ളിയുടെ തലയിലുണ്ടായിരുന്ന ഗേറ്റ് (ഗള്‍ഫ് ഗേറ്റ്) പറന്നു പോയി. അതു നോക്കിയെടുക്കാതിരിക്കുന്നതിനേക്കാളും ആനയുടെ ചവിട്ടുകൊണ്ടു ചാകാം എന്നു വിചാരിച്ചാവണം അന്നവിടെ പതുങ്ങി നിന്നത്.

സദ്യക്കു പോകുന്നില്ലേ എന്നുള്ള അമ്മയുടെ ചോദ്യം കേട്ടാണു ഞാന്‍ സ്ഥലത്തു തിരിച്ചെത്തിയത്. എന്നാലങ്ങനെ ആയിക്കോട്ടെ എന്നു വിചാരിച്ച് ഞാന്‍ സദ്യ കഴിക്കാന്‍ പോയി. കഴിച്ചിട്ടു വന്നു ബൈക്കെടുത്തു നേരേ ബീച്ചിലേയ്ക്ക് പോയി, വിപിനിനെയും കൂടെ കൂട്ടി.

ഈ ബൈക്കിനൊരു പ്രത്യേകതയുണ്ട്. ഞാന്‍ ലീവിനു വരുമ്പ്പൊഴെല്ലാം എന്റെ ആവശ്യത്തിനു വിപിന്‍ തന്നിരുന്നതാണു യു.എ രെജിസ്ട്റേഷന്‍ (ഉത്തരാന്‍ചല്‍ ) ഉള്ള ഈ ബൈക്ക്. പക്ഷെ ഇതും കൊണ്ടു എപോഴെങ്കിലും എന്തെങ്കിലും ആവശ്യത്തിനു ഞാന്‍ പുറത്തിറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ പോലീസ് കൈ കാണിച്ചിട്ടുണ്ട്. ഡെയിലി മൂന്നും നാലും തവണ പെറ്റി അടിച്ചടിച്ച്, ഒരാഴ്‌ച കഴിഞ്ഞ്, എന്നെ കാണുമ്പൊ ച്യേട്ടന്‍മാര്‍ ചോദിക്കും , 'നീ നമ്മുടെ പെറ്റിബുക്ക് തീര്‍ക്കോടേ' യെന്ന്.

ഇതിനിടയില്‍ നടന്ന ഒരു സംഭവം പറയാം . നാട്ടില്‍ വന്നതിനു ശേഷം ജിമ്മില്‍ പോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നെ നല്ലൊരു മള്‍ട്ടി ജിമ്മില്‍ തന്നെ പോയിക്കളയാം എന്നു വിചാരിച്ച് 'ഈ' ബൈക്കുമെടുത്ത് രോഹിത്തിനെയും കൂട്ടി, ഉള്ളൂര്‍ , മെഡിക്കല്‍ കോളേജ് വഴി ജിമ്മും തപ്പി പോകുവാ. അവിടുണ്ടായിരുന്ന ഒരു പഴയ മള്‍ട്ടി ജ്യം ​കാണുന്നില്ല. അതോ സ്ഥലം മാറിയോ.?? അങ്ങനെ ബൈക്ക് ഇരുപതില്‍ ഓടിച്ചോടിച്ച് ഞങ്ങള്‍ പട്ടത്തെത്തി.

"നീ ആരോടേലും ചോദിക്കെടാ.." രോഹിത്തിന്റെ വക എക്സ്ട്റാ ഫിറ്റിങ്ങ്സ് വച്ച ചോദ്യം . ആരോടു ചോദിക്കും .

"അയാളോടൂ ചോദിക്കാം .."

