ശനിയാഴ്‌ചകളില്‍ ആരാണോ എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തുന്നത്, അവരെനിക്ക് ആജന്‍മ ശത്രുക്കളാ. അങ്ങനെ ഒരു ശനിയാഴ്‌ച ഒന്നും അറിയാതെ , കിണറു പോലായ മെത്തയില്‍ കിടന്നുറങ്ങിയ എന്നെ വിളിച്ചുണര്‍ത്തിയത് , കഷ്ടകാലത്തിന്‍ തലയണക്കടിയില്‍ വച്ചിരുന്ന എന്റെ ഫോണാ. എന്നും രാവിലെ എന്നെ ഉണര്‍ത്താന്‍ കഷ്ടപ്പെടാറുള്ള എന്റെ ഫോണിനെ വെറുക്കുന്ന ദിവസാ ശനിയാഴ്‌ചകള്‍ . ഞാന്‍ ഫോണെടുത്ത് നോക്കി.
"പ്രവീണ്‍ കോളിങ്ങ്"
"എന്താടാ.."
ചോദിച്ചിട്ടും മറുപടിയൊന്നുമില്ല. പകരം , കൊച്ചു കുട്ടിയുടെ വ്യക്തമല്ലാത്ത വാക്കുകള്‍ .
"മാമാമാ.."
എന്താണെന്നു എന്താണെന്നു മനസ്സിലാക്കിയെടുക്കുന്നതിനു മുന്നെ പ്രവീണിന്റെ ശബ്ദം .
"ടാ...ഇങ്ങു പോരെ...ബ്രേക്ക് ഫാസ്റ്റ് ഇവിടുന്നാവാം .."
"മണിയെത്രായി..." എന്നു ഞാന്‍ .
"ഒന്‍പതര ...പെട്ടെന്നെത്തണം ...നേരത്തെ മോനാ നിന്നോട് സംസാരിച്ചെ.."
ഓ കെ പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പത്തു മണിയായപ്പോഴേയ്ക്കും ഞാന്‍ കുളിച്ച് റെഡി ആയി പ്രവീണിന്റെ ഫ്ലാറ്റില്‍ ചെന്നു. അവിടെ സന്തോഷും ഗിരീഷുമൊക്കെ ഇരുപ്പുണ്ട്. എന്നെ കണ്ടതും , "ആ കട്ടയെത്തിയോ.." എന്നു ഗിരീഷ്.
മറുപടി പറയുന്നതിനു മുന്നെ പ്രവീണ്‍ എന്നെ കൈ കാണിച്ചു, ഒന്നും പറയല്ലെ എന്ന്. വൈഫ് കിച്ചണിലുണ്ടത്രേ.
അവിടിരുന്നു, ടി വി ഓണ്‍ ചെയ്തു. സണ്‍ ടി വിയില്‍ ഏതോ ഫിലിമിന്റെ ആഡ് കാണിക്കുന്നു. സ്ക്രീനില്‍ നായികയുടെ കാലുകള്‍ കാണിക്കുന്നു.
"ഇതു നമിതയാ...ബെറ്റുണ്ടോ.." എന്നു ഗിരീഷ്.
ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. കാലു മാത്രം കണ്ടിട്ടു പറയാന്‍ പറ്റില്ല.ഇതേ അളവുകളുള്ള വേറെയും രണു മൂന്നെണ്ണമുണ്ട്. ആലോചിക്കേണ്ടി വന്നില്ല. അപ്പോഴേയ്ക്കും മുഖം കാണിച്ചു.നായിക നമിത തന്നെ.
"ടാ എന്തു കാര്യമായാലും കണ്ടാല്‍ മാത്രം പോരാ..ശ്രദ്ധിക്കണം ."
"എന്ത് ശ്രദ്ധിക്കുന്ന കാര്യാ..?"
അടുക്കളയില്‍ നിന്നും ചായയുമായി മിസ്സിസ് പ്രവീണ്‍ .
"വണ്ടി ഓടിക്കുന്ന കാര്യാ..ഇവനോട് ശ്രദ്ധിക്കാന്‍ പറയുകയായിരുന്നു." ഗിരീഷ് ചാനല്‍ മാറ്റി.
പെട്ടെന്നു മിസ്സിസ് പ്രവീണിന്റെ ചുരിദാറില്‍ തൂങ്ങിക്കൊണ്ട് ഒരു കുഞ്ഞു രൂപം .
