Monday, October 22, 2007

കരുണ ചെയ്‌വാനെന്തു

ഉച്ചക്കു രണ്ടര ആയപ്പൊ സൈന്‍ ഔട്ട് ചെയ്യണമെന്നു തോന്നി. യാതൊരു കാരണവുമില്ല. വെറുതെ റൂമില്‍ പോകുക, കുറെ പാട്ടു കേള്‍ക്കുക, ഒരല്‍പം മയങ്ങുക,ഇതായിരുന്നു മനസ്സില്‍ . സൈന്‍ ഔട്ട് ചെയ്തിട്ടിറങ്ങിയപ്പോഴാണു ഗിരീഷേട്ടനെ കണ്ടത്. പുള്ളിയും സൈന്‍ ഔട്ട് ചെയ്തു.

അങ്ങനെ തിരിച്ചു റൂമിലേയ്ക്കുള്ള യാത്ര ഞങ്ങള്‍ ഒരുമിച്ചായി.യാത്രാ മധ്യേ പുള്ളിയുടെ കയ്യില്രുന്ന രണ്ടു മാഗസിനുകളില്‍ ഒന്നു വാങ്ങി. വായിക്കാനുള്ള മൂഡൊന്നുമില്ല, എങ്കിലും വെറുതെ.
പേജുകള്‍ മറിഞ്ഞു. ആദ്യത്തെ പേജുകളില്‍ സ്ഥിരം വിഷയം . കേരള രാഷ്ട്രീയം . പിന്നെ ജീവിത കഥകള്‍ , ഇന്റര്‍വ്യൂകള്‍ അങ്ങനെ പേജുകള്‍ മറിഞ്ഞു പോയി.ഇതിനിടയില്‍ ഒരു ചിത്രം എന്നെ ശെരിക്കും സ്പര്‍ശിച്ചു.


മൂന്നു പേര്‍ ഇരുന്നു ബര്‍ഗര്‍ കഴിക്കുന്നു, അവര്‍ ഇരിക്കുന്ന കസേരയ്ക്കരികില്‍ , തറയിലായി, വളരെ പ്രായം തോന്നിക്കുന്ന, മുടിയൊക്കെ കാറ്റില്‍ പറന്ന, മുഴിഞ്ഞതും കീറിയതുമായ വസ്ത്രം ധരിച്ച, ഒരു അമ്മൂമ്മ ഇരിക്കുന്നു. നോട്ടം അവരുടെ കയ്യിലിരിക്കുന്ന ബര്‍ഗറില്‍ . ആ മുഖത്ത് എന്തോ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരു പ്രത്യേക ഭാവം . ഇരിക്കുന്ന മൂന്നുപേരില്‍ ഒരാള്‍ അവഞ്ഞയോടെ ഈ അമ്മൂമ്മയെ നോക്കുന്നു.ഇതെന്നെ ശെരിക്കും ചിന്തിപ്പിച്ചു. ആ അമ്മൂമ്മയെ സംബന്ധിച്ച് ബര്‍ഗറും പഴംചോറും ഒരു പോലെ.വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍ , കണ്ണില്‍ ഒരല്‍പം ഈറനുമായി അവരെ നോക്കുന്നു.
മനസ്സമാധാനമായി കഴിക്കാനും സമ്മതിക്കില്ലേ തള്ളേ എന്ന രീതിയില്‍ അതിലൊരാള്‍ അവരെ നോക്കുന്നു .


അടുത്ത പേജിലെ പടമാ എന്നെ ശെരിക്കും തളര്‍ത്തിയത് . ആ ബര്‍ഗര്‍ ഷോപ്പിലെ സെക്യൂരിറ്റിക്കാരന്‍ ആണെന്നു തോന്നുന്നു, ആ അമ്മൂമ്മയെ ബലമായി പിടിച്ചെഴുന്നേള്‍പ്പിക്കുന്നു.ആ പാവം സ്ത്രീ അയാളുടെ മുഖതേയ്ക്ക് നോക്കുന്നു, അതില്‍ അരുതേ എന്ന ഭാവം .

തന്നെ ബലമായി പുറത്താക്കുമ്പോള്‍ എന്തായിരുന്നിരിക്കും ആ അമ്മയുടെ മനസ്സില്‍ . "ഇനിയെവിടെയാ ഈശ്വരാ..?" എന്നെ ചോദ്യമായിരിക്കുമോ?

അവര്‍ക്കും ഒരു കുടുംബവും കുട്ടികളും ഉണ്ടായിരുന്നിരിക്കില്ലേ...? ബസ് ബ്ളോക്കിലെത്തുന്നതു വരെ എന്റെ മനസ്സു നിറയെ ആ അമ്മയുടെ ദൈന്യത നിറഞ്ഞ മുഖമായിരുന്നു. കണ്ണുകള്‍ നിറഞ്ഞു.