രോഹിത്ത് പറഞ്ഞ ഭാഗത്തോട്ട് നോക്കിയപ്പൊ ഒരു ചെറിയ ഒരു കട്ട പോലീസ് നിള്‍ക്കുന്നു. അങ്ങോട്ടു തന്നെ പോണോ..?? ധൈര്യത്തില്‍ ചെല്ലുമ്പൊ ചിലപ്പൊ ഒന്നും ചോദിക്കില്ലായിരിക്കാം . അങ്ങനെ ഞങ്ങള്‍ 'ഈ' ബൈക്കും കൊണ്ട് അയാളുടെ അടുത്തെത്തി. ഞങ്ങളെ കണ്ടതും അയാളുടെ പുരികം വളഞ്ഞ വള..!!

"സാര്‍ , ഇവിടെ ഒരു മള്‍ട്ടി ജിമ്മുണ്ടായിരുന്നല്ലോ..അതിപ്പൊ എവിടാന്നറിയോ..?"

"ദോ ആ കാണുന്ന വളവിനകത്താ.."

"വളരെ നന്ദി സാര്‍ "

ഇതാണു പോലീസ് എന്നൊക്കെ പറഞ്ഞ് ഞാന്‍ ബൈക്കെടുത്ത് വളവിലോട്ട് കയറിയതും കേട്ടത് ഒരലര്‍ച്ചയായിരുന്നു.

"എവട്രാ നിന്റെ ഹെല്‍മറ്റ് ??"
മുന്നില്‍ പോലീസ് ജീപ്പ് , അതിനടുത്ത് എട്ടു പത്ത് ബൈക്കുകള്‍ , അതിന്റെ ഉടമസ്‌ഥര്‍ , എല്ലാരുടെയും ശ്രദ്ധ ഒരാളില്‍ , എസ്. ഐ.


എനിക്കു പിന്നെ വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ബൈക്ക് സ്റ്റാന്റില്‍ വച്ച് ഞാനും രോഹിത്തും ക്യൂയില്‍ പോയി നിന്നു. കുരുപൊട്ടി നിക്കുമ്പൊ ലവന്‍ , രോഹിത്ത് എന്നെ നോക്കി കിണിക്കുന്നു.

"കിണിക്കാതെ വണ്ടീടെ നമ്പര്‍ നോക്കീട്ടു വാടാ... @#^$&^!^#@*.."

ഹൊ !! എന്തൊരാശ്വാസം . പോലീസായതു കൊണ്ടു മാത്രം, വഴി പറഞ്ഞു തന്ന ആ മാന്യനു കിട്ടാതെ പോയ തെറിയായിരുന്നു അത്.

ഏഴു മണിയോടു കൂടി ഞാനും വിപിനും ശഖുംമുഖം ബീച്ചില്‍ നിന്നും തിരിച്ചെത്തി. ബീച്ചിലെത്തിക്കഴിഞ്ഞാല്‍ വിപിന്‍റ്റെ പ്രധാന പണി ഞണ്ടിനെ പിടിക്കലാ...അതിനനവനൊരു പ്രത്യേക കഴിവു തന്നെയാ..ഒരിക്കല്‍ ഒരു ഞണ്ടിനെ പിടിച്ച് അവന്‍ രോഹിത്തിന്റെ ഷര്‍ട്ടിനകത്തിട്ടുകളഞ്ഞു. ഇന്‍സര്‍ട്ട് ചെയ്തിരുന്നവന്റെ ഷര്‍ട്ടിനകത്ത് ഞണ്ട് വീണാല്‍ പിന്നത്തെ കാര്യം പറയണോ..?? ഓടുന്നതിനിടയില്‍ അവന്റെ വായില്‍ നിന്നും !@@# %$% ^&&%#@ ഇതു പോലെ എന്തോ കേട്ടതോര്‍മ്മയുണ്ട്.

തിരിച്ചു വീട്ടിലെത്തിയപ്പോഴേയ്ക്കും അമ്മയും അമ്മൂമ്മയും ചേച്ചിയുമൊക്കെ അമ്പലത്തില്‍ പോകാനിറങ്ങുന്നു.

"എട്ടര ആകുമ്പൊ കൃത്യം അവിടെ കാണണം നിന്നെ...മനസ്സിലായോടാ..??"

