പോളി ടെക്നിക്കില്‍ 3 വര്‍ഷം പഠിച്ചതുകൊണ്ടുള്ള ഒരേ ഒരു നേട്ടം എന്നു പറയുന്നത് നല്ലതു പോലെ കുഴികുഴിക്കാനും ചെടി നടാനും വെള്ളം ഒഴിക്കാനും അതു പശു കടിച്ചു പറിച്ചു തിന്നുമ്പോള്‍ പശുവിന്റെ തന്തയേം തള്ളയേം തെറി വിളിക്കാനും പഠിച്ചു എന്നതാകുന്നു. എങ്ങനെ ഇതൊക്കെ പഠിച്ചു എന്നു ചോദിച്ചാല്‍ കേരളത്തിലെ മിക്ക കോളേജുകളിലും പോളി ടെക്നിക്കുകളിലും അതാത് പന്‍ചായത്തിന്റെയും കോര്‍പ്പറേഷന്റെയും എല്ലാ വിധ ഒത്താശയോടും കൂടി പ്രവര്‍ത്തിക്കുന്നഒരു പരോപകാര സംഘമാണു എന്‍.എസ്.എസ്. ചുമ്മ റോഡ് വെട്ടാനും കുളം വറ്റിക്കാനും പുല്ലു പറിക്കാനും കൊതുകിനെ അടിക്കാനും കണ്വെട്ടത്തുള്ള കടകളില്‍ നിന്നും ബണ്ണും നാരങ്ങ വെള്ളവും ഗളഗളാന്നു കുടിച്ച് ഏമ്പക്കം വിടാനും നമ്മുടെ നാട്ടില്‍ എന്‍.എസ്.എസ് അംഗങ്ങളല്ലാതെ ആരാ ഉള്ളത്.
ആദ്യത്തെ വര്‍ഷം തന്നെ സമൂഹ്യ സേവനം എന്നു പറഞ്ഞാല്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും നാടിനെ സേവിക്കാത്തവന് മൊണ്ണനും വ്രിത്തികെട്ടവനുമാണെന്ന് വിചാരിച്ചാണു എന്റെ ക്ളാസ്സിലെ ദേവിയും അഖിലയും സുമയുമൊക്കെ എന്‍.എസ്.എസില്‍ ചേര്‍ന്നതിനു പിന്നാലെ ഈയുള്ളവനും കൂടെ സമൂഹ്യസേവനം ദിവസവും കിടക്കുന്നതിനു മുന്നെ ഓരോ പൈന്റായി അടിച്ചിരുന്ന ഉണ്ണിയും രാജ് മോഹനുമൊക്കെ ചേര്‍ന്നത്.
വീട്ടില്‍ ഒരു തേങ്ങ പൊതിക്കാന്‍ പറഞ്ഞാല്‍ "അമ്മക്കെന്താ പൊതിച്ചാല്‍ ഇതൊക്കെ ഓരോ അമ്മയുടേം അവകാശാ..അതില്‍ തൊട്ടുകളിക്കാന്‍ എന്നെ കിട്ടില്ല" എന്നു പറഞ്ഞു തടിയൂരും .അമ്മയുടെ അനുഗ്രഹമാണെന്നു തോന്നുന്നു, എന്‍.എസ്.എസ് ചേര്‍ന്നു മൂന്നാം ദിവസം തന്നെ കോളേജ് പറമ്പ് മുഴുവന്‍ കിളക്കുവാനുള്ള ഭാഗ്യം എനിക്കും കിട്ടി.
അണ്ണാന് കുഞ്ഞിനെ മരം കേറാന്‍ പടിപ്പിക്കുന്നൊ..? പിന്നീടുള്ള എല്ലാ വെട്ടിനിരത്തലുകള്‍ക്കും ഞാന്‍ ഒന്നുകില്‍ കയ്യില്‍ ബാന്‍ഡേജ്, അല്ലെങ്കില്‍ കാലില്‍ , ഈ രീതിയിലാണു വന്നിരുന്നത്. അവസാനം വയ്യെങ്കില്‍ നീ വരണ്ട എന്നു പറഞ്ഞതു കൊണ്ടും സുമയും ദേവിയുമൊക്കെ ആഞാഞ്ഞു കിളയ്ക്കുന്നതു കാണാതിരിക്കാന്‍ വയ്യാഞ്ഞതുകൊണ്ടും മാത്രം ഞാന്‍ ആ പരിപാടി ഉപേക്ഷിച്ചു.