ബസില്‍ നിന്നിറങ്ങി, മാഗസീന്‍ ഗിരീഷേട്ടനെ ഏള്‍പ്പിച്ച്, കുനിഞ്ഞ ശിരസുമായി ഞാന്‍ റൂമിലേയ്ക്ക് നടന്നു.
:55 PM

ഹോര്‍ളിക്സ്

പണ്‍ടു മൂന്നിലോ നാലിലോ പഠിക്കുന്ന സമയം...ആഹാരത്തോടു താല്‍പര്യം തീരെ ഇല്ലാതിരുന്ന സമയം!! അച്ചന്‍ വിറ്റാമിന്‍ സി, ഇ തുടങ്ങിയ എല്ലാ സമ്പുഷ്‌ട്ടീകരണ ഐറ്റംസും ചേചിക്കു മാത്രം രഹസ്യമായി സപ്‌ളൈ ചെയ്തിരുന്ന കാലം, അമ്മയുടെ രഹസ്യ പിന്തുണയും അച്ചനുന്ടായിരുന്നു..ഞങ്ങളുടെ വിശപ്പിനു ഇവിടെ ഒരു വിലയും ഇല്ലെ..?ഞങ്ങള്‍ക്കും ഇല്ലെ വികാരങ്ങള്‍ ..?ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍ സിംഹവും എന്റെ ചേട്ടന്‍ സിംഹവും .

രാത്രി ഞങ്ങള്‍ രണ്ടു സിംഹങ്ങളും ഒരേ കൂട്ടിലാണു ഉറങ്ങിയിരുന്നത് ...അങ്ങനെ ഒരു ദിവസം അച്ചന്‍ ചേച്ചിക്കു രഹസ്യമായി ഹോര്‍ളിക്സ് വാങ്ങിക്കൊണ്ടു വരുന്നത് എന്റെ ചേട്ടന്‍ കാണുകയും ഒരു മോറല്‍ സപ്പോര്‍ട്ടിനു വേണ്ടി എന്നെ അത് അറിയിക്കുകയും ചെയ്തു..സംശയാസ്‌പദമായ സാഹചര്യത്തില്‍ ചേട്ടന്‍ സ്റ്റോര്‍ റൂമില്‍ ചൂളമടിച്ചു നടക്കുന്നതു കണ്ടപ്പൊ ഞാന്‍ അതുറപ്പിക്കുകയും ചെയ്തു.അപ്പൊഴെ ഞാന്‍ മനസ്സില്‍ വിചാരിചു...ഇന്നു രാത്രി അതിനെ റെഡി ആക്കണം..

ഒരു 9 മണിക്കു ഞങ്ങള്‍ രണ്ടു പേരും കൂട്ടില്‍ കയറി.10 മണി ആയി, ചേട്ടന്‍ സിംഹം ഉറങ്ങി എന്നുറപ്പു വരുത്തി, ഞാന്‍ പതുക്കെ തള്ളവിരളില്‍ നടന്നു സ്റ്റോര്‍ റൂമില്‍ എത്തി..ഇങ്ങനെ നടക്കുമ്പോള്‍ ശ്രധിക്കേണ്ട കാര്യങ്ങള്, ഒന്ന് , നീണ്ടു നിവര്‍ന്നു നടക്കാന്‍ പാടില്ല. രണ്ട്, ഒരല്‍പം കുനിഞ്ഞു വേണം നടക്കാന്‍ , മൂന്ന് , കൈ വീശി നടക്കാന്‍ പാടില്ല. ഈ നിയമങ്ങളൊക്കെ അനുസരിച്ച് തപ്പിയും തടഞ്ഞും ഞാന്‍ സ്റ്റോര്‍ റൂമില്‍ എത്തി.പരതി പരതി അവസാനം നിധി കയ്യില്‍ തടഞ്ഞു..എനിക്കെന്റെ കൈകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..ഒരു കിലോയുടെ ഹോര്‍ളിക്സ് കുപ്പി..അമ്മെ..ഞാന്‍ ഇനി എങ്ങനെ ഈ രാത്രി ഉറങ്ങും എന്നാലോചിച്ചു പതുക്കെ കുപ്പി തുറന്നു, ഒരു സ്പൂണ്‍ ഹോര്‍ളിക്സ് വായിലേക്കിട്ടു..ആഹാ..നേരം വെളുക്കാന്‍ ഇനീം സമയമുണ്ട്..ഇടക്കിടക്കു തള്ളവിരളില്‍ നടക്കുന്നത് ആരോഗ്യത്തിനു നല്ലതാണല്ലൊ എന്നു വിചാരിചു തിരിച്ച് ബെഡിലേയ്ക്ക് നടന്നു...അങ്ങനെ അര മണിക്കൂര്‍ ഇടവിട്ടു ഞാന്‍ എന്റെ ശരീരത്തിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു...പക്ഷെ പത്തു പതിഞന്ചു തവണ ആയപ്പൊ ശരീരം , "വേണ്ട്റ ടാ...മതി, പോയിക്കിടന്നുറങ്ങ്" എന്നു പറയുന്നതു പോലെ എനിക്കു തോന്നി. നാശം ,എന്റെ ചെറിയ വയറിനെ ശപിചു കൊന്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു, അപ്പൊഴും പകുതിയോളം കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്നു.

പിറ്റേന്നു സൂര്യന്‍ കിഴക്കു വെളിക്കിറങ്ങാന്‍ വന്നതും അമ്മ തൊള്ള കീറിയതും ഒരുമിച്ചായിരുന്നു "എഴിയെടാ കാളകളെ, ഇങോട്ടു വാടാ രന്ടെണ്ണവും"...എനിക്കു സംഗതി പിടികിട്ടി..പക്ഷെ ഇത്ര ചെറു പ്രായത്തിലെ കായംകുളം കൊച്ചുണ്ണിക്കു പഠിച്ചു കൊന്ടിരുന്ന ഞാന്‍ കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ അങ്ങു മറന്നു., ഒരു ഒറിജിനാലിറ്റിക്കു വേണ്ടി. സാഹചര്യം മനസിലാക്കി ഒന്നും അറിയാത്ത "ഞാനും " ചേട്ടനും , "എന്തമ്മാ" എന്നു വിളിച്ചു കൊണ്ടു ചെന്നു. പക്ഷെ ചേട്ടനെ കണ്ടതും അമ്മ , ഷി വാസ് സോ ആംഗ്രീ ഓഫ് ദി..ന്റമ്മൊ.. ഒടുക്കത്തെ കലി.."ഇങ്ങോട്ട് വാടാ".എന്നു പറഞ്ഞ് ചേട്ടനെ അമ്മ താലോലിക്കാന്‍ തുടങ്ങുകയും , ആനന്ദാസ്രുക്കള്‍ പൊഴിച്ചു കൊണ്ട് "ഇനി എടുക്കില്ലേ, ഇനി എടുക്കില്ലേ" എന്നു ചേട്ടന്‍ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.എനിക്കൊന്നും മനസ്സിലായില്ല.

അന്തരീക്ഷം ഒന്നു ശാന്തമായപ്പൊ, അമ്മ അച്ചനോടു പറയുന്നതു കേട്ടു "അവന്റെ മുഖത്തു ഹോര്‍ളിക്സിന്റെ പൊടി കണ്ടപ്പോഴേ എനിക്കു മനസ്സിലായി, രാത്രി അവനായിരിക്കും അതു മുഴുവന്‍ തിന്നു തീര്‍ത്തതെന്ന്" .ദുഷ്ട്ടാ....മുഴുവനും തീര്‍ത്തോ?... ഇന്നു രാത്രി ഞാന്‍ എവിടെ പോകും...?(രാത്രി ചേട്ടനും എന്നെ പൊലെ തള്ളവിരളില്‍ പ്രാക്‌ടീസ് ചെയ്തതല്ല എന്നെ ഞെട്ടിച്ചത്, അതു മുഴുവനും തീര്‍ത്ത ചേട്ടന്റെ വയറാ...)അമ്മ അപ്പൊഴും തുടര്‍ന്നുകൊണ്ടിരുന്നു "മറ്റവന്‍ അങ്ങനെ ഒന്നും ചെയ്യില്ല, അവനെ എനിക്കറിയാം, അവനു കൊടുക്കുന്നതെ അവന്‍ കഴിക്കു"

(ഹൊ...ഭാഗ്യം കൊന്ടു മാത്രം രക്ഷപെട്ടു..എന്നെ സമ്മതിക്കണം)

Sunday, October 21, 2007

അച്ചന്‍

"ടാ കണ്ണാ...ദീപു....എണീറ്റു വാ.." ഈ വിളി എന്നും എ കേള്‍ക്കരുതെ എന്നു ഞാനും ചേട്ടനും പലപ്പോഴും പ്രാര്‍ഥിച്ചു കാണും . കാരണം വെറൊന്നുമല്ല, രാവിലെ ചുരൂണ്ടു കൂടി കിടന്നുറങ്ങാനുള്ള സമയത്ത് എണീറ്റ് പോയി കിളയ്ക്കണം എന്നു പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ...? പക്ഷെ മനസ്സില്ലാ മനസ്സോടെ ഞാനും ചേട്ടനും എണീക്കും , സമയം ഒരു ആറു മണ്ണി ആയിട്ടുണ്ടാകില്ല.എന്നിട്ടു ചേട്ടനു പിക്കാക്സും എനിക്കു മണ്‍ വെട്ടിയും അച്ചന്‍ തരും .വയ്യെ വയ്യെന്നു പറഞ്ഞു കിളക്കുന്ന കാണൂമ്പോള്‍ അച്ചന്‍ പറയും .."ടാ..ചവിറ്റൂന്ന മണ്ണിനെ അറിയണം ...മാത്രമല്ല, നിന്റെയൊക്കെ മസിലങ്ങോട്ടു പോരട്ടെ..."

ഇങ്ങനെ മിക്ക ദിവസവും രാവിലെ കിളപ്പിക്കുന്നതിനു പകരം വീട്ടുക അമ്മയോടാ.രാവിലെ ഒന്നും കഴിക്കാന്‍ വേണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുക, കടയില്‍ പോകാന്‍ പറഞ്ഞാല്‍ പോകാതിരിക്കുക തുടങ്ങി പല രീതിയിലും ഞങ്ങള്‍ പകരം വീട്ടി. ഇതൊക്കെ അമ്മ അച്ചനോടു പറയും .അച്ചന്‍ ചിരിക്കും ."ഹഹ..അതൊന്നും സാരമില്ല..."

സ്കൂളില്‍ കരാട്ടെ ക്ളാസ്സ് തുടങ്ങിയപ്പൊ ഞാനും ചേട്ടനും ചേര്‍ന്നു. മക്കളുടെ ശരീരം മെലിഞ്ന്നു പോയാലോ എന്നു വിചാരിച്ചിട്ടാവണം ഒരീസം "ടാ.... രണ്ടവന്‍മാരും ...എന്നും വൈകിട്ടു റോയീടെ ഹോട്ടലീന്നു എന്താന്നു വച്ച വാങ്ങി തിന്നോണം ." എന്നു പറഞ്ഞത്.

ചേച്ചിയെ അച്ചന്‍ ഒത്തിരി സ്നേഹിച്ചിരുന്നെങ്കിലും എന്റെയും ചേട്ടന്റെയും കാര്യത്തില്‍ ഒരു കുറവും വരുത്തിയിരുന്നില്ല. വൈകിട്ടു ക്രിക്കറ്റ് കളിക്കാന്‍ പോയി , താമസിച്ചു വരുന്നതിനു എന്നും അമ്മയുടെ കയ്യില്‍ നിന്നു തല്ലു കിട്ടിയിരുന്നു എങ്കിലും അച്ചന്‍ വരുമ്പോ കൊണ്ടു വരുന്ന ചിക്കന്‍ ഫ്രൈയൊക്കെ തട്ടുമ്പൊ എല്ലാ വേദനയും പോകും .

അച്ചന്റെ പഴയ ബജാജ് സ്കൂട്ടര്‍ ഗേറ്റിനു വെളിയില്‍ കണ്ടാല്‍ പിന്നെ കളിക്കുന്ന ഗ്രൌണ്ടില്‍ നിന്നും ഒരു ഓട്ടമാ ഞാനും ചേട്ടനും .അച്ചന്‍ ദൂരെ എവിടെയെങ്കില്‍ പോകുമ്പൊ എന്നെയോ ചേട്ടനെയോ കൂടെ കൂട്ടും , പോകുന്ന വഴിക്കു പറയും , "മക്കളെ, അച്ചനു ദേഷ്യമുണ്ടായിട്ടല്ല തല്ലുന്നെ, നല്ലതാവാന്‍ വേണ്ടിയല്ലെ...നിങ്ങള്‍ പഠിച്ചു നല്ലതായിട്ടു വേണ്ടെ എന്നെം നിന്റെ അമ്മയേം ഒക്കെ നോക്കാന്‍..."

വര്‍ഷങ്ങള്‍ കഴിഞ്ഞു. ചേട്ടന്‍ പത്താം ക്ളാസ്സില്‍ ആയി. ഞാന്‍ ഒന്‍പതിലും . എല്ലാ തിങ്കളാഴ്‌ച രാത്രിയിലും ഓം നമ ശിവായ സീരിയല്‍ കാണുന്നതു ഞങ്ങളുടെ പതിവായിരൂന്നു.ഇങ്ങനെ ടി വിയില്‍ എന്തെങ്കിലും കണ്ടു കൊണ്ടു കിടക്കുമ്പോള്‍ , അച്ചന്‍ ഉടനെ എന്നെ വിളിക്കും , എന്നിട്ടു കാല്‍ സെറ്റിയില്‍ നീട്ട് വച്ചിട്ടു തടവാന്‍ പറയും , അച്ചന്‍ മതി എന്നു പറയുന്നതു വരെ ഞാന്‍ തടവും .

എനിക്കു ഒന്‍പതാം ക്ളാസ്സിലെ കൃസ്തുമസ് എക്സാം നടക്കുന്ന സമയം . ഒരു തിങ്കളാഴ്‌ച ഓം നമ ശിവായ കാണുന്നതിനിടയില്‍ അച്ചന്‍ എന്നെ വിളിച്ചു. ഞന്‍ കരുതി, കാല്‍ തടാനായിരിക്കുമെന്ന്.
"ടാ എന്റെ മുതുകൊന്നു തടവിക്കെ...ചെറിയ വേദന മസിലു പിടിച്ചതായിരിക്കും ..."ഞാന്‍ ഇരുന്നു തടവി. 15 മിനുട്ട് കഴിഞ്ഞപ്പൊ അച്ചന്‍ പറഞ്ഞു, " ഇനി നീ പോയിരുന്നു പഠ്ഹിച്ചോ.."

ഞാന്‍ പിറ്റേ ദിവസം എക്സാമിനു പോയി. വൈകിട്ടു തിരിച്ചു വീട്ടില്‍ വന്നപ്പൊ അവിടെ ചേച്ചിയുടെ കൂട്ടുകാരിയും അമ്മയുമൊക്കെ ഉണ്ട്. എന്റെ അമ്മയും ചേച്ചിയും ചേട്ടനും ഇല്ല.

"അവരെവിടെ...?" ഞാന്‍ തിരക്കി..

"മോന്റച്ചനു വയ്യാതെ ഹോസ്‌പിറ്റലില്‍ ആകിയേക്കുവ...മോനു ചോറെടുക്കട്ടെ.." സ്മിത ചേച്ചിയുടെ അമ്മ പറഞ്ഞു.

"എന്തു പറ്റി ആന്റി..?" ഞാന്‍ ചോദിച്ചു.

"ഒന്നുമില്ലെടാ...ചെറിയ മുതുകു വേദന എന്നാ പറഞ്ഞെ...കഴിച്ചിട്ടു നീ പോയിരുന്നു പഠിക്ക്..അവരു ചിലപ്പൊ ഇന്നു രാത്രി തന്നെ എത്തും ."

ഞാന്‍ രാത്രി വൈകി ഇരുന്നു പഠിച്ചു. അമ്മയൊന്നും വന്നില്ല. ആന്റിയോടു അവര്‍ വരുമ്പോ വിളിക്കണേ എന്നു പറഞ്ഞിട്ടു ഞാന്‍ കിടന്നു. പിറ്റേ ദിവസം രാവിലെ എണീറ്റതും ആന്റി പറഞ്ഞു.

"മോന്റെ അമ്മയും ചേട്ടനും വന്നിരുന്നു...അച്ചന്റെ ഡ്രസ്സൊക്കെ എടുത്തിട്ടു പോയി..എക്സാം ആയതു കൊണ്ടു മോനെ വിളിക്കാണ്ടാന്നു പറഞ്ഞു..ഇന്നു വൈകിട്ടു വരും എന്നു പറഞ്ഞു..."

പിറ്റേന്നു ജിയോഗ്രഫി എക്സാമാണു. എന്തേലും ഇരുന്നു പാഠിക്കാം എന്നു വിചാരിച്ച് ഞാന്‍ എന്റെ റൂമിലേയ്ക്ക് പോയി.

പിറ്റേന്നു രാവിലെ കുളിച്ച് അംബലത്തില്‍ പോയി തൊഴുത് ഞാന്‍ എക്സാമിനു പോയി. ക്രിത്യം പത്തു മണിക്ക് എക്സാം തുടങ്ങി. ഒരു പതിനൊന്നു മണി ആയപ്പൊ മൈക്കില്‍ കൂടി പ്രിന്സിപ്പാളിന്റെ അനൌന്‍സ്മെന്റ്.

"കരിയത്തു നിന്നു വരുന്ന കണ്ണന്‍ എന്ന ദീപക്ക് എത്രയും പെട്ടെന്നു ഓഫീസിലേയ്ക്ക് വരണം .."

എന്റ മനസ്സിലെന്തോ മിന്നി മാഞ്ഞു. എല്ലാ കുട്ടികളും എന്നെ അന്തം വിട്ടു നോക്കി. ഞാന്‍ ടീച്ചറോട് അനുവാദം വാങ്ങി ഓഫീസിലേക്ക് ഓടി.ഓടുന്ന സമയം എന്റെ മനസ്സു നിറയെ എന്തിനായിരിക്കും വിളിപ്പിച്ചത് എന്നുള്ള ചിന്ത ആയിരുന്നു.

ഓഫീസിനു മുന്നില്‍ എന്റെ വലിയ മാമന്റെ മകന്‍ ലാലു ചേട്ടന്‍ കാത്തു നില്‍ക്കുന്നതു കണ്ടപ്പോഴേ എനിക്കു സംശയം തോന്നി.

"ടാ..അതെ നിന്നെ അത്യാവശ്യമായ് വീട്ടിലോട്ട് കൂട്ടിക്കൊണ്ടു ചെല്ലാന്‍ പറഞ്ഞു.."

കാര്യം എന്താണെന്നു ചോദിക്കാതെ തന്നെ എന്തോ പ്രതീക്ഷിച്ച പോലെ ഞാന്‍ ലാലു ചേട്ടന്റെ ബൈക്കിനു പിന്നില്‍ കയറി.

വീട്ടിലേക്കുള്ള വളവിന്റെ അവിടെ വച്ചു എന്നെ കണ്ട ആള്‍ക്കാര്‍ സഹതാപത്തോടെ നോക്കി.ഞാന്‍ പോലും അറിയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞു.എന്നിട്ടും മനസ്സില്‍ ഒരു പ്രതീക്ഷ.വീട് അടുക്കുന്തോറും ആള്‍ക്കാരുടെ എണ്ണം കൂടി കൂടി വന്നു. എല്ല പേരുടെയും മുഖത്ത് ഒരേ ഭാവം .ബൈക് നിര്‍ത്തിയതും അവിടെ കൂടി നിന്നിരുന്ന ആള്‍ക്കാരുടെ ഇടയിലൂടെ ഓടി ഞാന്‍ വീട്ടിനുള്ളിലേക്ക് കയറി.

അവിടെ കണ്ട കാഴ്‌ച ഒരു വലിയ ഏങ്ങല്‍ എനിക്കു സമ്മാനിച്ചു.

അച്ചന്‍ ...വെള്ള മുണ്ടില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു...

"കണ്ണാഅ...അച്ചന്‍ ...."എന്നു ചേച്ചി പറഞ്ഞു കരയുന്നതു മാത്രെ ഞാന്‍ കണ്ടുള്ളു.

അമ്മയെ അവിടെയെങ്ങും കണ്ടില്ല. ഞാന്‍ പതുക്കെ വീടിനു പുറത്തിറങ്ങി. എന്റെ ഉള്ളില്‍ എന്താണു സംഭവിക്കുന്നതെന്നു എനിക്കു പോലും അറിയാന്‍ പറ്റാത്ത അവസ്ഥ..ദിവസങ്ങള്‍ കഴിഞ്ഞു. പതുക്കെ ആളുകളും ഒഴിഞ്ഞു. ആ വീട്ടില്‍ ഞാനും അമ്മയും ചെട്ടനും ചേച്ചിയും മാത്രമായി. അച്ചന്റെ ഓര്‍മ്മക്ക് ആ പഴയ ബജാജ് സ്കൂട്ടറും .മാസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത ഗ്രൌണ്ടില്‍ കുട്ടികള്‍ കളിക്കുന്നതു നോക്കി നിന്ന എന്നോടു അമ്മ പറഞ്ഞു.

"മക്കളെ...നീയും പോയി കളിച്ചോ.."

കേള്‍ക്കേണ്ട താമസം ഞാന്‍ ഓടി. വൈകിട്ടു നാലു മണീക്കു തുടങ്ങിയ കളി, തീര്‍ന്നപ്പൊ ആറു മണി. തിരിച്ചു വീട്ടിലേയ്ക്ക് മടങ്ങും വഴി അച്ചന്റെ സ്കൂട്ടര്‍ ഗേറ്റിനു മുന്നില്‍ ഇരിക്കുന്നതു കണ്ട് എന്റെ കാലുകള്‍ക്ക് അറിയാതെ സ്പീട് കൂടി. "ഇന്നു കിട്ടിയതു തന്നെ " എന്നു മനസ്സില്‍ പറഞ്ഞു. ഓടാന്‍ തുടങ്ങിയ എന്നെ പെട്ടെന്നു ആ സത്യം പിടിച്ചു നിര്‍ത്തി, അച്ചന്‍ ഇനി ഇല്ല എന്നെ സത്യം ....

ആ ഒരു നിമിഷം ഇപോഴും മായാതെ എന്റെ മനസ്സില്‍ കിടക്കുന്നു. അച്ചന്‍ മരിച്ചു എന്നു മറന്ന നിമിഷം .

Sunday, October 14, 2007

വിശ്വസിച്ചാലും ഇല്ലെങ്കിലും

മന്‍ടന്‍മാരുടെ ഇടയിലാണു ജോലി ചെയ്യുന്നതെന്നു പുറത്ത് പറയാന്‍ കൊള്ളാമോ...? അഥവാ അബധത്തില്‍ പറഞാല്‍ നിങ്ങള്‍ വിശ്വസിക്കൊ..? ഇല്ല...കാരണം ഭൂലോക മണ്ടത്തരം നേരിട്ടു കണ്ട എനിക്കും ഇതുവരെ അതു വിശ്വസിക്കാന്‍ പറ്റിയിട്ടില്ല. കറുമ്പന്‍മാര്‍ക്ക് ദൈവം അറിഞ്ഞ് കൊടുത്തത് അവന്‍മാരുടെ ഒടുക്കത്തെ ആരോഗ്യമാണു. പക്ഷെ, ദൈവം അറിയാതെ പോലും ബുദ്ധി കൊടുത്തിട്ടില്ല (എല്ലാരും ഇല്ല കേട്ടോ) പക്ഷെ എന്റെ ലീഡ് ശ്രീമതി സി. ചിഞു മോള്‍ക്ക് ദൈവം രന്‍ടും കൊടുത്തിട്ടില്ല. ചിഞു മോള്‍ എന്ന് സ്നേഹം കൂടുമ്പൊ ഞങ്ങള്‍ വിളിക്കുന്നതാണു, ശെരിക്കുള്ള പേരു ഡെനീസ് കിംഗ്.

ജോലി സമയത്ത് അവര്‍ ഇന്റര്‍ നെറ്റിലിരുന്ന് ചീപ്പ്, ചുട്ടി, മൂക്കുത്തി മുതല്‍ കോണകം വരെ ഓര്‍ഡര്‍ ചെയ്യും . അങ്ങനെ ഒരു രാത്രി (ഞാന്‍ നൈറ്റ് ഷിഫ്റ്റിലായിരുന്നു അപ്പൊ) , ഞാനും സന്തോഷും പതിവു പോലെ ജോലിയില്‍ മുഴുകി.(കീ ബോര്‍ഡില്‍ തലയിടിപ്പിക്കലാണു ജോലി). പെട്ടെന്നു ചിഞു മോള്‍ടെ വിളി..

"ദിബാക്ക്....ഒന്നു ഇങ്ങു വരുമോ...?"

ജോലിച്ചടവില്‍ നിന്നെണീറ്റു കണ്ണും തിരുമ്മി അവളുടെ അടുത്തു പോയി.

"എന്താ മാഡം ?"

"ഇതു നോക്കു..ഞാന്‍ ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍ നോക്കിയിട്ടു പറ്റുന്നില്ല...ഇനേബിള്‍ യുവര്‍ കുക്കീസ് എന്നു ചോദിച്ചു. പാത് കൊടുക്കാന്‍ പറഞ്ഞു.ഞാന്‍ കൊടുത്തു.പക്ഷെ കിട്ടുന്നില്ല...."

കൊടുത്ത പാത് ശെരിയാണൊ എന്നറിയാന്‍ നോക്കിയ എന്റെ കണ്ണു തള്ളി കയ്യില്‍ വന്നു.

"അണ്ടര്‍ ദ റ്റേബിള്‍ , ഇന്‍ മൈ ബാഗ്" (മേശയുടെ അടിയിലെ എന്റെ ബാഗില്‍ )

"ഞാന്‍ കൊടുത്തതു ശെരിയല്ലെ...നോക്കിക്കേ..?"

ഇതും പറഞ്ഞു അവര്‍ ബാഗ് തുറന്നു. അതിനകത്ത് വലിയ ഒരു പാക്കെറ്റ് കുക്കീസ്.

"ഇവിടെ വെറെ എവിടേലും കുക്കീസ് വച്ചിട്ടുണ്ടോ..?"

ഇതു കൂടി കേട്ടതും എനിക്കു സമാധാനമായി, ഈശ്വര ഞാന്‍ എത്രയോ ഭേദം .

Thursday, October 11, 2007

ഇതൊരു മാതിരി മറ്റേ പരിപാടിയായി പോയി

തൊണ്‍ട വേദന > ശ്വാസം മുട്ടല്‍ > ഡ്രൈ കഫ്

ഇതാണു എന്റെ അസുഖതിന്റെ ഒരു പ്രൊസീജര്‍ . ചൂടു മാറി തണുപ്പു വരുന്നതു കൊണ്ട് മിക്കവര്‍ക്കും അസുഖം വരുക സ്വാഭാവികം . പക്ഷെ എനിക്ക്, അതും കട്ട ഫാക്ട്ടറിയില്‍ എല്ലു മുറിയെ പണിയെടുക്കുന്ന ഈ എനിക്ക്, അസുഖം വളരെ ചീപ്പായി പിടിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.തൊട്ടതിനും പിടിച്ചതിനും സിക്ക് എടുത്തെടുത്ത് , "ടാ വയ്യാത്തോണ്ടാണ്ട്രാ....സത്യം , അമ്മയാണെ"എന്നൊക്കെ പറഞ്ഞാലേ ആള്‍ക്കാരു വിശ്വസിക്കു എന്നായി, അതു മാത്രം പോരാ, അതു പോലെ കാണിക്കുകയും വേണം . ഫോര്‍ എക്സാമ്പിള്‍ , തല വേദന ആണു അഭിനയിക്കുന്നതെങ്കില്‍ , ആരേലും തോളില്‍ തട്ടിയാല്‍ അപ്പൊ തന്നെ തലക്കു പിടിച്ചോണം , നോ റ്റൈം റ്റു വേയ്സ്റ്റ്. അതുകൊണ്ടു തന്നെ വയറിളക്കം ആണെന്നു പറഞ്ഞു ഞാന്‍ സിക്കെടുത്തിട്ടേ ഇല്ല.


പക്ഷെ ഇത്തവണ എനിക്കു ശെരിക്കും പണി കിട്ടി. ഏറ്റവും മുകളില്‍ പറഞ്ഞ ആ മൂന്നു സാധനങ്ങളും ക്രിത്യമായി ക്രമത്തില്‍ കിട്ടി.അതും ആറ്റു നോറ്റിരുന്ന എന്റെ ഓഫ് ഡേയുടെ അന്ന്.ഹൌ കാന്‍ ഐ...ചെയ്...


അന്നു ചുമയ്ക്കു ഞാന്‍ റെസ്റ്റ് കൊടുത്തതേ ഇല്ല.ചുമയ്ക്കുമ്പൊ ട്രൈ കഫിന്റെ ഒരു എഫെക്റ്റ് അതിലുണ്ടാകും , അതു കേള്‍ക്കുന്നവര്‍ക്കു മനസിലാകും ഇവനു ഒട്ടും വയ്യാ ന്ന്. പിറ്റേ ദിവസവും ഇതു തന്നെ സ്ഥിതി. രാവിലെ തന്നെ സൂപ്പര്‍വൈസറെ വിളിച്ചു സിക്ക് പറഞ്ഞു. പക്ഷെ അവന്റെ സംസാരത്തില്‍ സംശയത്തിന്റെ ചുവ...ചെവ...ഓ എന്തു കോപ്പോ...അതുണ്ടായിരുന്നു.


"നാളെ നിന്‍റ്റെ മുന്നില്‍ വന്ന് നിന്നു , ചെവിക്കല്ലു പൊട്ടും പോലെ ചുമച്ചു കാണിച്ചരാം ..കേട്ട്രാ..." എന്നു മനസ്സില്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.


ഇനി അടുത്ത പടി എന്റെ ച്യേച്ചി. പുള്ളികാരി ഇപ്പൊ അവധിക്കു നാട്ടിലാണെങ്കിലും എന്റെ കാര്യങ്ങള്‍ അറിയാന്‍ ചേച്ചിക്കിവിടെ ചാരന്‍മാരും ചാരികളും ഉണ്ട്. സൊ യൈ റ്റു റ്റേക് റിസ്‌ക് ? (തള്ളേ ഇങ്ങ്‌ളിഷ്...)


ഒരു കോള്‍ , ഒരു അന്ചു ചുമ..ഇതിന്റെ കാര്യമേ ഉള്ളു. ഞാന്‍ ചെച്ചിയെ വിളിച്ചു, ഫോണ്‍ എടുത്തുടനെ ഒരു നോണ്‍സ്റ്റോപ് ചുമ തുടങ്ങി..


"ടാ..നിനക്കു വയ്യെ..? എങ്കില്‍ ഓഫീസില്‍ പോണ്ടാ ട്ട..." ഇതു കേട്ടിട്ടെ ഞാന്‍ ചുമ നിര്‍ത്തിയുള്ളു.
"ചേച്ചിക്കിഷ്ടമില്ലെങ്കില്‍ ഞാന്‍ റെസ്റ്റ് എടുത്തോളാം " എന്നു ഞാന്‍ പറയാതിരുന്നത്, ചേച്ചിക്കെന്നെ നന്നായി അറിയാം എന്നെനിക്കറിയാവുന്നതുകൊണ്ടായിരുന്നു.



നാളെ സൂപ്പര്‍വൈസറുടെ മുന്നില്‍ വച്ച് ചുമ വിത് ട്രൈ കഫു കൂടി ആയാല്‍ എല്ലാം ഓ കെ. രാവിലെ സൂര്യന്‍ വെളിക്കിറങ്ങാന്‍ പോകുന്നതിനു മുന്നെ ഞാന്‍ എണീറ്റു. ചുമച്ചാല്‍ ഡ്രൈ കഫിന്റെ എഫെക്റ്റ് നഷ്ടമാകുമോ എന്നു പേടിച്ച് ഞാന്‍ ചുമച്ചില്ല...ആദ്യത്തെ ചുമ എന്റെ സൂപ്പര്‍വൈസറിനുള്ളതാ..
ഓഫീസില്‍ എത്തിയതും സൂപ്പര്‍വൈസര്‍ എന്നെ അടിമുടി ഒന്നു നോക്കി. അവന്റെ മനസ്സിലുള്ള സംശയം ഇപ്പോ തീര്‍ത്തു കൊടുക്കാം എന്നു വിചാരിച്ച് ചുമക്കാനായി വാ തുറന്നു.


"ഖൊ..."
"ഖൊ...ഖൊ..."
"ഖൊ...ഖൊ...ഖൊ..
"ഖൊ...ഖൊ...ഖൊ...ഖൊ..."



എന്ത്...? ഇന്നലെ വരെ ചുമ വിത് ഡ്രൈ കഫായിരുന്നെങ്കില്‍ ഇന്നു , ഇപ്പൊ, അതും ലവന്റെ മുന്നില്‍ വച്ചു, അതു ചുമ വിതൌട്ട് ഡ്രൈ കഫ് ആയി... ഇന്നലത്തെ ആ സൌണ്ട് എഫെക്റ്റ്, ഇന്നില്ലെന്നോ..?ഐ ജസ്റ്റ് കാണ്ട് ബിലീവ് ഓഫ് ദി....ചെ..


വീണ്ടും ആഞ്ഞാഞ്ഞു ചുമയ്ക്കാന്‍ തുടങ്ങിയ എന്നെ നോക്കി ഒരു മറ്റെ ചിരിയും ചിരിച്ചു അവന്‍ പോയി.
"ടാ അമ്മയാണെ...ശെരിക്കും..എനിക്കു വയ്യാട്ട്ര.." എന്നു മനസ്സില്‍ പറഞ്ഞിട്ടൊന്നും അവന്‍ വിശ്വസിച്ചില്ല.