അമ്മക്കു യെസ് മൂളി ബൈക്ക് പുറത്ത് വച്ച് കുട്ടൂസനൊരുമ്മയും കൊടുത്ത് ഞാന്‍ വീടിനകത്തു കയറി.

"കുളിച്ചിട്ടവനെ തൊട്ടാല്‍ മതി..കേട്ട്രാ.."ചേച്ചി അമ്മയായതിന്റെ ഗും . എനിക്കും കൊച്ചുണ്ടാവും ട്ടാ...അന്ന് കാണിച്ചു തരാം .

കുളിച്ച് ശുദ്ധിയായി മുണ്ടും തോര്‍ത്തുമൊക്കെയായി ഞാന്‍ അമ്പലത്തിലെത്തി. അമ്പലക്കിണറില്‍ നിന്നും വെള്ളം കോരി തലയിലൊഴിച്ച്, ഈറനായി അമ്പലത്തില്‍ കയറി. ദേവിയമ്മയെ തൊഴുതപ്പൊ കണ്ണുകള്‍ നിറഞ്ഞു. പോയാലിനി എന്നാ അമ്മയെ ഒന്നു തൊഴാന്‍ പറ്റുക. എന്റെ ഒരു വശത്ത് ഉദയന്‍ ചേട്ടനും മറു വശത്ത് ട്രാഫിക്കില്‍ ജോലിയുള്ള ഉണ്ണി ചേട്ടനുമയിരുന്നു ഉരുളാനുണ്ടായിരുന്നത്. ഉരുള്‍ തുടങ്ങി.അമ്മയെ മനസ്സില്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഉരുണ്ടു തുടങ്ങി. ആദ്യത്തെ റൌണ്ട് കഴിയാറായി. തൊഴുതു പിടിച്ച കൈ പെട്ടെന്നു പൊള്ളിയപ്പൊ ഞാന്‍ കണ്ണു തുറന്നു. തീര്‍ത്ഥജല ഓവിന്റെ മുകളില്‍ വച്ചിരുന്ന ഇടിഞ്ഞില്‍ വിളക്കില്‍ കൈ തട്ടി, തിരി കയ്യില്‍ കൊണ്ടു. ഞാന്‍ കയ്യൊന്നു നോക്കി. ഒരു വലിയ ഒരു രൂപ നാണയത്തിന്റെ വലിപ്പത്തില്‍ പൊള്ളിയിയിരിക്കുന്നു. വൃതം പിഴച്ചോ ദേവീ..?? അപ്പോഴേക്കും ട്രാക്ക് തെറ്റിയ എന്നെ വിപിനും രോഹിത്തും ചേര്‍ന്ന് കയ്യിലും കാലിലും പിടിച്ച് ട്രാക്കിലെടുത്തിട്ടു. വിപിനെ കയ്യിലെ പിടി പൊള്ളിയ തൊലി കയ്യില്‍ നിന്നെടുത്തു കളഞ്ഞു. ഞാന്‍ വീണ്ടും ഉരുണ്ടു. ഒന്പതു റൌണ്ടും കഴിഞ്ഞ് ദേവിയെ തൊഴുതെണീറ്റു.

ഉരുള്‍ കഴിഞ്ഞ് പൊള്ളിയ കൈയ്യുമായി വീട്ടിലേയ്ക്ക് മടങ്ങുമ്പൊ മനസ്സില്‍ എന്തോ വിഷമം നിറഞ്ഞു നിന്നു.

വീട്ടില്‍ ചെന്നു കുളിച്ചു പൊള്ളിയ കയ്യില്‍ തേനും പുരട്ടി ബെഡില്‍ കിടന്നു. കറങ്ങുന്ന ഫാനിനെ നോക്കി. തലയാണൊ ഫാനാണോ കറങ്ങുന്നതെന്ന് ക്രിത്യമങ്ങോട്ടു പറയാന്‍ വയ്യ. പതുക്കെ ഉറക്കം പിടിച്ചെന്നു തോന്നുന്നു. ഒരു രണ്ടര മണി ആയപ്പൊ കതകില്‍ ആരോ ശക്തിയായി മുട്ടുന്നു, ഉള്ളതൊക്കെ വലിച്ചു വാരി ഉടുത്ത് കതകു തുറന്നപ്പോ, അമ്മയും അമ്മൂമ്മയും ചേച്ചിയും പുറത്തുണ്ട്.

