Sunday, December 09, 2007

കോഴിയും മുട്ടയും ഒടുക്കം ചോറും

"ഇതെന്തിനാടാ ഇപ്പൊ ഇങ്ങോട്ടു കൊണ്ടു വരുന്നത്...?"

അമ്മയുടെ ചോദ്യം കേട്ടാണു രാജന്‍ തലയുയര്‍ത്തിയത്.

രാജന്‍ അഥവാ "സഖാവ് രായന്‍ " , ആ നാട്ടിലെ അറിയപ്പെടുന്ന ഒരു പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട കൊടി പിടുത്തക്കാരനും എന്തു പ്രശ്നമുണ്ടായാലും മുന്നില്‍ നിന്നും അടി വാങ്ങുന്നവനുമാകുന്നു. ഒരടി പോലും പുറത്ത് പോകാതെ എല്ലാം പുള്ളി ഏറ്റുപിടിക്കും . വലിയ നേതാക്കള്‍ എന്തു പറഞ്ഞാലും അതക്ഷരം പ്രതി അനുസരിക്കുന്നവന്‍ . പക്ഷെ അവനിതെന്തു പറ്റി, കയ്യില്‍ രണ്ടു വലിയ ഗിരിക്കോഴികളും . ഇനി വല്ലറ്റത്തും പോയി അടി വാങ്ങിയതിനു ആരേലും കൊടുത്തതാണോ...? എല്ലാ പേരുടെയും ഈ സംശയം തീര്‍ക്കാനായി രായന്‍ വാ തുറന്നു.

'അതമ്മാ..നമ്മുടെ തെക്കേലെ സജീവന്‍ , അവന്റെ വീട്ടിലേതാ...അവന്‍ പറഞ്ഞു, നല്ല മുന്തിയ ഇനമാ..അവനെന്നും ഇതിന്റെ മുട്ട കഴിക്കും , അതാ അവന്റെ ശരീരം ഇങ്ങനെ ആയെ എന്ന്...ഞാന്‍ പണ്ടെ വിചാരിച്ചതാ...ഇവനെങ്ങെനാടാ ഈ അടിയൊക്കെ താങ്ങുന്നെ എന്ന്...മാത്രോല്ല..ഇപ്പൊ സാധനങ്ങള്‍ക്കൊക്കെ... എന്താ വില..ഒരു കിലോ അരീടെ കാര്യം തന്നെ എടുത്തെ..ഇരുപത് രൂപേ.... നമ്മളു കഷ്ടപ്പെടുന്നതൊക്കെ അങ്ങനങ്ങു പോകും ..ഞാന്‍ ആലോചിച്ചപ്പൊ നമുക്കെന്താ രണ്ടു കോഴിയെ വാങ്ങിച്ചാല്‍ . ഇതു രണ്ടും എന്നും മുട്ടയിടും എന്നാ അവന്‍ പറഞ്ഞെ..അതല്ല മുട്ട വേണ്ടാങ്കി നമുക്കിതിനെ കറി വക്കാലോ..?"

അമ്മ കോഴികളെ നോക്കി..പിന്നെ അവന്റെ മുഖത്തേയ്ക്കും .

"ഇതു രണ്ടും മുട്ട ഇടുമെന്ന് അവന്‍ പറഞ്ഞോ..?"

'ഉം "

"കാലം പോണ പോക്കേ..പൂവനും മുട്ട ഇടാന്‍ തുടങ്ങിയോ...?"

അപ്പോഴാണു രായന്‍ അവന്റെ കയ്യിലിരുന്ന കോഴികളെ ശെരിക്കും ശ്രധിച്ചത്. ഒരു പൂവനും ഒരു പിടയും .

എന്തു സംഭവിച്ചു എന്നു മനസ്സിലാകുന്നതിനു മുന്നെ അമ്മ പറഞ്ഞു,

"നാളെ രാവിലെ വല്ലതും വിഴുങ്ങണോങ്കി കടേല്‍ പോയി അരി വാങ്ങീട്ടു വാ"

"അമ്മേ..."

ഞെട്ടിപ്പിക്കുന്ന രായന്റെ വിളി കേട്ട് അവര്‍ തിരിഞ്ഞു നോക്കി.