തിളങ്ങുന്ന വലിയ കണ്ണുകള്‍ . ചുരുണ്ട മുടി. ചുണ്ടില്‍ കുസൃതിച്ചിരി. പ്രവീണിന്റെ പിന്‍ഗാമി. അവന്റെയും ഭാര്യയുടെയും ജീവിതത്തിനു അര്‍ത്ഥം നല്‍കിയവന്‍ .ഒരു വയസ്സു കഴിഞ്ഞിട്ടു അധിക നാളായില്ല. ഞാനവനെ വാരിയെടുത്തു. തലയിലെ മുടി പെട്ടെന്നെണ്ണി തീര്‍ന്നതു കൊണ്ടാവണം അവന്‍ എന്റെ താടിയില്‍ ശ്രദ്ധ പതിപ്പിച്ചു. അവനെ താഴെ കളിക്കാന്‍ വിട്ട് ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നു. പൂരിയും കിഴങ്ങു കറിയും . എന്ത് വിചാരിച്ചിട്ടാണൊ എന്തോ, മിസ്സിസ് പ്രവീണ്‍ എനിക്ക് രണ്ടെണ്ണം കൂടുതല്‍ തന്നു. എന്നിട്ട് കളിയാക്കുന്ന രീതിയിലൊരു ചിരിയും . കാലമാടാ, നിന്നെ ഞാന്‍ എടുത്തോളാം .
കഴിച്ചെഴുന്നേറ്റ ഞങളോട് പ്രവീണ്‍ പറഞ്ഞു.
"ടാ പയ്യന്‍സിനെ മൊട്ടയടിപ്പിച്ചാലോ എന്ന് വിചാരിക്കുന്നു...പോയാലോ"
മിസ്സിസ് പ്രവീണിനോട് യാത്രയും പറഞ്ഞ് കൊച്ചിനെയും എടുത്ത്, ഞങ്ങള്‍ നാലു പേരും ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് നടന്നു.
ഷോപ്പിലെത്തി . എതോ ശത്രുവിനെ കണ്ടതു പോലെ പയ്യന്‍സ് വിരണ്ടു തുടങ്ങി.
"ക്യാ ചാഹിയേ"?ബാര്‍ബറുടെ ചോദ്യം .
ഇവിടെ മുടി വെട്ടിക്കാനല്ലാതെ സോഡയടിക്കാന്‍ ആരേലും വരോ.?
"ടാ അവനോട് പറ...കൊച്ചിനെ മൊട്ടയടിക്കണമെന്ന്.."
"ഞാന്‍ പറയില്ല..എന്റെ ഹിന്ദി മോശാ... " ഞാന്‍ തടിയൂരി.
"ശെടാ...മൊട്ടയടിക്കണം എന്നുള്ളതിന്റെ ഹിന്ദി അറിയില്ലല്ലോ.." പ്രവീണിനു റ്റെന്‍ഷനായി.
ഇത്രയേയുള്ളോ പ്രശ്‌നം . നീ കൊച്ചിനെ ഇങ്ങു താ" ഭാഗ്യം, ഒടുവില്‍ ഗിരീഷ് രക്ഷയ്ക്കെത്തി. കൊച്ചിനെയും വാങ്ങി , ഗിരീഷ് ബര്‍ബറുടെ നേരേ തിരിഞ്ഞു.
" ഭായിസാബ് , ബച്ചെ കൊ സരാ അണ്ടാ മാര്‍നാ"
Subscribe to:
Post Comments (Atom)
2 comments:
ഹ ഹ..
ആന്‍ഡമാനില്‍ പോയ ഒരു സുഹൃത്തിനു ഇഡ്ഡലീടെ കൂടെ ചട്ട്ണി കിട്ടുമോന്നു അറിയണം.. ഹിന്ദി പണ്ഢിറ്റ് ആയ കക്ഷി ചോദിക്കാ..
“ഇഡ്ഡലി കേ ആസ് പാസ് ക്യാ മിലേഗാ” ന്ന്
ആ അവസാനത്ത വാക്യം മാത്രം പിടികിട്ടിയില്ല ...ഒരു ഹിന്ദി സപ്ലി ആരുന്നേ !!!
Post a Comment