"എന്താ...എന്തമ്മാ...?"

"ടാ പോലീസ്. നീ ബൈക്ക് വെളിയിലാണൊ വച്ചെ..? അവരു ഗേറ്റില്‍ മുട്ടി വിളിച്ചു. ബൈക്ക് ആരുടേതാണെന്നു ചോദിച്ചു. നിന്റേതാണെന്ന് പറഞ്ഞപ്പൊ നിന്നെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ പേടിച്ചു പോയി. നീ ഇവിടെയില്ല..അമ്പലത്തിലാണെന്നു പറഞ്ഞു. അവരു ബുക്കും പേപ്പറുമൊക്കെ എടുത്തോണ്ടു പോയി എന്ന് തോന്നുന്നു."

പെട്രോളിങ്ങിനു വന്ന പോലീസ് യു എ രെജിസ്റ്റ്രേഷന്‍ വണ്ടി കണ്ടപ്പൊ സംശയം തോന്നി എടുത്തതാണെന്ന് എനിക്ക് മനസ്സിലായി.

"നാളെ നിന്നോടു സ്റ്റേഷനില്‍ ചെല്ലാന്‍ പറഞ്ഞു.."

ഇതും കൂടി അമ്മ പറഞ്ഞപ്പൊ മോങ്ങാനിരുന്നതിന്റെ തലയില്‍ തെങ്ങോടു കൂടി വീണ പോലെയായി എന്റെ അവസ്ത്ഥ.

"ശരി നാളെ ഞാന്‍ പൊയ്ക്കോളാം ."

പിറ്റേന്നു നേരം വെളുത്തു. പൊള്ളിയ കൈയ്യും എന്റെ പ്രകൃതവും കണ്ടാല്‍ ഒന്നും പറയുന്നതിനു മുന്നെ കൂമ്പു നോക്കി കിട്ടും . അതുകൊണ്ടു രാവിലെ ഹോസ്‌പിറ്റലില്‍ പോയി കൈ ഡ്രെസ്സ് ചെയ്തു.വിപിനെയും കൂടി കൂട്ടികൊണ്ടു പോകാം . നേരെ അവന്റെ വീട്ടില്‍ ചെന്നു. അവന്‍ ഓഫീസില്‍ പോയി എന്ന് ഇന്‍ഫര്‍മേഷന്‍ കിട്ടിയപ്പൊ ഒറ്റക്കു പോലീസിനെ നേരിടാന്‍ തീരുമാനിച്ചു. നേരെ ശ്രീകാര്യം പോലീസ് സ്റ്റേഷനിലേയ്ക്ക്.

രാവിലെ ഒരു ഏഴു മണിയായപ്പൊ ഞാന്‍ സ്റ്റേഷനില്‍ എത്തി. സ്റ്റേഷന്റെ മുന്നില്‍ തന്നെ 'പ്രതി'യെ സ്റ്റാന്റിട്ടു വച്ചു. 'റിസപ്ഷനി'ല്‍ ഇരുന്ന പോലീസുകാരന്‍ എന്നെ അടുമുടി ഒന്നു നോക്കി, എന്നിട്ടു ബൈക്കിനെയും . ഞാന്‍ ചിരിച്ചു. പിന്നെ വേണ്ടായിരുന്നു എന്നു തോന്നിപോയി. "ബൈക്ക് സ്റ്റേഷന്റെ മുന്നീന്നു മാറ്റി വയ്ക്കെടാ, നിന്റെ വീടൊന്നുമല്ലല്ലോ" എന്നാണോ അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥം ?? അല്ലെങ്കിലും അങ്ങനെ കൊണ്ടു വയ്ക്കാന്‍ എന്റെ വീടൊന്നുമല്ലല്ലോ. ഞാന്‍ തിരിച്ചു നടന്ന് ബൈക്ക് മാറ്റി വച്ചു. സ്റ്റേഷനിലേയ്ക്ക് കേറി. മുന്നിലിരുന്ന ആളില്‍ നിന്നു തന്നെ തുടങ്ങാം .