"അരിക്കൊക്കെ ഇപ്പൊ എന്നാ വിലയാ...ഈ കാശു കൊണ്ട് ഒരു കവറു പാലും പത്തു മുട്ടേം വാങ്ങരുതോ...?

"നീ ഇവിടെ കൊടി പിടിക്കാന്‍ പോയി സമ്പാദിച്ചു കൊണ്ടു വരുന്നതു കൊണ്ട് നീ പറഞ്ഞ പോലെ എന്നും പാലും മുട്ടേം ആക്കിയാലോ..?ഒന്നു പോയേടാ...അവിടന്ന്..."

തന്റെ ഉള്ളിലെ സഖാവിന്റെ കൂമ്പു നോക്കി ആരൊ ഇടിച്ചതു പോലെ ആയി രായന്‍ . സാരമില്ല, ഇന്നു കോഴി, നാളെ പശു. എന്നാലും ഒരു കോഴി എങ്ങനെ പൂവനായി. ഓ പിന്നെ, ഇരുട്ടത്ത് വല്ലവന്റേം വീട്ടിലെ കോഴിക്കൂട്ടില്‍ കയ്യിട്ട്, തപ്പിയതിനെ കിട്ടി, കിട്ടിയതിനെ കൊണ്ടു വരുമ്പൊ ആരാ നോക്കുന്നെ, പൂവനാണൊ പിടയാണൊ എന്ന്.ഫോട്ട് പുല്ല്...

ദിവസങ്ങള്‍ കഴിഞ്ഞു.മുട്ട ഇടീപ്പിക്കേണ്ട കോഴി അതു ചെയ്യുന്നുണ്ട്, പക്ഷെ മുട്ട ഇടേണ്ട കോഴി അതു ചെയ്യുന്നില്ല...!!!

ആര്‍ക്കാണു കുഴപ്പം ? പൂവനും പൂവിയും പരസ്‌പരം നോക്കി, പൂവിയുടെ കണ്ണു നിറഞ്ഞു.അങ്ങനെ ലൌകിക ജീവിതത്തിനോട് വിരക്തി തോന്നി നടക്കുമ്പോ, എരിതീയില്‍ എണ്ണ പോലെ വേറെ എങ്ങാണ്ടു നിന്നു വന്ന ഒരു പൂവനുമായി പൂവി ലോഹ്യത്തിലാവുകയും പൂവിയുടെ വിഷമം മനസ്സിലാക്കി മനസ്സലിഞ്ഞ പൂവന്‍ അവള്‍ക്കൊരു പുതിയ ജീവിത വാഗ്‌ദാനം നല്‍കി അടിച്ചോണ്ടു പോവുകയും ചെയ്തു.
കോഴി ഇന്നു മുട്ടയിടും നാളെ മുട്ടയിടും എന്നു കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന രായന്‍ പൂവന്റെ ഡിപ്രെഷന്‍ മനസ്സിലാക്കുകയും അതില്‍ നിന്നും മോചിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.


അങ്ങനെ, കോഴിക്കാലു കടിച്ചു പറിച്ച് കളിക്കുന്നതിനിടയില്‍ രായന്‍ അമ്മയെ വിളിച്ചു, "അമ്മാ...കുറച്ചൂടി ചോറു വേണം ..."

6 comments:

പകിടന്‍ said...

ബഹു. സി. ദിവാകരനു നമോവാകം .. ഈശ്വര എത്രയോ കുത്തു മാറിക്കൊള്ളുന്നു...എത്രയോ ഇടിമിന്നല്‍ മാറി വീഴുന്നു...എന്നിട്ടും നീ...

സുല്‍ |Sul said...

കോഴിയും മുട്ടയും ഒടുക്കം ചോറും ചാറും

കൊള്ളാം :)

-സുല്‍

കറുമ്പന്‍ said...

Superb !!!

ഒരു “ദേശാഭിമാനി” said...

അങ്ങനെ കഥനെഴുതാന്‍ ഒരു വിഷയം കൂടിയായീ

ശ്രീവല്ലഭന്‍. said...

ha ha ha.....nalla bhaavana. sarikkum chirichu..

മായാവി.. said...

.. ഈശ്വര എത്രയോ കുത്തു മാറിക്കൊള്ളുന്നു...എത്രയോ ഇടിമിന്നല്‍ മാറി വീഴുന്നു...എന്നിട്ടും നീ...സി. ദിവാകരനു .....