ഒടുവില്‍ സുമയും ദേവിയുമൊക്കെ കിളയലൊക്കെ നിര്‍ത്തി നട്ട ചെടികള്‍ക്ക് വെള്ളമൊഴിച്ചു തുടങ്ങിയതോടെ എന്റെ പോളി ജീവിതം തീര്‍ത്തും വിരസമായി.
അങ്ങനെ ഒരു ദിവസം എന്‍.എസ്.എസിന്റെ ഒരു ആള് കേരള ക്യാമ്പ് ഞങ്ങളുടെ കോളേജില്‍ വച്ചു നടക്കുന്നു എന്ന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു.എഴുപത്തന്ച് കുട്ടികള്‍ ഉന്ടാകും . അതില്‍ നമുക്കാവശ്യമുള്ളത് മുപ്പത്, ഇല്ലാത്തത് നാല്‍പത്തന്ച്. അതായ്ത മുപ്പത് പെണ്‍കുട്ടികളും നാല്‍പത്തന്ച് ആണ്‍കുട്ടുകളൂം .പിന്നീടുള്ള കുഴി കുത്തലുകളില്‍ എല്ലാരും എടുക്കുന്ന കുഴിയെക്കാളും നാലന്ചെണ്ണം കൂടുതല്‍ ഞാന്‍ എടുത്തു തുടങ്ങി. എങ്ങനെയും കാമ്പില്‍ വോളന്റിയര്‍ ആകാന്‍ പറ്റണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. അതീശ്വരന്‍ കേട്ടു. അങ്ങനെ ഹോസ്റ്റ് ടീമില്‍ എനിക്കും കിട്ടി സ്ഥാനം .
ഇനിയാണു കഥയിലേയ്ക്ക് ഞാന്‍ വരാന്‍ പോകുന്നത്. ഒരാഴ്ചത്തെ ക്യാമ്പാണെന്നും ആരെക്കൊണ്ടും ഒരു കുറ്റവും പറയിക്കാതെ നോക്കണമെന്നും വേലപ്പന് സാറിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നത് കൊണ്ട് കോഴിക്കോടി നന്ദിതയും കോട്ടയംകാരി ആശ ജോസഫുമൊക്കെ നോക്കി ചിരിച്ചപ്പൊ ഒരു വലിയ നെടുവീര്‍പ്പില്‍ എന്റെ വികാരം ഒതുക്കേണ്ടി വന്നു.
രാവിലെ പി ടി സമയത്ത് ചുള്ളി കമ്പിലെ കുരുവിക്കാഷ്ട്ടം മാതിരിയുള്ള മസിലൊന്നും കാണിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്ന് എനിക്കും ഉണ്ണിക്കുമൊക്കെ മനസ്സിലായി. ഇതിനിടയില്‍ തെലുങ്കിലെ അനുഷ്ക്കയെ കണ്ടപ്പോല്‍ കാവ്യയെ മറന്ന ദിലീപിനേം ജയസൂര്യയേം പോലെയായി ഞങ്ങളുടെ അവസ്ഥ. കാരണം സുമയും ദേവിയുമൊന്നും ഇപ്പൊ കണ്ടാല്‍ ഒരു പിണക്കവും പരിഭവവും പോലെ.ആ പോകാന്‍ പറ.
അങ്ങനെ ക്യാമ്പിലെ അവസാന ദിവസവും വന്നെത്തി. ഇന്നെങ്കിലും എന്തെങ്കിലും നമ്പര്‍ ഇറക്കി ഷൈന്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കക്ഷത്തിലിരുന്നതും പോകും , ഉത്തരത്തിലുള്ളതും പോകും . അങ്ങനെ ഉച്ചയൂണൊക്കെ കഴിഞ്ഞ് എല്ലാരും ക്യാമ്പില്‍ വിശ്രമിക്കുന്നതിനിടയില്‍ കുറെ ലോക്കല്‍ പിള്ളേര് ഗ്രൌണ്ടില് ക്രിക്കറ്റ്കളിക്കാന്‍ വന്നു. അവര്‍ അവിടെ സ്റ്റമ്പ് കുത്തി കളി തുടങ്ങി.എല്ലാം നിക്കറു പരുവത്തിലൂള്ള പിള്ളേര് . ആണും പെണ്ണും ഉള്‍പ്പെടെ എല്ലാരുടെയും ശ്രദ്ധ കളിയിലായി. ഞാന്‍ പതുക്കെ ആശയേം നന്ദിതയേമൊക്കെ ഒളിക്കണ്ണിട്ടു നോക്കി.അവളുമാരു ശരിക്കും ത്രില്ലടിച്ചിരിക്കുന്നു, ഈ കൊച്ചു പയ്യന്മാരുടെ കളികണ്ട്. ചുവരില്‍ കൂടി സ്പൈഡര്‍ മാനെ പോലെ കയറി പോകുന്ന സലിം കുമാറിനെ നോക്കി ഇനി എന്തു ചെയ്യും എന്നാലോചിച്ചിരിക്കുന്ന ദിലീപിനെ പോലെയായി അപ്പോള്‍ ഞങ്ങളുടെ അവസ്ഥ.