"സാര്‍ .."

"ഉം ...എന്താ..?"

"ഇതെന്റെ ബൈക്കാ...ഇതിന്റെ ബുക്കും പേപ്പറും ഇവിടുണ്ട്" "എങ്ങനെ..??"

"ഇന്നലെ രാത്രി...."ഞാന്‍ സംഭവം വിവരിച്ചു.

"ആ കേറിയിരി..എസ് ഐ വരുമ്പൊ ഒന്‍പതു മണിയാകും ."

ഞാന്‍ അവിടെ നിരത്തി വച്ചിരുന്ന കസേരകളില്‍ ഒന്നില്‍ സ്ഥാനം പിടിച്ചു. ഓരോ പോലീസുകാരായി ഡ്യൂട്ടിക്കു വരുന്നതേ ഉള്ളു. എല്ലാരും കുറിയൊക്കെ തൊട്ടാ വരവ്. പോലീസുകാരായല്‍ ഇങ്ങനെ വേണോ..?? ഡെയിലി ഹാജര്‍ വയ്ക്കാന്‍ പ്രതികളും വന്നു തുടങ്ങി. കുല, കോഴി, വെള്ളമടിച്ച് ലഡു കൊടുക്കാത്തതിനു ബേക്കറി അടിച്ചു തകര്‍ക്കല്‍ ഇതെല്ലാം അതില്‍ പെടും . അവരും എന്റെ അടുത്തു വന്നിരുന്നു. റോഡില്‍ കൂടി പോകുന്നവര്‍ എന്നെയും അവരെയും ഒക്കെ നോക്കുന്നുണ്ട്. എല്ലാപേരുടെയും മുഖത്ത് 'മുട്ടേന്നു വിരിഞ്ഞില്ലല്ലോടാ..അതിനു മുന്നെ നീ' എന്ന ഭാവം . എന്റെ മുഖത്ത് 'ഹേയ് ഞാന്‍ ആ റ്റൈപ് അല്ല..രാവിലേ... ചുമ്മാ..." എന്ന ഭാവവും .

ഒരു സ്ത്രീ നടന്നു വരുന്നു.ഭര്‍ത്താവിനെതിരെ പരാതി പറയാനായിരിക്കും .

"എന്താ ജയശ്രീ ഇന്നു നേരത്തെ ആണല്ലോ..."

മുന്നിലിരുന്ന പോലീസുകാരന്റെ ചോദ്യം കേട്ടപ്പൊ അവര്‍ വനിതാ പോലീസാണെന്നു മനസ്സിലായി. അവര്‍ അകത്തു പോയി, ഊണിഫോമില്‍ മടങ്ങി വന്നു. കയ്യിലൊരു കിണ്ടിയുമുണ്ട്. അതു തൊണ്ടിയായിരിക്കും എന്നു വിചാരിച്ച എനിക്കു തെറ്റി. അവര്‍ കിണ്ടിയില്‍ വെള്ളം വച്ച്, വിളക്കു കത്തിക്കാനുള്ള ശ്രമമാണ്. ആഹാ, മാതൃകാ പോലീസ് സ്റ്റേഷന്‍ !! ഞാന്‍ പിന്നെയും വെയിറ്റ് ചെയ്തു.

പിന്നെ ഞാന്‍ കണ്ടത് എനിക്ക് പരിചയമുള്ള ഒരു മുഖമാണ്.ദൂരെ നിന്നു നടന്നു വരുന്നു. സ്റ്റേഷനിലേയ്ക്ക് നടന്നു കയറി. 'ഹ ഇതു ശാന്തിയല്ലേ..ശാന്തി എസ് നായര്‍ ' ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്നെ കണ്ടതും കുറച്ചു നേരം നോക്കി. എന്നിട്ടു ചിരിച്ചടുത്തു വന്നു.

