Thursday, April 19, 2007

സ്പീക്ക് ഇന്‍ ഇംഗ്‌ളീഷ്

കുവൈറ്റിലേയ്ക്ക് ആദ്യം കടലു കടക്കുമ്പൊ പുതിയ ഒരു രാജ്യത്ത് ഒറ്റക്ക്, കണ്ട കാട്ടറബികളുടെ ഇടയില്‍ എങ്ങനെയാ എന്റെ അത്തിപ്പാറമ്മച്ചി എന്ന ചിന്തയായിരുന്നു. പക്ഷെ ജോലി ഒരു അമേരിക്കന്‍ കമ്പനിയില്‍ ആയതുകൊണ്ട് നമുക്ക് അറബി പറയേണ്ട ആവശ്യമില്ലല്ലൊ, നമുക്ക് ഇങ്ളിഷ് മാത്രം മതിയല്ലൊ. ജോലി അമേരിക്കന്‍ കമ്പനിയിലാണെന്നറിഞ്ഞപ്പൊ മുതല്‍ ഇങ്ളിഷില്‍ മാത്രം ചിരിക്കുകയും കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന എനിക്ക് ഇങ്ളിഷില്‍ ഒരു മുഴുവന്‍ സെന്‍റ്റന്‍സ് പറയാന്‍ കഴിഞ്ഞിരുന്നില്ല.


പണ്ടു ഇങ്ളിഷോഫോബിയ തലക്കു പിടിച്ച ചേച്ചിയും ചേട്ടനും പവര്‍ കട്ട് സമയത്ത് എല്ലാരും ഇങ്ളിഷില്‍ മാത്രെ സംസാരിക്കാവു എന്ന നിയമം ഉണ്ടാക്കി.


എന്തുകൊണ്ട് പകല്‍ വെളിച്ചത്തില്‍ ഇങ്ളിഷ് സംസാരിക്കുന്നില്ല..? കാര്യം വേറൊന്നുമില്ല, മുഖത്ത് നോക്കി ഇങ്ളിഷ് സംസാരിക്കാന്‍ ഒരു ഇത്. ഇന്നലെ വരെ മുഖത്ത് നോക്കി "ടാ ര്‍ക്കാ" എന്നും "നീ പോടി " എന്നും പരസ്‌പരം പറഞ്ഞു നടന്നിരുന്ന ചേച്ചിയും ചേട്ടനും പെട്ടെന്നൊരു ദിവസം ഓരോന്നിങ്ളിഷില്‍ സംസാരിക്കാന്‍ പോകുന്നു...ഹൊ ആലോചിക്കുമ്പൊ തന്നെ...ചെ...ഇങ്ങനെയാണൊ അച്ചന്‍ അവരെ വളര്‍ത്തിയത് ... ഞാന്‍ ഇതൊക്കെ ആലോചിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ കറന്‍ട് പോയി, അതായത് പവര്‍ കട്ട് ആയി.


15 മിനുട്ട് കഴിഞ്ഞിട്ടും ഒരു ശബ്ദവും കേള്‍ക്കാതിരുന്നപ്പൊ , ഇനി ഇവരെങ്ങാനും വല്ല രഹസ്യവും മറ്റുമാണൊ ഇങ്ളിഷില്‍ പറയുന്നെ എന്ന സംശയം എനിക്കുണ്ടായി. ഏയ്..ചേച്ചിയുടെ അടുത്തിരിക്കുന്ന ഞാന്‍ കേള്‍ക്കാതെ ചേച്ചിക്കെങ്ങനെ രഹസ്യം പറയാന്‍ പറ്റും ..ഇമ്പോസിബിള്‍ .. തള്ളെ ഞാനും ഇങ്ളിഷ്...


അവസാനം പവര്‍ കട്ട് തീര്‍ന്നപ്പൊ
"നിനക്കൊരു പിണ്ണാക്കും അറിയില്ലല്ലെ...അതാ നീ സംസാരിക്കാത്തത്..എടാ കോണ്‍ഫിടന്‍സ് വേണം ." എന്ന് ചേച്ചി.


"ഞാന്‍ ചേച്ചി ആദ്യം സംസാരിക്കട്ടെ എന്ന് വിചാരിച്ചിരിക്കുവായിരുന്നു...ചേച്ചിയല്ലെ മൂത്തത്..ചേച്ചിയല്ലെ ആദ്യം സംസാരിക്കേണ്ടെ.." എന്ന വാദവുമായി ചേട്ടന്‍ .


പിന്നെ അമ്മ വന്ന് "മതി മതി ഇങ്ളിഷില്‍ കിളച്ചത്, പോയിരുന്നു പഠി" എന്നു പറയുന്നതു വരെ തര്‍ക്കം നടന്നു . ഒടുവില്‍ "പോടാര്‍ക്ക " , "നീ പോടി" എന്നു പരസ്‌പരം വിളിച്ച് സദസ്സ് പിരിഞ്ഞു .


എല്ലാം ശാന്തമായപ്പൊ ചേട്ടന്റെ പിറകെ കൂടി, " എന്താ ചേട്ടാ ഇങ്ളിഷില്‍ ഒന്നും മിണ്ടാത്തെ..?" എന്നു ചോദിച്ചു.

ഉടന്‍ വന്നു ഉത്തരം .


"നിനക്കെന്തറിയാം .. ഇങ്ളിഷുകാരൊക്കെ മൌനത്തിലായിരിക്കുമ്പൊ ശബ്ദം കേള്‍ക്കൊ..? ഞാനും അതേ പോലെ മൌനത്തിലായിരുന്നു.."

2 comments:

K.V Manikantan said...

"പോടാര്‍ക്ക " , "നീ പോടി"

നിനക്കെന്തറിയാം .. ഇങ്ളിഷുകാരൊക്കെ മൌനത്തിലായിരിക്കുമ്പൊ ശബ്ദം കേള്‍ക്കൊ..? ഞാനും അതേ പോലെ മൌനത്തിലായിരുന്നു.."

ഹ ഹ ഹ കലക്കി ഗെഡീ

പക്ഷേ
ഒരു വികടന്‍ സൂപ്പര്‍ സ്റ്റാര്‍ ആയി വിലസുന്നുണ്ട് ബ്ലോഗില്‍!

പകിടന്‍ said...

സങ്കൂ ഒരു തെറ്റിദ്ധാരണ ഒഴിവാക്കാനായി ഞാന്‍ എന്റെ പേരു മാറ്റാന്‍ പോണു.... ഇപ്പൊ പകിടന്‍ എന്നാക്കി... ഞാന്‍ കുടുമ്പത്തി പിറന്നവനാ...ഹ ഹ