ഹോ, എനിക്കൊത്തിരി വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല, അതിനു മുന്നെ ഉണ്ണി അവന്റെ ബുദ്ധി ഉപയോഗിച്ചു.
നമുക്കും കളിക്കാം , ക്രിക്കറ്റ്.ഞങ്ങളെല്ലാരും കൂടി ഗ്രൌണ്ടിലേയ്ക്ക് നടന്നു. അപ്പോഴേക്കും അവിടെ കളിച്ചുകൊണ്ടിരുന്ന നരിന്തുകളില്‍ ഒരുത്തന് ഓടി വന്നു.
"അണ്ണാ മാച്ച് കളിക്കുന്നോ.."
ഞങ്ങള്‍ പുച്ചത്തോടെ പരസ്പരം നോക്കി.പൂടാ, പൂടാ, തരത്തിനു പോയി കളിയെടാ, എന്നു പറയാന്‍ തുടങ്ങുന്നതിനു മുന്നെ ഉണ്ണി പറഞ്ഞു,
"ഓ കെ നിങ്ങള്‍ എത്ര പേരാ...ഫസ്റ്റ് ബാറ്റിങ്ങ് ഞങ്ങള്‍ക്കു തന്നാല്‍ കളിക്കാം ..."
അവന്റെ ഉദ്ധേശം എനിക്കു മനസ്സിലായി. ഈ പാവപ്പെട്ട പിള്ളേരെ എടുത്തിട്ടലക്കി റോള്‍ എടുക്കാനായിരിക്കും . നീ ഒരു മനുഷ്യനാണോടാ..നിനക്കും ഇല്ലേടാ സ്റ്റമ്പും ബാറ്റുമൊക്കെ, എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവനെ നോക്കി.
"ശരി സമ്മതിച്ചു..ടാ അണ്ണന്മാര്ക്ക് ബാറ്റിങ്ങാ.." എന്നു ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടവന്‍ ഓടി.
അങ്ങനെ ഞങ്ങള്‍ കളി തുടങ്ങി. ഓപ്പണിങ്ങ് ഞാനും ഉണ്ണിയും .കളിയുടെ രണ്ടാമത്തെ ബോള്‍ തന്നെ ഫോറടിച്ച ഉണ്ണി, അതു കഴിഞ്ഞു ഗ്യാലറിയിലേയ്ക്ക് ഒരു നോട്ടം നോക്കി.എന്റെ ചങ്കു കത്തി പോയി, ആശാ ജോസഫും നന്ദിതയുമൊക്കെ കയ്യടിക്കുന്നു.
"ടാ ഒരു സിങ്കിള്‍ എടുത്തു താടാ.."
ഞാന്‍ മൂട്ടില് തീ പിടിച്ചുകൊണ്ട് പറഞ്ഞു.
എന്റെ ഉദ്ധേശം അവനു മനസ്സിലായില്ല എന്നു തോനുന്നു, അവന് സിങ്കിള്‍ എടുത്തു.അടുത്ത രണ്ട് ബോളും ഫോറടിച്ചു ഞാന്‍ എന്റെ സാനിധ്യം അറിയിച്ചു.ഗ്യാലറിയിലോട്ടു നോക്കിയ ഞാന്‍ പുളകിതനായി, കരഘോഷം .അടുത്ത ബോള്‍ സിങ്കിളിനായി അടിച്ചെങ്കിലും ആ കാലമാടന് ഉണ്ണി ഓടിയില്ല. അങ്ങനെ രണ്ടാമത്തെ ഓവറില്‍ ബാറ്റു ചെയ്യുന്നതവന്‍ . ഒരു കൊച്ചു പയ്യന് വലിയ റണ്ണപ്പൊന്നുമില്ലാതെ വന്നു വെറുതെ കയ്യൊന്നു കറക്കുന്നതു മാത്രെ ഞാന്‍ കണ്ടുല്ള്ളു, ഉണ്ണിയുടെ ലെഗ് സ്റ്റമ്പ് കാണുന്നില്ല. ഗ്യാലറിയില്‍ നിശബ്ദദ.ഉണ്ണി പതുക്കെ ബാറ്റ് തറയില്‍ വച്ച് അടുത്തുള്ള മരത്തിന്റെ കീഴെ പോയിരുന്നു.