"ദീപക്....താനെന്താ ഇവിടെ.??"

"അതൊക്കെ പറയാം ...താനിപ്പൊ പോലീസിലാ...?? തന്റെ കവിതയെഴുതിയിരുന്ന കൈ കൊണ്ടു പ്രതികളെ ഇടിക്കോടോ..?"

"ഹഹ...താനിരി..ഞാന്‍ ഇപ്പൊ വരാം ."

ഞാന്‍ ഇരുന്നു. പണ്ട് പ്രീ-ഡിഗ്രിക്കു പഠിക്കുമ്പോ എന്റെ ക്ളാസ്സിലായിരുന്നു. നന്നായി പഠിക്കും , കവിതയെഴുതം ​. എനിക്കങ്ങ് ക്ഷ പിടിച്ചൂന്നങ്ങു പറഞ്ഞാല്‍ മതിയല്ലോ. ശാന്തി തിരിച്ചു വന്നു.

"അതേ..താനിപ്പൊ പോലീസിലാ...പണ്ടു കോളേജില്‍ നടന്നതെല്ലാം മറന്നു കള... ആ കാര്‍ഡൊക്കെ ഇപ്പോഴും കയ്യിലുണ്ടോ.. അല്ല...തെളിവായി അതു കാണിച്ച് എന്നെ ഒരു പീഡനക്കേസില്‍ പെടുത്തി പ്രശസ്തനാക്കാന്‍ വല്ല വകുപ്പുമുണ്ടോ എന്നറിയാനാ..?"

"ഹഹ...ആ കാര്‍ഡൊകെ ഇപോഴും എന്റെ കയ്യിലുണ്ട്... അതങ്ങനെ മറക്കാന്‍ .."പറഞ്ഞു തീരും മുന്നെ ഒരു ജീപ്പ് സ്റ്റേഷനില്‍ മുന്നില്‍ നിര്‍ത്തി, ശ്രീനിവാസന്‍ സ്റ്റൈലില്‍ ഒരാള്‍ അതിനകത്തു നിന്നും എടുത്തെറിഞ്ഞിങ്ങു കേറി വന്നു. ശാന്തി വലിച്ചു താങ്ങി ഒരു സല്യൂട്ട്.

'എല്ലാരും കണ്ടോ..ഇവള്‍ടെ സല്യൂട്ടടിയാണു അടി' എന്ന മട്ടില്‍ എല്ലാരെയും ഒന്നു നോക്കി പുള്ളി അകത്തേയ്ക്ക് കയറി.

"താനാളു കൊള്ളാല്ലോ...ഹഹ...ടൊ പിന്നേ...എന്റെ ബൈക്ക്.."ഞാന്‍ ശാന്തിയോടും കാര്യങ്ങള്‍ വിവരിച്ചു.

"ഓ ക്കെ തന്നെ ആദ്യം വിളിക്കാന്‍ സാറിനോട് പറയാം ."ശാന്തി അകത്തേയ്ക്ക് പോയി. വിളിച്ചു, എന്നെ തന്നെ വിളിച്ചു.ഞാന്‍ എസ് ഐയുടെ മുന്നില്‍ കസേരയില്‍ ഇരുന്നു.

"ഇന്നലെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരാ ബുക്കും പേപ്പറും എടുത്തെ..യു എ ആണല്ലോ സാധനം ..?? തന്റെയാണോ..?"

"അല്ല..എന്റെ ഫ്രണ്ടിന്റേതാ..ഐ മീന്‍ അവന്റെ മാമന്റേതാ.."

"ഓ കെ..പുള്ളിയെ വരാന്‍ പറ...ഇതിന്റെ രെജിസ്ട്റേഷന്‍ മാറ്റിയിട്ടില്ല.."

"സാര്‍ പുള്ളി വെളിയിലാ.."

"ഓഹോ...നിനക്കു ലൈസന്‍സ് ഉണ്ടോ..?"

"ഇല്ല"

"നീ ഹെല്‍മറ്റ് വച്ചുകൊണ്ടാണോ വന്നെ..?"

