"അമ്മാ ഇന്നെങ്കിലും മീന്‍കറി കാണോ..? ചമ്മന്തീം മോരും കൂട്ടി മടുത്തമ്മാ.."
"അച്‌ഛനു വയ്യാത്തോണ്ടല്ലെ...പണിക്ക് പോകാന്‍ പറ്റീരുന്നെങ്കി നല്ല കറി കൂട്ടായിരുന്നു..അച്ഛനു കാലു നല്ല വേദനയുണ്ട്...കട തുറന്നിരിന്നെങ്കി കുറച്ചാശ്വാസം ഉണ്ടായിരുന്നു..പക്ഷെ ആരു പോയിരിക്കും ...ഞാന്‍ പോയാ അച്ഛനെ ആരു നോക്കും ...നിനക്കും കൊച്ചുമോനും അതിനൊള്ള വകതിരിവായില്ല...എന്റെ മോന്‍ ഇന്നൂടെ ഇതു തിന്ന്..അമ്മ നാളെ എങനേലും മീന്‍ വാങ്ങാം ."
മണിക്കുട്ടനു വീട്ടിലെ അവസ്ഥ അറിയാഞ്ഞിട്ടല്ല. ഇതേ പോലെ ഒരീസം മീന്‍ കറി വയ്ക്കാമെന്ന പറഞ്ഞപ്പൊ സന്ധ്യക്കു കായല്‍ മീന്‍ പിടിക്കാന്‍ പോയതാ അച്ഛന്‍ .ഇരുട്ടു കാരണം കായല്‍ വരമ്പത്തു കിടന്ന മടല്‍ കണ്ടില്ല. അതു കാലില്‍ കൊണ്ടു. കാല്‍പാദത്തിന്റെ ഞരമ്പ് മുറിഞ്ഞു. അന്നു കിടന്നതാ. അന്നു മുതല്‍ തുടങ്ങി വീട്ടിലെ ഓരോ ബുദ്ധിമുട്ടുകള്‍ . എങ്കിലും കരിമീനിന്റെയും സിലോപ്പിയുടെയും രുചി ഒന്നു വേറെ തന്നെയാ. പക്ഷെ വല വീശി കായല്‍ മീന്‍ പിടിക്കാനൊന്നും മണിക്കുട്ടനറിയില്ല. മീന്‍ വാങ്ങാന്‍ അമ്മയുടെ കയ്യില്‍ കാശില്ല. കാശുണ്ടായിരുന്നേല്‍ ഇന്നലെ മണിക്കുട്ടന്‍ ദാമുവേട്ടന്റെ കടയില്‍ നിന്ന് അരി കടം വാങ്ങണമായിരുന്നോ. അരി സന്‍ചിയില്‍ വീഴുന്നത് കണ്ട് പുന്‍ചിരിച്ചു കൊണ്ടിരുന്ന മണിക്കുട്ടനെ നോക്കി,"കുറെയായി..നിന്റെ അമ്മയെ ഞാന്‍ തിരക്കിയെന്ന് പറ..", എന്നു ദാമുവേട്ടന്‍ പറഞ്ഞെങ്കിലും അതു കേള്‍ക്കാതെ മണിക്കുട്ടന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു.
അരവയറു നിറച്ചുകൊണ്ട് ഉറങ്ങാന്‍ കിടന്നപ്പോള്‍ നാളെ എങ്ങനെയും മീന്‍ കറി കൂട്ടണമെന്ന ആഗ്രഹമായിരുന്നു മണിക്കുട്ടന്റെ മനസ്സില്‍ . മണിക്കുട്ടന്റെ കുട്ടിമനസ്സ് എവിടെയോ അലഞ്ഞു. ഒടുവില്‍ അവന്റെ മനസ്സ് കടയിലെ കാശുപ്പെട്ടിയില്‍ തടഞ്ഞു. കട പൂട്ടുന്നതിനു മുന്നെ അതില്‍ കുറെ ചില്ലറ തുട്ട് കണ്ടതായി മണിക്കുട്ടന്‍ ഓര്‍ക്കുന്നുണ്ട്. നാളെ രാവിലെ അതെടുക്കാം എന്ന് തീരുമാനിച്ച് മണിക്കുട്ടന്‍ ഉറങ്ങി.