കാരണം ഗ്യാലറിയില്‍ നിന്നും വളരെ അകലെയാണാ മരം. രണ്ടാമതു വന്ന പ്രഷോഭിനു ബോളു കാണാന്‍ പറ്റിയില്ലെങ്കിലും ബാറ്റില്‍ കൊള്ളിച്ചു. എന്നീട്ടു സിങ്കിളിനായി ഒരോട്ടം . ഓടാതിരിക്കാന്‍ പറ്റില്ലല്ലൊ. അടുത്ത ബോള്‍ എന്റെ നേരെ വന്നതു പോലും കാണാനുള്ള സമയം എനിക്കു കിട്ടിയില്ല.പക്ഷെ കോണ്ടതെവിടെയാണെന്നറിയാന്‍ ഒരു സെക്കണ്ട് പോലും വേണ്ടി വന്നില്ല.ക്രിത്യം എന്റെ മര്‍മ്മത്തു തന്നെ. കണ്ണാണോ പുകഞ്ഞത്, അതോ...എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ കോമയിലേയ്ക്ക് വഴുതി വീഴുമോ എന്ന് തോന്നി പോയി.വളരെ അവ്യക്തമായി ഗ്യാലറിയില്‍ നോക്കി. അവളുമാരു ചിരിക്കുന്നു, കണ്ണില്‍ ചോര ഇല്ലാത്തവളുമാര്‍ .ആരോ ഓടി വന്ന് താങ്ങി പിടിച്ച് മരത്തിന്റെ കീഴെ കൊണ്ടു പോയി ഇരുത്തി. എന്റെ ഭാവി കുളമായോ ആയില്ലേ എന്നറിയാതെ എഴിക്കാനും വയ്യ എഴിച്ചാല്‍ നടക്കാനും വയ്യ എന്ന അവസ്ഥയിലിരിക്കുമ്പോ തോനുന്ന ഒരു പ്രത്യേക തരത്തിലുള്ള ഉള്‍വിളി എനിക്കുമുണ്ടായി. അതായത്, "വേണ്ടിയിരുന്നില്ല" എന്ന്.
"അളിയാ..കലങ്ങിയല്ലേ..ഞാന്‍ നേരത്തെ ഔട്ടായതു ഭാഗ്യം ...ആ കാലമാടന് എന്നാ എറിയാ"
"ങു ങു ഉം .." ഒന്നു മൂളാനെ എനിക്കു കഴിഞുള്ളു.
ഇതിപ്പൊ അഭിമാനത്തിന്റെ പ്രശ്നമായി. ഒരോവര്‍ കൂടി കഴിഞ്ഞപ്പൊ ഒരു പ്രത്യേക ആങ്കിളില്‍ കുണ്ടിയില്‍ വെടികൊണ്ട ശ്രീനിയെപോലെ നടന്ന് ഞാന്‍ വീണ്ടും ക്രീസിലെത്തി. ബൈ റണ്ണര്‍ വച്ചു. അങ്ങനെ എല്ലാരും കൂടി ആ നരിന്ത് പിള്ളേരുടെ വെടിയുണ്ട പോലെ വരുന്ന ബോളുകള്‍ ശരീരത്തു കൊള്ളാതെ തടഞ്ഞതുകൊണ്ടു മാത്രം 12 ഓവറില്‍ ഞങ്ങള്‍ 85 റണ്‍സടിച്ചു.
ഇടവേള സമയത്ത് എനിക്കു രാജകീയ പരിവേഷമായിരുന്നു.
കണ്ടോടീ ചേട്ടന്റെ ആത്മാര്‍ത്ഥത, എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവളുമാരെ ഒന്നു നോക്കി.എന്നിട്ടു എല്ലാരും കേള്‍ക്കെ ഉറക്കെ പറഞ്ഞു.
"ഡെയ്, ഫസ്റ്റ് ഓവര്‍ ഞാന്‍ എറിഞ്ഞോളാം ..."
അങ്ങനെ ബാറ്റു പിടിക്കാന്‍ പോലും ശേഷിയില്ല എന്നു തോന്നിപ്പിക്കുക മാത്രം ചെയ്യുന്ന ഒരുത്തന്റെ നേരെ, ഞാന്‍ എന്റെ സകല നാഡീ ഞരമ്പുകളും മുറുക്കി, കൊടുത്തു ഒരെണ്ണം . പക്ഷെ, അവന് കൊടുത്തതാ ശെരിക്കും കൊണ്ടത്. ഒരു പടുകൂറ്റന്‍ സിക്സ്.