"അല്ല"

"അതുശെരി...ലൈസന്‍സില്ല, ഹെല്‍മറ്റില്ല...എന്നിട്ടു വണ്ടീടെ ബുക്കും പേപ്പറും വാങ്ങാന്‍ പോലീസ് സ്റ്റേഷനിലോട്ട് തന്നെ വന്നല്ലേ.."

പ്ളുഷ്...ഞാനൊന്നു വളിച്ച ചിരി ചിരിച്ചു.

"ഉം ...അഞ്ഞൂറ്...ലൈസന്‍സില്ലാതെ ബൈക്കോടിച്ചതിന്....അഞ്ഞൂറ്...ഹെല്‍മറ്റ് വയ്ക്കാത്തതിന്...അങ്ങനെ ആയിരം രൂപാ..."

"സാര്‍ ...ഞാന്‍ ശാന്തീടെ ക്ളാസ്സ് മേറ്റായിരുന്നു...ശാന്തി പറഞ്ഞു സാറു പാവാന്ന്...എങ്കിലും സാരില്ല..ഞാന്‍ തെറ്റു ചെയ്തിട്ടല്ലേ..."ഞാന്‍ പോക്കറ്റില്‍ കയിട്ട് പഴ്‌സെടുത്തു.

"ഹഹ...പാവാന്നു വച്ച് നിയമം നിയമം അല്ലാണ്ടാവോ..ഹും ....ഇനി ഇങ്ങനെ ചെയ്യരുത്...എത്രയും പെട്ടെന്നു രെജിസ്ട്റേഷന്‍ മാറ്റണം . പിന്നെ ലൈസന്‍സില്ലാതെ ഇനി വണ്ടി ഓടിക്കരുത്...എന്തായാലും ഒരു നൂറു രൂപ പെറ്റി വച്ചോ.."

പെറ്റിയടച്ച് ഞാന്‍ റെസീപ്റ്റ് കൈപ്പറ്റി. പുറത്തിറങ്ങി ശാന്തിയോട് നന്ദി പറഞ്ഞു.

"ടോ താന്‍ എന്നെ ശ്രീകാര്യം ജംക്ഷനില്‍ ഒന്നിറക്കാമോ..ഞാന്‍ ടിഫിന്‍ എടുക്കാന്‍ മറന്നു പോയി..സാറിനോട് പറഞ്ഞിട്ടു വരാം ."

ശാന്തി അകത്തേയ്ക്ക് കയറി, പെട്ടെന്ന് തിരിച്ചും വന്നു.

"യൂണിഫോമില്‍ കേറാത്തതുകോണ്ട് സാരില്ല..പോയിട്ടു വരാന്‍ പറഞ്ഞു.." ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി,ശാന്തി പിന്നില്‍ കയറി.കുറച്ചു നേരം ഒന്നും പരസ്പരം മിണ്ടിയില്ല.

"ടോ..തനിക്കോര്‍മ്മയുണ്ടോ...പണ്ട്...എന്റെ ടിഫിന്‍ നമ്മള്‍ ഷെയര്‍ ചെയ്തത്...എനിക്കതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട് തന്റെ കാര്‍ഡും പിന്നേ.."

പെട്ടെന്നു അവള്‍ നിശബ്‌ദയായി. ബൈക്ക് ശ്രീകാര്യവും കഴിഞ്ഞു പോയപ്പോഴും എന്റെ മനസ്സ് ആ പഴയ ഓര്‍മ്മകളില്‍ തങ്ങി നിന്നു.

ശാന്തീ...ഞാന്‍ ....