നേരം പുലര്‍ന്നപ്പൊ അമ്മയുടെ കയ്യില്‍ നിന്നും കടയുടെ താക്കോല്‍ വാങ്ങി മണിക്കുട്ടന്‍ പുറപ്പെട്ടു. ഉറക്കത്തിനു ഭംഗം വന്നതു കാരണം പതുക്കെ തലയുയര്‍ത്തി മണിക്കുട്ടനെ നോക്കിയ ശേഷം കടത്തിണ്ണയില്‍ കിടന്നിരുന്ന തെരുവു പട്ടി ഇറങ്ങി പോയി. മണിക്കുട്ടന്‍ കട തുറന്ന് ഉള്ളില്‍ കയറി. കാശു പെട്ടിയില്‍ അപ്പടി പൊടിയാ.അടുത്തു കിടന്ന അഴുക്കു പിടിച്ച ഒരു തോര്‍ത്തെടുത്ത് മണിക്കുട്ടന്‍ അത് നന്നായി തുടച്ചു. ഉള്ളിലെതെങ്കില്‍ കാണുമോ എന്ന ആകാംഷ മണിക്കുട്ടന്റെ കുഞ്ഞു കണ്ണുകളില്‍ ഉണ്ടായിരുന്നു. അവന്‍ മെല്ലെ പെട്ടി തുറന്നു.അതില്‍ കുറെ അഴുക്കു പിടിച്ച , കറുത്ത നിറമായ ഇരുപതിന്റെയും ഇരുപത്തന്ചിന്റെയും ചില്ലറത്തുട്ടുകള്‍ കണ്ട് മണിക്കുട്ടന്റെ കണ്ണുകള്‍ തിളങ്ങി.മണിക്കുട്ടന്‍ അതെല്ലാം പെറുക്കിയെടുത്തു, പതുക്കെ എണ്ണാന്‍ തുടങ്ങി. ഏഴു രൂപ എന്ന് എണ്ണി തിട്ടപ്പെടുത്തിയ ശേഷം മണിക്കുട്ടന്‍ നേരെ കായല്‍കരയിലേക്കോടി.
അഴുക്കുപിടിച്ച ചില്ലറകള്‍ കൊടുത്താല്‍ മീന്‍കാരന്‍ മീന്‍ തരില്ല എന്ന ചിന്തയില്, ആ ചില്ലറകള്‍ കഴുകി വ്രിത്തിയാക്കാനാണു മണിക്കുട്ടന്‍ കായല്‍ക്കരയിലേയ്ക്ക് ഓടിയത്. അവിടെയുണ്ടായിരുന്ന ഒരു ചെറിയ പാറയില്‍ , കുറച്ച് കായല്‍വെള്ളം കോരി ഒഴിച്ച്,ചില്ലറത്തുട്ടുകളെല്ലാം മണിക്കുട്ടന്‍ പതുക്കെ പതുക്കെ ഉരച്ച് വ്ര്ത്തിയാക്കി.അപ്പോഴേയ്ക്കും മീന്‍ വള്ളം കായല്‍കരയില്‍ എത്തിയിരുന്നു. രണ്ട് മൂന്നു കരക്കാര്‍ വള്ളത്തിനു ചുട്ടും കൂടി , വില പറഞ്ഞ് മീന്‍ വാങ്ങിക്കൊണ്ടു പോകുന്നത് മണീഇക്കുട്ടന്‍ മാറി നിന്നു കണ്ടു. തിരക്കൊഴിഞ്ഞ്, മീന്‍കാരന്‍ വള്ളമെടുക്കാന്‍ തുനിഞ്ഞപ്പൊ, മണിക്കുട്ടന്‍ ഓടിച്ചെന്നു.
"മാമാ... എനിക്കും വേണം മീന്‍ ..'
"എത്രയ്ക്കാ?"
"ഏഴു രൂപയ്ക്ക്.."
"ഏഴു രൂപയ്ക്കൊ...?"
അയാള്‍ അവനെ അടിമുടി ഒന്നു നോക്കി.