പന്തു സിക്സിനു പറക്കുന്നതു കണ്ടപ്പോഴേ ഞാന്‍ കുനിഞ്ഞെന്റെ കാലില്‍ പിടിച്ചു, വേദനിക്കുന്നതു പോലെ ഇരുന്നു. പുല്ല്..ഇവനൊക്കെ ഏത് റേഷനാടാ..നാറിയില്ലേ ഈശ്വര...ഗാലറിയിലോട്ടു നോക്കുന്നതിലും നല്ലതു തൂങ്ങി ചാവുന്നതാണു. ഏതോ കാട്ടിന്റെ ഇടയില്‍ നിന്നും ബോളു എന്റെ കയ്യില്‍ തിരിച്ചെത്തി.പാവം ശെരിക്കും വേദനിച്ചു കാണും .
പിന്നെ നടന്നതിങ്ങനെ:
രണ്ടാമത്ത ബോള്‍ : ഫോറ്
മൂന്നാമത്തേത് : മൂന്ന്
നാലാമത്തേത് : രണ്ട്
അന്ചാമ്ത്തേത് : സിങ്കിള്‍
ആറാമത്തേത് : ഒരു പടുകൂറ്റന്‍ സിക്സ്
ബാറ്റു ചെയ്യുന്നവനു ഇത്രയും അടിച്ചതിന്റെ ഒരു അഹങ്കാരവുമില്ല. ഞാന്‍ പതുക്കെ പഴയ നമ്പര്‍ ഇറക്കി. നേരത്തെ ഏറ് കിട്ടിയത് വീണ്ടും സീരിയസ് ആക്കി. കഥ ഇങ്ങനെ മാറി. വാക്കല്ലാതെ ഏറ് കൊണ്ടതു കൊണ്ടാണു ബോളിങ്ങ് മോശമായത്. ഇല്ലെങ്കില്‍ ഇപ്പൊ കാണാമായിരുന്നു.
മുക്കിയും മൂളിയും ഞങ്ങള്‍ പന്ത്രണ്ടോവറില്‍ അടിച്ചെടുത 85 റണ്‍സ് അവന്മാര് ചീളു പോലെ 9 ഓവറില്‍ അടിച്ചെടുത്തു. ഭാഗ്യം ഞാന്‍ ഒരോവര്‍ മാത്രെഎറിഞ്ഞുള്ളു.
കളിയും തോറ്റ് , മാനവും പോയി തിരിച്ച് ക്യാമ്പിലേയ്ക്ക് നടന്ന ഞങ്ങളുടെ മനസ്സ് നിറയെ അവളുമാരുടെ ആക്കിയ ചിരിയായിരുന്നു.
പക്ഷെ എന്നെ അലട്ടിയത് മറ്റൊന്നായിരുന്നു. നമ്മുടെ ഭാവി നമ്മുടെ കയ്യില്‍ പോലും സുരക്ഷിതമല്ല എന്ന് എനിക്കന്നു മനസ്സിലായി.
വിനാശകാലേ വിപരീത ബുദ്ധി.
Subscribe to:
Post Comments (Atom)
7 comments:
ഒരിക്കലും മറക്കാനാവത്ത ഒരനുഭവം ... ശെരിക്കും ...നിങ്ങളീ പൊന്നീച്ച എന്നു കേട്ടിട്ടുണ്ടോ...? അതന്നേ...
വളരെ ഭംഗിയായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
അടുത്തത് ഒരല്പം ചുരുക്കി എഴുതുന്നത് നന്നായിരിക്കും
ബാജി
ഇത് കലക്കി പകിടാ, ഇനിയും എഴുതുക..
kollam
:-) നന്നായിട്ടുണ്ട്
ഏറു കൊള്ളുന്നത് എങ്ങനെയെങ്കിലും സഹിക്കാം ...പക്ഷെ ഏറു കൊണ്ടിരിക്കുമ്പോള്‍ ചില സാറുമ്മാര് വന്നു വകുപ്പിറക്കും ...കുത്തിയിരിക്കാതെ നല്ല പൊലെ 3-4 ചാട്ടം ചാടാന്‍ ന്നും പറഞ്ഞിട്ടു... എഴുന്നേറ്റ് നില്ക്കാന് ത്രാണി ഉണ്ടേല്‍ സത്യായിട്ടും ഇവന്മാര്ക്കിട്ടു 2 എണ്ണം അങ്ങു പൊട്ടിക്കാന്‍ തോന്നും ...
കഥ കൊള്ളാം !!
നിനക്കും ഇല്ലേടാ സ്റ്റമ്പും ബാറ്റുമൊക്കെ, kalakki!!!!!
Post a Comment