Thursday, March 08, 2007

ഒരു അനൌന്‍സ്മെന്റുന്ട്...

അമ്പലങ്ങളില്‍ ഉല്‍സവസമയത്ത് മൈക്കില്‍ കൂടി അനൌണ്‍സ്മെന്റ് നടത്തുക എന്ന് പറയുന്നത് "നല്ല കുടുംബത്തില്‍ പിറന്ന , ജോലി ഇല്ലാതെ "പെണ്ണു കെട്ടുന്നതുവരെ വീട്ടുകാരും പെണ്ണുകെട്ടി കഴിഞ്ഞാല്‍ പെണ്ണിന്റെ വീട്ടുകാരും നോക്കണം " എന്നുപറഞ്ഞ് നടക്കുന്ന ഖനഗംഭീര ശബ്ദങ്ങളുടെ പ്രത്യേക അവകാശമാണെന്ന് ഞങ്ങളുടെ അമ്പലത്തിലെ ഉല്‍സവത്തിനു അനൌന്സ്മെന്റ് പരിപാടി തുടങ്ങിയ അന്നു മുതല്‍ എനിക്കു മനസ്സിലായി.


അനൌന്സ്മെന്റൊക്കെ കഴിഞ്ഞ് ജങ്ക്ഷനിലേക്ക് നെഞ്ജും വിരിച്ച് വന്ന് കുഞ്ഞിരാമേട്ടന്റെ ചായക്കടയില്‍നിന്ന് "ചേട്ടായിയേ, കടുപ്പത്തില്‍ ഒരു ചായാ..ട്ടാ...ഇനീം അനൌന്സ്മെന്റുള്ളതാ..തളര്‍ന്നു..ഹൊ.."എന്നുമ്പറഞ്ഞ് ചായയും കുടിച്ച് പോകുന്ന പോക്കില്‍ രന്ടു പഴമ്പൊരിയുമെടുത്തു കൊന്ടു "അപ്പൊ ചേട്ടാ, കാശ് അടുത്ത അനൌന്സ്മെന്റ് കഴിഞ്ഞിട്ട് വരുമ്പൊ തരാട്ടാ...അതുവരെ റ്റെന്‍ഷന്‍ അടിക്കാന്‍ പാടില്ല.." എന്നുമ്പറഞ്ഞൊരു പോക്കങ്ങു പോകും.


കാശു ചോദിച്ചാല്‍ റ്റെന്ഷന്‍ അടിക്കുമെന്ന് കരുതി ഉല്‍സവം കഴിയുന്നതുവരെ ഇങ്ങനെ ഉള്ളവരോട് ആരും പറ്റുകാശ് ചോദിക്കാറില്ല.കുഞ്ഞിരാമേട്ടനെ സുഖിപ്പിക്കാനായി "ഉല്‍സവ എഴുന്നള്ളത്ത് കരിയം , വെഞാവോട് , കല്ലുവിള വഴി ചായക്കട കുഞ്ഞിരാമേട്ടന്റെ വീട്ടിലേക്കുള്ള വളവിന്റെ മുന്നില്‍ കൂടി" എന്നു വരെ അനൌന്സ്മെന്റ് നടത്തി ഈ വിദ്വാന്മാര്‍.


തന്റെ പേരു ഇടക്കിടക്ക് മൈക്കില്‍ കൂടി കേള്‍ക്കുന്നത് കര്‍ണാനന്ദകരമാണെന്ന് കുഞ്ഞിരാമേട്ടനും തോന്നിക്കാണും , അല്ലേല്‍ , ഈ വിദ്വാന്‍മാര്‍ വീന്ടും വന്നപ്പൊ "നിങ്ങളിരിക്കിട്ട, ഡെയ്, ചായ കടുപ്പത്തില്‍ തന്നെ വേണം , പിന്നെ ഇന്നത്തെ പിട്ടും ഇന്നത്തെ കടലക്കറിയും എടുത്തേര്..." എന്നു കുഞ്ഞിരാമേട്ടന്‍ പറയുകയും അപ്പുറത്ത് പിട്ട് കഴിച്ചുകൊന്ടിരുന്ന കുഞ്ഞുവറീത് "എന്നാ ഈ പിട്ടു നിന്റെ വാപ്പാക്കു കൊന്ടു കൊട്രാ.." എന്നു പറയുകയും ചെയ്യുമായിരുന്നോ...?


കുഞ്ഞിരാമേട്ടന്റെ പിട്ടിന്റെയും കടലക്കറിയുടെയും രുചി പിടിച്ച വിദ്വാന്‍മാര്‍ അവസാനം എന്തിനും ഏതിനും കുഞ്ഞിരാമേട്ടന്റെ പേരു ചേര്‍ത്ത് അനൌന്സ് ചെയ്യാന്‍ തുടങ്ങി.