(അവസാനിപ്പിച്ചു )



പകിടന്‍ said... എന്റെ വെക്കേഷന്‍ ഒര്‍മ്മകളിലേയ്ക്ക് സ്വാഗതം

അരുണ്‍കുമാര്‍ Arunkumar said... ഞാന്‍ ഒരു പാട്ടു കേട്ടുകൊണ്ടിരിക്കുകയാണ്... അടിയുടെ സീന്‍ അകുബോള്‍ ഒന്നു വിളിച്ചേക്കണേ... ;)

ശ്രീ said... ഹ! അതെന്തു പണിയാണിഷ്ടാ? കഥ രസം പിടിച്ചു വന്നപ്പോ തുടരുമെന്നോ?വേഗം ബാക്കി പോസ്റ്റൂ...:) 9:52 PM

പ്രിയ said... എനിക്ക് ഈ സീരിയലുകള് ഇഷ്ടമേ അല്ല. അതോണ്ട് പറയാന് വല്ല ഐഡിയ ഉണ്ടേല്, അത് ഞാന് വായിക്കണന്നുന്ടെകില് (ചുമ്മാ ഒരു ഗമക്കാ , പ്ലീസ് പോയ് പണി നോക്കാന് പറയരുത് ) ഒരു എപിഡോസായ് പറയ്.അല്ലേല് ഞാന് ഇപ്പൊ പോവും. 5:23 AM

പകിടന്‍ said... ഹഹ...പ്രിയേ...അടുത്ത തവണ ഇതെല്ലാം കൂടി ഒന്നിപ്പിക്കാം ...എന്തെയ്..?? 6:20 AM

പകിടന്‍ said... പ്രിയപ്പെട്ടവരെ...എന്റെ വെക്കേഷന്റെ അടുത്ത ഘട്ടം തുടങ്ങുന്നു. 7:13 AM dreamy eyes said... bakki evdae?waiting waiting!!!!! 11:11 AM

അരുണ്‍കുമാര്‍ Arunkumar said... കൊള്ളാം... very interesting:) 7:51 PM പകിടന്‍ said... ഇങ്ങനെ തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം എന്നില്ല...ചുമ്മാ...തെറ്റുകളും കുറവുകളും പൊറുക്കുമല്ലൊ..?? 6:45 AM DE said... bakki evdae? 1:17 AM

അരുണ്‍കുമാര്‍ Arunkumar said... പകിടന്‍, ബാക്കി കൂടി ഇങ്ങു വരട്ടെ... ഒരുമിച്ചു ഒന്നു തരുന്നുണ്ട്... :) 1:46 AM

കുറ്റ്യാടിക്കാരന്‍ said... കൊള്ളാം...ബാക്കി ഉടന്‍ വരട്ടേ... 4:48 AM

പ്രിയ said... ഇതിപ്പോ ആനയുടെ മുന്നില്‍ നിര്‍ത്തിട്ടു എങ്ങടാ പോയേ?പകിടാ, പിന്നെ ആ ആനക്കെന്തു പറ്റിയെന്നു പറയ്‌ :pഈ സീരിയല്‍ തീരുമ്പോള്‍ അടുത്തതിന്റെ ഒരു പരസ്യം ഇടണേ. അന്ന് ഞാന്‍ വന്നു മൊത്തം വായിച്ചോളാം 4:00 AM

പകിടന്‍ said... എല്ലാം കുറേശ്ശെ..അതല്ലെ അതിന്റെ ശെരി 11:36 PM

പകിടന്‍ said... തല്ലരുത്...അടുത്ത രണ്ടു ലക്കത്തോടു കൂടി തീര്‍ക്കാം ...

3 comments:

പരമു അഥവാ paramu said...

മാഷെ.... പോസ്റ്റ് വഴിക്കു അവസാനിപ്പിച്ചെങ്കിലും, കാതുകളില്‍ ഇപ്പൊഴും ഒരു ചെണ്ടമേളം, ഉല്‍സവത്തിന്റെ.......ഇനിയും പോരട്ടെ......

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല ഹൃദ്യമായി എഴുതിയിരിക്കുന്നു... നര്‍മ്മവും നന്നായി വഴങ്ങുന്നുണ്ട്.

ശ്രീ said...

ഇഷ്ടമായി മാഷേ...
തമാശ രൂപത്തില്‍ ആണ് വായിച്ചു വന്നതെങ്കിലും, അവസാനം...

:)