"ഉം ...ഇങ്ങു വാ...കവറുണ്ടൊ കയ്യില്..ഇല്ലെങ്കി ഈ പേപ്പറില്‍ പൊതിഞ്ഞു കൊണ്ടുപൊയ്ക്കൊ.."
അയാള്‍ രണ്ട് സിലോപ്പി എടുത്ത് പൊതിഞ്ഞ് കൊടുത്തു. മണിക്കുട്ടന്‍ സന്തോഷത്തോടെ അതു വാങ്ങി, ചില്ലറത്തുട്ടുകള്‍ക്കായി പോക്കറ്റില്‍ കയ്യിട്ടു. അതു വാങ്ങാനായി മീന്‍കാരന്‍ തന്റെ കൈ നീട്ടി.
"ഒരു കൈയ്യില്‍ നിക്കില്ല മാമാ..താഴെ പോവും ..രണ്ടു കൈയ്യും കാണിക്ക്..."
അയാള്‍ സംശയത്തോടെ രണ്ട് കയ്യും നീട്ടി. രണ്ട് മൂന്ന് തവണയായി പോക്കറ്റില്‍ നിന്നു മണിക്കുട്ടന്‍ ചില്ലറത്തുട്ടുകള്‍ അയാളുടെ കയ്യില്‍ വച്ചു കൊടുത്തു.
കയ്യിലിരുന്ന വെളുത്ത ഇരുപതിന്റെയും ഇരുപത്തന്‍ചിന്റെയും തുട്ടുകളെ അയാള്‍ വല്ലാതെ നോക്കി.
"ഏഴു രൂപയുണ്ട് മാമാ.." ഇത്രയും പറഞ്ഞ് മണിക്കുട്ടന്‍ തിരിഞ്ഞ് നടന്നു.
അല്പം നടന്നപ്പോഴേയ്ക്കും പിന്നില്‍ നിന്നുള്ള വിളി കേട്ട് മണിക്കുട്ടന്‍ നിന്നു.
"ടാ ഇങ്ങു വാ.."
മണിക്കുട്ടന്‍ തിരിച്ചു മീന്‍കാരന്റെ അടുത്തു ചെന്നു. തന്റെ ചില്ലറത്തുട്ടുകള്‍ ഇഷ്ടപെടാഞ്ഞ് മീന്‍ തിരികെ വാകുമോ എന്ന ഭയം മണിക്കുട്ടന്റെ മുഖത്തുണ്ടായിരുന്നു.
"ആ മീനിങ്ങു താ.."
മണിക്കുട്ടന്‍ മീന്‍ അയാളെ തിരികെ ഏള്‍പ്പിച്ചു. അയാള്‍ ഒരു കവറില്‍ കുറച്ച് മുഴുത്ത മീനുകള്‍ എടുത്തിട്ടു.
"ഇതു കൊണ്ട് പൊയ്ക്കോ..ഇതിനു കാശില്ല.."
ഒന്നും മനസ്സിലാകാതെ അയാള്‍ തന്ന കവറും കയ്യില്‍ പിടിച്ച് മണിക്കുട്ടന്‍ നിന്നു. മീന്‍കാരന്‍ മെല്ലെ വള്ളം ഊന്നി, അകന്നു പോയി.മണിക്കുട്ടന്‍ കവര്‍ മെല്ലെ തുറന്നു നോക്കി. ആ കവറില്‍ മീനുകളും താന്‍ കൊടുത്ത വെളുത്ത ചില്ലറത്തുട്ടുകളും .
Subscribe to:
Post Comments (Atom)
6 comments:
nannayi
KOLLAAM...NANNAYITTUNDU
കഥ ഇഷ്ടപ്പെട്ടു.
ഇഷ്ടപ്പെട്ടു.
സാവന്‍ ചേട്ടാ, ചേച്ചിയമ്മെ, മനു, അരീക്കോടാ..കഥ ഇഷ്ടപെട്ടെന്നറിഞ്ഞതില്‍ സന്തോഷം . നിങ്ങള്‍ നല്‍കുന്ന പ്രോല്‍സാഹനത്തിനു ആയിരം ആയിരം നന്ദി..
Pakidante kadhakal okkey innaanu vaayikkan thudangiyathu. kureey chirikalkkoduvil valarey nannaaya oru kunju kadha. Amazing man, keep it up.
Post a Comment