"കുഞ്ഞിരാമേട്ടന്റെ തൊട്ടയലത്തുള്ള കൊച്ചമ്മിണി ഒരു നേന്ത്രക്കുല നടക്കു വച്ചിരിക്കുന്നു" ,"കുഞ്ഞിരാമേട്ടന്റെ ചായക്കടയുടെ കിഴക്കു ഭാഗത്തുള്ള രാധ ഒരു ത്രിവര്‍ണ്ണ വെടി" എന്നിങ്ങനെ പോയി കുഞ്ഞിരാമേട്ടന്റെ പ്രശസ്തി.


പ്രശസ്തി കൂടി കൂടി ഒടുവില്‍ സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെടുമെന്നു ഭയന്നിട്ടാണോ എന്തോ , ഭാര്യ സരോജനി ചേച്ചി, അനൌന്‍സ് ചെയ്യുന്ന വിദ്വാന്മാരോട് ഭര്‍ത്താവിന്റെ പേരു പറയുന്നത് "ദിവസത്തി പത്ത്, അതീ കൂടന്ടാ ട്ടാ.." എന്ന് ചട്ടം കെട്ടിയത്.


എന്തായാലും ഉല്‍സവത്തിന്റെ ഏഴാം ദിവസം , കൊച്ചിന്‍ പ്രതിഭയുടെ ഗാനമേളയുന്ടായിരുന്നു. നാട്ടുകാരൊക്കെ ഇപ്പൊ ഒരുവിധം അറിയുന്ന ആളായിക്കഴിഞ്ഞിരുന്ന കുഞ്ഞിരാമേട്ടനും സരോജനിചേച്ചിയും മുന്പന്തിയില്‍ തന്നെ സ്ഥാനം പിടിച്ചു. ഗാനമേള തുടങ്ങി , ഇടവേള ആയപ്പോഴേയ്ക്കും സംഘാടകര്‍ക്ക് ഒരു ഐടിയ. ഇടവേളയില്‍ പാടിയവര്‍ക്ക് പൂച്ചെന്ട് കൊടുക്കണം . ആരെക്കൊന്ട് കൊടുപ്പിക്കുമ്? അവിടെ ഇരിക്കുന്നവരില്‍ ഒരങ്കത്തിനുകൂടി ബാല്യമുള്ളത് കുഞ്ഞിരാമേട്ടന്റെ ഭാര്യ സരോജനിച്ചേച്ചിയാണ്.


"എന്നാ പിന്നെ സരോനിയെ വിളിയെടാ..പക്ഷെ സസ്പെന്സായിരിക്കണം , ആരും അറിയരുത് എന്തിനാന്ന്.." സംഘാടകത്തലവന്‍ പരമുപ്പിള്ളയുടേതായിരുന്നു ആ ശബ്ദം .


ഉടനെവന്നു വിദ്വാന്മാരുടെ അനൌന്സ്മെന്റ് .


"ഒരു അനൌന്‍സ്മെന്റുന്ട്...സ്റ്റേജിനു മുന്നിലിരിക്കുന്ന കുഞ്ഞിരാമേട്ടന്റെ ഭാര്യ സരോജനിച്ചേച്ചി എത്രയും പെട്ടെന്നു സ്റ്റേജിന്റെ പിന്നിലേയ്ക്ക് വരാന്‍ പരമുച്ചേട്ടന്‍ പറഞ്ഞിട്ടുന്ട്, ഒരു സാധനം കൊടുക്കുമോ എന്നു ചോദിക്കാനാ.."

കേട്ടപാതി കേള്‍ക്കാത്ത പാതി സരോജനിച്ചേച്ചി ചാടിയെണീറ്റു,

"പ്ഫ....അങ്ങേരുടെ സൂക്കേടിതുവരേം മറിയില്ലേ..? വേറെ ആളെ നോക്കാന്‍ പറ.."

"അയ്യോ ചേച്ചി അതിനല്ല ...ഗാനമേളക്കാര്‍ക്കു പൂച്ചെന്ടു കൊടുക്കാനാ.."


അനൌന്സ് ചെയ്ത വിദ്വാന്‍ ഇതുപറഞ്ഞപ്പൊ മൈക്ക് മനപ്പൂര്‍വ്വം ഓഫ് ചെയ്യാത്തതാണെന്നാരോപിച്ച് കുഞ്ഞിരാമേട്ടന്‍ അനൌന്സ്മെന്റ് വിദ്വാന്മാര്‍ക്ക് പറ്റുകൊടുക്കുന്നത് നിര്‍ത്തി.

No comments: